26 ജനുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 26 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രഭാത വാർത്തകൾ
2021 ജനുവരി 26 | 1196 മകരം 13 | ചൊവ്വ | തിരുവാതിര|
➖➖➖➖➖➖➖➖

🔳രാജ്യം ഇന്ന് 72-ാം റിപബ്ളിക് ദിനം ആഘോഷിക്കുന്നു. എല്ലാവര്‍ക്കും വിഷൻ ന്യൂസിന്റെ റിപബ്ളിക് ദിനാശംസകള്‍.

🔳റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതില്‍ കര്‍ഷകരുടെ സംഭാവന എടുത്തു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ കര്‍ഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നുവെന്നും ഈ രാജ്യവും സര്‍ക്കാരും മുഴുവന്‍ ജനങ്ങളും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയടക്കം ആറു മലയാളികള്‍ക്കാണ് ഇത്തവണ പുരസ്‌കാര ലബ്ധി. മരണാനന്തര ബഹുമതിയായി ബഹുഭാഷാ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു പദ്മവിഭൂഷണ്‍ ലഭിച്ചു. ഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാവകളി കലാകാരന്‍ ഷൊര്‍ണൂരിലെ കെ.കെ. രാമചന്ദ്രന്‍ പുലവര്‍, ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതിയ ബാലന്‍ പൂതേരി, ആദിവാസികള്‍ക്കായി ആതുരസേവനം നടത്തിയ വയനാട്ടിലെ ഡോ. ധനഞ്ജയ് ദിവാകര്‍ സച്‌ദേവ്, കായികപരിശീലകന്‍ ഒ.എം. മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു.

🔳റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗാല്‍വാന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും. സേവനത്തിനിടയിലെ ധീരകൃത്യത്തിന് നല്‍കുന്ന രാഷ്ട്രപതിയുടെ പോലീസ് ധീരതാ മെഡല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ് ജവാന്‍ മോഹന്‍ലാലിന് മരണാനന്തര ബഹുമതിയായി നല്‍കും.  വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ. വിനോദ് കുമാറിനാണ്. കേരളത്തിലുള്ള പത്തുപേര്‍ക്ക് സ്തുത്യര്‍ഹസേവന മെഡലും ലഭിച്ചു.


🔳റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് വന്‍ കര്‍ഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ റാലിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകളും പോലീസും മുന്‍കരുതല്‍ നടപടി സ്വീകരിച്ചു. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകശക്തി വിളിച്ചോതുന്ന ട്രാക്റ്റര്‍ റാലിക്ക് തുടക്കമാകും. റാലിക്കായുള്ള മുന്നൊരുക്കങ്ങള്‍ സമരഭൂമികളില്‍ പൂര്‍ത്തിയായി. സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന്  ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്  റാലി തുടങ്ങും. ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന്  മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

🔳ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ അപലപിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്ന കേന്ദ്ര നിലപാടിനെ പവാര്‍ വിമര്‍ശിച്ചു. പഞ്ചാബ് എന്താ പാകിസ്താനാണോയെന്ന് ചോദിച്ച പവാര്‍, അവരും നമ്മുടെ ഭാഗമാണെന്നും ഓര്‍മപ്പെടുത്തി.

🔳കോവിഡ് വാക്‌സിനുകള്‍ക്ക് എതിരേ പ്രചാരണം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

🔳50 ശതമാനം മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂയെന്ന്  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.). അതുപോലെത്തന്നെ ഐസൊലേഷന്‍, കോറന്റൈന്‍ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഐ.എം.എ പ്രസ്താവനയില്‍ പറഞ്ഞു.

🔳ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച വിവാദം ഒഴിയുന്നു. ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയവരെ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമന്‍, എം.പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാല്‍ എന്നിവരെ കേന്ദ്രം ഉള്‍പ്പെടുത്തി. സംസ്ഥാനം നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

🔳സോളാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ ഉത്തരവിട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സി.ബി.ഐ. അന്വേഷണത്തിനെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ അന്വേഷണത്തെ ഭയക്കുന്നുവെന്ന ചിന്ത സമൂഹത്തില്‍ നിഴലിക്കും എന്നാണ് വിലയിരുത്തല്‍. വിവാദത്തെ രാഷ്ട്രീയമായി നേരിടാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അന്വേഷണം മുടക്കാന്‍ ശ്രമിക്കേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ചത്. മറ്റ് മുതിര്‍ന്ന നേതാക്കളും ഇതിനോട് യോജിച്ചു.

🔳സംസ്ഥാനത്ത് ഇന്നലെ 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 72,530 പേര്‍.

