19 ജനുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 19 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2021 ജനുവരി 19 | 1196 മകരം 6 | ചൊവ്വ | ഉത്രട്ടാതി|
➖➖➖➖➖➖➖➖

🔳കോവിഡ് വാക്‌സിനുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ലോകത്തിന്റെ വാക്‌സിന്‍ ഫാര്‍മസിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പല രാജ്യങ്ങളും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് കയറ്റുമതി. ലോകത്തെ 60 ശതമാനം വാക്‌സിന്‍ നിര്‍മാണവും നടക്കുന്നത് ഇന്ത്യയിലാണ്.

🔳അര്‍ണാബ് ഗോസ്വാമിയും ബാര്‍ക്ക് മുന്‍ സി.ഇ.ഒ. പാര്‍ഥോദാസ് ഗുപ്തയും തമ്മിലുള്ളതെന്ന് കരുതപ്പെടുന്ന വാട്ട്‌സ് ആപ്പ് ചാറ്റ് വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക, 'രാജ്യസ്‌നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക,  ടിആര്‍പിയില്‍ വഞ്ചനാപരമായ കൃത്രിമത്വംകാണിക്കുക എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമെന്ന് ശശി തരൂര്‍ എം.പി.

➖➖➖➖➖➖➖➖

🔳കോങ്ങാട് എംഎല്‍എയും സിപിഎം നേതാവുമായ കെ.വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് 7.45 ഓടെയാണ് മരിച്ചത്.

🔳സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കില്‍ 2018-19 വര്‍ഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയര്‍ന്നു.

🔳കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് നല്‍കും. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ പത്തംഗ സമിതിയും രൂപവത്കരിച്ചു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, ശശി തരൂര്‍, വി.എം. സുധീരന്‍. കെ. മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയവരാണ് പുതിയ സമിതിയിലുള്ളത്.

🔳നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടിയുടെ നയം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കുമെന്നും കേരളം തിരിച്ചുപിടിക്കണമെന്നും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെന്നും അതില്‍ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കുമെന്നും ആന്റണി വ്യക്തമാക്കി.

🔳തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസിയില്‍ പുനസംഘടന വേണമെന്ന എഐസിസി തീരുമാനം പാളുന്നു. പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്ന ആറ് ജില്ലകളിലെങ്കിലും മാറ്റമുണ്ടാക്കും എന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പുനസംഘടന മൂന്ന് ജില്ലകളില്‍ മാത്രമാക്കി ചുരുക്കാനാണ് ദില്ലിയില്‍ ഒടുവില്‍ നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം.  ഡിസിസി അധ്യക്ഷന്‍മാര്‍ ഇരട്ടപ്പദവി വഹിക്കുന്ന ജില്ലകളില്‍ മാത്രം മതി പുനസംഘടന എന്നാണ് തീരുമാനം. ഇപ്രകാരം പാലക്കാട്, വയനാട്, എറണാകുളം ഡി സി സി അധ്യക്ഷമാരെ മാറ്റാനാണ് നിലവില്‍ സാധ്യത.

🔳എഡിറ്റ് ചെയ്ത സി.ഡി. ഹാജരാക്കിയെന്ന ഹര്‍ജിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജു രമേശ്. എഡിറ്റ് ചെയ്ത സി.ഡി. വിജിലന്‍സിന് നല്‍കിയതാണെന്നും സി.ഡി. എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ബിജു രമേശ്. ഹൈക്കോടതിയിലെ ഹര്‍ജിക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും തന്നെ ഭീഷണിപ്പെടുത്താനുള്ള ഉദ്ദേശ്യംവെച്ചാണ് ബിനാമികളെ ഉപയോഗിച്ച് ചെന്നിത്തല കോടതിയെ സമീപിച്ചതെന്നും ബിജു രമേശ് ആരോപിച്ചു.

🔳എന്‍.ഡി.എ അധികാരത്തിലെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കേരളം എന്‍.ഡി.എയെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടവും കഷ്ടവും കേരളത്തിനായിരിക്കുമെന്നും മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. അത് തിരിച്ചറിയാനുള്ള അറിവും വിശകലന സാമര്‍ഥ്യവും ഇവിടത്തെ വോട്ടര്‍മാര്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം നല്ല കേരളം വേണമെന്ന് ചിന്തിക്കുന്ന എല്ലാവരുടേതും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ഇടപെടലിന് ബി.ജെ.പി. ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് ഇപ്പോഴും വന്‍കുതിപ്പ് നേടിയെടുക്കാന്‍ കഴിയാത്ത കേരളത്തില്‍ തന്ത്രാവിഷ്‌കരണം മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണത്തിനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. സര്‍വേ നടത്തുകയാണ്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം.

