
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് അത്യപൂർവമായ ഒരു കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ്. കേരളത്തിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായി സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ പങ്കുവച്ച ചിത്രമാണ് ശത്രുതയില്ലാതെ അണികളെ കമന്റ് ബോക്സിൽ ഒന്നിപ്പിച്ചത്. കാരണം, ചിത്രത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആയിരുന്നു.കഴിഞ്ഞയിടെ മുസ്ലിം ലീഗിന് എതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗിലെ യുവജന നേതാവ് കാന്തപുരത്തിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബഹുമാന്യനായ എ.പി.അബൂബക്കർ മുസ്ല്യാർ അവറുകളെ കണ്ടു മുട്ടിയപ്പോൾ.' - എന്ന കുറിപ്പോടെ ആയിരുന്നു ചിത്രം പങ്കുവച്ചത്.ഏതായാലും ഈ കൂടിക്കാഴ്ച ഇരു വിഭാഗത്തിലെയും അണികളെയും സാരമായി സ്വാധീനിച്ചു. എല്ലാ വിഭാഗം മുസ്ലിംകളുമായും ചർച്ചകൾ നടക്കട്ടെയെന്നും ഭിന്നതകൾ മറന്നും പൊറുത്തും ഒന്നിച്ചു നിന്നാൽ എല്ലാവർക്കും വിജയം എന്നുമാണ് ചിത്രത്തിന് താഴെ ഒരാൾ കമന്റ് ആയി കുറിച്ചത്. മനസിന് വല്ലാത്ത സന്തോഷം തോന്നുന്ന ഫോട്ടോയെന്നാണ് വേറൊരാൾ കുറിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു മുസ്ലിം ലീഗിനെ വിമർശിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അണികളെ നിലയ്ക്കു നിർത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പ് തോല്‍വിയെ മറയ്ക്കാനാണ് മുസ്ലിം ലീഗ് അരും കൊല നടത്തിയത്. നിരപരാധികളുടെ ചോരവീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങളുടെ പ്രത്യാഘാതം വലുതായിരിക്കും. ഇക്കാര്യം ലീഗ് നേതൃത്വം ഓര്‍ക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ജനാധിപത്യപരമായും നിയമപരമായും ഇതിനെ നേരിടും. കൊലപാതകത്തിന്റെ ഉത്തരവാദികളെയും പ്രോത്സാഹനം നല്കിയവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
Post a comment