🔳കേരളത്തില്‍ ഇന്നലെ 30,903 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3624 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്‌പോട്ടുകള്‍.

🔳വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് ആണ് കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

🔳എളമ്പിലേരിയിലെ റിസോര്‍ട്ടിന്റെ ടെന്റില്‍ കഴിയുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത നടപടി. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുടമകള്‍ക്കും താത്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കി. എല്ലാ റിസോര്‍ട്ടുകളുടെയും ലൈസന്‍സുകള്‍ പരിശോധിക്കും. ലൈസന്‍സുള്ളവയ്ക്ക് മാത്രമേ ഇനി പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

🔳കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. നേരത്തെ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

🔳വൃദ്ധയെ അപമാനിച്ചെന്ന ആരോപണത്തില്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് ടി.പത്മനാഭന്‍ പ്രസ്താവന നടത്തിയതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അദ്ദേഹത്തിന്റെ പ്രസ്താവന വേദനയുണ്ടാക്കി. വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രശോഭിക്കുന്ന പത്മനാഭനെ പോലുള്ളവര്‍ കാണിക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ജോസഫൈന്‍ പറഞ്ഞു. 

🔳ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവര്‍ക്കെതിരേ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാമെന്ന തരത്തിലാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

🔳സോളാര്‍ പീഡന കേസുകള്‍ സിബിഐയ്ക്ക് വിട്ടതില്‍ രാഷ്ട്രീയമില്ലെന്നും സര്‍ക്കാരിന്റേത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഈ ഗവണ്‍മെന്റ് ഒരു തരത്തിലുള്ള രാഷ്ട്രീയ പകപോക്കലും നടത്താറില്ലെന്നും രാഷ്ട്രീയമായി പകപോക്കുക എന്ന പ്രവര്‍ത്തനശൈലി പൊതുജീവിതത്തില്‍ ഉടനീളം പ്രവര്‍ത്തിച്ച ആളായതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് അങ്ങനെ തോന്നുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

🔳സോളാര്‍ കേസില്‍ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍  ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്നും ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും സി. ദിവാകരന്‍ എംഎല്‍എ.

🔳തെറ്റ് ചെയ്തില്ലെന്ന് ബോധ്യമുണ്ടെന്നും മനഃസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടതെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

🔳2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്. അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

🔳സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാന്‍ സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.

🔳ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ അമ്മയും അച്ഛനും ചേര്‍ന്ന് യുവതികളായ രണ്ടു മക്കളെ കൊലപ്പെടുത്തി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്ലുപയോഗിച്ചാണ് അലേഖ്യ (27), സായ് ദിവ്യ( 22) എന്നീ രണ്ടു മക്കളെ പദ്മജയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞുവെന്നുമാണ് ദമ്പതിമാര്‍ മറുപടി നല്‍കിയത്.

🔳കന്നഡ ബിഗ് ബോസ് താരവും സിനിമാ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയില്‍ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ജയശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

🔳ഡല്‍ഹിയില്‍ ഇതിനോടകം രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ച് ഭേദമായിട്ടുണ്ടാകാമെന്ന് സീറോസര്‍വേ ഫലം. രോഗവ്യാപനത്തിന്റെ തോത് അളക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ അഞ്ചാമത്തെ സീറോസര്‍വേയിലാണ് ഒരേസമയം ആശ്ചര്യവും ആശ്വാസവും നല്‍കുന്ന ഫലം പുറത്തുവന്നത്. രണ്ട് കോടിയിലേറെയാണ് ഡല്‍ഹിയിലെ ജനസംഖ്യ. ഇതില്‍ ഒരുകോടിയോളം ആളുകള്‍ ഇതിനോടകം കോവിഡ് ബാധിച്ച് ഭേദമായെന്നാണ് പുതിയ സീറോ സര്‍വേ സൂചിപ്പിക്കുന്നത്.

