03 ജനുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 ജനുവരി 2021)


*പ്രഭാത വാർത്തകൾ*
2021 ജനുവരി 3 | 1196 ധനു 19 | ഞായർ | മകം |
➖➖➖➖➖➖➖➖

🔳ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ രാജ്യത്ത് നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയവര്‍ക്കാണ് രോഗം സ്ഥിരീരീകരിച്ചത്. പുതിയ നാല് കേസുകള്‍ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 33 പേര്‍ക്കാണ് ജനതികമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

🔳കോവിഡ് 19ന് എതിരായി നാലു വാക്സിനുകള്‍ തയ്യാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.
➖➖➖➖➖➖➖➖
🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍.  പാല വിട്ടുകൊടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല, പാലാ സീറ്റ് സംബന്ധിച്ച് എന്‍.സി.പി. ദേശീയ നേതൃത്വവും തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം നേതാക്കളും ചേര്‍ന്നുള്ള കൂട്ടായ നേതൃത്വമായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഏതെങ്കിലുമൊരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം മുതിര്‍ന്ന നേതാക്കള്‍ നേതൃനിരയില്‍ തന്നെയുണ്ടാകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ സന്ദേശം.

🔳തദ്ദേശവോട്ടിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സമിതി. ജമാഅത്തെ ഇസ്ലാമിക്കെതിരേ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്കു ഗുണംചെയ്തെന്നും ക്രൈസ്തവ, മുസ്ലിം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ മുന്നണിക്കു കഴിഞ്ഞത് ഇതുകൊണ്ടാണെന്നും സമിതി വിലയിരുത്തി. അതേസമയം, നായര്‍, ഈഴവ വോട്ടുകള്‍ ബി.ജെ.പി.യിലേക്കു മാറുന്നത് പരിശോധിക്കേണ്ടതാണെന്നും സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

🔳നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാര്‍ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍. ഭൂവുടമയായ വസന്തയില്‍നിന്നാണ് രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ ഈ ഭൂമി വാങ്ങിയത്.

🔳ഭൂമി വാഗ്ദാനം നിരസിച്ച് രാജന്റെ മക്കള്‍. ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും എന്നാല്‍ ഈ ഭൂമി തങ്ങള്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരാണെന്നും രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രഞ്ജിത്തും രാഹുലും. വിവരാവകാശപ്രകാരമുള്ള രേഖയില്‍ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവര്‍ക്ക് വില്‍ക്കാനാവുന്നത്. ബോബി ചെമ്മണ്ണൂരിനെ അവര്‍ തെറ്റിദ്ധരിപ്പിച്ചതാകുമെന്നും രഞ്ജിത്തും രാഹുലും.

🔳ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രതിഷേധം. ഐ.എഫ്.എഫ്.കെ.യുടെ സ്ഥിരം വേദി തിരുവനന്തപുരത്തിന് നഷ്ടമാകുമെന്ന് ആരോപിച്ച് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. അതേസമയം രാജ്യന്തര ചലച്ചിത്ര മേള വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുള്ള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിലെന്നും കടകംപളളി പറഞ്ഞു.

🔳അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20-ല്‍നിന്ന് അഞ്ചുവര്‍ഷമാക്കി ചുരുക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഇതു നടപ്പാക്കാന്‍ ധനവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

🔳എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായി വിവിധ ശ്രീനാരായണ സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയില്‍ ചേര്‍ന്നു. പ്രൊഫ എംകെ സാനുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

🔳സംസ്ഥാനത്ത് ഇന്നലെ 54,098 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83.

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകള്‍.

🔳കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍(84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

🔳സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികപീഡനം ഏറ്റവും കുറവ് കേരളത്തില്‍. 18-നും 49-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ നിലയെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ വ്യക്തമായത് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതനിലവാരത്തിലും കേരളം മുന്നിലാണെന്നും സര്‍വേ വിലയിരുത്തുന്നു.

🔳ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാന്‍ കേരളത്തില്‍ ഇനി 827 അംഗീകൃത പാമ്പുരക്ഷകര്‍. മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴില്‍ പരിശീലനം സിദ്ധിച്ച ഇവരില്‍ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുമുണ്ട്.

🔳ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കിണറിന് സമീപം കുഴഞ്ഞുവീണു. പതിന്നാലുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ആനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. നിര്‍ജലീകരണമാണ് വിനയായതെന്നും അടുത്ത പകലില്‍ ആന കാടുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചു.