🔳കേരളത്തില്‍ ഇന്നലെ 33,093 സാമ്പിളുകള്‍ പരിശോധിച്ചതില്‍  3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3480 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഇന്നലെ 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്‌പോട്ടുകള്‍.

🔳നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എ.മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എം.എല്‍.എ. മുകേഷ്, പീരുമേട് എം.എല്‍.എ. ബിജിമോള്‍, കൊയിലാണ്ടി എം.എല്‍.എ. കെ.ദാസന്‍, നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

🔳സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.

🔳മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ചിറ്റ് നല്‍കി കൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.  ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

🔳ദേശീയ നേതൃത്വം എന്ത് തീരുമാനിച്ചാലും എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കാന്‍ എന്‍ സി പിയിലെ ഏ കെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായായിരുന്നു യോഗം.പാലാ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കാത്ത സാഹചര്യത്തില്‍ മുന്നണി വിടണമെന്നാണ് മാണി സി കാപ്പന്‍ വിഭാഗത്തിന്റെ നിലപാട്.

🔳ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച്  സംവിധായകന്‍ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. ഇടതുപക്ഷ സ്വാധീനം ചലച്ചിത്ര അക്കാഡമിയില്‍ വളര്‍ത്തുന്നതിനുവേണ്ടി കരാര്‍ ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരമാക്കാന്‍ ശ്രമിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

🔳മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടൂറിസം വകുപ്പിന് കത്ത് നല്‍കി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയില്‍ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങള്‍ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രിവാഹനമാണെങ്കിലും പിഴ അടയ്ക്കേണ്ടിവരുക ടൂറിസം വകുപ്പാണ്.

🔳തൈക്കുടത്ത് മൂന്നാംക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളില്‍ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയില്‍ പോയിവരാന്‍ വൈകിയതിനാണ് സഹോദരീഭര്‍ത്താവ് മൂന്നാംക്ലാസുകാരനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരീഭര്‍ത്താവായ പ്രിന്‍സ് എന്നയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.

🔳അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കത്ത് സഹിതം ദിഗ് വിജയ് സിംഗ് സംഭാവന അയച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

🔳മേയ് മാസത്തില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

🔳ബിജെപി കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കുനേരെ കല്ലേറും കുപ്പിയേറും. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ. ഭീഷണികള്‍ വിലപ്പോകില്ലെന്നും മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിക്ക് ഒപ്പമാണെന്നും സുവേന്ദു അധികാരി.

🔳പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്ന ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐസിഎം) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. വിദേശത്ത് തൊഴില്‍ അന്വേഷകരായി പോവുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം.

🔳അരുണാചല്‍ പ്രദേശില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

🔳ഫോബ്സ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്.  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, രവിപിള്ള, പി.എന്‍.സി മേനോന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലുള്ളത്.    

🔳ഇന്ത്യയില്‍ ഇന്നലെ  9,972 കോവിഡ് രോഗികള്‍. മരണം 137. ഇതോടെ ആകെ മരണം 1,52,593 ആയി. ഇതുവരെ 1,05,82,647 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.97 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,924 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 161 പേര്‍ക്കും പശ്ചിമബംഗാളില്‍ 389 പേര്‍ക്കും കര്‍ണാടകയില്‍ 435 പേര്‍ക്കും ആന്ധ്രയില്‍ 81 പേര്‍ക്കും തമിഴ്‌നാട്ടില്‍ 551 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,44,976 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,25,212 പേര്‍ക്കും ബ്രസീലില്‍ 23,671 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,535 പേര്‍ക്കും സ്പെയിനില്‍ 33,800 പേര്‍ക്കും റഷ്യയില്‍ 22,857 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.59 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.54 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,712 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,271 പേരും ഇംഗ്ലണ്ടില്‍ 599 പേരും ജര്‍മനിയില്‍ 665 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 20.48 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ്.സി - ഈസ്റ്റ് ബംഗാള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍. 31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈ ആക്രമണത്തെ പ്രതിരോധിച്ച ഈസ്റ്റ് ബംഗാള്‍ സമനില പിടിക്കുകയായിരുന്നു.

🔳പ്രമുഖ ഊര്‍ജോത്പാദന കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 20 ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റര്‍പ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പില്‍നിന്നാണ് ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നത്. 2.5 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. അദാനി ഗ്രൂപ്പുമായി ടോട്ടല്‍ ഫ്രാന്‍സിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ല്‍ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധര്‍മ എല്‍എന്‍ജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് സ്വന്തമാക്കിയിരുന്നു.

