24 January 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 24 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സായാഹ്‌ന വാർത്തകൾ
2021 ജനുവരി 24 | 1196 മകരം 11 | ഞായർ | രോഹിണി|

🔳രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുളളത്.  ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവര്‍ത്തിക്കും.

🔳കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടയില്‍ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി.നേതാക്കള്‍ രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും ബിജെപിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായ ലക്ഷ്മി കാന്ത ചൗള അഭിപ്രായപ്പെട്ടു.

🔳മദ്യത്തിന്റെ വില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. മദ്യവില വര്‍ദ്ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

🔳ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിമാരായ തോമസ് ഐസക്കിനെയും തിലോത്തമനെയും എം.പിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയും കേന്ദ്രം ഒഴിവാക്കി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്നയച്ച പട്ടികയിലാണ് മന്ത്രിമാരേയും എം.പിമാരേയും ഒഴിവാക്കിയിരിക്കുന്നത്. പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.

🔳ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍, ഇതിനുള്ള നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാല്‍ എത്രയുംവേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യംചെയ്യല്‍ നോട്ടീസിന്റെ പേരില്‍ 'കത്ത് യുദ്ധം' നടന്നതിനാല്‍ അതീവശ്രദ്ധയോടെയാണ് നടപടിക്രമങ്ങള്‍ കൈകാര്യംചെയ്യുന്നത്.

🔳കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ അനുനയശ്രമം വിജയിച്ചു. കെ.വി.തോമസിന് പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്‍കാനാണു ധാരണ. വൈകാതെ അദ്ദേഹത്തെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കാമെന്ന് അറിയിച്ചതെന്നാണു വിവരം.

🔳ജനാഭിപ്രായം കേട്ടാകും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കുകയെന്ന് പത്രിക തയ്യാറാക്കാനുള്ള ചുമതല ലഭിച്ച ശശിതരൂര്‍. സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും വികസനത്തിലാകും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങള്‍ പിഴുതെറിയപ്പെടാം. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അര്‍ത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

🔳87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭന്‍ ചോദിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം.

🔳തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തകളെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വേണ്ടി കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🔳മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ നടപടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തിയ റിസോര്‍ട്ടും ഹോം സ്റ്റേയും പൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

🔳ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍  വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

🔳തനിക്കെതിരെയുള്ള  കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതി നല്‍കിയ മകന്‍ ഉള്‍പ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും കുടുംബ കോടതിയില്‍ ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി കൊടുത്ത കേസാണിതെന്നും അവര്‍ വ്യക്തമാക്കി.

🔳മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ലോകത്തെ വളരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യു.എന്‍ ഈ മുന്നറിയിപ്പുനല്‍കുന്നത്. 2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകള്‍ ഈ കാലപരിധി പിന്നിടും.

🔳വാഹന ഇന്‍ഷുറന്‍സിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്‍.ഡി.എ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്‍.ഡി.എ. പ്രസിദ്ധീകരിച്ചു. ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതല്‍ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്.

🔳റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ എന്ന് നിയമോപദേശം തേടി മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക് മുന്‍ സി.ഇ.ഒ. പാര്‍ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

🔳രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വിഴും. ഡോ ശ്യാമപ്രദാസ് മുഖര്‍ജി ഓഡിറ്റോറയത്തില്‍ വൈകീട്ട് സമാപന ചടങ്ങുകള്‍ നടക്കും.രാജ്യാന്തരമേളയുടെ പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും.

🔳കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കുടുങ്ങിയ യുവതിയേയും നവജാതശിശുവിനേയും വീട്ടിലെത്തിച്ച് ഇന്ത്യന്‍ സേന ഒരിക്കല്‍ കൂടി സേവനസന്നദ്ധതയുടേയും കര്‍മനിരതയുടേയും പ്രതീകമായി. കശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം അമ്മയേയും കുഞ്ഞിനേയും ചുമന്ന് നടന്നാണ് സൈനികര്‍  വീട്ടിലെത്തിച്ചത്.

🔳രാജ്യത്ത് നിലവില്‍ വിപണിയില്‍ ലഭ്യമായ കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ നോട്ടുകള്‍ പൂര്‍ണമായും വിതരണത്തില്‍ നിന്ന് പിന്‍വലിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന്  ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

🔳ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് പട്ടിക പ്രകാരം മുകേഷ് അംബാനി 11-ാം സ്ഥാനത്തേക്ക് എത്തി. ഒറാക്കിള്‍ കോര്‍പറേഷന്റെ ലാറി എല്ലിസണ്‍, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ  ഫ്രാങ്കോയ്സ് ബെറ്റെന്‍കോര്‍ട് മെയെര്‍സ് എന്നിവരാണ് മറികടന്നത്. പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തി 79.2 ബില്യണ്‍ ഡോളറാണ്.

