17 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 17 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


*പ്രഭാത വാർത്തകൾ*
2021 ജനുവരി 17 | 1196 മകരം 4 | ഞായർ | പൂരോരുട്ടാതി|
➖➖➖➖➖➖➖➖

🔳കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധമരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍. കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ എടുത്ത ശേഷം ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും കോവിന്‍ ആപ്പില്‍ ചെറിയ തകരാറുകളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

🔳രാജ്യവ്യാപകമായി നടന്ന കോവിഡ് വാക്‌സിന്‍ യജ്ഞം വലിയ ആശ്വാസം നല്‍കിയെന്ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതിന്റെ ആദ്യദിനമായ ശനിയാഴ്ചയാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. ശുചിത്വ തൊഴിലാളിയായ മനീഷ് കുമാര്‍ ആദ്യ കോവിഡ്  വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ മന്ത്രി സന്നിഹിതനായിരുന്നു.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്ന ചടങ്ങില്‍ മൃതസജ്ജീവനിയെന്നാണ് വാക്‌സിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

🔳കൊറോണ വൈറസിനെതിരായ സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വാക്‌പോര്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ആരോഗ്യ മന്ത്രി ഹര്‍ഷ്വര്‍ദ്ധനും ട്വിറ്ററില്‍ നേര്‍ക്കുനേര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. വാക്‌സിന്‍ വിശ്വസനീയതയും ഫലപ്രാപ്തിയും ഉള്ളതാണെങ്കില്‍, ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് മനീഷ് തിവാരി ചോദിച്ചു. കോണ്‍ഗ്രസിനും മനീഷ് തിവാരിക്കും അവിശ്വാസങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ താത്പര്യങ്ങളുണ്ടെന്ന് ഹര്‍ഷവര്‍ദ്ധന്‍ തിരിച്ചടിച്ചു.
➖➖➖➖➖➖➖➖

🔳ജീവനക്കാര്‍ വലിയ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണങ്ങളുന്നയിച്ച  കെ.എസ്.ആര്‍.ടി.സി. എംഡി ബിജുപ്രഭാകറിനെതിരെ സിപിഐടിയു നേതാവ് എളമരം കരീം എംപി. കെഎസ്ആര്‍ടിസിയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം പറഞ്ഞു.

🔳കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. ജീവനക്കാര്‍ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

🔳കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജു പ്രഭാകര്‍ അഴിമതി ആരോപണം ഉന്നയിച്ച അക്കൗണ്ട്‌സ് മാനേജറായ കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് സ്ഥലംമാറ്റം. 2012-15 കാലയളവില്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് 100 കോടിയോളം രൂപ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്രീകുമാറിനെതിരേ നടപടി സ്വീകരിച്ചത്.

🔳കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരുവിഭാഗം ജീവനക്കാര്‍ മാത്രം  കുഴപ്പക്കാരാണെന്നാണ് താന്‍ പറഞ്ഞത്. അവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അതിനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. തുറന്നടിക്കേണ്ട കാര്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും കെഎസ്ആര്‍ടിസിയെ സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് എംഡിയായ താന്‍ തന്നെയാണെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ മുഖേന ജനങ്ങള്‍ അറിയണമെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു.

🔳കായംകുളം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പുതിയ വിവാദം. സിപിഎം കായംകുളം ഏരിയ കമ്മറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്ററില്‍ നിന്ന് സ്ഥലം എംഎല്‍എ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയതാണ് വിവാദമായത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു.

🔳സംസ്ഥാനത്ത് ഇന്നലെ 64,908 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകള്‍.

🔳നെയ്യാറ്റിന്‍കര ആയയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ഗൗരി നന്ദന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ വിഷ്ണുവിനെ കുത്തിക്കൊന്നത്.  ആയയില്‍ ക്ഷേത്ര വക ആനയാണ് ആക്രമണം നടത്തിയത്. 

🔳ഇന്ന് മുതല്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരിലാണ് പരിശോധന. ഹൈക്കോടതി -സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

🔳സംസ്ഥാനത്ത് ഇനി മുതല്‍ ബെവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.

