14 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 14 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

            

പ്രഭാത വാർത്തകൾ
2021 ജനുവരി 14 | 1196 മകരം 1 | വ്യാഴം | തിരുവോണം|
🌹🦚🦜➖➖➖➖➖➖➖➖

🔳ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി രൂപം നല്‍കിയ കോ-വിന്‍ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.

🔳വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍.

🔳ഇന്ത്യക്കാര്‍ ഗിനി പന്നികളെല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വിതരണം ചെയ്യരുതെന്നും കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി. വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി മനീഷ് തിവാരി രംഗത്തെത്തിയത്.
➖➖➖➖➖➖➖➖

🔳സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരെ ഇളക്കിവിട്ടതാണെന്നും കാര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അവര്‍ക്ക് അറിയില്ലെന്നും ബോളിവുഡ് നടിയും ബി.ജെ.പി എംപിയുമായ ഹേമ മാലിനി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദദ്ധ സമിതി രൂപീകരിച്ച സുപ്രീംകോടതി തീരുമാനത്തെ ഹേമ മാലിനി സ്വാഗതം ചെയ്തു.

🔳റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന ദാതാക്കളായ 60 കര്‍ഷകരുടെ ജീവത്യാഗം സര്‍ക്കാരിന് ലജ്ജിപ്പിക്കുന്നില്ലെന്നും എന്നാല്‍ ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

🔳2019-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ മാസം 6000 രൂപ ലഭ്യമാക്കുന്നതാണ്, മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി. ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി ബിഹാറില്‍ വിജകരമായി നടപ്പാക്കിയ മാതൃക ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ഡെപ്യുട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുധീപ് ജയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

🔳ചലച്ചിത്ര മേഖലയോട് താല്‍പ്പര്യവും സാമൂഹികവബോധവും മാന്യതയുമുണ്ടങ്കില്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. കലയെ സ്‌നേഹിക്കുകയും വളര്‍ത്തുകയുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കടമയെന്നും ഇടത് പക്ഷ സ്വാധീനം ഉണ്ടാക്കലല്ല ചെയര്‍മാന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിയതിന്റെ ഭാഗമായാണ് അധിക വായ്പ എടുക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.  അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയതോടുകൂടി ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ഇതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും.

🔳കേരളത്തില്‍ ഇന്നലെ 69,081 സാമ്പിളുകള്‍ പരിശോധിച്ചതില്‍  6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3373 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 477 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,373 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  ഇന്നലെ 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്‌പോട്ടുകള്‍.

🔳കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശിയില്‍ സിപിഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

🔳കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവീല്‍ദാര്‍ എന്നിവരെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

🔳ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം. പാലം തുറന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോര്‍ കൊച്ചി.

🔳മന്ത്രിസഭാ വിപുലീകരണത്തില്‍ യെദ്യൂരപ്പയുടെ തന്നിഷ്ടം, വീണ്ടും പുകഞ്ഞ് കര്‍ണാടക രാഷ്ട്രീയം. മന്ത്രിസഭയിലുള്‍പ്പെടുത്തേണ്ട പുതിയ ഏഴ് എംഎല്‍എമാരുടെ പട്ടിക രാജ്ഭവനിലേക്കയച്ച് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. ഈ നീക്കത്തില്‍ കടുത്ത എതിര്‍പ്പാണ് ബിജെപി എംഎല്‍എമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. പലരും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പരസ്യമായി തന്നെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

🔳ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി ഇറച്ചിയുടെയും മുട്ടയുടെയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി തദ്ദേശ ഭരണകൂടങ്ങള്‍. ഇറച്ചിയുടെയും മുട്ടയുടേയും വില്‍പനയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗത്ത്, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഉത്തരവിറക്കി. കോഴി ഇറച്ചിയും മുട്ടയും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ വിളമ്പരുതെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.

🔳ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഈമാസം 18ന് തുറക്കും. 10, 12 ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പത്ത് മാസത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. സിബിഎസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

🔳പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നോട്ടീസായി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള മൗലിക അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി. ആരുടേയും ഇടപെടുലകളില്ലാതെ  വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെതിരാണ് ഈ വ്യവസ്ഥയെന്നും കോടതി.

🔳ഗായികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ കുരുക്കില്‍. കള്ളപ്പരാതിയന്ന് തള്ളിപ്പറഞ്ഞ മുണ്ഡെ ആരോപണമുന്നയിച്ച ഗായികയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ആ ബന്ധത്തില്‍ ഒരു മകളും ഒരു മകനുമുണ്ടെന്നും വെളിപ്പെടുത്തി.

