29 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 29 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാത വാർത്തകൾ
2021 ജനുവരി 29 | 1196 മകരം 16 | വെള്ളി | ആയില്യം|➖➖➖➖➖➖➖➖

🔳യു.പി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗാസിപുരിലെ സമരക്കാരെ ഒഴിപ്പിക്കാനൊരുങ്ങി സമരവേദിയിലെത്തിയ പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പൊലീസും കേന്ദ്രസേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയുമേന്തി ആഹ്ളാദപ്രകടനം നടത്തി.

🔳റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ നോയ്ഡ പോലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ എന്നിവരടക്കം എട്ടു പേര്‍ക്കെതിരെയാണ് നോയ്ഡ പോലീസ് കേസെടുത്തിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

🔳പാര്‍ലമെന്റ്  ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ശിരോമണി അകാലിദളും പ്രസംഗം ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

🔳ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം നാട്ടുകാരുടെ പ്രതിഷേധം. ദേശീയപതാകയുമേന്തി നാട്ടുകാര്‍ സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ ഉച്ചയോടെയാണ് സിംഘു അതിര്‍ത്തിയിലെ നാട്ടുകാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയത്. ദേശീയപാതയില്‍ നിന്ന് കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന കര്‍ഷക പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ മോശമായി ബാധിച്ചുവെന്നും റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയപതാകയെ അപമാനിച്ച കര്‍ഷകര്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാരില്‍ ചിലര്‍  വ്യക്തമാക്കി.

🔳കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി.

🔳രാജ്യത്തെ കോവിഡ്-19 കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ജനിതകമാറ്റംവന്ന കോവിഡിന്റെ യു.കെ വകഭേദം ഇന്ത്യയില്‍ ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

🔳സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം  രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

🔳പാര്‍പ്പിടമെന്ന അടിസ്ഥാന ആവശ്യത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും പ്രശ്‌നം കൈകാര്യം ചെയ്തതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് സ്വന്തം വീടെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതായും അദ്ദേഹം പറഞ്ഞു.

🔳ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ലീഗുമായി തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് സഖ്യമില്ല, ഡി.എം.കെ.യുമായാണ് സഖ്യമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.

🔳കോണ്‍ഗ്രസിന്റെ പാണക്കാട് സന്ദര്‍ശനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ജമാത്തെ ഇസ്ലാമിയോട് സ്വീകരിക്കുന്ന സമീപനത്തേയും മറ്റ് മതമൗലികവാദികളോട് സ്വീകരിക്കുന്ന സമീപനത്തേയും തുടര്‍ന്നാണ് ഇത് പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.  വര്‍ഗീയതയുമായടക്കം സമരസപ്പെടുന്നതിന് കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

🔳സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അതില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകേസും സി.ബി.ഐയ്ക്ക് വിടില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഒരുഘട്ടത്തിലും എടുത്തിട്ടില്ല. നേരത്തെയും ചില കേസുകള്‍ സര്‍ക്കാര്‍ തന്നെ സി.ബി.ഐയ്ക്ക് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി.

🔳സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭൂരിഭാഗം ജില്ലാ കമ്മറ്റികളും തീരുമാനത്തിനൊപ്പമെന്ന് ജോര്‍ജ് തോമസ് വിഭാഗം അവകാശപ്പെട്ടു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.

🔳സംസ്ഥാനത്ത് ഇന്നലെ 58,472 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി.  ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യ്ക്ക് പുറത്തിറങ്ങണമെങ്കില്‍ ഇനി 34 കേസുകളില്‍ കൂടി ജാമ്യം കിട്ടണം. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ 20 ഉം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ 13ഉം തലശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഒന്നും കേസുകളാണ് ഇനി ജാമ്യം കിട്ടാനായുള്ളത്.

🔳ഇന്ത്യന്‍ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ.എം. വിജയനും യു. ഷറഫലിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിയേക്കും. ഏറനാട്ടില്‍ ഇടത് സ്വതന്ത്രനായി യു. ഷറഫലിയും പാലാക്കാട്ടെ സംവരണ മണ്ഡലങ്ങളായ കോങ്ങാട്, തരൂര്‍ എന്നിവയിലൊന്നില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഐ.എം. വിജയനും മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന.