🔳സ്റ്റാര്‍ട്ടപ്പിനെ കുറിച്ച് നേരത്തെ പറയുമ്പോള്‍ എന്തുകൊണ്ട് നീ ജോലി ചെയ്യുന്നില്ല എന്നായിരുന്നു ആളുകള്‍ ചോദിച്ചിരുന്നത്. ഇപ്പോള്‍ ചോദിക്കുന്നത് എന്തുകൊണ്ട് നീ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നില്ല എന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലെ സംരംഭകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണെന്നും ഭാവിയിലെ സാങ്കേതികവിദ്യ ഏഷ്യന്‍ ലാബുകളില്‍ നിന്നാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

🔳51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിതെളിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് ചലച്ചിത്രമേള സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

🔳രാജ്യത്തെ നിലവിലെ ഏകാധിപത്യ ഭരണത്തിനെതിരേ നിലകൊണ്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചരിത്രം ഓര്‍മിക്കുമെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി.  രാജ്യം തിരഞ്ഞെടുക്കപ്പെട്ട ചിലരുടെയും കുത്തക മുതലാളിമാരുടെയും പിടിയിലാണ്. രാഹുലിനെ പരിഹസിക്കുന്നവര്‍ എത്രവേണമെങ്കിലും പരിഹസിച്ചോളുവെന്നും എന്നാല്‍ ഈ സത്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ഒരെയൊരു രാഷ്ട്രീയക്കാരന്‍ രാഹുല്‍ മാത്രമാണെന്നും മെഹബൂബ വ്യക്തമാക്കി.

🔳ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കരസേനയുടെ പ്രകടനം ഇന്ത്യക്കാരുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ലഖ്നൗവില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ഇന്ത്യയില്‍ ഇന്നലെ  15,050 കോവിഡ് രോഗികള്‍. മരണം 181. ഇതോടെ ആകെ മരണം 1,52,311 ആയി. ഇതുവരെ 1,05,,58,710 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.05 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,910 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 299 പേര്‍ക്കും പശ്ചിമബംഗാളില്‍ 609 പേര്‍ക്കും കര്‍ണാടകയില്‍ 584 പേര്‍ക്കും ആന്ധ്രയില്‍ 114 പേര്‍ക്കും തമിഴ്‌നാട്ടില്‍ 610 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,18,527 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,90,405 പേര്‍ക്കും ബ്രസീലില്‍ 60,806 പേര്‍ക്കും ഇംഗ്ലണ്ടില്‍ 41,346 പേര്‍ക്കും മെക്സികോയില്‍ 21,366 റഷ്യയില്‍ 24,092 പേര്‍ക്കും ഫ്രാന്‍സില്‍ 21,406 പേര്‍ക്കും കൊളംബിയയില്‍ 20,855 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.49 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.51 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 12,682 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,318 പേരും ഇംഗ്ലണ്ടില്‍ 1,295 പേരും ബ്രസീലില്‍ 1,005 പേരും ജര്‍മനിയില്‍ 584 പേരും  മെക്സിക്കോയില്‍ 1,106 പേരും റഷ്യയില്‍ 590 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 20.15 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കൂടുതല്‍ വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ യു.കെ വകഭേദം മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

🔳വാട്‌സാപ്പിന്റെ പുതിയ പോളിസി അപ്‌ഡേറ്റിനെ തുടര്‍ന്ന് ജനപ്രീതി വര്‍ധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നല്‍. വാട്‌സാപ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് പകരം  ഉപയോഗിക്കാവുന്നതായി നിര്‍ദേശിക്കപ്പെടുന്നതും സിഗ്നലിനേയാണ്. എന്നാല്‍, സിഗ്നല്‍ ഒരിക്കലും വാട്‌സാപ്പിന് പകരമല്ലെന്ന് പറയുകയാണ് സിഗ്നല്‍ സ്ഥാപകനും വാട്‌സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാന്‍ ആക്ടന്‍. വാട്‌സാപ്പിന്റെയും സിഗ്നലിന്റേയും ഉദ്ദേശ്യങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.   

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ രണ്ടാം പാദ മത്സരത്തില്‍ കരുത്തരായ മുംബൈ എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ സമനിലയോടെ മുംബൈ 11 മത്സരങ്ങളില്‍ നിന്നും 26 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

🔳രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 8,758.3 കോടി രൂപ അറ്റാദായമാണ് എച്ച്ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി. പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്ഡിഎഫ്സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്. ബാങ്കിന്റെ മൊത്തം പലിശ വരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി.