🔳പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുളള കടകള്‍ക്കും ഇതര വ്യാപാരസ്ഥാപനങ്ങള്‍ക്കും വര്‍ഷം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക, സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

🔳കൂടുതല്‍ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവും ശിവഗംഗ എംപിയുമായ കാര്‍ത്തി ചിദംബരം. നിരവധി കമ്മിറ്റികള്‍ കൊണ്ട് യാതൊരു പ്രയോജനുവുമില്ല. തിരഞ്ഞെടുപ്പിന് 90 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആധികാരികതയും ഉത്തരവാദിത്വവുമുള്ള ഒരു കമ്മിറ്റിയാണ് ആവശ്യമെന്ന് കാര്‍ത്തി.

🔳ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി. 2007- ല്‍ റിലയന്‍സ് പെട്രോളിയം ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ചെയര്‍മാന്‍ മുകേഷ് അംബാനിക്കും സെബി പിഴയിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളില്‍ പിഴയായി ഒടുക്കണമെന്നാണ് സെബിയുടെ ഉത്തരവ്.

🔳ലഷ്‌കറെ തൊയ്ബ കമാന്‍ഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്താനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🔳രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കുമ്പോള്‍ വാക്‌സിനെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്ന ഈ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.

🔳ഇന്ത്യയില്‍ നിന്ന് യു.കെ.യിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി ആറുമുതല്‍. അതേസമയം ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാന സര്‍വീസുകള്‍ ജനുവരി എട്ടുമുതലായിരിക്കും പുനഃരാരംഭിക്കുക.

🔳ഇന്ത്യയില്‍ ഇന്നലെ  18,144 കോവിഡ് രോഗികള്‍. മരണം 216. ഇതോടെ ആകെ മരണം 1,49,417 ആയി, ഇതുവരെ 1,03,24,631 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99.26 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.45 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,218 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 494 പേര്‍ക്കും പശ്ചിമബംഗാളില്‍ 863 പേര്‍ക്കും കര്‍ണാടകയില്‍ 755 പേര്‍ക്കും ആന്ധ്രയില്‍ 238 പേര്‍ക്കും തമിഴ്‌നാട്ടില്‍ 910 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,15,284 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,99,680 പേര്‍ക്കും ഇംഗ്ലണ്ടില്‍ 57,725 പേര്‍ക്കും റഷ്യയില്‍ 26,301 പേര്‍ക്കും രോഗം ബാധിച്ചു. 7,891 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,910 പേരും മെക്‌സികോയില്‍ 700 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.49 കോടി കോവിഡ് രോഗികളും 18.42 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

🔳തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ച് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് മുംബൈ എഫ്.സി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് മുംബൈ മഞ്ഞപ്പടയെ കീഴടക്കിയത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. മറുവശത്ത് മുംബൈ പോയന്റ് പട്ടികയില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു.

🔳2020 അവസാനത്തോടെ ടാറ്റാ സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണി മൂല്യത്തെ മറികടന്ന് 15.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍ അവസാനം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം 15.3 ലക്ഷം കോടി രൂപയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് കേന്ദ്രത്തിന് ഏറ്റവും വലിയ പ്രൊമോട്ടര്‍ എന്ന പദവി നഷ്ടപ്പെടുന്നത്. 2019 ല്‍ ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യം 11.6 ലക്ഷം കോടി രൂപയായിരുന്നു.

🔳വര്‍ഷാന്ത്യത്തിലെ വില്‍പന കണക്കുകളില്‍ ഏറ്റവും സജീവമാകുന്നത് വാഹന വിപണിയാണ്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസംബര്‍ വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.5 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.   ഇരുചക്ര വാഹന വില്‍പനയുടെ കാര്യത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം ടിവിഎസിനെ സംബന്ധിച്ച് നേട്ടത്തിന്റേതാണ്. 9.52 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 7.73 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്‍പന ഈ പാദത്തില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

🔳ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'തീര്‍പ്പ്' എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് പ്രഖ്യാപനം. ''വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്'' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കമ്മാര സംഭവം എന്ന സിനിമയ്ക്ക് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.

