23 ജനുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സായാഹ്‌ന വാർത്തകൾ
2021 ജനുവരി 23 | 1196 മകരം 10 | ശനി | കാർത്തിക|

🔳കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്സിന്‍ കയറ്റി അയയ്ക്കുന്നുണ്ട്.  

🔳ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ട്വീറ്റ്. ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തില്‍ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൊല്‍സനാരോ ട്വീറ്റില്‍ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് അയച്ചത്.

🔳2021- 22 ല്‍ 10,000 കോടിയുടെ ഗതാഗത നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം 8,383 കിമീ റോഡ് പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ എം.പി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനും യോഗം ശശി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാന്‍ ശശി തരൂര്‍ കേരള പര്യാടനം നടത്തും.

🔳കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ യു.ഡി.എഫ് വിമര്‍ശിക്കുന്നതിനിടയിലാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ എ.ഐ.സി.സി നിരീക്ഷകന്‍ കൂടിയായ അശോക് ഗെഹ്ലോത് രംഗത്തെത്തിയത്.

🔳ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം എന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കില്ലെന്നും ഹൈക്കമാന്‍ഡ് പ്രതിനിധികളും ഇന്നത്തെ മേല്‍നോട്ട സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

🔳സോണിയാ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് തിരുവനന്തപുരത്തെത്തി ഹൈക്കമാന്‍ഡ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി അദ്ദേഹം  രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. കെ.വി. തോമസ് ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടലുണ്ടായത്.

🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ നടപ്പാവുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്. എഐസിസി നിരീക്ഷകനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം കെപിസിസിയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

🔳നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്നും പാര്‍ട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കുമ്മനം.

🔳നേമം ബിജെപിയുടെ ഗുജറാത്താണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനമാണെന്നും മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല.

🔳പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ മാസം സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

🔳വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. റെയില്‍വേ എസ്.പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

🔳കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വാഗതമോദി സിപിഎം. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനാണ് ഈ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റം അംഗം പി. രാജീവ് പറഞ്ഞു. ഹിന്ദുത്വ നിലപാടുകളിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വന്നിട്ടുണ്ടെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെന്ന് പി. രാജീവ് പറഞ്ഞു.

🔳പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി. കാപ്പന്‍. പാലയില്‍ത്തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കാനാവില്ലെന്നും മാണി സി. കാപ്പന്‍. കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയില്‍ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല. താന്‍ കുട്ടനാട്ടിലേക്കില്ലെന്നും കാപ്പന്‍.

🔳പെട്രോള്‍, ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു.

🔳കളമശ്ശേരിയില്‍ 17-കാരനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് പേര്‍ പിടിയില്‍. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്.

🔳'മരുമകനിട്ടു രണ്ടെണ്ണം കൊടുക്കണം, മകളെയൊന്നു വിരട്ടണം, കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല പിടിച്ചുപറിക്കണം.' ജോലിക്കുപോകാതെ ആഡംബരജീവിതം നയിക്കുന്ന  മകള്‍ക്കും മരുമകനും ക്വട്ടേഷന്‍ കൊടുത്ത് അറസ്റ്റിലായ അമ്മായിയമ്മ ക്വട്ടേഷന്‍ സംഘത്തിന് കൊടുത്ത നിര്‍ദ്ദേശമാണിത്. കൊല്ലം ഏഴുകോണ്‍ കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി(48)യാണ് മകളെയും മരുമകനെയും ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അറസ്റ്റിലായത്. ജോലിക്കുപോകാതെ മകള്‍ അഖിനയും മരുമകന്‍ ജോബിനും ആഡംബരജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിന്‍ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.

🔳വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തില്‍ സി.ബി.ഐ. സംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.  കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.

🔳മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂരിലെ ശാഖയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഏഴ് പേര്‍ പേര്‍ പിടിയില്‍. ആറ് കൊള്ളക്കാരും ഇവരെ കടത്തിക്കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയിലെ ഒരു ഡ്രൈവറുള്‍പ്പെടെ ഏഴ്പേരാണ് അറസ്റ്റിലായത്. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്.

🔳യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

🔳ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം റിലയന്‍സ് പുറത്തുവിട്ടു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ അറ്റാദായത്തില്‍ 12.6 ശതമാനം വര്‍ധനവാണ് റിലയന്‍സ് കൈവരിച്ചത്. ഡിജിറ്റല്‍ സേവനങ്ങളിലെയും റീടെയില്‍ ബിസിനസുകളിലെയും കുതിപ്പ് മുന്‍നിര്‍ത്തി പോയപാദം 13,101 കോടി രൂപ കമ്പനി അറ്റാദായം കുറിച്ചു. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് അറ്റാദായം 11,640 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദവുമായി (9,567 കോടി രൂപ) താരതമ്യം ചെയ്താല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനി 37 ശതമാനം നേട്ടം കയ്യടക്കിയിട്ടുണ്ട്. ഇതേസമയം, വിപണി മൂല്യം അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വരുമാനം കുറിക്കുന്ന കാര്യത്തില്‍ പിന്നില്‍പ്പോയി. 21 ശതമാനം ഇടിവില്‍ 1.2 ലക്ഷം കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷമിത് 1.57 ലക്ഷം കോടി രൂപയായിരുന്നു.

