*സായാഹ്ന വാർത്തകൾ*
2021 ജനുവരി 17 | 1196 മകരം 4 | ഞായർ | പൂരോരുട്ടാതി|
🔳കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു.
🔳കെ.എസ്.ആര്.ടി.സി.യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ.എസ്.ആര്.ടി.സി എംഡി ബിജു പ്രഭാകര്‍. ആക്ഷേപിച്ചത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്ക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ആര്.ടി.സിയില്‍ കുറച്ചു പേര് മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
🔳കെഎസ്ആര്‍ടിസിയുടെ നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകര്‍ അക്കൗണ്ട് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
🔳മലബാര്‍ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തം. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാര്‍ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. തീപിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
🔳കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ മുന്‍ പിഎയായിരുന്ന പ്രദീപ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
🔳ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയില്‍ ഡി.സി.സി പുനഃസംഘടന മുഖ്യ അജണ്ടയാകുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റണമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തനം മികച്ചതല്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണി വേണമെന്നാണ് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഹൈക്കമാന്‍ഡിനും ഇതേ നിലപാടാണുള്ളത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഈ നീക്കത്തെ എതിര്‍ക്കുകയാണ്.
🔳വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന് സൂചന നല്കി മന്ത്രി ജി. സുധാകരന്. കാലുവാരി തോല്‍പ്പിച്ച കായംകുളത്ത് തല്ലിക്കൊന്നാലും പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ കായംകുളം എംഎല്‍എ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ. മുരളീധരന് എംപി. യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളീധരന് പറഞ്ഞു.
🔳ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനില്‍ക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരന്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കില്‍ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു.
🔳പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായിയാണ് ശരിയെന്ന് ഇന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
🔳ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്ന് സര്‍ക്കാരിന്റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റി ശുപാര്‍ശചെയ്തു. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരംകുറയ്ക്കാന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന്റെ നിരക്ക് കുറയ്ക്കണമെന്നും ശുപാര്‍ശയിലുണ്ട്.
🔳റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് ചാറ്റില്‍ കങ്കണ റണാവത്തിനെ കുറിച്ചും പരാമര്‍ശം. ഹൃത്വിക് റോഷന്-കങ്കണ റണാവത്ത് വിവാദത്തെക്കുറിച്ചാണ് ചാറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കങ്കണയ്ക്ക് 'ഇറോട്ടോമാനിയ' ആണെന്നാണ് പരാമര്‍ശം. നടിക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും പറയുന്നു. 2017 ഒക്ടോബര്‍ ഏഴാം തിയ്യതി അര്‍ണബും ബാര്‍ക്ക് മുന്‍ സി.ഇ.ഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മില്‍ നടത്തിയ ചാറ്റിലാണ് കങ്കണയേയും ഹൃത്വിക്കിനേയും കുറിച്ച് പറയുന്നത്.
🔳ചൈനയില്‍ ഐസ്ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതിനേ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഐസ്ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു.
🔳യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അട്ടിമറി അഭ്യൂഹങ്ങളുടേയും ആരോപണങ്ങളുടേയും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി പഠനറിപ്പോര്‍ട്ട്.
🔳അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
🔳ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 336 റണ്‍സിന് പുറത്ത്. ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ 300 കടത്തിയത് ഈ സഖ്യമാണ്. രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സെടുത്തിട്ടുണ്ട്.
🔳2021 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനായി താരങ്ങളെ എത്തിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 47 താരങ്ങള്‍ ക്വാറന്റൈനില്‍. ഫെബ്രുവരി എട്ടിന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകര്‍ക്കും താരങ്ങള്‍ക്കും ഇത് ഒരുപോലെ തിരിച്ചടിയായി. മെല്‍ബണ്‍ പാര്‍ക്കില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി 1200 കളിക്കാരെയും പരിശീലകരെയും ഉദ്യോഗസ്ഥരെയും മെല്‍ബണിലേക്ക് കൊണ്ടുവരുന്നതിനായി 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
🔳2020 ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ വര്‍ധനവ്. കയറ്റുമതി 27.15 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 7.56 ശതമാനം ഉയര്‍ന്ന് 42.59 ബില്യണ്‍ ഡോളറിലെത്തി. ചരക്ക് കയറ്റുമതി 2019 ഡിസംബറില്‍ 27.11 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 39.59 ബില്യണ്‍ ഡോളറായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020 ഡിസംബറിലെ വ്യാപാരക്കമ്മി 15.44 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് 2019 ഡിസംബറിലെ 12.49 ബില്യണ്‍ ഡോളര്‍ കമ്മിയേക്കാള് 23.66 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
🔳ബാഡ് ബാങ്ക്' എന്നു വിളിക്കപ്പെടുന്ന ആസ്തി പുനഃക്രമീകരണ കമ്പനി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങാനുള്ള ആലോചനകള്‍ വീണ്ടും സജീവമാകുന്നു. കിട്ടാക്കടങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് പരമാവധി മോചനം നല്‍കാനും നിലവിലുള്ള നിഷ്ക്രിയ ആസ്തികള്‍ ഫലപ്രദമായി മുതലാക്കാനുമാണ് ഇത്തരത്തിലൊരു ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ബാഡ് ബാങ്ക് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ് ഈ രംഗത്തെ വിദഗ്ധര്‍.