🔳വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചാല്‍ പോക്സോ നിയമപ്രകാരമുള്ള കുറ്റമാവില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ മറ്റൊരു കേസിലെ വിധിയും വിവാദമാകുന്നു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറപ്പിച്ചാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു വിധി. അഞ്ച് വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചുള്ള വിധിയാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് ഈ വിധിയും പ്രസ്താവിച്ചത്.

🔳വാട്‌സാപ്പ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസര്‍വ് ബാങ്ക് സുപ്രീംകോടതിയില്‍. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്.

🔳ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനുമേല്‍ പിടിമുറുക്കി സര്‍ക്കാര്‍. മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തു. റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കുപിന്നാലെയാണ് നടപടി.

🔳ഇന്ത്യയില്‍ ഇന്നലെ  18,910 കോവിഡ് രോഗികള്‍. മരണം 162. ഇതോടെ ആകെ മരണം 1,54,047 ആയി. ഇതുവരെ 1,07,20,971 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.69 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,889 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 199 പേര്‍ക്കും പശ്ചിമബംഗാളില്‍ 289 പേര്‍ക്കും കര്‍ണാടകയില്‍ 550 പേര്‍ക്കും ആന്ധ്രയില്‍ 117 പേര്‍ക്കും തമിഴ്‌നാട്ടില്‍ 503 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,74,191 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,44,467 പേര്‍ക്കും ബ്രസീലില്‍ 60,301 പേര്‍ക്കും സ്പെയിനില്‍ 34,899 പേര്‍ക്കും ഫ്രാന്‍സില്‍ 23,770 പേര്‍ക്കും ഇംഗ്ലണ്ടില്‍ 28,680 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.19 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.59 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 15,903 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,437 പേരും മെക്സിക്കോയില്‍ 1,623 പേരും ഇംഗ്ലണ്ടില്‍ 1,239 പേരും ബ്രസീലില്‍ 1,439 പേരും ജര്‍മനിയില്‍ 862 പേരും ദക്ഷിണാഫ്രിക്കയില്‍ 555 പേരും  റഷ്യയില്‍ 575 പേരും സ്പെയിനില്‍ 515 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 21.98 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചു. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും.

🔳ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ്. ഗ്രൂപ്പ് ബിയിലെ തന്റെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡ് താരം രാചനോക്ക് ഇന്റനോണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. 86-ാം മിനിറ്റ് വരെ രണ്ടു ഗോളിന് മുന്നില്‍ നിന്ന് വിജയം സ്വപ്നം കണ്ട ബെംഗളൂരുവിനെതിരേ അവസാന നാലു മിനിറ്റില്‍ രണ്ടു ഗോളുകള്‍ മടക്കി ഹൈദരാബാദ് ഞെട്ടിച്ചു. ലീഗില്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ബെംഗളൂരു ജയമില്ലാതെ മടങ്ങുന്നത്. സമനിലയോടെ 14 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനം നിലനിര്‍ത്തി. 15 പോയന്റുമായി ബെംഗളൂരു ഏഴാം സ്ഥാനത്തും.

🔳ബ്രാന്‍ഡ്ഫിനാന്‍സ്ഗ്ലോബല്‍500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളില്‍ ജിയോ സ്ഥാനംപിടിച്ചു.   ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളെ മറികടന്നാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ചൈനയിലെ വിചാറ്റിനാണ് പട്ടികയില്‍ ഒന്നാംസ്ഥാനം. ഫെറാറിക്കാണ് രണ്ടാംസ്ഥാനം. റഷ്യയിലെ സെബര്‍ബാങ്ക് പട്ടികയില്‍മൂന്നാമതായി. കൊക്കകോളയാണ് നാലാം സ്ഥാനത്ത്.

