07 ജനുവരി 2021

ആപ്പ് വഴി അതിവേഗ വായ്പ: ഫണ്ടിന്റെ സ്രോതസ്സുതേടി ആർ.ബി.ഐ.
(VISION NEWS 07 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മുംബൈ: മൊബൈൽ ആപ്പുകൾ വഴി അതിവേഗം നൽകുന്ന വായ്പകൾക്ക് ഫണ്ട് എവിടെനിന്നു ലഭിക്കുന്നുവെന്ന് അന്വേഷിക്കാൻ റിസർവ് ബാങ്ക്. വായ്പാതിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി, അതുപയോഗിച്ച് സമൂഹത്തിൽ അവരെ അപകീർത്തിപ്പെടുത്തി പണം തിരിച്ചുപിടിക്കുന്ന രീതിയാണ് ആപ്പുകൾ പിന്തുടരുന്നത്. രാജ്യവ്യാപകമായി ഇത്തരം ആപ്പുകൾ പിടിമുറുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ആത്മഹത്യകളും റിപ്പോർട്ടുചെയ്തിട്ടുണ്ട്.

വായ്പാ ആപ്പുകൾക്കുപിന്നിൽ ചൈനയിൽനിന്നുള്ളവരാണെന്ന് കർണാടകയിലും ഹൈദരാബാദിലും നടന്ന അന്വേഷണങ്ങളിൽ വ്യക്തമായിരുന്നു. ആപ്പുകൾക്ക് വിദേശബന്ധമുണ്ടെന്ന പോലീസ് റിപ്പോർട്ടുകളെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർചെയ്തു. ഇതിനുപിന്നാലെയാണ് പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ആർ.ബി.ഐ. അന്വേഷണത്തിനൊരുങ്ങുന്നത്.

നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. ആപ്പിലൂടെയുള്ള പണത്തിന്റെ നീക്കം ഏതുബാങ്കിലാണ് അവസാനിക്കുന്നത്, ആപ്പുകൾക്ക് ബാങ്കുകൾ വായ്പകൾ നൽകിയിട്ടുണ്ടോ, ഉണ്ടെങ്കിൽ കൃത്യമായ നടപടികൾ പാലിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷിക്കുമെന്നാണ് സൂചന.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾവഴി നേരിട്ടോ പുറംകരാർ വഴിയോ വായ്പകൾ നൽകുന്നുണ്ടെങ്കിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്ന് ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് 2020 ജൂണിൽ നിർദേശം നൽകിയിരുന്നു. ഹൈദരാബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് 1.4 കോടി ഇടപാടുകളിലൂടെ 21,000 കോടി രൂപയുടെ കൈമാറ്റം നടന്നതായി വ്യക്തമായിട്ടുണ്ട്.

ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ ആറുമാസക്കാലത്ത് നടന്നതാണ്. വേഗം കണ്ടുപിടിക്കാതിരിക്കാൻ വ്യാജകമ്പനികളുടെ പേരിലാണ് (ഷെൽ കമ്പനികൾ) ഈ പണം ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് വന്നിരിക്കുന്നതെന്നാണ് വിവരം. നിയമങ്ങൾ മറികടക്കാനായി ഇത്തരം ആപ്പുകൾ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നതായും സംശയിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only