കൊടുവള്ളി: കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കടകളിലടക്കം തുടർച്ചയായ മോഷണം നടന്ന സാഹചര്യത്തിൽ പൊലീസ് കൊടുവള്ളിയിൽ ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻെറ നേതൃത്വത്തിൽ സ്വർണ വ്യാപാരികളുടെ യോഗം വിളിച്ച് കൂട്ടി ജാഗ്രത നിർദേശം നൽകി. നരിക്കുനിയിലെ രണ്ടു സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ ഒരുമാസം മുമ്പും കൊടുവള്ളിയിൽ ശനിയാഴ്ച പുലർച്ചയുമാണ് മോഷണം നടന്നത്. കൊടുവള്ളിയിൽതന്നെ വർഷം മുമ്പ് ടൗണിലെ ജ്വല്ലറി കുത്തിത്തുറന്ന് ബംഗാൾ സ്വദേശികളായ മോഷ്ടാക്കൾ ലോക്കർ തകർത്ത് സ്വർണം കവർന്നിരുന്നു. സമീപ സ്ഥലങ്ങളിൽ ജ്വല്ലറികളിൽനിന്ന് ഉടമകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് കച്ചവടക്കാർക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകുന്നതിനായി സി.ഐ ചന്ദ്രമോഹനൻ വ്യാപാരികളുടെ യോഗം വിളിച്ചു ചേർത്തത്. കടകളിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കാനും, കാവൽക്കാരെ ഏർപ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി ടൗണിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കാമറകൾ സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എയോട് ആവശ്യപ്പെടും. യോഗത്തിൽ വി. മുഹമ്മദ് കോയ അധ്യക്ഷതവഹിച്ചു. സി.പി. മജീദ് സ്വാഗതവും സൈതൂട്ടി നന്ദിയും പറഞ്ഞു.
Post a comment