09 ജനുവരി 2021

ഇടതു സർക്കാറിനെതിരെ യൂത്ത്‌ലീഗ് പദയാത്ര
(VISION NEWS 09 ജനുവരി 2021)


ഇടതു സർക്കാറിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പദയാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 25 മുതൽ 28 വരെയാണ് പദയാത്ര. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സി.പി.എമ്മിനെ തുറന്നുകാട്ടാനും വിവിധ മതസമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദം ഉറപ്പുവരുത്താനും അഴിമതി സർക്കാരിനെതിരെ ജനവികാരം ഉയർത്താനുമാണ് പദയാത്ര. വലിയ മണ്ഡലങ്ങളിൽ രണ്ടു മേഖലകളിലായി പദയാത്ര നടത്തും. ജനുവരി 31നകം യൂത്ത്‌ലീഗിന്റെ എല്ലാ ജില്ലാ കമ്മിറ്റികളും നിലവിൽ വരും. ഫെബ്രുവരി ഒന്ന് മുതൽ 12 വരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം തലങ്ങളിൽ മുഖാമുഖ സംവാദം നടത്തി പ്രവർത്തകരെ സജ്ജരാക്കും. കോഴിക്കോട്ട്് നിർമാണം പുരോഗമിക്കുന്ന യൂത്ത്‌ലീഗിന്റെ ആസ്ഥാന മന്ദിരത്തിനു വേണ്ടിയുള്ള ഫണ്ട് സ്വരൂപണത്തിന് ഫെബ്രുവരി 13ന് സംസ്ഥാനത്തുടനീളം ഗൃഹസമ്പർക്ക പരിപാടി നടത്തും.

യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ സർക്കാറിനെതിരെ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ച മാർച്ച് വിജയിപ്പിക്കാനും പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച് മുഖം നഷ്ടപ്പെട്ട സർക്കാർ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും തരാതരം കൂട്ടുപിടിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നത്. ഒരേ സമയം ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ ലാളിക്കുകയാണ് സി.പി.എം. വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ രാഷ്ട്രീയ നിലപാടിനെതിരെ പ്രതിഷേധം ഉയരണം. മതേതരത്വത്തിൽ വിശ്വസിക്കുന്ന ജനം ഒറ്റക്കെട്ടായി ഈ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചു നിൽക്കണം. -അദ്ദേഹം പറഞ്ഞു. ലീഗിനെ തോൽപിക്കാൻ വേണ്ടി മാത്രം കുമ്പളയിലും ബദിയടുക്കയിലും മഞ്ചേശ്വരത്തും സി.പി.എം ബി.ജെ.പിക്ക് വോട്ട് ചെയ്തു. സി.പി.എം- എസ്.ഡി.പി.ഐ ബന്ധം മറച്ചുപിടിക്കാനാണ് യു.ഡി.എഫിനു മേൽ വെൽഫെയർ പാർട്ടി ബന്ധം ആരോപിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. ഭാരവാഹികളായ എം.എ സമദ്, നജീബ് കാന്തപുരം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only