05 ജനുവരി 2021

ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി.
(VISION NEWS 05 ജനുവരി 2021)തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. ഇവര്‍ ഒരേ കുടുംബങ്ങളിലുള്ളവരാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കണ്ണൂരും കോട്ടയത്തും ഓരോ ആളുകള്‍ക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.
പുതിയ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെങ്കിലും ജാഗ്രത കൈവിടാതിരുന്നാല്‍ ഇതിനേയും അതിജീവിക്കാമെന്നും മന്ത്രി പറഞ്ഞു.
‘ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തേക്കിറങ്ങുക. വിദേശത്ത് നിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും’, ശൈലജ പറഞ്ഞു.

ഡിസംബര്‍ 14 ന് ശേഷമുള്ള തിയതികളിലാണ് രോഗബാധിതര്‍ കേരളത്തിലെത്തിയത്. എല്ലാവരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. കൂടുതല്‍ പേരുടെ പരിശോധനാഫലം കാത്തിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഒരിക്കല്‍ കൂടി ഉയരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും.
ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only