🔳നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന 'പത്മ' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്. സണ്‍ ഗ്ലാസ് ധരിച്ച് ഗൗരവം നിറഞ്ഞ ലുക്കിലാണ് സുരഭി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന പത്മയില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകനാകുന്നത്. കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും നിര്‍മാണവും അനൂപ് മേനോന്‍ തന്നെയാണ്.

🔳ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രം ഫെബ്രുവരി 26ന് ആണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

🔳ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി ഇന്ത്യക്ക് വില്‍പ്പനയില്‍ മികച്ച നേട്ടം. 2020 ലെ വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു. 2020 ല്‍ കമ്പനി ഇന്ത്യയില്‍ 512 കാറുകളാണ് വിറ്റത്.  2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വളര്‍ച്ച.  പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മിനി കണ്‍ട്രിമാന്‍ 40 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. മിനി ഹാച്ച്ബാക്ക് മോഡല്‍ 33 ശതമാനവും മിനി കണ്‍വേര്‍ട്ടിബിള്‍ 2020 -ല്‍ ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ 23 ശതമാനവും സംഭാവന നല്‍കി.

🔳ഇന്ത്യാമാഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍ ഭാഷകള്‍ ജീവിത ശൈലികള്‍ സാംസ്‌കാരിക ചിത്രങ്ങള്‍ രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ നോക്കി മാറ്റുന്ന ദേശീയ വികാരങ്ങള്‍. 'സമരയാത്ര'. സ്വരൂപ് കുന്നംപ്പിള്ളി. ഗ്രീന്‍ ബുക്സ്. വില 119 രൂപ.

🔳പ്രായമായവരില്‍ കൂര്‍ക്കം വലി മറ്റുള്ളവരെക്കാള്‍ കൂടുതലാണ്. കൂര്‍ക്കം വലിച്ച് ഉറങ്ങുന്നത് നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നാണ് പലരും കരുതുന്നത് എന്നാല്‍ അതൊരു നിദ്രാവൈകല്യമാണ് ഉറക്കക്കുറവിന്റെ ലക്ഷണവുമാണ്. ഉറക്കത്തിനിടയില്‍ ശ്വാസതടസ്സമുണ്ടാകുന്ന ഒരു രോഗമാണത്. ചിലര്‍ ശ്വാസതടസ്സം മൂലം ഞെട്ടിയുണരും. തൊണ്ടയിലും വായിലും മൂക്കിലുമുള്ള പലവിധ പ്രശ്നങ്ങള്‍ കാരണമാണ് ഉറക്കത്തില്‍ ശ്വാസതടസ്സവും കൂര്‍ക്കം വലിയുമുണ്ടാകുന്നത്. രാത്രി ഉറങ്ങുമ്പോള്‍ തൊണ്ടയിലെ പേശികളുടെ പ്രവര്‍ത്തനക്ഷമത കുറയും. അങ്ങനെയാണ് വായു സഞ്ചരിക്കുന്ന വഴിയില്‍ തടസ്സങ്ങളുണ്ടാകുന്നത് കൂടാതെ, കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തൂടര്‍ന്ന് നാക്ക്, കുറുനാക്ക് തുടങ്ങിയവയുടെ വലുപ്പം കൂടും. ഇതും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിനകത്തു ചെറിയ തടസ്സങ്ങളുണ്ടാകുക, ദശ വളരുക, പാലം വളയുക ഇവയെല്ലാം കൂര്‍ക്കം വലിയുടെ മറ്റു ചില കാരണങ്ങളാണ്. രാത്രികാലങ്ങളില്‍ നെഞ്ചെരിച്ചിലുണ്ടാവുക, അമിതമായി വിയര്‍ക്കുക, രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. കൂര്‍ക്കം വലിയുള്ളവര്‍ മലര്‍ന്നു കിടക്കുന്നതിനേക്കാള്‍ നല്ലത് ഒരു വശം ചെരിഞ്ഞു കിടക്കുന്നതാണ്. അമിതവണ്ണം കുറച്ചാല്‍തന്നെ ഉറക്കത്തിലെ കൂര്‍ക്കം വലി അപ്രത്യക്ഷമാകും.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only