നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യപകുതിയില്‍ നടത്തുന്നത് ഗൗരവമായി പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. ഈസ്റ്ററിനും വിഷുവിനും ഇടയില്‍ വോട്ടെടുപ്പ് നടത്താനാവുമോ എന്നതാണ് ആലോചിക്കുന്നത്. നേരത്തെ ഏപ്രില്‍ 15 ന് ശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതായിരുന്നു ചര്‍ച്ചചെയ്തിരുന്നത്.
ഏപ്രിൽ നാലിനാണ് ഈസ്റ്റര്‍, ഏപ്രില്‍ 14 ന് വിഷുവും ഇതിനിടയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യമാകുമോ എന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ആലോചിക്കുന്നത്. ഒരു ഘട്ടമായി വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ ഇത് പ്രായോഗികമാക്കാം എന്നാണ് വിലയിരുത്തല്‍. കോവിഡ് മാനദണ്ഡങ്ങള്പാലിക്കുമ്പോള് കൂടുതല്‍ ബൂത്തുകളും കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനവും ആവശ്യമായി വരും. ഏപ്രില്‍ 30 ന് മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണം.
15 നും 30നും ഇടയില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് ആകാം എന്ന അഭിപ്രായം ആദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കേരളത്തില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങളില്ലാത്തതിനാല് ഒറ്റഘട്ടമായി നടത്തണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. കേന്ദ്രസേനയുടെ വിന്യാസത്തിന് ഇത് സഹായകരമാക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് കോവിഡ് കേസുകളുടെ നിയന്ത്രണം സാധ്യമാകണം, കൂടാതെ വാക്സീന് നല്‍കുന്നതും കൂടുതല്‍ സജീവമാകണം. ഇക്കര്യങ്ങളെല്ലാം പരിഗണിച്ച് ശേഷം കേന്ദ്ര നിരീക്ഷകരുടെ അഭിപ്രായം കൂടി നോക്കിയാവും തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്നതിനെ സംബന്ധിച്ചുള്ള അന്തിമതീരുമാനം.
Post a comment