🔳രാജ്യത്തെ പ്രധാന ഫാഷന്‍ കമ്പനികളിലൊന്നായ സബ്യസാചി തങ്ങളുടെ 51 ശതമാനം ഓഹരികളും ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീടെയ്ല്‍ ലിമിറ്റഡിന് വിറ്റു. എന്നാല്‍ ഇത്രയും ഓഹരികള്‍ക്ക് എത്ര വിലയായെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. 1999 മുതല്‍ ഇന്ത്യയിലെ റീടെയ്ല്‍ ഫാഷന്‍ രംഗത്ത് പ്രമുഖ സ്ഥാനമാണ് സബ്യസാചിക്ക് ഉണ്ടായിരുന്നത്. സബ്യസാചിയെ ആഗോള ലക്ഷ്വറി ഹൗസായി വളര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ആലോചന.

🔳അല്ലു അര്‍ജുന്റെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. സുകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 13 ന് തിയേറ്ററുകളില്‍ എത്തും. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്ധ്രയിലെ കുന്നുകളില്‍ നടക്കുന്ന ചന്ദന കള്ളക്കടത്തിന്റെ സങ്കീര്‍ണ്ണതയാണ് അവതരിപ്പിക്കുന്നത്, ഒപ്പം ഒരു മനുഷ്യന്‍ ദുരാഗ്രഹത്താല്‍ എത്തിച്ചേര്‍ന്ന വഴികളിലെ സങ്കീര്‍ണ്ണതകളും പറയുന്നു.

🔳സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. 'ഗൂഗിള്‍ കുട്ടപ്പന്‍' എന്നാണ് തമിഴ് റീമേക്കിന്റെ പേര്. പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳കിടിലന്‍ ലുക്കിലും താങ്ങാവുന്ന വിലയിലുമെത്തി ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ ഹിറ്റ് സൃഷ്ടിക്കുന്ന കോംപാക്ട് എസ്.യു.വിയാണ് ജാപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ മാഗ്‌നൈറ്റ്. ബുക്കിങ്ങില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തിയ ഈ വാഹനം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ ഡെലിവറിയും നടത്തി കൈയടി നേടിയിരിക്കുകയാണ്. ഒറ്റദിവസം മാഗ്‌നൈറ്റിന്റെ 720 യൂണിറ്റാണ് നിസാന്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. 5.49 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.

🔳ജപ്പാന്‍ പശ്ചാത്തലത്തിലുള്ള ആറു കഥകള്‍. ഒപ്പം, യാന്ത്രികജീവിതത്തിന്റെ തിരക്കുകള്‍ വീതംവെച്ചെടുക്കുന്ന ജപ്പാന്റെ മെട്രോജീവിതത്തില്‍നിന്നും എഴുത്തുകാരന്റെ ഒരുദിവസത്തെപ്പറ്റിയുള്ള നീണ്ട കുറിപ്പും. അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. 'കെനിയാസാന്‍'. മാതൃഭൂമി. വില 160 രൂപ.

🔳55 വയസ്സില്‍ താഴെയുള്ള ടൈപ്പ്-2 പ്രമേഹ രോഗികളായ സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ വിഭാഗക്കാര്‍ക്ക് അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 10 മടങ്ങ് അധികമാണെന്ന് ജാമാ കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ ലിപോ പ്രോട്ടീന്‍ ഇന്‍സുലിന്‍ പ്രതിരോധവും വളരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു ദശാബ്ദം നീണ്ട പഠനത്തില്‍ 28,024 സ്ത്രീകളാണ് പങ്കെടുത്തത്. ഇവരുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട 50 സൂചനകളും വിലയിരുത്തപ്പെട്ടു. യുവാക്കളില്‍ ഹൃദ്രോഗ പ്രശ്‌നമുണ്ടാകുന്നത് അവരുടെ ജീവിത നിലവാരത്തെയും ഉത്പാദനക്ഷമതയെയും സമൂഹത്തിന് അവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെയും ബാധിക്കുമെന്ന് പഠനത്തിന് സഹ നേതൃത്വം നല്‍കിയ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ അസോഷ്യേറ്റ് പ്രഫസര്‍ സാമിയ മാര പറഞ്ഞു. ഭക്ഷണ രീതിയിലെയും ജീവിതശൈലിയിലെയും മാറ്റം കൊണ്ട് ഒരളവ് വരെ ഹൃദ്രോഗവും പ്രമേഹവും വരാതെ ശരീരത്തെ സംരക്ഷിക്കാനാകും. പച്ചിലകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ വിഭവങ്ങള്‍, ഒലീവ് ഓയില്‍, ആല്‍മണ്ട്, വാള്‍നട്ട്, അവക്കാഡോ, ഫൈബര്‍ കൂടുതലുള്ള ഹോള്‍ ഗ്രെയിനുകള്‍ തുടങ്ങിയവ മെനുവില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡ് തോതുമെല്ലാം നിയന്ത്രിക്കാന്‍ സഹായിക്കും. 

