21 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 21 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2021 ജനുവരി 21 | 1196 മകരം 8 | വ്യാഴം | അശ്വതി|
➖➖➖➖➖➖➖➖

🔳അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് സാന്നിധ്യമറിയിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായിട്ടാണ് കമല ഹാരിസ് അധികാരമേറ്റത്.

🔳അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു യാത്ര പറഞ്ഞു. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് അദ്ദേഹം പോയത്. തിരികെ വരുമെന്ന പ്രതീക്ഷ പങ്കുവെച്ചായിരുന്നു ട്രംപിന്റെ മടക്കം.

➖➖➖➖➖➖➖➖

🔳പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു പിന്നാലെ പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് ഉള്‍പ്പെടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന 15 എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവെക്കുന്നത്. ലോകാരോഗ്യസംഘടനയില്‍ വീണ്ടും ചേരാനും മെക്സിക്കോ അതിര്‍ത്തിയിലെ മതില്‍ക്കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കാനും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാരവിലക്കുകള്‍ അവസാനിപ്പിക്കാനുമുള്ള ഉത്തരവുകളിലും ബൈഡന്‍ ഒപ്പു വെക്കും.

🔳46-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. 'അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു. പക്ഷെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.

🔳കര്‍ഷക സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീം കോടതി. എല്ലാവരെയും കേള്‍ക്കാനും റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കാനുമുള്ള അധികാരമാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്. എവിടെയാണ് പക്ഷപാതിത്വത്തെ കുറിച്ചുള്ള ചോദ്യം ഉയരുന്നത്? ആളുകളെ മുദ്രകുത്തേണ്ടതിന്റെയും അപകീര്‍ത്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യമില്ല- റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

🔳ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳തിരുവനന്തപുരം വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികള്‍ നടന്നതെന്നു  പറഞ്ഞ മുരളീധരന്‍ വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന  സിയാലിനെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താത്പര്യമായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി പോലും ശരിയായ രീതിയില്‍ നടത്താന്‍ കഴിയാത്ത കേരളാ സര്‍ക്കാര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ വിചാരണ കോടതിയുടെ നിര്‍ദേശം. വ്യാഴാഴ്ച വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് വിപിന്‍ലാലിനെ ജയില്‍ അധികൃതര്‍ വിട്ടയച്ചത്.

🔳കേരളത്തില്‍ ഇന്നലെ 61,532 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3524 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍കോട് 64.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 405 ഹോട്ട് സ്‌പോട്ടുകള്‍.

🔳നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ജയരാജ് സംവിധാനം ചെയ്ത 1996-ല്‍ പുറത്തിറങ്ങിയ ദേശാടനം എന്ന ചിത്രത്തിലൂടെ 76-ാം വയസ്സിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ മുത്തച്ഛനായി അദ്ദേഹം മാറുകയായിരുന്നു.  ഓരോ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലൂടെ അവിസ്മരണീയമാക്കുകയായിരുന്നു അദ്ദേഹം.

🔳ടിആര്‍പി തട്ടിപ്പ് കേസില്‍ ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ്ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി തള്ളി. ടിആര്‍പി തട്ടിപ്പ് കേസില്‍ ഡിസംബര്‍ 24നാണ് ദാസ്ഗുപ്തയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. റിപ്പബ്ലിക് ടിവിയുള്‍പ്പെടെ നിരവധി ചാനലുകളുടെ റേറ്റിങ് കൂട്ടുന്നതിന് ദാസ്ഗുപ്ത കോഴ വാങ്ങി കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

🔳ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി.  സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ചത് അപമാനകരമാണെന്നാണ് ദീപക് സിങ് കത്തില്‍ പറയുന്നത്. ചിത്രം കൗണ്‍സിലില്‍ നിന്ന് നീക്കം ചെയ്ത് ബിജെപി ഓഫീസിലാണ് പതിപ്പിക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്.