🔳ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെ ജീവനക്കാരനായ രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

🔳തദ്ദേശ നിര്‍മിത ലഘുപോര്‍ വിമാനമായ, 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. 48,000 കോടിയോളം രൂപയുടെതാണ് ഇടപാട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായിട്ടാണ് കരാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

🔳ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ഇന്ത്യന്‍ സുരക്ഷാസേനയാണ് അതിര്‍ത്തിയിലെ ഹിരണ്‍നഗര്‍ സെക്ടറില്‍ ബുധനാഴ്ച തുരങ്കം കണ്ടെത്തിയത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യം നിര്‍മിച്ചതാണ് തുരങ്കമെന്ന് റിപ്പോര്‍ട്ട്.

🔳ഇന്ത്യയില്‍ ഇന്നലെ  17,015 കോവിഡ് രോഗികള്‍. മരണം 201. ഇതോടെ ആകെ മരണം 1,51,765 ആയി. ഇതുവരെ 1,05,12,831 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.10 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,556 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 357 പേര്‍ക്കും പശ്ചിമബംഗാളില്‍ 723 പേര്‍ക്കും കര്‍ണാടകയില്‍ 746 പേര്‍ക്കും ആന്ധ്രയില്‍ 203 പേര്‍ക്കും തമിഴ്‌നാട്ടില്‍ 673 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,88,001 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,07,702 പേര്‍ക്കും ബ്രസീലില്‍ 61,822 പേര്‍ക്കും ഇംഗ്ലണ്ടില്‍ 47,525 പേര്‍ക്കും സ്പെയിനില്‍ 38,869 പേര്‍ക്കും റഷ്യയില്‍ 22,850 പേര്‍ക്കും, ഫ്രാന്‍സില്‍ 23,852 പേര്‍ക്കും, ജര്‍മനിയില്‍ 23,294 പേര്‍ക്കും രോഗം ബാധിച്ചു. 15,439 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,622 പേരും ഇംഗ്ലണ്ടില്‍ 1,564 പേരും ബ്രസീലില്‍ 1,283 പേരും ജര്‍മനിയില്‍ 1,201 പേരും ദക്ഷിണാഫ്രക്കയില്‍ 806 പേരും  മെക്സിക്കോയില്‍ 1314 പേരും ഇറ്റലിയില്‍ 507 പേരും റഷ്യയില്‍ 566 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 9.26 കോടി കോവിഡ് രോഗികളും 19.84 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായി സംശയിക്കുന്നു.

🔳പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പിഴ ചുമത്തുന്ന കാര്യം റഷ്യന്‍ ജനപ്രതിനിധി സഭയായ സ്റ്റേറ്റ് ഡുമ പരിഗണിക്കുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്ക്, വണ്‍ വെബ് എന്നിവ ഉള്‍പ്പടെ, റഷ്യന്‍ ഉപഗ്രഹ ശൃംഖലയില്‍ പെട്ടതല്ലാത്ത ഇന്റര്‍നെറ്റ്  ശൃംഖല ഉപയോഗിക്കുന്നതാണ് റഷ്യ വിലക്കാന്‍ പോവുന്നത്.

🔳യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. 
ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ഇനി സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.

🔳സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ കൂറ്റന്‍ വിജയവുമായി കേരളം. എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന കാസറഗോഡുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീനിന്റെ മികവിലാണ് ഗ്രൂപ്പ് ഇ യില്‍ കേരളം മുംബൈയ്‌ക്കെതിരേ രാജകീയ വിജയം സ്വന്തമാക്കിയത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്.സി. ഇസ്മയില്‍ ഇസ്മയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ചെന്നൈയിന്‍ വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഡീഗോ മൗറീഷ്യോ ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ 14 പോയന്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഒഡിഷ അവസാന സ്ഥാനത്തുതന്നെ തുടരുന്നു.

🔳ഇന്ത്യയില്‍ ഒരു പുത്തന്‍ സംരംഭത്തിന് കൂടി ആമസോണ്‍ തുടക്കം കുറിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുന്ന ഒരു പുത്തന്‍ പദ്ധതിയാണിത്. 'ആമസോണ്‍ അക്കാദമി' എന്നാണ് പേര്. ജെഇഇ പോലുള്ള മത്സരപ്പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചാണ് ആമസോണ്‍ അക്കാദമി വരുന്നത്. ഓണ്‍ലൈനില്‍ തന്നെയാണ് ഈ സേവനം ലഭ്യമാവുക. ജെഇഇ പോലുള്ള മത്സരപ്പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗഹനമായ അറിവും പരിശീലന പരിപാടികളും ആണ് ഇതുവഴി ലഭ്യമാക്കുക. ക്യുറേറ്റഡ് ലേണിങ് മെറ്റീരിയല്‍സ്, ലൈവ് ക്ലാസ്സുകള്‍ തുടങ്ങിയവ ഉണ്ടാകും. ഈ സേവനത്തിന് ആമസോണ്‍ പണം ഈടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ആമസോണ്‍ അക്കാദമിയുടെ ബീറ്റ വേര്‍ഷന്‍ വെബ്ബിലും പ്ലേ സ്റ്റോറിലും സൗജന്യമായി ലഭ്യമാണ്.

