13 ജനുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 13 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാത വാർത്തകൾ
2021 ജനുവരി 13 | 1196 | ധനു 29 | ബുധൻ | ഉത്രാടം|
➖➖➖➖➖➖➖➖

🔳കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ . സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലൂടെ സമിതിയെ രംഗത്തിറക്കിയെന്നാണ് കരുതുന്നതെന്നും കര്‍ഷക സംഘടനകള്‍. എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത് നല്ലകാര്യമാണ്. തീരുമാനം സ്വാഗതാര്‍ഹമാണെന്നും അവര്‍ വ്യക്തമാക്കി.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികള്‍ നുഴഞ്ഞുകയറിയതായി അറ്റോര്‍ണി ജനറല്‍  കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് സ്ഥിരീകരിക്കണമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് എജിയോട് ആവശ്യപ്പെട്ടു.

🔳കര്‍ഷക നിയമങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കോണ്‍ഗ്രസ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. സമിതി അംഗങ്ങളില്‍ 4 പേര്‍ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതാണോ എന്ന് വ്യക്തമാകണം. സര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുകയാണ്. കേന്ദ്ര മന്ത്രിമാര്‍ക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാല്‍ ചോദിച്ചു.

➖➖➖➖➖➖➖➖
🔳രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പൂര്‍ണമായും വേരോടെ പിഴുതെറിയേണ്ടതാണെന്നും കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കോവിഡ് വാക്‌സിനുകള്‍ ആദ്യഘട്ടത്തില്‍ ഇന്ത്യ കുറഞ്ഞ തോതില്‍ മാത്രമേ അയല്‍രാജ്യങ്ങള്‍ക്ക് നല്‍കുകയുള്ളൂ. വാക്‌സിനുകളുടെ വിപണനത്തിന് അംഗീകാരം ലഭിച്ചശേഷമായിരിക്കും ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണം അരംഭിക്കുക. ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. ഇതിന് ശേഷം അയല്‍രാജ്യങ്ങള്‍ക്കുള്ള വിതരണം ആരംഭിക്കും.

🔳അടിയന്തിര ഉപയോഗത്തിനായി അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളില്‍ നിന്ന് ഏത് വാക്‌സിന്‍ എടുക്കണമെന്ന് തത്കാലം സ്വീകര്‍ത്താവിന് സ്വീകരിക്കാനാകില്ലെന്ന് സൂചന നല്‍കി കേന്ദ്രം.  ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ  പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്തും ഏത്്  വാക്‌സിനുകള്‍ തിരഞ്ഞെടുക്കണമെന്ന്  സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍.

🔳കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യത്തെ 10 കോടി ഡോസുകള്‍ 200 രൂപയ്ക്ക് ഇന്ത്യയില്‍ നല്‍കുമെന്ന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് പ്രത്യേക തുകയ്ക്ക് വാക്‌സിന്‍ നല്‍കുന്നതെന്നും പൂനവാല പറഞ്ഞു. മറ്റുള്ളവര്‍ക്ക് 1000 രൂപയ്ക്കായിരിക്കും വാക്‌സിന്‍.

🔳രാജ്യത്ത് അടിയന്തര അനുമതിക്ക് അംഗീകാരം നല്‍കിയ കോവാക്‌സിന്‍ ഡോസിന് 206 രൂപയും കോവിഷീല്‍ഡിന് 200 രൂപയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1.1 കോടി വാക്‌സിന്‍ ഡോസുകളും ഭാരത് ബയോടെക്കില്‍നിന്ന 55 ലക്ഷം ഡോസുകളും സംഭരിക്കും. ഇതില്‍ 16.5 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ബയോടെക് സൗജന്യമായി സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 64,614 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3347 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 433 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,556 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട് മാത്രം. ഇന്നലെ 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകള്‍.

🔳നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുള്ള കുടുംബശ്രീ ബാങ്കിങ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് കുടുംബശ്രീ മിഷന്‍ ഏജന്‍സിയെ നിയോഗിക്കും. ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും ബാങ്ക് രൂപീകരിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുക.

🔳ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. താനിപ്പോള്‍ വിദേശത്താണുള്ളതെന്നും അതുകൊണ്ട് വിചാരണ നീട്ടണമെന്നുമാണ് ബിനോയ് കോടിയേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

🔳ചലച്ചിത്ര അക്കാദമിയിലെ സ്ഥിരനിയമനത്തിന് സംവിധായകന്‍ കമല്‍ നല്‍കിയ ശുപാര്‍ശ വിവാദമായ പശ്ചാത്തലത്തില്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും  പിസി വിഷ്ണുനാഥും. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും കമലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇരുവരും കമലിനെതിരെ ഷെയിം ഓണ്‍ യു കമല്‍ ഹാഷ്ടാഗ് ക്യാമ്പയിനും ആരംഭിച്ചു.