🔳ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒന്നായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് കടക്കുന്നു. അരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നടപടിയാണിത്. എയര്‍ബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടി. അമേരിക്കയിലെ നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീമമായ പണച്ചെലവുള്ള ഈ നടപടിയ്ക്ക് ഫോര്‍ഡ് വിധേയമാകുന്നത്. എയര്‍ബാഗ് വിഷയത്തില്‍ മുപ്പത് ലക്ഷം വാഹനങ്ങളാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി തിരിച്ചുവിളിക്കാന്‍ പോകുന്നത്. 610 ദശലക്ഷം ഡോളര്‍ ആണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

🔳ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ഓണത്തിന് മുമ്പ് തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 12 ചിത്രം റിലീസ് ചെയ്യും. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക.

🔳പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആകാശമായവളേ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഷഹബാസ് അമാനാണ്. നിധിഷ് നാദേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

🔳എഴുത്തിലും കലയിലും ചിന്തയിലും മൗലികതയുടെ മുദ്രകള്‍ പതിപ്പിച്ച് മലയാളികളെ വിസ്മയിപ്പിച്ച ഇരുപത്തൊന്ന് ഉന്നത വ്യക്തിത്വങ്ങളെയാണ് അദ്ദേഹം ഈ കൃതിയില്‍ ഓര്‍മ്മിക്കുന്നത്. 'വെയില്‍ത്തുണ്ടുകള്‍'. എസ് ജയചന്ദ്രന്‍ നായര്‍. സൈന്‍ ബുക്സ്. വില 199 രൂപ.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് 2021 ജിഎല്‍സി എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 57.40 ലക്ഷം രൂപ മുതല്‍ 63.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2020 മോഡലിന് സമാനമായ 194 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

🔳പ്രധാനമായും ജീവിതശൈലികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ മുഖാന്തരമാണ് പ്രമേഹം പിടിപെടുന്നത്. ചിലര്‍ക്ക് ഇത് പാരമ്പര്യഘടകങ്ങള്‍ മൂലവും ഉണ്ടാകുന്നുണ്ട്. പ്രമേഹരോഗികള്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലമുണ്ടായേക്കാം. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുമായെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഇത് ബന്ധപ്പെടുന്നുണ്ട്. അത്തരത്തിലൊരു പഠനറിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം 'ജമാ കാര്‍ഡിയോളജി' എന്ന പ്രമുഖ പ്രസിദ്ധീകരണം പുറത്തുവിട്ടിരിക്കുന്നത്. അമ്പത്തിയഞ്ച് വയസിന് താഴെ പ്രായമുള്ള, പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതകളേറെയാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ടൈപ്പ്-2 പ്രമേഹമുള്ളവരിലാണ് ഈ സാധ്യത കാണപ്പെടുന്നതത്രേ. ഏതാണ്ട് പത്ത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലേക്ക് എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുപ്പതിനായിരത്തിനടുത്ത് സ്ത്രീകളുടെ കേസ് സ്റ്റഡികളാണ്രേത പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഡയറ്റ് മുതലുള്ള നിയന്ത്രണങ്ങള്‍ ടൈപ്പ്-2 പ്രമേഹം ബാധിച്ച സ്ത്രീകള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ട്. എന്തായാലും പ്രമേഹമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുക എന്നത് തന്നെയാണ് ഗുണപരമായ ചികിത്സ. അതിന് കഴിഞ്ഞാല്‍ തീര്‍ച്ചയായും ആശങ്കകളൊഴിവാക്കിക്കൊണ്ടുള്ള സംതൃപ്തമായ ജീവിതം സാധ്യമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.00, പൗണ്ട് - 99.87, യൂറോ - 88.87, സ്വിസ് ഫ്രാങ്ക് - 82.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.34, ബഹറിന്‍ ദിനാര്‍ - 193.76, കുവൈത്ത് ദിനാര്‍ -241.36, ഒമാനി റിയാല്‍ - 189.71, സൗദി റിയാല്‍ - 19.46, യു.എ.ഇ ദിര്‍ഹം - 19.87, ഖത്തര്‍ റിയാല്‍ - 20.05, കനേഡിയന്‍ ഡോളര്‍ - 57.30.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only