🔳പൊതുമേഖലയിലെ ആദ്യത്തെ ബാങ്കിതര ധനകാര്യസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍ അടുത്തയാഴ്ച ഐപിഒയുമായെത്തുന്നു. ഐപിഒയ്ക്ക് ജനുവരി 18 മുതല്‍ 20 വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 25-26 രൂപ നിരക്കിലാകും വില നിശ്ചയിക്കുക. 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിദേശ വിപണികളില്‍നിന്ന് റെയില്‍വെയ്ക്കുവേണ്ടി പണം സമാഹരിക്കുന്നതിന് ലക്ഷ്യമിട്ട് 1986ലാണ് ഐആര്‍എഫ്സി തുടങ്ങിയത്. ബജറ്റിന് പുറത്തുള്ള വിഹിതം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

🔳കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന 'മോഹന്‍ കുമാര്‍ ഫാന്‍സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയ്ക്കുള്ളിലെ സിനിമയുടെയും വിജയിക്കാന്‍ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായിട്ടായിരിക്കും പുറത്തിറങ്ങുക. സിദ്ധിഖ്, ശ്രീനിവാസന്‍, മുകേഷ്, അലന്‍സിയര്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കെ.പി.എസ്.സി. ലളിത, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങള്‍. പുതുമുഖ താരം അനാര്‍ക്കലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

🔳കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ വെള്ളം. ജി.പ്രജേഷ് സെന്നാണ് സംവിധാനം. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം. കണ്ണൂരിലെ ഒരു കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് നായികമാര്‍.

🔳ഇന്ത്യയിലെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് ടാറ്റയുടെ ആഡംബര വാഹന കമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവറും ചുവടുവയ്ക്കുകയാണ്. കരുത്തരില്‍ കരുത്തനായ ഐ-പേസ് ഇലക്ട്രിക്കിലൂടെയാണ് ജഗ്വാര്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളുമായി മുട്ടി നില്‍ക്കാന്‍ കഴിയുന്ന റേഞ്ചാണ് ഐ-പേസിന് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്.  ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 470 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ജഗ്വാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.

🔳ഒരു ചരിത്ര നോവലില്‍ വസ്തുതകള്‍ക്കും ഭാവന്യ്ക്കും ഇടമുണ്ട് പരാജിതരുടെ വുശുദ്ധ ഗ്രന്ഥത്തില്‍ വെള്ളിയോടന്‍ രചനാപരമായ കൗശലത്തോടൊപ്പം ചരിത്രപരമായ ബോധത്തിനും ഏര്‍പ്പെടുന്നു. 'പരാജിതരുടെ വിശുദ്ധഗ്രന്ഥം'. വെള്ളിയോടന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 145 രൂപ.

🔳നാല്‍പ്പതുകള്‍ കഴിഞ്ഞാല്‍ സ്ത്രീ ആരോഗ്യം നിരവധി വെല്ലുവിളികള്‍ നേരിട്ടു തുടങ്ങും. ആര്‍ത്തവ വിരാമവും അതിനോടനുബന്ധിച്ച പ്രശ്നങ്ങളും, തേയ്മാനവും, വിഷാദവും, അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളുമെല്ലാം കൂട്ടമായെത്തുന്ന കാലയളവ് ഇതാണ്. ആരോഗ്യത്തോടെയിരിക്കാന്‍
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദേശമനുസരിച്ച് പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗ്ഗങ്ങളും നവധാന്യങ്ങളായ ചോളം, ധാന്യപ്പൊടി, ഓട്സ്, ഗോതമ്പ്, കുത്തരി എന്നിവയും അപൂരിതകൊഴുപ്പടങ്ങിയ സണ്‍ഫ്ളവര്‍ ഓയില്‍, മീന്‍, അവോകാഡോ, നട്സ്, ഒലീവ് ഓയില്‍ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പൂരിതകൊഴുപ്പടങ്ങിയ ഇറച്ചി വെണ്ണ, പാമോയില്‍, വെളിച്ചെണ്ണ, ക്രീംചീസ്, നെയ്യ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ബിഎംഐ അനുസരിച്ച് ശരീരഭാരം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലത് ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നതാണ്.
യോഗ, നടത്തം, നീന്തല്‍, സൈക്ലിംങ്, ഗാര്‍ഡനിങ്, എയ്റോബിക്, ഡാന്‍സിങ് എന്നിവയെല്ലാം മികച്ച വ്യായാമമുറകളാണ്. കൃത്യമായി ഹെല്‍ത്ത് ചെക്കപ്പ് തുടരുന്ന ശീലമുണ്ടെങ്കില്‍ അത് മുടക്കേണ്ട. ഇതുവരെ ചെയ്യാത്തവര്‍ അത് തുടങ്ങുകയും വേണം. സ്താനാര്‍ബുദം, ഗര്‍ഭാശയഗളകാന്‍സര്‍ എന്നിവ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവും. അതുകൊണ്ട് തന്നെ നാല്‍പതുകള്‍ കഴിഞ്ഞാല്‍ കാന്‍സര്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ മടിക്കേണ്ട.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only