🔳ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് ആദ്യമായി ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നു. സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കാന്‍  കാദെന്‍ ഇന്‍വെസ്റ്റ്മെന്റുമായി വാവെയ് കരാര്‍ ഒപ്പുവച്ചു. ചൈനീസ് കമ്പനിക്ക് സൗദിയിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സഹായിക്കുന്നതാണ് കരാര്‍. സൗദിയില്‍ നിന്ന് ഡിജിറ്റല്‍ ഉപകരങ്ങള്‍ക്ക് വര്‍ധിച്ച തോതിലുള്ള ആവശ്യമാണുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് വാവെയ് കമ്പനിയുടെ ലക്ഷ്യം. അറബിക് ഭാഷയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളാണ് വാവെയ് വില്‍ക്കുക എന്നാണ് വിവരം.

🔳പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന 'ലാല്‍ ജോസ്' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ എന്ന പുതുമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് പറയുന്നത്. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ഒട്ടേറെ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തില്‍ നായകന്‍.

🔳മിഷന്‍ മംഗള്‍, പാഡ്മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍. ലോക്ഡൗണ്‍ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈ സിനിമ എന്നും അതിലെ കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യന്‍ ദുല്‍ഖര്‍ ആണ് എന്ന ചിന്തയോടെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത്. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാകും ദുല്‍ഖറിന്റേത്. നിര്‍മ്മാണവും ബാല്‍കി തന്നെയാകും.

🔳ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്റ്റൈലിഷ് സ്‌കൂട്ടറായ ഗ്രാസിയ 125 മോഡലിന്റെ വില കൂട്ടി. പുതുക്കിയ വില അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്ക് കൂടിയത്.  ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്‌ക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയര്‍ന്ന് 74,815 രൂപയായി എക്സ്ഷോറൂം വില. സ്‌കൂട്ടറിന്റെ ഡിസ്‌ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി.

🔳ഈ സമൂഹത്തിന്റെ ഉത്ഭവം മുതല്‍ ലൈംഗീകത ബലാത്സംഗം ആത്മഹത്യ എന്നിവയും ഇവിടെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. തീര്‍ച്ചയായും അസഹിഷ്ണുതയുടെ സംസ്‌കാരത്തില്‍ നിന്നും മുക്തി തേടിയില്ല യാത്രയാണ് ഈ ഗ്രന്ഥം. 'വിശ്വാസം സമൂഹം ലൈംഗികത'. പ്രസാദ് അമോര്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 150 രൂപ.

🔳പുകവലിക്കുന്നവരിലും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലും മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്ന് സിഎസ്‌ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) നടത്തിയ ഒരു സര്‍വേ ഫലം പറയുന്നു. പതിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മാസങ്ങള്‍ നീണ്ട പഠനമാണ് സിഎസ്‌ഐആര്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിനകത്ത് കൊവിഡുമായി ബന്ധപ്പെട്ട് ഇത്തരമൊരു പഠന-സര്‍വേ മുമ്പ് നടന്നിട്ടില്ലെന്നാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്.  പുകവലിക്കുന്നവരില്‍ കൊവിഡ് സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞിരിക്കുമെന്ന് നേരത്തേ പല പഠനങ്ങളും സൂചിപ്പിച്ചിരുന്നു. ഇറ്റലി, ന്യൂയോര്‍ക്ക്, ചൈന എന്നിവിടങ്ങളില്‍ ഇത് സംബന്ധിച്ച് നടന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടുകളെ കുറിച്ചും സിഎസ്‌ഐആര്‍ തങ്ങളുടെ സര്‍വേ ഫലത്തില്‍ ചേര്‍ത്തിട്ടുണ്ട്.  വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ച് കഴിയുന്നവരിലും രോഗസാധ്യത കുറവായിരിക്കുമത്രേ. അതുപോലെ 'ഒ' ബ്ലഡ് ഗ്രൂപ്പുള്ളവരില്‍ കൊവിഡ് സാധ്യത കുറയുമെന്നും എന്നാല്‍ 'ബി', 'എബി' ഗ്രൂപ്പിലുള്ളവര്‍ക്ക് സാധ്യത കൂടുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ യാത്ര ചെയ്യുന്നവരാണെങ്കില്‍ അതിന് തെരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍, ജോലിയുടെ സ്വഭാവം, വീട്ടിലെ സാഹചര്യങ്ങള്‍ ഇങ്ങനെ പല ഘടകങ്ങളും കൊവിഡ് പിടിപെടുന്ന കാര്യത്തില്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ശരീരത്തിലെ ആന്റിബോഡി സാന്നിധ്യത്തെ മനസിലാക്കിക്കൊണ്ടാണ് തങ്ങള്‍ രോഗം പിടിപെടുന്നതിനുള്ള സാധ്യതകളും സന്ദര്‍ഭങ്ങളും വേര്‍തിരിച്ച് മനസിലാക്കിയതെന്നും സര്‍വേ സംഘടിപ്പിച്ച വിദഗ്ധര്‍ അറിയിക്കുന്നു. 