🔳ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. നാട്യ ജില്ലയിലെ ശാന്തിപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ അരിന്ദം ഭട്ടാചര്യ ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

🔳സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳ഇന്ത്യയില്‍ ഇന്നലെ  15,270 കോവിഡ് രോഗികള്‍. മരണം 152. ഇതോടെ ആകെ മരണം 1,52,906 ആയി. ഇതുവരെ 1,06,11,719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.89 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3015 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 228 പേര്‍ക്കും പശ്ചിമബംഗാളില്‍ 409 പേര്‍ക്കും കര്‍ണാടകയില്‍ 501 പേര്‍ക്കും ആന്ധ്രയില്‍ 173 പേര്‍ക്കും തമിഴ്‌നാട്ടില്‍ 549 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,38,519 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,67,803 പേര്‍ക്കും ബ്രസീലില്‍ 64,126 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,905 പേര്‍ക്കും സ്പെയിനില്‍ 41,576 പേര്‍ക്കും റഷ്യയില്‍ 21,152 പേര്‍ക്കും ഫ്രാന്‍സില്‍ 26,784 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.53 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 16,390 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,669 പേരും ഇംഗ്ലണ്ടില്‍ 1,820 പേരും ജര്‍മനിയില്‍ 1,052 പേരും ബ്രസീലില്‍ 1,382 പേരും റഷ്യയില്‍ 597 പേരും ദക്ഷിണാഫ്രിക്കയില്‍ 566 പേരും  ഇറ്റലിയില്‍ 524 പേരും മെക്സിക്കോയില്‍ 1584 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 20.80 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കരാര്‍ പ്രകാരം വാക്‌സിന്‍ നല്‍കാത്തതില്‍ അതൃപ്തരായ ഇറ്റലി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

🔳മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ 
പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

🔳മലയാളി താരം സഞ്ജു വി. സാംസണിനെ ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സ്  സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വിവരം അറിയിച്ചത്. നിലവിലെ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ പതിനാലാം സീസണ്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് തീരുമാനം അറിയിച്ചത്. ഒരു ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.

🔳ഐ.ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിയ്ക്ക് തോല്‍വി. ഐസ്വാള്‍ എഫ്.സിയോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഗോകുലം തോല്‍വി വഴങ്ങിയത്.

🔳യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഗൂഗിളിന്റെ യുപിഐ ആപ്പ് ആയ ഗൂഗിള്‍ പേ. എന്നാല്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്ത് വിട്ട ഡിസംബറിലെ കണക്കില്‍ ഫോണ്‍പെ ആണ് ഒന്നാം സ്ഥാനത്ത്. ഡിസംബറില്‍ ഇടപാടുകളില്‍ 3.87 ശതമാനം വളര്‍ച്ചയും ഇടപാട് മൂല്യത്തില്‍ 3.8 ശതമാനം വളര്‍ച്ചയും ആണ് ഫോണ്‍പെ നേടിയത്. മൊത്തം ഇടപാടുകള്‍ 902.03 ദശലക്ഷം ആയി ഉയര്‍ന്നു. ഇടപാട് നടന്ന തുക 1.82 ട്രില്യണും. ഡിസംബറിലെ കണക്ക് പുറത്ത് വന്നപ്പോള്‍ വന്‍ ഇടിവാണ് ഗൂഗിള്‍ പേയുടെ കാര്യത്തില്‍ സംഭവിച്ചത്. ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം തകര്‍ച്ചയാണ് ഡിസംബറില്‍ നേരിട്ടത്. 854.49 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേയിലൂടെ ഡിസംബറില്‍ നടന്നത്. മൊത്തം 1.76 ട്രില്യണ്‍ രൂപയുടെ കൈമാറ്റവും.

