മുണ്ടക്കയം: മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്ന വയോധികൻ മരിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ചസംഭവത്തിലാണ് മകൻ റെജിയെ അറസ്റ്റുചെയ്തത്.
ഭാര്യ അമ്മിണി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങളായി പൊടിയൻ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടലിൽ ആഹാരത്തിന്റെ അംശമേ കണ്ടെത്താനായില്ല. കൈയ്ക്ക് സ്വാധീനക്കുറവുള്ള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല. അമ്മിണിക്ക് മാനസികാരോഗ്യപ്രശ്നമുള്ളതിനാൽ മകനാണ് ആഹാരം നൽകേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തൽ.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മിണിയുടെനില മെച്ചമായിട്ടുണ്ട്. ഇവരെ സംരക്ഷണകേന്ദ്രത്തിലേക്ക് തത്കാലം മാറ്റിയേക്കും.
വയോധികരെ തിരക്കിയെത്തിയ ആരോഗ്യപ്രവർത്തകയാണ് ദുരിതവിവരം പുറംലോകത്തെ അറിയിച്ചത്. ജനപ്രതിനിധികളും പോലീസും എത്തി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊടിയൻ മരിച്ചത്.
ഇളയ മകൻ കൂലിവേലക്കാരനായ റെജിയോടും കുടുംബത്തോടുമൊപ്പമായിരുന്നു വൃദ്ധദമ്പതിമാർ ഏറെനാളായി കഴിഞ്ഞിരുന്നത്. റെജി മാതാപിതാക്കൾക്ക് ഭക്ഷണം നൽകാതിരിക്കുകയും ശാരീരികമായി ഇരുവരെയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. അയൽവാസികൾ ജനലിലൂടെ നൽകുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്.
മുറിക്കുള്ളിലേക്ക് ആരും കയറാതിരിക്കുന്നതിനായി വാതിൽക്കൽ പട്ടിയെ കെട്ടിയിട്ടനിലയിലായിരുന്നു. ഇതിനാൽ അയൽവാസികളും ബന്ധുക്കളും ഇവിടേക്ക് കയറാതായി. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റിയപ്പോൾ മകൻ തന്നെ അടിക്കുമെന്നും ഭക്ഷണം തരില്ലെന്നും വിലപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് പറഞ്ഞു. റെജി താമസിക്കുന്ന മുറിയിൽ മാംസാഹാരം ഉൾപ്പെടെയുള്ളവ പാകംചെയ്തനിലയിൽ ഉണ്ടായിരുന്നു.
Post a comment