🔳ഇന്ത്യയില്‍ ഇന്നലെ  9,036 കോവിഡ് രോഗികള്‍. മരണം 116. ഇതോടെ ആകെ മരണം 1,53,624 ആയി. ഇതുവരെ 1,06,77,710 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.74 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,842 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 148 പേര്‍ക്കും പശ്ചിമബംഗാളില്‍ 252 പേര്‍ക്കും കര്‍ണാടകയില്‍ 375 പേര്‍ക്കും ആന്ധ്രയില്‍ 56 പേര്‍ക്കും തമിഴ്‌നാട്ടില്‍ 540 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 10 കോടി കവിഞ്ഞു. ഇന്നലെ 4,25,466 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,32,211 പേര്‍ക്കും ബ്രസീലില്‍ 28,364 പേര്‍ക്കും ഇംഗ്ലണ്ടില്‍ 22,195 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10,02,44,126 ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.58 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,230 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,687 പേരും ബ്രസീലില്‍ 631 പേരും ജര്‍മനിയില്‍ 625 പേരും ഇംഗ്ലണ്ടില്‍ 592 പേരും മെക്സിക്കോയില്‍ 530 പേരും  ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 21.48 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈയില്‍വെച്ച് ഭക്ഷണം നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍കുഴപ്പത്തിലാക്കിയത് ബോട്ടുടമയെ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ ദേശാടനപ്പക്ഷിക്കാണ് ധവാന്‍ കൈയില്‍ തീറ്റവെച്ച് നല്‍കിയത്. ഇതോടെ ബോട്ടുടമയ്‌ക്കെതിരേ വാരണാസി ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. അതേസമയം ധവാനെതിരേ നടപടിയൊന്നും എടുത്തിട്ടില്ല. പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ പക്ഷികള്‍ക്ക് കൈയില്‍ വെച്ച് ഭക്ഷണം നല്‍കുന്നത് വാരണാസി ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.  

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 21-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയിലൂടെ മുംബൈയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 76-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ഇസ്മയില്‍ ഗോണ്‍കാല്‍വസ് ചെന്നൈയിന് സമനില നേടിക്കൊടുത്തു.

🔳ഐ ലീഗ് ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോകുലം കേരള എഫ്.സി. മണിപ്പൂര്‍ ക്ലബ്ബ് നെറോക്ക എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്. ലീഗില്‍ ഗോകുലത്തിന്റെ രണ്ടാം ജയമാണിത്.

🔳ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ് വീണ്ടും. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നതിനെതുടര്‍ന്നാണ് അക്‌സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ മൂല്യം 100 ബില്യണ്‍ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ്  ക്ലോസ് ചെയ്തത്. 2018ല്‍ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തില്‍മുന്നില്‍.

🔳2020ല്‍ 1,60,700 യൂണിറ്റുകളുമായി ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മോഡലായി മാറിയെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. 2020ല്‍ സ്വിഫ്റ്റ് 2005 ല്‍ ആരംഭിച്ചതിനുശേഷം 23 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു. 2010ല്‍ 5 ലക്ഷം കാറുകളും 2013ല്‍ 10 ലക്ഷവും 2016 ല്‍ 15 ലക്ഷവും മറികടന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്.

🔳മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന 'ദ പ്രീസ്റ്റ്' ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ''നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരിമാതേ'' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ബേബി നിയ ചാര്‍ലി, മെറിന്‍ ഗ്രിഗറി, ക്രോസ്‌റോഡ്‌സ് അകാപെല്ല ബാന്‍ഡും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം നല്‍കിയത്.

🔳ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലൗ വിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജനുവരി 29 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ
നന്ദകുമാര്‍, സുധി കോപ എന്നി എന്നിവരും വേഷമിടുന്നു.

🔳ലോകത്തില്‍ തന്നെ സൂപ്പര്‍ കാറുകളുടെ തലതൊട്ടപ്പനാണ് ലംബോര്‍ഗിനി എന്ന ഇറ്റിലായന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ 2020-ല്‍ പോലും ലംബോര്‍ഗിനിയുടെ 7430 വാഹനങ്ങളാണ് ലോകത്തുടനീളം വിറ്റഴിച്ചിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് മികച്ച വില്‍പ്പനയാണെന്നാണ് വിലയിരുത്തല്‍. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡല്‍. ഉറുസിന്റെ 4391 യൂണിറ്റാണ് 2020-ല്‍ നിരത്തുകളില്‍ എത്തിയത്.

🔳ഓര്‍മ്മകളുടെ സൗരഭ്യവും ചിന്തയുടെ ആര്‍ജവത്വവുമുള്ള ലളിതവും മനോഹരവുമായ കുറിപ്പുകളുടെ സമാഹാരം.യാത്രാനുഭവങ്ങളും ജീവിത ചിത്രങ്ങളും ഈ കൃതിയെ ഹൃദ്യമായ വായനാനുഭവമാക്കി മാറ്റുന്നു. 'ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി'. ബി സന്ധ്യ. സൈന്‍ ബുക്സ്. വില 142 രൂപ.