🔳ടാറ്റാ മോട്ടോഴ്സിന്റെ ഓഹരികള്‍ കുതിപ്പ് തുടരുകയാണ്. ഓഹരി വില 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 278 രൂപയിലെത്തി. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ബിഎസ്ഇയില്‍ 7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പ് വാണിജ്യ വാഹന കമ്പനിയുടെ ഓഹരി 2018 സെപ്റ്റംബര്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. 2021 ജനുവരി മാസത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 51 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ വീണ്ടെടുക്കല്‍ രേഖപ്പെടുത്തി.എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് ഈ മാസം ഇതുവരെ 4.4 ശതമാനം നേട്ടം കൈവരിച്ചു.

🔳നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ചുള്ള ഒരു റോ ഇന്‍വെസ്റ്റിഗേഷനാണ് ചിത്രം. ചിത്രം ഫെബ്രുവരി 12ന് തിയേറ്ററുകളില്‍ എത്തും.  യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ചുള്ള ഒരു റോ ഇന്‍വെസ്റ്റിഗേഷനാണ് ചിത്രം. ജേക്ക്‌സ് ബെജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

🔳കണ്ണൂര്‍ സ്വദേശി സിജോ റോക്കിയുടെ ആദ്യസിനിമയിലെ പാട്ട് യൂട്യൂബില്‍ വൈറലായി. പാട്ട് പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍ കണ്ടത് ആറുലക്ഷത്തിലധികംപേര്‍. മലയാളത്തില്‍ ഒരു സിനിമ സംവിധാനംചെയ്യാനുള്ള മോഹവുമായി നടന്ന് അവസാനം മറാഠി ചലച്ചിത്രത്തിലേക്ക് എത്തിപ്പെട്ട സിജോയുടെ 'പ്രീതം' ഫെബ്രുവരി 19-ന് തിയേറ്ററുകളിലേക്ക് എത്തും. അതിനുമുന്നോടിയായിട്ടാണ് ചിത്രത്തില്‍ ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ട് റിലീസ് ചെയ്തത്.
മറാഠി സിനിമാചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികംപേര്‍ ഒരുദിവസത്തിനുള്ളില്‍ ഒരു പാട്ട് യൂട്യൂബില്‍ കാണുന്നത്. വിശ്വജിതാണ് ഈ ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയത്.

🔳സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം സെഡാന്‍ മോഡല്‍ എസ് 60-ന്റെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.9 ലക്ഷം രൂപ എക്‌സ്‌ഷോറും വില വരും. മാര്‍ച്ച് മാസം പകുതിയോടെ ആയിരിക്കും ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുക. അതേസമയം, എസ്60-യുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചു.

🔳ഉപഭൂഖണ്ഡത്തിലൂടെയുള്ള യാത്രകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് പരാമര്‍ശിക്കപ്പെട്ട പേരാണ് ബംഗ്ലാദേശ്. ഒരു മലയാളി യാത്രികന് നല്‍കുന്ന പ്രത്യാശകള്‍. 'ബംഗ്ലാദേശ് കുറിപ്പുകള്‍'. രഞ്ചിത്ത് ഫിലിപ്പ്. പെന്‍ഡുലം ബുക്സ്. വില 142 രൂപ.

🔳കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതിനും രാത്രിയില്‍ ഉറങ്ങുന്നതിനും പതിവ് സമയക്രമം പാലിക്കുന്നത് വളരെ പ്രധാനമാണ്. ഇത് മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീരത്തിന് ഇത് ശീലമാവുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതല്‍ സുഖപ്രദമായ ഉറക്കം നല്‍കുകയും ചെയ്യുന്നു. ഇരുണ്ട ശാന്തമായ മുറികള്‍ വേണം ഉറങ്ങാന്‍ തിരഞ്ഞെടുക്കാന്‍. ശബ്ദങ്ങള്‍ ഒഴിവാക്കുക, ആശ്വാസം നല്‍കുന്ന നിറങ്ങള്‍ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബെഡ്‌റൂമില്‍ നിന്നും ഒഴിവാക്കാന്‍സ പ്രത്യേകം ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അത്താഴം നല്‍കുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാല്‍ നല്‍കുന്നത് ശരീരത്തിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. കുഞ്ഞിന് ചെറിയ വെളിച്ചം അത്യാവശ്യമാണ് ഉറങ്ങുമ്പോള്‍. എന്നാല്‍ അധികം വെളിച്ചം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുന്നു. 

