19 ജനുവരി 2021

കെ വി വിജയദാസ് എംഎൽഎ അന്തരിച്ചു
(VISION NEWS 19 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തൃശൂർ: കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു.61 വയസ്സായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡിസംബർ 11 നാണ് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷവും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്‌ക്രിയക്ക് എംഎൽഎയെ വിധേയനാക്കിയിരുന്നു. സി.പി.എം നേതാവായ ഇദ്ദേഹം 2011 മുതൽ കോങ്ങാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്​. 1975ൽ കെ.എസ്.വൈ.എഫ് പ്രവർത്തകനായാണ്​ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്​. 1996ൽ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റായി ചുമതലയേറ്റു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം സുധാകരനെ 13,000 ത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയദാസ് കോങ്ങാട് വിജയിച്ചത്. 1990-ൽ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. പാലക്കാട്​ എലപ്പുള്ളി സ്വദേശിയാണ്​. പിതാവ്​: കെ. വേലായുധൻ. മാതാവ്​: എ. താത. ഭാര്യ: വി. പ്രേമകുമാരി. രണ്ട്​ മക്കളുണ്ട്​.

*മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി*.

 എംഎൽഎ കെ.വി.വിജയദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിന്റെ അകാലവിയോഗമെന്ന് മുഖ്യമന്ത്രി. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only