07 ജനുവരി 2021

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; ഒരാള്‍ക്ക് വെടിയേറ്റു
(VISION NEWS 07 ജനുവരി 2021)

* 


വാഷിങ്ടൻ: യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികൾ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ ട്രംപ് അനുകൂലികളിലൊരാൾക്ക് വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ കടന്നതോടെ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയും കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.

യുഎസ് കോൺഗ്രസിന്റെ സഭകൾ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവർ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകൾ തകർത്ത് ഇവർ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു.

പ്രതിഷേധക്കാരോടു സമാധാനം പാലിക്കാൻ അഭ്യർഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ചു. നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ പ്രസിഡന്റ് ട്രംപിൽനിന്ന് സമ്മർദമുയർന്നെങ്കിലും യു.എസ്. കോൺഗ്രസിൽ ജോ ബൈഡന്റെ വിജയം തടയാൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് തയ്യാറായിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only