*ശുഭദിനം*
*കവിത കണ്ണന്‍*

ആ കൊള്ളസംഘത്തലവന്‍ സന്ന്യാസിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു:  പുതിയ വര്‍ഷത്തില്‍ എനിക്ക് നല്ലയാളാകണം. ദുശ്ശീലങ്ങളെല്ലാം മാറ്റണം. അതിനായി എന്നെ അങ്ങ് സഹായിക്കാമോ?  സന്യാസി അയാളുടെ മനംമാറ്റത്തെ സന്തോഷത്തോടെ സ്വീകരിച്ചു.  പ്രാശ്ചിത്തവും വിധിച്ചു.  'ഞാനൊരു കുരിശു നിങ്ങള്‍ക്ക് തരും.  ആ കുരിശും ചുമന്ന് മരുഭൂമി കടന്ന് അടുത്തഗ്രാമത്തിലെത്തി താമസം ആരംഭിക്കുക.'.  അയാള്‍ സന്തോഷത്തോടെ കുരിശുമായി മരുഭൂമിയിലൂടെ നടക്കാന്‍ ആരംഭിച്ചു.  ദിവസങ്ങള്‍ കഴിയുന്തോറും കുരിശിന്റെ ഭാരം കൂടി വരുന്നതായി അയാള്‍ക്ക് തോന്നി.  അവസാനം കുരിശിന്റെ നീളം അയാള്‍ പകുതിയായി കുറച്ചു.  കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ സന്യാസി പറഞ്ഞ ഗ്രാമം കണ്ടു.  പക്ഷേ, ഒരു കിടങ്ങ് കടന്നുവേണം ആ ഗ്രാമത്തിലെത്താന്‍.  കയ്യിലുള്ള കുരിശ് കുറുകെ വെച്ച് കടക്കാന്‍ അയാള്‍ തീരുമാനിച്ചു.  പക്ഷേ, അതിന് നീളം അല്‍പം കുറവായിരുന്നു!  എല്ലാ ക്ലേശങ്ങളും ദുരന്തപര്യവസായിയല്ല.  ചില ക്ലേശങ്ങള്‍ നമ്മെ തേടിവരുന്നത്, നമ്മുടെ പുനര്‍നിര്‍മ്മാണത്തിനും പുനഃക്രമീകരണത്തിനും കൂടിയാണ്.  പ്രശ്നങ്ങളെ ഒഴിവാക്കുകയല്ല , പ്രശ്നങ്ങളോടുള്ള മനോഭാവത്തിന് മാറ്റം വരുത്തുകയാണ് ആവശ്യം.  ആളുകളുടെ പ്രതികരണത്തിനനുസരിച്ചാണ് ഓരോ പ്രതിബന്ധവും പ്രതിപ്രവര്‍ത്തിക്കുന്നത്.  ഒരേ തടസ്സം ചിലരുടെ യാത്രകള്‍ക്ക് പൂര്‍ണവിരാമമിടുകയും, ചിലരുടെ യാത്രകള്‍ക്ക് പുതിയ തുടക്കം കുറിക്കുകയും ചെയ്യും.  പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുന്നവരും, പ്രതിസന്ധികളെ തരണം ചെയ്യുന്നവരും ഉണ്ട്.  എല്ലാ ചുമടുകളും ഒഴിവാക്കുന്നവര്‍ക്ക് ഒരിക്കല്‍ അവരുടെ ഒഴിവാക്കല്‍ ശീലം ബാധ്യതയായി മാറുക തന്നെ ചെയ്യും.  ചുമടുകള്‍ സമ്മാനിക്കുന്ന ശാരീരികക്ഷമത ചുമട് എടുക്കാത്തവര്‍ക്ക് ലഭിക്കില്ല.  നമ്മുടെ ജീവിതത്തില്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ചില ഭാണ്ഡക്കെട്ടുകളായിരുന്നു പിന്നീടുള്ള ജീവിതത്തിന്റെ സമ്മാനപ്പൊതികളെന്ന തിരിച്ചറിവ് നമ്മെ കുറ്റബോധത്തിലേക്ക് നയിക്കും.  ജീവിതത്തിലെ ആ സമ്മാനപ്പൊതികളെ സധൈര്യം സ്വീകരിക്കാനുള്ള മനോഭാവം വളര്‍ത്താന്‍ നമുക്കും സാധിക്കട്ടെ -
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only