പ്രഭാത വാർത്തകൾ
2021 ജനുവരി 28 | 1196 മകരം 15 | വ്യാഴം | പൂയം|
🌹🦚🦜➖➖➖➖➖➖➖➖
🔳റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്മാറി. അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
🔳റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്മാറ്റം.
🔳റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്പത് കര്‍ഷക നേതാക്കള്‍ക്കെതിരേ കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്ശന് പാല്, രാകേഷ് ടികായത്ത് തുടങ്ങിയ കര്‍ഷക നേതാക്കളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാരെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.
➖➖➖➖➖➖➖➖
🔳ഹരിയാണയിലെ ഐ.എന്‍.എല്‍.ഡി എം.എല്‍.എ അഭയ് സിങ് ചൗട്ടാല രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തി വരുന്ന സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
🔳റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അക്രമികളെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിന് അമിത് ഷാ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
🔳ഇന്ത്യയിലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ ശേഷിയുണ്ടെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദുര്‍ബലരായ കൃഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷാവലയമൊരുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
🔳കൂടുതല്‍ വ്യാപനശേഷിയുള്ള യു.കെ. വകഭേദം കോവിഡിനെതിരേയും ഇന്ത്യന്‍ നിര്‍മിത കോവാക്സിന് ഫലപ്രദമെന്ന് ഐ.സി.എം.ആര്. പഠന റിപ്പോര്‍ട്ട്. കോവിഡിന്റെ യു.കെ വകഭേദം സ്ഥിരീകരിച്ചരില്‍ കോവാക്സിന് താരതമ്യേന മികച്ച ഫലം കാണിച്ചതായി ഐ.സി.എം.ആര്. വ്യക്തമാക്കി.
🔳സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമായെന്ന് യോഗം വിലയിരുത്തി.
🔳ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍. ജനുവരി 28-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യുട്യൂബ് ലൈവിലൂടെയാകും സ്കൂള്‍ തലവന്മാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച.
🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
🔳പതിനൊന്നാം ശമ്പളക്കമ്മിഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും പരിഷ്കരിക്കാനുള്ള ശുപാര്‍ശകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ശമ്പളത്തിലും പെന്‍ഷനിലും പത്തുശതമാനംവരെ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍പ്രായം രണ്ടുവര്‍ഷം കൂട്ടാന്‍ കമ്മിഷന് ശുപാര്‍ശ ചെയ്തേക്കും. എന്നാല്‍, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സര്‍ക്കാര്‍ ഈ നിര്‍ദേശം പരിഗണിക്കില്ല.
🔳സംസ്ഥാനത്ത് ഇന്നലെ 51,130 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84.
🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്നലെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകള്‍.
🔳ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
🔳സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ ഒന്നര, രണ്ടേകാല്‍ ലിറ്ററിന്റെ മദ്യവും വില്‍പ്പനയ്ക്കെത്തും. നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വില്‍പ്പനയ്ക്കെത്തിക്കാന്‍ ബിവറേജസ് കോര്പ്പറേഷന് വിതരണക്കാരോട് ആവശ്യപ്പെട്ടു. മുമ്പ് രണ്ടുലിറ്ററിന്റെ മദ്യം വില്‍പ്പനയ്ക്കുണ്ടായിരുന്നു. എന്നാല്‍, ആവശ്യക്കാരില്ലാത്തതിനാല്‍ നിര്‍ത്തുകയായിരുന്നു.
🔳രാജസ്ഥാനിലെ ടോങ്കില്‍ റോഡ് അപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ട്രാവലര്‍ സിമന്റ് കയറ്റി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
🔳തമിഴ്നാട് മയിലാടുതുറൈയ്ക്ക് സമീപം അമ്മയെയും മകനെയും കൊലപ്പെടുത്തി വന്‍ സ്വര്‍ണക്കവര്‍ച്ച. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. ധന്‍രാജിന്റെ ഭാര്യ ആശ, മകന് അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. പ്രതികളായ ബാക്കി നാലു പേരും പോലീസിന്റെ പിടിയിലായി.