🔳ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ നായികയായി നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷമാണ് നയന്‍താര അവതരിപ്പിക്കുക. സംവിധായകന് മോഹന്‍ രാജ നയന്‍താരയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ താരം തയാറായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പേരിടാത്ത ചിത്രം ജനുവരി 21 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രിയാമണി, സുഹാസിനി, തൃഷ തുടങ്ങിയ താരങ്ങളുടെ പേര് ഈ വേഷത്തിനായി ഉയര്‍ന്നിരുന്നു. ചിരഞ്ജീവി നായകനാകുന്ന ചിത്രം മകനും നടനുമായ രാം ചരണ്‍ ആണ് നിര്‍മ്മിക്കുന്നത്.
🔳വിജയ്യെ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' തീയേറ്ററുകളില്‍ വിജയതേരോട്ടം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട അവസരം മലയാളികളുടെ പ്രിയ നടന് പെപ്പേ എന്ന ആന്റണി വര്‍ഗ്ഗീസിനായിരുന്നു എന്നാണ് വാര്‍ത്തകള്‍. നടന് അര്ജുന് ദാസിന്റെ ദാസ് എന്ന കഥാപാത്രത്തിനായാണ് ആന്റണി വര്‍ഗ്ഗീസിനെ തെരഞ്ഞെടുത്തിരുന്നത്. സിനിമയില്‍ വിജയ്ക്കും വിജയ് സേതുപതിക്കും ശേഷം ഏറ്റവും കൂടുതല്‍ സ്ക്രീന്‍സ്പേസ് ഉള്ളതും ഈ കഥാപാത്രത്തിനാണെന്നതാണ് പ്രത്യേകത. സിനിമയുടെ ഫസ്റ്റ് കാസ്റ്റിംഗില്‍ ആന്റണി ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഡേറ്റ് ക്ലാഷ് മൂലം താരം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു താരം.
🔳ചെക്ക് വാഹനനിര്‍മാതാക്കളായ സ്കോഡയുടെ സെഡാന് സൂപ്പേര്‍ബിന്റെ മുഖം മിനുക്കിയ പതിപ്പ് വിപണിയില്‍ എത്തി. സ്പോര്‍ട്സ് ലൈന്‍, ലോറിന് ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന 2021 സ്കോഡ സൂപ്പര്‍ബിന് യഥാക്രമം 31.99 ലക്ഷം രൂപ മുതല്‍ 34.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പുതിയ വാഹനത്തിന് പഴയ മോഡലിനെക്കാള്‍ 1.5 മുതല്‍ 2 ലക്ഷം രൂപ വരെ വര്‍ധിച്ചിട്ടുണ്ട്.
🔳സമരവീര്യത്തിന്റെയും രാഷ്ട്രീയപോരാട്ടത്തിന്റെയും ചരിത്രമാണ് കെ.ആര്. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. 'പെണ് സഖാവ്'. ഗൗരിയമ്മയുടെ സംഭവബഹുലമായ ജീവിതകഥ. ആഷാരാജന് ചെങ്ങഴിക്കോട്. ഗ്രീന്‍ ബുക്സ്. വില 100 രൂപ.
🔳കണക്കുകള്‍ പ്രകാരം ലോകത്തെ 75 ദശലക്ഷം കോവിഡ് രോഗികളില്‍ 16 ദശലക്ഷത്തിലധികം പേര് രക്താതിസമ്മര്‍ദം ഉള്ളവരാണ്. കോവിഡ് ബാധിക്കാനും അത് മൂലം മരണം സംഭവിക്കാനുമുള്ള സാധ്യതയും ഈ രോഗികള്‍ക്ക് കൂടുതലാണ്. ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ബെര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകര്‍. ഇവരുടെ പഠനമനുസരിച്ച് രക്താതിസമ്മര്‍ദം ഉള്ളവരിലെ പ്രതിരോധ കോശങ്ങള്‍ നേരത്തെതന്നെ ഉത്തേജിതമായിരിക്കും. ഈ അവസ്ഥ കോവിഡ് 19 വര്‍ധിപ്പിക്കുകയാണ് ചെയ്യുക. ഇതുമൂലം കോവിഡ് രോഗികളായ രക്ത സമ്മര്‍ദക്കാരില്‍ പ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണം ഉണ്ടാകുന്നു. ഇതാണ് സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇതിന് ഗുണപ്രദമായ മറ്റൊരു വശം കൂടിയുണ്ട്. ഇതേ കാരണം കൊണ്ട് രക്തസമ്മര്‍ദം കുറയ്ക്കുന്ന എസിഇ ഇന്‍ഹിബിറ്റര്‍ മരുന്നുകള്‍ക്ക് കോവിഡ് കാലത്ത് ഗുണപരമായ പ്രഭാവം ഉണ്ടാക്കാന്‍ സാധിക്കും. രക്തസമ്മര്‍ദത്തോടൊപ്പം അമിതമായ പ്രതിരോധ പ്രതികരണവും നിയന്ത്രിക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയും എന്ന് നേച്ചര്‍ ബയോടെക്നോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
➖➖➖➖➖➖➖➖
Post a comment