തിരുവനന്തപുരം: പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 906 പേർ 60 വയസ്സിൽ താഴെ പ്രായമുളളവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നേരത്തേ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ സ്ഥിതി ആശങ്കാജനകം. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയിൽ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയിൽ രണ്ടുശതമാനം വർധനവാണ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കും റിപ്പോർട്ടിൽ ഉണ്ട്. പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയിൽ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയിൽ പ്രായമുളള 35 പേരും, 31-40നും ഇടയിൽ പ്രായമുളള 77 പേരും 40-50നും ഇടയിൽ പ്രായമുളള 218 പേരും 51-60 നും ഇടയിൽ പ്രായമുളള 561 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61-70 ഉം ഇടയിൽ പ്രായമുളള 966 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
അറുപത് വയസ്സിന് മുകളിൽ പ്രായമുളള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പേർക്കും മറ്റുഗുരുതര രോഗങ്ങൾ കൂടി ഉണ്ടായിരുന്നു. അതേസമയം റിവേഴ്സ് ക്വാറന്റീനിലെ വീഴ്ച കൂടി വ്യക്തമാക്കുന്നതാണ് നിലവിലെ കണക്കുകൾ.
ജനുവരി പതിനേഴിന് നടക്കുന്ന പൾസ് പോളിയോ വിതരണ പരിപാടിയിൽ നിന്ന് കണ്ടെയ്ൻമെന്റ് സോണുകളെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ മേഖലയിൽ മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതി. ക്വാറന്റീനുളളവരുടെ വീട്ടിലുളള കുട്ടികൾക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം മരുന്ന് വിതരണം ചെയ്യും.
Post a comment