🔳പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ രണ്ട് യുവതികളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്. കൊലപാതകത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അന്ധവിശ്വാസത്തിന്റെ പേരിലാണ് ദമ്പതിമാര്‍ മക്കളെ കൊലപ്പെടുത്തിയതെന്നും ചിറ്റൂര്‍ എസ്.പി. സെന്തില്‍കുമാര്‍ പ്രതികരിച്ചു.
🔳മഹാരാഷ്ട്രാ - കര്‍ണാടക അതിര്‍ത്തി മേഖലയില്‍ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്തിമ വിധി വരുംവരെ അതിര്‍ത്തി മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കി നിലനിര്‍ത്തണമെന്നാണ് ആവശ്യം.
🔳2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു. ബുധനാഴ്ചയാണ് ജെഡിയു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നത് ബിഹാറിലെ സഖ്യത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി.
🔳'കാമുകന്മാരില്ലാത്ത വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനമില്ല.' തമിഴ്നാട്ടിലെ എസ്.ആര്.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയെന്ന കോളേജിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജസര്ക്കുലറിലെ ഉള്ളടക്കമാണിത്. വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹകമാധ്യമങ്ങളിലും സര്‍ക്കുലര്‍ വ്യാപകമായി പ്രചരിച്ചതോടെ കോളേജധികൃതര്‍ പോലീസില്‍ പരാതി നല്കി.
🔳ഇന്ത്യയില്‍ ഇന്നലെ 11,556 കോവിഡ് രോഗികള്‍. മരണം 123. ഇതോടെ ആകെ മരണം 1,53,885 ആയി. ഇതുവരെ 1,07,02,031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.70 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,171 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 96 പേര്‍ക്കും പശ്ചിമബംഗാളില്‍ 234 പേര്‍ക്കും കര്‍ണാടകയില്‍ 428 പേര്‍ക്കും ആന്ധ്രയില്‍ 111 പേര്‍ക്കും തമിഴ്നാട്ടില്‍ 512 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 5,46,449 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,23,430 പേര്‍ക്കും ബ്രസീലില്‍ 60,286 പേര്‍ക്കും സ്പെയിനില്‍ 40,285 പേര്‍ക്കും ഫ്രാന്‍സില്‍ 26,916 പേര്‍ക്കും ഇംഗ്ലണ്ടില്‍ 25,308 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.13 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.59 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 15,597 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,025 പേരും മെക്സിക്കോയില്‍ 1743 പേരും ഇംഗ്ലണ്ടില്‍ 1,725 പേരും ബ്രസീലില്‍ 1,243 പേരും ജര്‍മനിയില്‍ 968 പേരും ദക്ഷിണാഫ്രിക്കയില്‍ 753 പേരും റഷ്യയില്‍ 594 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 21.81 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳നെഞ്ചു വേദനയെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്.
🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ താരലേലം ഫെബ്രുവരി 18 ന് നടക്കും. ഐ.പി.എല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ജംഷേദ്പുര്‍ എഫ്.സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിനെ ഇന്നലെ ഭാഗ്യം തുണച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
🔳സുരക്ഷാ കാരണങ്ങളാല്‍ ടിക് ടോക്ക് ഉള്‍പ്പെടെ ഒന്നിലധികം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ ഇടക്കാല നിരോധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പല ആപ്പുകളും തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സ്ഥിരമായ നിരോധന അറിയിപ്പോടെ, പ്രതീക്ഷ മങ്ങി. ആപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും, ബൈറ്റ് ഡാന്‍സ് ഇന്ത്യ ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ തുടരുകയും വ്യത്യസ്ത ജോലികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ബൈറ്റ്ഡാന്‍സ് ഇന്ത്യ വന്‍തോതില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
🔳ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലെവര്‍ ലിമിറ്റഡ് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ ത്രൈമാസപാദം 1,927 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്; വര്‍ധനവ് 18.87 ശതമാനം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1,616 കോടി രൂപയായിരുന്നു ഹിന്ദുസ്ഥാന്‍ യുണിലെവറിന്റെ അറ്റാദായം. ഇതേസമയം, നടപ്പു വര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 4.30 ശതമാനം ഇടിഞ്ഞത് കാണാം. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 2,009 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ഹിന്ദുസ്ഥാന്‍ യുണിലെവറിന് സാധിച്ചിരുന്നു.
