15 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 15 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2021 ജനുവരി 15 | 1196 മകരം 2 | വെള്ളി | അവിട്ടം|
➖➖➖➖➖➖➖➖

🔳കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിങ് മന്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

🔳ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.

🔳പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.

🔳സംസ്ഥാന ബജറ്റ് ഇന്ന്. തിരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാര്‍ ക്ഷേമവാഗ്ദാനങ്ങള്‍ക്കായിരിക്കും ബജറ്റില്‍ ഊന്നല്‍ കൊടുക്കുക. ഇപ്പോഴത്തെ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് രാവിലെ ഒമ്പതിന് സഭയില്‍ അവതരിപ്പിക്കും
➖➖➖➖➖➖➖➖

🔳രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുത്ത് നില്‍ക്കെ വാക്‌സിനെതിരെയുള്ള വ്യാജപ്രചാരങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്‍ കുത്തിവെച്ചാല്‍ കോവിഡ് ബാധിക്കുമെന്നും വന്ധ്യതക്ക് കാരണമാകുമെന്ന തരത്തിലുള്ള കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുതെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുകയെന്നും ഹര്‍ഷ വര്‍ധന്‍.

🔳കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചന നടത്തിയില്ലെന്നും ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ലാബുകള്‍ വാദിച്ചു. ലാബുകളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

🔳കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യത്ത് എല്ലായിടത്തും കോവിഡ് നിയന്ത്രണാധീനമായി മാറിയ സാഹചര്യത്തിലും കേരളത്തില്‍ നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് അടിച്ച ആളുകള്‍ ഇപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഫാഷന്‍ മാഗസിന്റെ മുഖചിത്രമാകുന്നതിലാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിക്ക് താത്പര്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്ത് ഇന്നലെ 67,712 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3392 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 66,503 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72.

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകള്‍.  

🔳ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. .കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു.

🔳സംസ്ഥാനത്തെ തൊഴില്‍ ശക്തിയിലുണ്ടാകുന്ന കുറവ് സമീപഭാവിയില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗം കൂടുന്നതിനാല്‍ സംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ തൊഴില്‍ ചെയ്യുന്ന വിഭാഗങ്ങളേക്കാള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

🔳ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു.  45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.8 കിലോമീറ്റര്‍ പാത നിര്‍മാണത്തിനായി 1838 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കമ്പനി നല്‍കിയത്.

🔳സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു. പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂല ഘടകമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജല്ലിക്കെട്ടില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മധുരയിലെത്തി. തമിഴ് ജനതക്കൊപ്പം നില്‍ക്കുകയും അവരുടെ സംസ്‌കാരവും ഭാഷയും ചരിത്രവും സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ജല്ലിക്കെട്ട് വേദിയിലേക്കെത്തിയത്.

🔳കോവിഡിനു ശേഷം വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തിലെ തിയേറ്ററുകളിലും എത്തിയതോടെ റിലീസിനൊരുങ്ങുകയാണ് മലയാള ചിത്രങ്ങളും. മാസ്റ്ററിന് തിയേറ്ററുകളില്‍ ലഭിച്ച പ്രതികരണം ചലച്ചിത്ര മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ജയസൂര്യ ചിത്രം 'വെള്ളം' ആകും വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസാകുന്ന മലയാള ചിത്രം. നിര്‍മാതാക്കളുടെ സംഘടന തയ്യാറാക്കിയ പട്ടികപ്രകാരം 12 ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുക. അതേസമയം, മാര്‍ച്ച് മാസത്തില്‍ നാല് സിനിമകള്‍ മാത്രമാണുള്ളത്. ഏപ്രിലില്‍ വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

🔳മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി പ്രകോപിതരായി കര്‍ണാടകയിലെ ബിജെപി നോതാക്കള്‍. സിഡി ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തവരെയും വലിയ പണം നല്‍കിയവരെയും മാത്രമേ യെദ്യൂരപ്പ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടുള്ളൂവെന്നാണ് നേതാക്കളുടെ ആരോപണം. മന്ത്രിസഭാ വിപുലീകരണത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കംവരുത്തരുതെന്നും യെദ്യൂരപ്പയും വ്യക്തമാക്കി.

🔳ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് സംഭവമുണ്ടായത്. 26 കാരിയായ യുവതി ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

🔳50 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടുത്ത മാസം ബി.ജെ.പിയില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ വിട്ട എം.എല്‍.എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.

