താമരശേരി:കൊടുവള്ളി മണ്ഡലത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ രണ്ടുകോടി രൂപ വകയിരുത്തി താമരശേരിയില്‍ നിര്‍മിക്കുന്ന ഓട്ടിസം സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാരാട്ട് റസാഖ് എംഎല്‍എയുടെ അധ്യക്ഷതയില്‍ താമരശേരിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ഓട്ടിസം സെന്റര്‍ നിര്‍മ്മിക്കുന്നതിന് താമരശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനോട് ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതഗതിയിലാക്കുവാന്‍ തീരുമാനിച്ചു.
പദ്ധതി സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ ആയതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ഓട്ടിസം സെന്റര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭ്യമാക്കുവാനും തീരുമാനമായി.
ഇതിനു വേണ്ടി കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ച് ചേര്‍ക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ. അരവിന്ദന്, എ.പി. സജിത്ത്, എ.പി. മുസ്തഫ, പി.സി. അബ്ദുല്‍ അസിസ്, ഫസീല ഹബീബ്, എഇഒ എന്‍.പി. മുഹമ്മദ് അബ്ബാസ്, ബിപിഒ വി.എം. മെഹറലി, ഡോ.കെ.പി. അബ്ദുല്‍ റഷീദ്, വി.കുഞ്ഞിരാമന്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.ടി.മുഹമ്മദ് ബാപ്പു, ഗിരീഷ് തേവള്ളി, അമീര്‍ മുഹമ്മദ് ഷാജി, ടി.ആര്.ഓമനക്കുട്ടന്, പി.സി.ഇബ്രാഹിം, സി.ടി.ടോം, ഉസ്മാന് പി ചെമ്പ്ര, ജോസ് തുരുത്തിമറ്റം, ടി.പി.അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഭിന്നശേഷിക്കാരായ നൂറ് കണക്കിന് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസമാകുമെന്ന് എംഎല്‍എ പറഞ്ഞു. സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷനല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി, ഡേകെയര്‍ സെന്റര്‍, നീന്തല്‍കുളം, ലൈബ്രറി തുടങ്ങിയ വ്യത്യസ്തങ്ങളായ വിഭാഗങ്ങള്‍ പദ്ധതിയുടെ ഭാഗമായി വരും. സര്‍ക്കാര്‍ ഭൂമി ലഭിക്കാത്തപക്ഷം സൗജന്യമായി 40 സെന്റ് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഡോ.അബ്ദുല്‍ റഷീദ് യോഗത്തില്‍ അറിയിച്ചു.
Post a comment