🔳2016 മുതല്‍ വളര്‍ച്ച അനുസരിച്ച് ലോകത്തെ അതിവേഗം വളരുന്ന ടെക് നഗരമായി ബെംഗളൂരു മാറി. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ബംഗളൂരൂ മുന്നിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആറാം സ്ഥാനത്താണ്. ലണ്ടനില്‍ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം സിലിക്കണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വര്‍ഷത്തിനിടെ 5.4 മടങ്ങ് വര്‍ധിച്ചു. നാലുവര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 1.7 മടങ്ങ് വര്‍ദ്ധിച്ചു. പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടന്‍ 2016-2020 കാലയളവില്‍ 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി മൂന്നിരട്ടി വളര്‍ച്ച രേഖപ്പെടുത്തി.

🔳സണ്ണി വെയ്‌നും ഗൗരി കിഷനും ഒന്നിക്കുന്ന 'അനുഗ്രഹീതന്‍ ആന്റണി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔳വിവാദങ്ങള്‍ക്കൊടുവില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' സിനിമ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത് മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് എന്നാണ് തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ കഴിഞ്ഞ ദിവസമാണ്  പ്രദര്‍ശനത്തിനെത്തിച്ചത്. വാഹനത്തെ ജനുവരി 27-ന് വിപണിയില്‍ അവതരിപ്പിക്കും. അവതരണവേളയിലായിരിക്കും വില പ്രഖ്യാപനം. നിലവില്‍ 16.49 ലക്ഷം മുതല്‍ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില. പരിഷ്‌കരിച്ചെത്തുന്ന മോഡലിന് സ്വാഭാവികമായും വില വര്‍ദ്ധിക്കും. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🔳വായനയിലും കാഴ്ചയിലും കേള്‍വിയിലും അനുഭൂതിയുണ്ടാക്കുകയാണ് എല്ലാ കലകളുടെയും ലക്ഷ്യം. ആ അര്‍ത്ഥത്തില്‍ ഇതിലെ കഥകളും കവിതകളും വായനക്കാര്‍ക്ക് നല്ല ആസ്വാദവവും അനുഭൂതിയും നല്കുന്നു. 'അവിവേകിയുടെ കൃതികള്‍ അഥവാ വൃത്തഭങ്ഗം'. ഡോ. കെ.വി മേനോന്‍ എളമക്കര. കറന്റ് ബുക്സ് തൃശൂര്‍. വില 190 രൂപ.

🔳കാട്ടുതീ പോലെ പടര്‍ന്നു സര്‍വനാശം വിതയ്ക്കുന്നതാണ് കോവിഡ് 19 മൂലമുണ്ടാകുന്ന ന്യുമോണിയ എന്ന്  നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. മറ്റു കാരണങ്ങളാല്‍ ഉണ്ടാകുന്ന ന്യുമോണിയയില്‍ നിന്ന് വ്യത്യസ്തമാണ് കോവിഡ്  ന്യുമോണിയ എന്ന് ഈ ഗവേഷകര്‍ പറയുന്നു. പനി, കുറഞ്ഞ രക്തസമ്മര്‍ദം, കിഡ്നി, തലച്ചോറ്, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്ക് നാശം എന്നിവയ്ക്ക് കാരണമാകാന്‍ കോവിഡ് ന്യുമോണിയ്ക്ക് സാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ ബാക്ടീരിയയോ വൈറസോ  മൂലമുണ്ടാകുന്ന ന്യുമോണിയ മണിക്കൂറുകള്‍ക്കകം ശ്വാസകോശത്തിന്റെ  നല്ലൊരു ഭാഗത്തേക്ക് പടരും. ശരീരത്തിലെ പ്രതിരോധ സംവിധാനത്താലോ പുറമേനിന്നു നല്‍കുന്ന ആന്റിബയോട്ടിക്കുകളാലോ ആണ് ഇവ നിയന്ത്രിക്കപ്പെടുന്നത്. എന്നാല്‍ കോവിഡ്  ന്യുമോണിയ ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശത്തിന്റെ  വലിയൊരു ഭാഗത്തേക്ക് വേഗം പടരുന്നതിനുപകരം കോവിഡ്19 വൈറസ് ശ്വാസകോശത്തിന്റെ  നിരവധി  ചെറു കേന്ദ്രങ്ങളില്‍ കൂടു  കൂട്ടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ശ്വാസകോശത്തിലെതന്നെ പ്രതിരോധ കോശങ്ങളെ ഹൈജാക്ക് ചെയ്യുന്ന വൈറസ് അവയെ ഉപയോഗപ്പെടുത്തി ശ്വാസകോശത്തില്‍ പടരും. ദിവസങ്ങളോ ആഴ്ചകളോ കൊണ്ടാണ് ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന്  ഇവ പടരുന്നത്. അണുബാധ  ഇത്തരത്തില്‍ മുന്നേറുമ്പോഴാണ് പനിയും കുറഞ്ഞ രക്തസമ്മര്‍ദവും വിവിധ  അവയവങ്ങള്‍ക്ക് നാശവും  സംഭവിക്കുന്നത്. കോവിഡ് 19 മൂലമുള്ള ന്യുമോണിയയുടെ സങ്കീര്‍ണത ഇത് കുറേ കാലം തുടരും എന്നിടത്താണ്. കോവിഡ് 19 ന്യുമോണിയ ബാധിച്ചവരുടെ ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങള്‍ സാധാരണ ന്യൂമോണിയ വന്ന രോഗികളുടെ കോശങ്ങളുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