🔳വയോജനങ്ങളല്‍ കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സോഡിയം കുറയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളും. രക്തസമ്മര്‍ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 125 മുതല്‍ 135 വരെയാണ്. ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍, തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാരലക്ഷണങ്ങള്‍, അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കും. ഛര്‍ദിയും വയറിളക്കവും ഉള്ള സാഹചര്യത്തില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഓരോ തവണ ഛര്‍ദിയും വയറിളക്കവും ഉണ്ടാകുമ്പോള്‍ കുടിക്കാന്‍ നല്‍കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. ഉറക്കം പോകാനായി ഡയൂററ്റിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ഡ്രിപ്പായി സോഡിയം അടങ്ങിയ സലൈന്‍ നല്‍കേണ്ടി വരും. വീട്ടില്‍ വയോജനങ്ങളുണ്ടെങ്കില്‍ പെരുമാറ്റത്തിലും സംസാരത്തിലും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുക. അസാധാരണമായി പെരുമാറുക, തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സോഡിയത്തിന്റെ അളവ് പരിശോധിക്കുന്നതു വളരെ പ്രധാനമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*  
രാത്രി വളരെ വൈകി.  വീടിനു പുറത്തെ ഷെഡ്ഡില്‍ നിന്നും അവര്‍ എന്തോ ശബ്ദം കേട്ടു.  ജനലിലൂടെ നോക്കിയപ്പോള്‍ രണ്ട് കള്ളന്മാര്‍ ആ ഷെഡ്ഡിനുള്ളില്‍ കയറുന്നത് അവര്‍ കണ്ടു.  ഉടനെ അവര്‍ പോലീസില്‍ വിവരമറിയിച്ചു. അപ്പോള്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു:  നിങ്ങള്‍ വീടിനകത്തു സുരക്ഷിതല്ലേ?  അതെ എന്ന മറുപടികേട്ടപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു:  ഇവിടെ ഇപ്പോള്‍ ആര്‍ക്കും ഒഴിവില്ല.  തിരക്കൊഴിയുമ്പോള്‍ ആളെവിടാം.   അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും പോലീസിനെ വിളിച്ചു. ' ഇനി നിങ്ങള്‍ വരണമെന്നില്ല.  ഞങ്ങള്‍ ആ കള്ളന്മാരെ വെടിവെച്ചു കൊന്നു'.  ഇത് കേട്ട് നിമിഷങ്ങള്‍ക്കകം പോലീസ് അവിടേക്ക് പാഞ്ഞെത്തി.  വീടിനു പുറത്ത ഷെഡ്ഡില്‍ നിന്നും കള്ളന്മാരെ പിടികൂടുകയും ചെയ്തു.  അതിനിടെ പോലീസ് അവരോട് ചോദിച്ചു:  നിങ്ങള്‍ കള്ളന്മാരെ കൊന്നുവെന്നല്ലേ പറഞ്ഞത്? അപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചു:  സ്റ്റേഷനില്‍ ആര്‍ക്കും ഒഴിവില്ലെന്നല്ലേ നിങ്ങള്‍ പറഞ്ഞത്?!   ചിലപ്പോഴൊക്കെ നേര്‍വഴികളിലൂടെ നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് തന്ത്രവഴികള്‍ മാത്രമാണ് പരിഹാരമാവുക.  അവയ്ക്ക് കുതന്ത്രങ്ങളുടെ ചേരുവകള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം.  എല്ലാ അസത്യങ്ങളും ഹാനികരമല്ല.  എല്ലാ അടവുകളും അപരാധങ്ങളുമല്ല.  ചിലതെല്ലാം മറ്റെല്ലാവഴിയും അടഞ്ഞവരുടെ അവസാന ശ്രമമാണ്.   കുറുക്കുവഴികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല.  യാത്ര എളുപ്പമാക്കാനും ലക്ഷ്യത്തില്‍ പെട്ടെന്നെത്തുവാന്‍ അവ സഹായിക്കുകയും ചെയ്യുന്നുവെങ്കില്‍ അവയെ എന്തിന് സ്വീകരിക്കാതിരിക്കണം... ഉദ്ദേശശുദ്ധിയാണ് മാര്‍ഗ്ഗങ്ങളുടെ ശ്രേഷ്ഠത നിര്‍ണ്ണയിക്കുന്നത്.  സ്വന്തം കഠിനാധ്വാനം ലഘൂകരിക്കാനുള്ള ഉത്തോലകങ്ങള്‍ എല്ലാവരും കണ്ടുപിടിക്കും.  ആര്‍ക്കും ദോഷകരമാകാത്ത തനതുവഴികള്‍ തെളിച്ച് മുന്നേറാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only