🔳കടുത്ത ശൈത്യത്തെ തുടര്‍ന്ന് കശ്മീരിലെ പ്രശസ്തമായ ദാല്‍ തടാകത്തിന്റെ ഭൂരിഭാവും തണുത്തുറഞ്ഞു. ബുധനാഴ്ച രാത്രി നെഗറ്റീവ് 8.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില.  30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

🔳ഇന്ത്യയില്‍ ഇന്നലെ  15,677 കോവിഡ് രോഗികള്‍. മരണം 189. ഇതോടെ ആകെ മരണം 1,51,954 ആയി. ഇതുവരെ 1,05,28,508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.10 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,579 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 340 പേര്‍ക്കും പശ്ചിമബംഗാളില്‍ 680 പേര്‍ക്കും കര്‍ണാടകയില്‍ 408 പേര്‍ക്കും ആന്ധ്രയില്‍ 179 പേര്‍ക്കും തമിഴ്‌നാട്ടില്‍ 665 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,98,403 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,93,792 പേര്‍ക്കും ബ്രസീലില്‍ 68,656 പേര്‍ക്കും ഇംഗ്ലണ്ടില്‍ 48,682 പേര്‍ക്കും സ്പെയിനില്‍ 35,878 പേര്‍ക്കും റഷ്യയില്‍ 24,763 പേര്‍ക്കും, ഫ്രാന്‍സില്‍ 21,228 പേര്‍ക്കും, ജര്‍മനിയില്‍ 22,931 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.34 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.47 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞു. 14,520 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,438 പേരും ഇംഗ്ലണ്ടില്‍ 1,248 പേരും ബ്രസീലില്‍ 1,151 പേരും ജര്‍മനിയില്‍ 1,088 പേരും ദക്ഷിണാഫ്രക്കയില്‍ 712 പേരും  മെക്സിക്കോയില്‍ 1235 പേരും ഇറ്റലിയില്‍ 522 പേരും റഷ്യയില്‍ 570 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 20,00,456 മരണം സ്ഥിരീകരിച്ചു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേദ്പുര്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെയാണ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

🔳ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. സിഡ്നി ടെസ്റ്റിനിടെ ഉദരഭാഗത്ത് പരിക്കേറ്റ ബുംറയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ടി.നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തി. വിരലിന് പരിക്കേറ്റ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും അവസാന ഇലവനില്‍ ഇല്ല. പകരം വാഷിംഗ്ടണ്‍ സുന്ദറിനേയും ശാര്‍ദൂല്‍ താക്കുറിനേയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

🔳ബജറ്റ് കാരിയറായ ഇന്‍ഡിഗോ ഈ വര്‍ഷത്തെ ആദ്യത്തെ 'ദി ബിഗ് ഫ്‌ലാറ്റ് ഇന്‍ഡിഗോ സെയില്‍' പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രയ്ക്ക് വെറും 877 രൂപ മുതലാണ് ഇന്‍ഡിഗോ വിമാന ടിക്കറ്റുകളുടെ നിരക്ക്. ജനുവരി 13 ന് ആരംഭിച്ച ഇന്‍ഡിഗോയുടെ 877 രൂപയുടെ വിമാന ടിക്കറ്റ് ഓഫറിനുള്ള ബുക്കിംഗ് ഞായറാഴ്ച (ജനുവരി 17) അവസാനിക്കും. ഇന്‍ഡിഗോയുടെ ഏറ്റവും പുതിയ വില്‍പന ഓഫര്‍ ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്ക് സാധുതയുള്ളതാണ്.  ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ ഓരോ യാത്രക്കാരനില്‍ നിന്നും 500 രൂപ ഈടാക്കും.

🔳സ്റ്റാര്‍ ഇന്ത്യ ചെയര്‍മാനും വാള്‍ട്ട് ഡിസ്‌നി ഏഷ്യ പസഫിക് പ്രസിഡന്റുമായിരുന്ന ഉദയ് ശങ്കര്‍ ജെയിംസ് മര്‍ഡോക്കിന്റെ ലൂപ്പ സിസ്റ്റവുമായി ചേര്‍ന്ന് ഒരു പുതിയ സംരംഭത്തിന് രൂപം നല്‍കുന്നു. പുതിയ സംരംഭം വളര്‍ന്നുവരുന്ന വിപണികളിലെ സാങ്കേതികവിദ്യയും മാധ്യമ അവസരങ്ങളും പര്യവേക്ഷണം ചെയ്യുമെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു. മര്‍ഡോക്കിന്റെ പിതാവ് റൂപര്‍ട്ട് മര്‍ഡോക്ക്, സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെ 21-ാം നൂറ്റാണ്ടില്‍ ഫോക്സിന്റെ വിനോദ ആസ്തികള്‍ 71 ബില്യണ്‍ ഡോളറിന്റെ പണത്തിലും സ്റ്റോക്ക് ഇടപാടിലും ഡിസ്‌നിക്ക് വിറ്റു. ഡിസ്‌നി കരാര്‍ പൂര്‍ത്തിയാക്കിയ ശേഷം ജെയിംസ് മര്‍ഡോക്ക് 2 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ലുപ സിസ്റ്റംസ് ആരംഭിച്ചു.

