20 January 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 20 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*   

            
*
*സായാഹ്‌ന വാർത്തകൾ*
2021 ജനുവരി 20 | 1196 മകരം 7 | ബുധൻ | രേവതി|

🔳കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സി.എ.ജി. റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സി.എ.ജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സി.എ.ജി. റിപ്പോര്‍ട്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

🔳ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലേക്ക് പുതിയ ആശയങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹിക നേതാക്കളെ കണ്ടു. വിവിധതലത്തിലെ നേതാക്കള്‍ അവരുടെ ആശയങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ കരാര്‍ പൂര്‍ത്തിയായി. അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും അദാനി ഗ്രൂപ്പിനു കൈമാറിക്കൊണ്ടുള്ള കരാര്‍ ചൊവ്വാഴ്ച അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ചു. ആറുമാസത്തിനകം അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡ് (എ-ടിയാല്‍) വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

🔳ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടികൂട്ടാനുമായി ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ (192.52 ലക്ഷം). ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. 29.22 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണിക്കു ചെലവഴിച്ചത്. ഏറ്റവും കുറച്ച് തുക ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ് 1.37 ലക്ഷംരൂപ.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയെ തൊട്ടുകൂടാത്തതായി കണക്കാക്കിയാല്‍ ക്രൈസ്തവ സഭകളുടെ അടിസ്ഥാന പ്രമാണത്തില്‍നിന്നുള്ള മാറ്റമായിരിക്കും അതെന്നും അവര്‍ പറഞ്ഞു.

🔳2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- എന്‍.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്ന് ബി.ജെ.പി. പഠനശിബിരങ്ങളില്‍ നിര്‍ദേശം. സംസ്ഥാനത്ത് തുടര്‍ഭരണം വരുന്നതാണ് നല്ലത്. യു.ഡി.എഫ്. തോറ്റാല്‍ കോണ്‍ഗ്രസില്‍നിന്നും ചില ഘടകകക്ഷികളില്‍നിന്നും വന്‍തോതില്‍ ബി.ജെ.പി.യിലേക്ക് ഒഴുക്കുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. അധികാരമില്ലാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ല എന്ന ധാരണയാണ് ഇതിന് കാരണം.

🔳പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് എന്‍എസ്എസ് . സമദൂര നിലപാട് തന്നെ തുടരുമെന്നും  പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ചത് ഔപചാരികതയുടെ പേരിലാണെന്നും എന്‍എസ്എസ് അറിയിച്ചു.

🔳രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍ നിന്ന് എം കെ മുനീറിനെ ഒഴിവാക്കിയതിനെതിരേ യൂത്ത് ലീഗ്. മുനീറിനെ ജാഥയുടെ ഉപനായകനാക്കാത്തതിലും യൂത്ത് ലീഗിന് വിമര്‍ശനമുണ്ട്. പ്രതിപക്ഷ ഉപനേതാവായി നിയമസഭയില്‍ മുസ്ലീം ലീഗിനെ നയിച്ച മുനീറിനോട് കാണിക്കുന്നത് അനീതിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

🔳ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഹൈക്കമാന്‍ഡ് ഏല്‍പിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനേയും മാറ്റുമെന്ന് ഉറപ്പായി. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആവുമെന്നാണ് റിപ്പോര്‍ട്ട്.  മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്.

🔳അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അഡ്വ. വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

🔳കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിംക്ലര്‍ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ല തയ്യാറാക്കിയതെന്ന് വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

🔳സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തുവിടണമായിരുന്നെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്രവ്യോമയാന സെക്രട്ടറിയുമായ എം. മാധവന്‍നമ്പ്യാര്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും അന്നത് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇന്നിപ്പോഴുള്ള വിവാദങ്ങള്‍ ഉയരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത്.

🔳പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി സഭയില്‍വെച്ചത്.  വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അടക്കമുള്ളവരാണ് പി.സി. ജോര്‍ജിനെതിരേ പരാതി നല്‍കിയത്.