🔳ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച സത്യദീപം ആല്‍ബത്തിലെ ക്രിസ്തീയ ഭക്തിഗാനം പുറത്ത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് ''വാ വാ വാനദൂതരെ വരൂ വരൂ'' എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ബേബി ജോണ്‍ കലയന്താനിയാണ് വരികളെഴുതി സംഗീതം ഒരുക്കിയത്. രചനയിലും ഈണത്തിലും നിറഞ്ഞു നില്‍ക്കുന്ന ദൈവീകതയും, പുതുമയാര്‍ന്ന ഓര്‍ക്കസ്‌ട്രേഷനും, ജാസി ഗിഫ്റ്റിന്റെയും വിജയലക്ഷ്മിയുടേയും വ്യത്യസ്തമായ ആലാപനശൈലിയും ഈ ഗാനം പുതുമയുള്ളതും ഇമ്പമുള്ളതുമാക്കുന്നു.

🔳ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ കണ്‍ട്രിമാനും യുവരാജിന്റെ ഗാരേജിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു മിനി കണ്‍ട്രിമാന്റെ ജോണ്‍ കൂപ്പര്‍വര്‍ക്സ് പ്രത്യേക എഡിഷനാണ് യുവരാജ് സ്വന്തമാക്കിയത്. യുവരാജ് വാഹനം സ്വന്തമാക്കിയ വിവരം മിനി ഇന്ത്യയാണ് ആരാധകരെ അറിയിച്ചത്. മിനിയുടെ ഏറ്റവും വലിയ ഹാച്ച്ബാക്കുകളിലൊന്നാണ് കണ്‍ട്രിമാന്‍. ചുവപ്പ് നിറത്തിലുള്ള മിനി കണ്‍ട്രിമാന്‍ മിനിയുടെ ചണ്ഡീഗഡിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് യുവരാജ് വാങ്ങിയത്. ഭാര്യ ഹെസല്‍ കീച്ചുമൊത്ത് ഡീലര്‍ഷിപ്പില്‍ എത്തിയാണ് യുവരാജ് സിങ് പുതിയ കാര്‍ ഏറ്റുവാങ്ങിയത്. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് വാഹനം. അതുകൊണ്ടു തന്നെ ഏകദേശം 42.4 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

🔳അസീം താന്നിമൂടിന്റെ കവിതകള്‍, നിറഞ്ഞു കിടക്കുന്ന, എന്നും വീണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്ന, മലയാളകവിതയുടെ താളുകള്‍ക്കിടയില്‍ ഒരൊഴിഞ്ഞ താള്‍ കണ്ടുപിടിക്കാനുള്ള ശ്രമമാണ്. 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'. ഡിസി ബുക്സ്. വില 142 രൂപ.

🔳ആന്റിബോഡികളുടെ കണ്ണ് വെട്ടിച്ച് ഒരിക്കല്‍ കോവിഡ് വന്നവരെ പോലും വീണ്ടും രോഗബാധിതരാക്കാന്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകള്‍ക്കാകുമെന്ന് കണ്ടെത്തല്‍. ഇത്തരത്തിലുള്ള 19 ജനിതക വകഭേഗങ്ങള്‍ കൊറോണ വൈറസിന് ഇന്ത്യയില്‍തന്നെ കണ്ടെത്താനായതായും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ ഒരു വകഭേദം ഇന്ത്യയില്‍ ഇതിനകം  ഒരാള്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാക്കിയിട്ടുമുണ്ട്. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആന്റിബോഡികളുടെ കണ്ണ് വെട്ടിക്കാവുന്ന 120 തരം സാര്‍സ് കോവ്2 വൈറസ് വകഭേദങ്ങളെയാണ് ലോകമെമ്പാടും നിന്ന് തിരിച്ചറിഞ്ഞത്. ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള ഹാനികരമായ അണുക്കളെ കൊന്നൊടുക്കാന്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന സംരക്ഷണ പ്രോട്ടീനുകളാണ് ആന്റിബോഡികള്‍. അണുബാധയുണ്ടാകുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ വീണ്ടും അതേ അണുബാധയുണ്ടാകാതെ ശരീരത്തെ കാക്കുന്നു. കോവിഡിന്റെ കാര്യത്തില്‍ പക്ഷേ, ഈ ആന്റിബോഡികളുടെ സംരക്ഷണം എത്ര കാലത്തേക്കാണെന്ന കാര്യത്തില്‍ വിവിധ അഭിപ്രായഗതികളുണ്ട്. ചിലര്‍ ആറു മാസം വരെയൊക്കെ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകുമെന്ന് കരുതുന്നു. ചിലരാകട്ടെ ഒരു മാസത്തിനുള്ളില്‍ ആന്റിബോഡിയുടെ തോത് കുറയുമെന്ന് അഭിപ്രായപ്പെടുന്നു. ആന്റിബോഡികളുടെ നിലനില്‍പ്പിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് ഈ വിധം ചര്‍ച്ചകള്‍ നടക്കവേയാണ് ആന്റിബോഡികളെയും വെട്ടിക്കുന്ന കോവിഡ് വകഭേഗങ്ങള്‍ ആശങ്ക പരത്തി രംഗത്തെത്തുന്നത്.