*ശുഭദിനം*
*കവിത കണ്ണന്‍*
1942ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് ജോസഫ് റോബിനെറ്റ ജോ ജനിച്ചത്.  ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ബിസിനസ്സെല്ലാം പൊളിഞ്ഞിരുന്നു.  നിത്യചെലവിന് പണം കണ്ടെത്താന്‍ പോലും ആ കുടുംബം നന്നേ ബുദ്ധിമുട്ടി.  സ്‌കൂള്‍പഠനകാലത്തെല്ലാം ജോ തനിച്ചായിരുന്നു.  കാരണം ജോയുടെ വിക്കി വിക്കിയുള്ള സംസാരം കൂട്ടുകാരില്‍ ചിരി പടര്‍ത്തി.  ജോ എന്ത് പറഞ്ഞാലും അവര്‍ കളിയാക്കി ചിരിക്കും.  വിക്കിനെ മറികടക്കാന്‍ ജോ ഒരു സൂത്രം കണ്ടുപിടിച്ചു.  കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് ഉറക്കെ കവിതകള്‍ ചൊല്ലുക.  പുതുക്കെ പതുക്കെ ജോ വിക്കിനെ അതിജീവിച്ചു.  സ്‌കൂളിലെ കായിക മത്സരങ്ങളിലെല്ലാം ജോ മുന്നിലായിരുന്നു.  ഒരു വലിയ ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള ജോയുടെ കഴിവ് അവനെ പല ടീം വര്‍ക്കിന്റെയും തലപ്പത്ത് എത്തിച്ചു.  നിയമപഠനം പൂര്‍ത്തിയാക്കി ജോ ഒരു നിയമസ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു.  അതിന്റെ മേധാവി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു.  ജോയും ആ പാര്‍ട്ടിയോട് അനുഭാവം കാണിച്ചു.  പിന്നീട് യോജിച്ചുപോകാന്‍ ആകാതെ ആ പാര്‍ട്ടി വിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയായി മാറി.  കൗണ്ടി കൗണ്‍സിലര്‍ എന്ന പ്രാദേശിക ഭരണസംവിധാനത്തിലേക്ക് ജോ തിരഞ്ഞെടുക്കപ്പെട്ടു.  അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഇത്.  പിന്നീട് ഡെലവെയര്‍ സെനറ്റര്‍ സ്ഥാനം.  ആറിലധികം തവണ അദ്ദേഹം സെനറ്റര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  പക്ഷേ, സമാന്തരമായി ജോയുടെ ജീവിതത്തില്‍ പലപ്പോഴും ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.  തലച്ചോറില്‍ രോഗം ബാധിച്ച് ശസ്ത്രക്രിയക്ക് വിധേയനായി.   ഭാര്യയും ഒരു മകളും ആക്സിഡന്റില്‍ കൊല്ലപ്പെട്ടു.  മൂത്തപുത്രന്‍ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു.  പക്ഷേ, അപ്പോഴെല്ലാം പ്രതിസന്ധികളെ അതിജീവിച്ച് അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.  2009 ല്‍ അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  2021 ജനുവരി 21 ന് യു എസ്സിന്റെ 46-ാം പ്രസിഡന്റായി ജോസഫ് റോബിനെററ ജോ ബൈഡന്‍ ജൂനിയര്‍ സ്ഥാനമേറ്റു ചിലരങ്ങനെയാണ് തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സുമായി, കടന്നുവരുന്ന ഒരോ പ്രതിസന്ധികളേയും പുഞ്ചിരിയോടെ നേരിടും.  മുന്നില്‍ വന്നു നില്‍ക്കുന്ന ഓരോ പ്രതിസന്ധിയും  ഒരു അവസരമായി കരുതുവാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം .
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only