🔳പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച മറാത്തി ചിത്രം 'പ്രീത'ത്തിലെ ആദ്യ ഗാനം പുറത്ത്. നവാഗതനായ സിജോ റോക്കി സംവിധാനം ചെയ്യുന്ന പ്രീതം ചിത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് മലയാളിയായ വിശ്വജിത്താണ്. ദേശീയ പുരസ്‌കാര ജേതാവ് ഗുരു താക്കുര്‍ എഴുതിയ ''തുജ രുപ'' എന്നുതുടങ്ങുന്ന ഗാനം സീ മ്യൂസിക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന് മലയാളി സംഗീതം ഒരുക്കുന്നത്.

🔳ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ധനുഷ്- സെല്‍വരാഘവന്‍ ടീം. 'നാനെ വരുവേന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെല്‍വരാഘവന്റെ ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ശെല്‍വരാഘവന്റേതാണ് തിരക്കഥ. ധനുഷ് ചിത്രം 'കര്‍ണന്റെ' നിര്‍മാതാവ് കലൈപുലി തനുവാണ് നിര്‍മാണം. യുവന്‍ ശങ്കര രാജയുടേതാണ് സംഗീതം. ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.96 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. പഴയ  പതിപ്പില്‍ നിന്നും രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് മെറ്റാലിക്, പേള്‍ ഗ്ലെയര്‍ വൈറ്റ് എന്നീ പുതിയ നിറങ്ങളിലും ബൈക്ക് എത്തും.

🔳മനുഷ്യനെ വിഭജിക്കുന്നതും മത്തു പിടിപ്പിക്കുന്നതുമായ മതജീവിതങ്ങളുടെ ഭീതി പരത്തുന്ന ഇടങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് എഴുത്തുകാരന്‍. 'ദൈവത്തിന്റെ നോക്കെത്താദൂരങ്ങള്‍'. സുരേന്ദ്രന്‍ മങ്ങാട്ട്. ഒലിവ് പബ്ളിക്കേഷന്‍സ്. വില 152 രൂപ.

🔳കരിക്കിന്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും.  തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും. മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കരിക്കിന്‍ വെള്ളം ഏറെ നല്ലതാണ്. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അതും ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും കരിക്കിന്‍ വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കുന്നു. കരിക്കിന്‍ വെള്ളം നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പെടുത്തുകയാണെങ്കില്‍ , നമ്മുടെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. 

*ശുഭദിനം*
*കവിത കണ്ണന്‍*
ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വസ്തു നാവാണ്, അത് നന്നായി ഉപയോഗിച്ചാല്‍.  ലോകത്തിലെ ഏറ്റവും കൊള്ളരുതാത്ത വസ്തുവും നാവാണ്, മോശമായി ഉപയോഗിച്ചാല്‍.  ഒന്നിനേയും പൂര്‍ണ്ണായി വിശുദ്ധമെന്നോ അശുദ്ധമെന്നോ പറയാനാകില്ല.  നല്‍കപ്പെട്ടിരിക്കുന്ന അര്‍ത്ഥവും ഉപയോഗിക്കുന്ന രീതിയുമനുസരിച്ച് എല്ലാറ്റിന്റേയും വില മാറിമറിയുന്നത് നമുക്ക് കാണാം.  ഒരു തുള്ളിവെള്ളത്തിന് കുപ്പിവെള്ളത്തിന്റെ അകത്തുള്ള വിലയല്ല, ഒരു ചേമ്പിലയില്‍ ഇരിക്കുമ്പോള്‍, അതേ വൈശിഷ്ഠ്യമല്ല ഒരു പനിനീര്‍പൂവില്‍ ഇരിക്കുമ്പോള്‍.  എവിടെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് വില നിര്‍ണ്ണയിക്കപ്പെടുന്നത്.  ഒരാള്‍ നന്നാകാനും നശിക്കാനും നാവ് തീരുമാനിച്ചാല്‍ മതി.  എന്ത് പറയണം എന്നതിനേക്കാള്‍ എന്ത് പറയരുത് എന്നാണ് നാം ശീലിക്കേണ്ടത്.  പറയേണ്ടത് പറയാതിരിക്കുന്നതും പറയേണ്ടാത്തതു പറയുന്നതും ഒരുപോലെ തെറ്റാണ്.  ഒരേ കാര്യം എല്ലാവരോടും ഒരുപോലെ പറയാനാകില്ല.  നാവ് നന്നാകണമെങ്കില്‍ ഹൃദയം വിശുദ്ധമാകണം.  കാരണം നാവല്ല സംസാരിക്കുന്നത്, മനസ്സാണ്.  നമ്മുടെ ഹൃദയം വിശുദ്ധമാകട്ടെ, നാവ് നോവിക്കാതിരിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only