🔳സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 25 പൈസ വര്‍ധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വര്‍ധിച്ച് 79.51 രൂപയിലുമെത്തി. ഈ മാസം ഇതുവരെ പെട്രോളിന് ഒരു രൂപ 26 പൈസയുടെയും ഡീസലിന് ഒരു രൂപ 36 പൈസയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

🔳വ്യക്തിഗത ആശയവിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായ മാറ്റങ്ങള്‍ ന്യായവും സ്വീകാര്യവുമല്ലെന്നും ഈ മാസം ആദ്യം പ്രഖ്യാപിച്ച പുതിയ സ്വകാര്യതാനയം മാറ്റണമെന്നും ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വാട്സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് കത്തെഴുതിയിരുന്നു.

🔳ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 36 റണ്ണിന് ടീമിലെ എല്ലാവരും പുറത്തായെങ്കിലും പിന്നീട് ഇന്ത്യ നടത്തിയ തിരിച്ചു വരവും ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ വിജയവും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പ്രചോദനം നല്‍കുന്ന സന്ദേശമാണെന്ന് പാര്‍ട്ടി മുന്‍ വക്താവ് സഞ്ജയ് ഝാ. കഴിഞ്ഞ കാലത്തെ കുറിച്ചോര്‍ത്ത് കണ്ണീരൊഴുക്കുന്നത് തുടരാതെ കോണ്‍ഗ്രസും പഴയ പ്രതാപത്തിലേക്ക് മടങ്ങി വരണമെന്ന് ഝാ ആവശ്യപ്പെട്ടു.

🔳രാജ്യരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ വാട്‌സാപ്പ് സംഭാഷണംവഴി പുറത്തുവിട്ടെന്ന പരാതിയില്‍ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ നിയമനടപടിയെടുക്കുന്നകാര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഔദ്യോഗിക രഹസ്യനിയമപ്രകാരം അര്‍ണബിനെതിരേ കേസെടുക്കാനാവുമോ എന്നകാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

🔳കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിര്‍ദേശവുമായി ആര്‍എസ്എസ്. ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ലെന്നും ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി.

🔳അസമില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേര്‍ന്ന് 'മഹാസഖ്യ'ത്തിന് രൂപം നല്‍കി. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഫുമായി സഖ്യമുണ്ടാക്കുമോ കോണ്‍ഗ്രസ് എന്ന അഭ്യൂഹത്തിനും ഇതോടെ ഉത്തരമായി. സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലുള്ളത്.

🔳ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകന്‍ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. കോടീശ്വരനായ അദ്ദേഹം ചൈനീസ് സര്‍ക്കാരിന്റെ അപ്രീതിക്കുപാത്രമായതിനെതുടര്‍ന്ന് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

🔳ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങല്‍ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

🔳ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ കുതിപ്പ് നേടിയ കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. ഇവരുടെ ഉപഭോക്താക്കളുടെ എണ്ണം 2020 അവസാനത്തോടെ 200 ദശലക്ഷം കടന്നു. ഇതോടെ ടിവി ഷോ, സിനിമ തുടങ്ങിയ ഉള്ളടക്കത്തിനായി വായ്പ എടുക്കേണ്ട സാഹചര്യം അവസാനിച്ചുവെന്നും കമ്പനി പറയുന്നു. പുതിയ മാറ്റത്തിന് പിന്നാലെ നെറ്റ്ഫ്ലിക്സിന്റെ ഓഹരി മൂല്യം 13 ശതമാനം ഉയര്‍ന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 8.5 ദശലക്ഷം അധിക ഉപഭോക്താക്കളാണ് നെറ്റ്ഫ്ലിക്സിലെത്തിയത്.  2020 ല്‍ മറ്റേത് വര്‍ഷത്തേക്കാളും വലിയ വളര്‍ച്ചയാണ് കമ്പനി നേടിയത്.

🔳കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. പവന് 120 രൂപ വര്‍ദ്ധിച്ച് 36്,640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 4580 രൂപയാണ്. ഗ്രാമിന് 4565 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36,400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ 38,400 രൂപയാണ്.

🔳വന്‍ റിലീസുകളുടെ തിയറ്റര്‍ റിലീസ് തീരുമാനത്തിലേക്ക് ബോളിവുഡും.  പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്' ആണ് തിയറ്റര്‍ റിലീസ് ഉറപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. ചിത്രം ഈ വര്‍ഷം ഈദിനാണ് തിയറ്ററുകളില്‍ എത്തുക. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.

