23 ജനുവരി 2021

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍റെ നിലപാട്.

ഡീസല്‍ വില 81 രൂപ കടന്നിരിക്കുന്നു. ഇതിനു പുറമേ കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്ന വാഹന നികുതി പകുതിയായി പുനസ്ഥാപിച്ചിട്ടുണ്ട്. നഷ്ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താനാവില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ്ജ് പന്ത്രണ്ട് രൂപയാക്കുന്നതിന് പുറമേ കിലോമീറ്ററിന് 90 പൈസയെന്നത് രണ്ടു രൂപയാക്കി വര്‍ധിപ്പിക്കുകയും വേണം.

ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണം. ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഡീസല്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനവ് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് ബസുടമകളുടെ തീരുമാനം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈയില്‍ ബസ് ചാര്‍ജ്ജില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only