06 ജനുവരി 2021

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം കേരളത്തിലേക്ക്
(VISION NEWS 06 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ന്യൂഡൽഹി: കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്രത്തിൽനിന്നുള്ള ഉന്നതതല സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിൽ എത്തും. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ (എൻസിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകൾ കേരളത്തിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 5000ത്തോളം പുതിയ കേസുകളാണ് ഓരോദിവസവും കേരളത്തിൽ പുതുതായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധനാഴ്ച 6394 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക മെഡിക്കൽ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനവും കേരളത്തിലാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് പത്ത് ശതമാനമാണെന്നും ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ് ഇതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പ്രത്യേക സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കുന്നതിനായി നിയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

അതിനിടെ കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഓൺലൈനായി നടത്തുന്ന യോഗം.

രാജ്യത്തെ എല്ലാ ജില്ലകളിലും ജനുവരി എട്ടിന് കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഡ്രൈറൺ നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് അനുമതി നൽകിയത്. കോവാക്സിൻ, കോവിഡ്ഷീൽഡ് എന്നിവയാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only