🔳ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് രാജും ഡികെയും ചേര്‍ന്ന് സൃഷ്ടിച്ച 'ദി ഫാമിലി മാന്‍'. സിരീസിന്റെ രണ്ടാം സീസണും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യാനിരിക്കുന്ന സീസണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്.

🔳 തങ്ങളുടെ മുന്‍നിര സെഡാന്‍ എല്‍എസിന് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സസ് ഇന്ത്യ. എല്‍എസ്  500എച്ച് നിഷിജിന്‍ എന്ന പുതിയ പതിപ്പാണ് വിപണിയില്‍ എത്തിയത്. 2.22 കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലെക്‌സസ് എല്‍എസ്  500 നിഷിജിന്‍ ഇപ്പോള്‍ 'ജിന്‍-ഇ-ലസ്റ്റര്‍' എന്ന പുതിയ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമുമായി എത്തുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് പുതിയ ലെക്‌സസ് എല്‍എസ് 500 നിഷിജിന്‍ വിപണിയില്‍ എത്തുന്നത്.

🔳ചെയ്തിടത്തോളം എല്ലാം മിഴിവുറ്റ ചിത്രങ്ങള്‍. തിരഞ്ഞെടുപ്പുകളാകട്ടെ ഏറെക്കുറെ, സര്‍വ്വതല സ്പര്‍ശിയും, എഴുത്തും വരയും, സംഗീതവും അഭിനയവും, ശാസ്ത്രവും, രാഷ്ട്രീയവും എല്ലാം തന്നെ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. 'വരമാകാന്‍ വന്നവര്‍ - സാംസ്‌കാരിക നഗരത്തിലെ പ്രതിഭാസാന്നിദ്ധ്യം'. പ്രൊഫ. എം. ഹരിദാസ്. കറന്റ് ബുക്സ്. തൃശൂര്‍. വില 199 രൂപ.

🔳കോവിഡ് വാക്സീന്‍ കുത്തിവയ്പില്‍ ഏറ്റവും കുറവു വിപരീത ഫലം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 0.18 % മാത്രം. ഇതില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 % പേരെയാണ്. ഇരു വാക്സീനും വിപരീതഫലമുണ്ടോയെന്നു വ്യത്യസ്ത രീതിയിലാണു നിരീക്ഷിക്കുന്നത്. കോവിഷീല്‍ഡ് എടുത്തു മടങ്ങുന്നവര്‍ പിന്നീടുണ്ടാകുന്ന പ്രശ്നം അധികൃതരെ അറിയിക്കണം. എന്നാല്‍, കോവാക്സീന്റെ കാര്യത്തില്‍ കര്‍ശന നിരീക്ഷണം തുടരും. യുപിയിലും കര്‍ണാടകയിലും വാക്സീനെടുത്ത 2 പേര്‍ മരിച്ചതിനു പിന്നാലെ വിപരീതഫലം നിരീക്ഷിക്കാനുള്ള സംസ്ഥാനതല യോഗം ചേര്‍ന്നു. രണ്ടു മരണവും വാക്സീന്‍ മൂലമല്ലെന്നാണു വിലയിരുത്തല്‍. കോവിഷീല്‍ഡിന്റെ ഘടക പദാര്‍ഥങ്ങളോടു ഗുരുതര അലര്‍ജിയുള്ളവര്‍ വാക്സീന്‍ സ്വീകരിക്കരുതെന്ന് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദേശിച്ചു. ആദ്യ ഡോസില്‍ അലര്‍ജി അനുഭവപ്പെട്ടാല്‍ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സീനെടുക്കുന്നതിനു മുന്‍പ്, നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയിക്കുകയും വേണം; പ്രത്യേകിച്ചു ഗുരുതര അലര്‍ജികള്‍.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.07, പൗണ്ട് - 99.90, യൂറോ - 88.75, സ്വിസ് ഫ്രാങ്ക് - 82.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.51, ബഹറിന്‍ ദിനാര്‍ - 193.86, കുവൈത്ത് ദിനാര്‍ -241.29, ഒമാനി റിയാല്‍ - 189.84, സൗദി റിയാല്‍ - 19.48, യു.എ.ഇ ദിര്‍ഹം - 19.90, ഖത്തര്‍ റിയാല്‍ - 20.07, കനേഡിയന്‍ ഡോളര്‍ - 57.55.

Post a comment

Whatsapp Button works on Mobile Device only