🔳ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആര്. മേനോന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'കരുവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് കഥാപാത്രങ്ങളാകുന്നത്. കണ്ണന് പട്ടാമ്പി, പെരുമടിയൂര്‍ സുമേഷ്, വിനു തോമസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
🔳പൃഥ്വിരാജ് സുകുമാരന്‍, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന് സംവിധാനം ചെയ്യുന്ന 'ഭ്രമം' ചിത്രത്തിന് തുടക്കമായി. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആയാണ് ഭ്രമം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
🔳ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അള്‍ട്രോസിന് ഒരു പുതിയ ടോപ്പ്-എന്‍ഡ് എക്സഇസെഡ് പ്ലസ് വേരിയന്റ് പുറത്തിറക്കി. പുതിയ പതിപ്പിന്റെ പെട്രോള്‍ മോഡലിന് 8.25 ലക്ഷം രൂപയും ഡീസലിന് 9.45 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു.
🔳ശരീരത്തെക്കാള്‍ മനസ്സും സ്വപ്നങ്ങളും അഭിമാനവും വ്യക്തിത്വവും ഒരിക്കല്‍ കത്തിച്ചാമ്പലാക്കപ്പെട്ട സുലഭയെന്ന എഴുത്തുകാരിയായ ആസിഡ് വിക്ടിമിന്റെ ഉയിര്ത്തെഴുന്നേല്പിലൂടെ, ദീനദയ, ശില്പ, സ്നുഷ, ചിന്നമ്മു... തുടങ്ങിയ പേരുകള്‍ പലതെങ്കിലും മുഖം ഉരുകിയുരുകി ഒരേ ചിത്രത്തിന്റെ പല പതിപ്പുകളായിത്തീര്‍ന്ന പലരിലൂടെ ലോകമെന്ന പുരുഷക്കാഴ്ചയ്ക്കു മുന്പില് സ്ത്രീസങ്കല്പത്തെ വ്യാഖ്യാനിക്കുന്ന രചന. കല്‍പ്പറ്റ നാരായണന്റെ ഏറ്റവും പുതിയ നോവല്‍. 'എവിടമിവിടം'. മാതൃഭൂമി. വില 160 രൂപ.
🔳ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന് ജനിതക മാറ്റം വന്ന ബ്രിട്ടീഷ് വേരിയന്റിനെ നേരിടുന്നതില്‍ ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന അതി തീവ്ര വൈറസ് ബാധിച്ചവരില്‍ കോവാക്സിന് നല്കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന് നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോവാക്സിന് നിര്‍മ്മിച്ചത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന് സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്സിന് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കേരളം അടക്കം മിക്ക സംസ്ഥാനങ്ങളും കോവാക്സിന് ഉപയോഗിക്കുന്നില്ല.