*ശുഭദിനം*
*കവിത കണ്ണന്‍*
എതിരാളികള്‍ പലപ്പോഴും നമ്മുടെ ശത്രുക്കളല്ല, നമ്മുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്ന മിത്രങ്ങളാണെന്ന് വേണമെങ്കില്‍ നമുക്ക് പറയാം.  പ്രതിരോധിച്ചു വളരുന്നവയ്ക്കെല്ലാം പ്രവര്‍ത്തനമികവും ഊര്‍ജ്ജസ്വലതയും കൂടും. ഒന്നിനോടും എതിരിടാന്‍ ഇല്ലെങ്കില്‍ പിന്നെ ഉള്ളതുകൊണ്ട് ജീവിച്ചാല്‍ മതി എന്ന അവസ്ഥയായിരിക്കും സംഭവിക്കുക.  പോരാട്ടവീര്യം നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം എതിരാളികള്‍ ഉണ്ടാവുക എന്നതാണ്. എതിരാളികളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്, ഓരോ ചുവടിനേയും ശ്രദ്ധാപൂര്‍വ്വമാക്കുന്നത്, എങ്ങനെയും പിടിച്ചുനില്‍ക്കണമെന്ന വാശി രൂപപ്പെടുത്തുന്നത്, തോറ്റ് കൊടുക്കില്ല എന്ന് ആവര്‍ത്തിച്ചു പറയിപ്പിക്കുന്നത്, ഇല്ലെന്നുകരുതിയ ശൗര്യത്തേയും വീര്യത്തേയും പുറത്ത്കൊണ്ടുവരുന്നത്. പ്രതിയോഗിയുടെ നിലവാരം നമ്മുടെ നിലവാരത്തേയും ബാധിക്കും.  കാരണം നിലവാരമുള്ള പ്രതിയോഗിയാണെങ്കില്‍ ആ നിലവാരം നമുക്കും നിലനിര്‍ത്തിയേ പറ്റൂ.  കേടുകൂടാതെ ഇരിക്കുന്നതിലല്ല, കരുത്തോടെ വ്യാപരിക്കുന്നതിലാണ് കാര്യം,  പ്രസരിപ്പു നിലനിര്‍ത്തണമെങ്കില്‍ നിരന്തരപരീക്ഷണങ്ങളും നിലയ്ക്കാത്ത പ്രതിവിധികളും അനിവാര്യമാണ്.  എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചാല്‍ മതിയെന്ന ചിന്തയാണ്, കിരീടധാരണത്തിനു യോഗ്യതയുണ്ടായിരുന്ന പലരേയും ദാസ്യവൃത്തിയിലേക്ക് നയിച്ചത്.  വില്ലനാകണമെന്നല്ല പറഞ്ഞത്, വെല്ലുവിളികളെ ഒന്ന് ഏറ്റെടുക്കാനുള്ള മനസ്സ് കാണിച്ചാല്‍മതി,. അപ്പോള്‍ ജീവിതവും അനുഭവങ്ങളും മാറുന്നത് നമുക്ക് കാണാം. നല്ല അനുഭവങ്ങളാകട്ടെ നമ്മുടെ ജീവിതത്തിന്റെ മുതല്‍ക്കൂട്ട്  - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only