*ശുഭദിനം *
*കവിത കണ്ണന്‍*
യാചകര്‍ക്കും അലഞ്ഞുതിരിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് തന്റെ കര്‍ത്തവ്യമായാണ് അയാള്‍ കരുതിയിരുന്നത്.  അതുകൊണ്ടുതന്നെ തനിക്കു കിട്ടുന്ന സമ്പാദ്യത്തില്‍ നിന്നും മിച്ചംപിടിച്ച് അയാള്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുമായിരുന്നു.  ഒരുദിവസം ഭക്ഷണം തികയാതെ വന്നപ്പോള്‍ അയാള്‍ എല്ലാ ഹോട്ടലുകളും കയറിയിറങ്ങി ഭക്ഷണം ശേഖരിച്ചു എല്ലാവര്‍ക്കും കൊടുത്തു.  മിച്ചം വന്ന രണ്ടുപൊതിയുമായി അയാള്‍ വീട്ടിലെത്തി, മക്കള്‍ രണ്ടുപേരും ആ പൊതിവാങ്ങി ആര്‍ത്തിയോടെ കഴിക്കാന്‍ ആരംഭിച്ചു.  കഴിക്കുന്നത് തടഞ്ഞ് അദ്ദേഹം മക്കളോട് പറഞ്ഞു:  പ്രാര്‍ത്ഥിച്ചതിന് ശേഷം കഴിക്കൂ...  സമ്പാദിച്ചവന് മാത്രമേ സമ്പാദ്യത്തിന്റെ വിലയറിയൂ.  ഓരോ ചില്ലിക്കാശിനും പിന്നിലെ വിയര്‍പ്പിന്റെ വില അത് കൈവശമാക്കിയവന് മാത്രം മനസ്സിലാകുന്ന ഒന്നാണ്.  നഷ്ടമായതിനെ കുറിച്ച് വിലപിക്കുന്നത് അത് സ്വന്തമാക്കിയവന്‍ മാത്രമാണ്.  പണം മുടക്കാതെ ലഭിച്ചവയെല്ലാം പാരിതോഷികങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ളവയല്ല.  അവയില്‍ ആരുടെയെങ്കിലും കരുതലുണ്ടാകും, അധ്വാനമുണ്ടാകും, കണ്ണീരുമുണ്ടാകും.  കൈകൂപ്പി വാങ്ങേണ്ടവ, തട്ടിപ്പറിച്ചു ഓടരുത്.  സ്വീകരിക്കുന്ന രീതി നല്‍കപ്പെടുന്ന വസ്തുവിനോടും നല്‍കുന്ന ആളിനോടുമുള്ള ആദരവാണ്.  പണം കൊടുത്തുവാങ്ങി എന്ന അഹങ്കാരം നിലയ്ക്കുന്നത് പണം കൊടുത്താലും അവ ലഭിക്കാതെ വരുമ്പോഴാണ്.  സൗജന്യമായി ലഭിക്കുന്നതെന്തും ആത്യന്തികമായി സൗജന്യമല്ല എന്ന തിരിച്ചറിവാണ് ആളിനേയും അധ്വാനത്തേയും ബഹുമാനിക്കാന്‍ നമ്മെ പഠിപ്പിക്കുന്നത്.  വിലനല്‍കാതെ നമുക്ക് ലഭിക്കുന്നതിന്റെ വിലയും മറ്റാരോ നല്‍കിയിട്ടുണ്ട്,  പണമായോ പ്രവൃത്തിയായോ... ഒന്നും വെറുതെ കിട്ടുന്നതല്ല എന്നതിരിച്ചറിവ് നമ്മെ എന്തിനോടും ആദരവും ബഹുമാനവുമുള്ളതാക്കി മാറ്റുക തന്നെ ചെയ്യും.- ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only