*ശുഭദിനം*
*കവിത കണ്ണന്*
സ്കൂള്‍ വിട്ടുവന്ന നാലാം ക്ലാസ്സുകാരന് വിഷമിച്ചിരിക്കുന്നത് കണ്ട് അമ്മ കാരണമന്വേഷിച്ചു. അവന് ഉടനെ പരീക്ഷപേപ്പര്‍ എടുത്തുകൊണ്ടുവന്നു, എന്നിട്ട് പറഞ്ഞു: അമ്മേ എനിക്ക് 48 മാര്‍ക്ക് ഉണ്ടായിരുന്നു. ടീച്ചര്‍ വെരിഗുഡ് എന്ന് എഴുതുകയും ചെയ്തു. പക്ഷേ, ഞാന്‍ കൂട്ടി നോക്കിയപ്പോള്‍ 45 മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. അത് ഞാന്‍ ടീച്ചറെ കാണിച്ചു. ടീച്ചര്‍ കൂട്ടി നോക്കിയപ്പോഴും 45 മാര്‍ക്കാണ് കിട്ടിയത്. ടീച്ചര്‍ മാര്‍ക്ക് തിരുത്തി 45 ആക്കുകയും വെരിഗുഡ് വെട്ടിക്കളയുകയും ചെയ്തു. ഞാന്‍ നല്ല കുട്ടി അല്ലാത്തതുകൊണ്ടാണോ അമ്മേ വെരിഗുഡ് വെട്ടിക്കളഞ്ഞത്?... പറഞ്ഞു തീര്‍ന്നപ്പോഴേക്കും ആ കുഞ്ഞുമുഖം കണ്ണീരാല്‍ കുതിര്‍ന്നു. അമ്മ അവനെ ആശ്വസിപ്പിച്ചു. വിജയത്തിന്റെ അതിര്‍വരമ്പുകള്‍ ഏത് മാനദണ്ഡമുപയോഗിച്ചാണ് നിര്ണ്ണിയിക്കപ്പെടേണ്ടത്. മാര്‍ക്ക് കൊണ്ടു വിജയിക്കുന്നതിലാണോ അതോ മനസ്സാക്ഷികൊണ്ട് വിജയിക്കുന്നതിലാണോ യഥാര്‍ത്ഥവിജയം നിലകൊള്ളുന്നത്.. ജീവിത വിജയത്തെ സമ്പാദ്യങ്ങള്‍ കൊണ്ടും നേട്ടങ്ങള്‍ കൊണ്ടും മാത്രം വിലയിരുത്തുമ്പോഴാണ് അവയ്ക്കിടയിലൂടെ മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്നത്. ഒരാള്‍ വാരിക്കൂട്ടുന്നതെല്ലാം ചേര്‍ത്തുവെച്ചാണ് നാം വിജയത്തിന്റെ പട്ടിക തയ്യാറാക്കുന്നത്. അതിനിടയില്‍ സത്യസന്ധതകൊണ്ട് മാത്രം അംഗീകാരങ്ങള്‍ നഷ്ടപ്പെട്ടവരെയും കുടിലതകൊണ്ട് ഉന്നതിയിലെത്തിയവരേയും തിരിച്ചറിയാനുള്ള മാര്‍ഗ്ഗം ഉണ്ടാവുകതന്നെ വേണം. അനര്‍ഹര്‍ ഒരു സ്ഥാനത്ത് എത്തുന്നതുപോലെ തന്നെ , അര്‍ഹതയുളളവര്‍ക്ക് അത് നിഷേധിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. എനിക്ക് ഒന്നുകൂടി വേണം എന്ന് പറയുന്നവരുടെ ഇടയില്‍ എനിക്കിതിന് അര്ഹതയില്ലയെന്ന് പറയുന്നവരുടെ സത്യസന്ധതകൂടി ഇവിടെ മാറ്റുരയ്ക്കേണ്ടതാണ്. മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂവെങ്കില്‍ അവിടെ മൂല്യവും മനുഷ്യത്വവും വളരില്ല. മറ്റെന്തൊക്കെ പഠിച്ചാലും അര്‍ഹതയില്ലാത്തതെല്ലാം തിരിച്ചുനല്‍കണം എന്ന പാഠം കൂടി നാം പഠിക്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മള് അത്യാഗ്രഹത്തിന്റെ മൊത്തവില്പനക്കാരായി മാറും. എന്ത്കൊണ്ടെന്നാല്‍ പിടിച്ചുവാങ്ങാന്‍ വരുന്നവനേക്കാള് തിരിച്ചുനല്കുവാന് വരുന്നവനാണ് യഥാര്‍ത്ഥ വിജയി - ശുഭദിനം
➖➖➖➖➖➖➖➖
Post a comment