*ശുഭദിനം*
*കവിത കണ്ണന്‍*
വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഒരിക്കല്‍ ഒരു ടാക്സിയില്‍ പ്രമുഖ ദൃശ്യമാധ്യമ ഓഫീസിലെത്തി.  താന്‍ തിരിച്ചുവരുന്നതുവരെ കാത്തുനില്‍ക്കാന്‍ അദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെട്ടു.  അപ്പോള്‍ അയാള്‍ പറഞ്ഞു:  ഇന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രഭാഷണമുണ്ട്.  ഞാന്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.  ഇന്ന് ടിവിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.  ഇത് കേട്ട് ചര്‍ച്ചിലിന് സന്തോഷമായി  അദ്ദേഹം ടാക്സിക്കാരന് ചോദിച്ചതിലും ഇരിട്ടിതുക കൂലിയായി നല്‍കി.  അപ്പോള്‍ സന്തോഷത്തോടെ ഡ്രൈവര്‍ പറഞ്ഞു:  ഞാന്‍ എത്ര നേരം വേണമെങ്കിലും കാത്തിരിക്കാം, ചര്‍ച്ചില്‍ പോയി തുലയട്ടെ...  കയ്യിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലും ലഭിക്കുന്നതുവരെ മാത്രമേ കയ്യിലുള്ളവയോട് താല്‍പര്യമുണ്ടാകൂ.  നിലവില്‍ ലഭിക്കുന്ന നിര്‍വൃതിയെ ഭേദിക്കുന്ന മറ്റൊന്നു വരുമ്പോള്‍ മിക്കവരും അതിന്റെ പിന്നാലെ പോകും.  എല്ലാറ്റിന്റേയും പിറകെ പോകുന്നവര്‍ ഒരിക്കലും ഒരിടത്തും എത്തിച്ചേരില്ല.  ഒന്നിലും സ്ഥിരമായി ഉറച്ചുനില്‍ക്കാത്തവര്‍ക്ക് ഒന്നിനോടും പ്രതിപത്തിയുണ്ടാകുകയില്ല.  ആളുകളുടെ ആദരം ആപേക്ഷികമാണ്.  ആരാധകവൃന്ദത്തിന്റെ ലക്ഷ്യം ആരാധിക്കുന്നവരെ പിന്തുടരുകയോ അനുകരിക്കുകയോ ആകണമെന്നില്ല,  പ്രശസ്തരെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്ന പ്രശസ്തിയായിരിക്കാം ചിലപ്പോള്‍ അവരുടെ ലക്ഷ്യം.  തങ്ങള്‍ക്ക് ലഭിക്കുന്ന പ്രയോജനം എപ്പോള്‍ അവസാനിക്കുന്നുവോ, അപ്പോള്‍ അവരുടെ ആരാധനയും അവസാനിക്കുന്നതാണ്.  ആരുടെയങ്കിലും അഭിപ്രായങ്ങള്‍ നോക്കി വളരാനിരുന്നാല്‍ ആരും ആരുമാകില്ല.  ആദരം ആപേക്ഷികമാണെന്ന തിരിച്ചറിവ് നമ്മെ മുന്നോട്ട് നയിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only