🔳ചലച്ചിത്ര അക്കാദമിയില്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിന്‍വാതിലിലൂടെ ഇടതുപക്ഷ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന്‍ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുപക്ഷക്കാര്‍ക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

🔳തിരുവനന്തപുരം തിരുവല്ലത്ത് ജാന്‍ ബീവി എന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാന്‍ ബീവിയുടെ സഹായി ആയ സ്ത്രീയുടെ കൊച്ചുമകന്‍ ആയ അലക്സ് ആണ് അറസ്റ്റിലായത്.  രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അലക്സ്. മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

🔳കേരളമുള്‍പ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകള്‍ കേന്ദ്ര തെരഞ്ഞടുപ്പ്  കമ്മീഷന്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കമ്മീഷന്‍ ചര്‍ച്ച നടത്തി. അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതടക്കമുള്ള  വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ 21ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍  തലസ്ഥാനത്തെത്തും.

🔳പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീയറ്ററുകള്‍ തുറക്കാനായത്.

🔳സുപ്രീം കോടതി 2014 ല്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ വിവാദത്തിലായ ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച തമിഴ്‌നാട്ടിലെ മധുരയിലെത്തും. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് രാഹുല്‍ എത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അളഗിരി അവകാശപ്പെട്ടു.

🔳ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ 251 രൂപയ്ക്ക് നല്‍കുമെന്ന് അവകാശപ്പെട്ട് ബുക്കിങ്ങ് സ്വീകരിച്ച റിങ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത്  ഗോയല്‍ വഞ്ചനാകേസില്‍ അറസ്റ്റിലായി. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂഡ്‌സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.

🔳കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കെതിരെയും പുതിയ കുവൈത്ത് സര്‍ക്കാരിനെതിരെയും 38 എം പി മാര്‍ ചേര്‍ന്നാണ് കുറ്റവിചാരണ പ്രമേയം പാര്‍ലമെന്റ് സ്പീക്കറിനു സമര്‍പ്പിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാന്‍ ഇടയാക്കിയത്.

🔳പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തതിനും ക്രിമിനല്‍ സംഘം രൂപീകരിച്ചതിനും മുസ്ലീം ടെലിവിഷന്‍ മതപ്രഭാഷകന്‍ അദ്നാന്‍ ഒക്തര്‍ കുറ്റക്കാരനാണെന്ന് തുര്‍ക്കി കോടതി. 1,075 വര്‍ഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. തന്റെ സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ മതക്ലാസുകള്‍ നല്‍കി പ്രശസ്തനായ വ്യക്തിയാണ് ഒക്തര്‍.

🔳ഇന്ത്യയില്‍ ഇന്നലെ  15,903 കോവിഡ് രോഗികള്‍. മരണം 200. ഇതോടെ ആകെ മരണം 1,51,564 ആയി. ഇതുവരെ 1,04,95,816 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.11 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,936 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 386 പേര്‍ക്കും പശ്ചിമബംഗാളില്‍ 751 പേര്‍ക്കും കര്‍ണാടകയില്‍ 751 പേര്‍ക്കും ആന്ധ്രയില്‍ 197 പേര്‍ക്കും തമിഴ്‌നാട്ടില്‍ 671 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,24,530 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,94,048 പേര്‍ക്കും ബ്രസീലില്‍ 61,804 പേര്‍ക്കും ഇംഗ്ലണ്ടില്‍ 45,533 പേര്‍ക്കും സ്പെയിനില്‍ 25,438 പേര്‍ക്കും റഷ്യയില്‍ 22,934 പേര്‍ക്കും രോഗം ബാധിച്ചു. 14,931 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,688 പേരും ഇംഗ്ലണ്ടില്‍ 1,243 പേരും ബ്രസീലില്‍ 1,109 പേരും ജര്‍മനിയില്‍ 1,106 പേരും ദക്ഷിണാഫ്രക്കയില്‍ 755 പേരും  മെക്സിക്കോയില്‍ 662 പേരും ഇറ്റലിയില്‍ 616 പേരും റഷ്യയില്‍ 531 ഇന്നലെ മരിച്ചു. ഇതോടെ ആകെ 9.19 കോടി കോവിഡ് രോഗികളും 19.67 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.  വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു.

🔳ഇംപീച്ച്മെന്റ് നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. രാജ്യവ്യാപകമായി ജനരോക്ഷം ഉയരുകയാണെന്നും അക്രമം പാടില്ലെന്നുമാണ് ട്രംപിന്റെ പ്രതികരണം.

🔳അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാല്‍ഡ് ട്രംപ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം. ഈ ദിനത്തില്‍ രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്.

🔳തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു പുറത്ത്. ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍റ്റിനോട് മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ തോല്‍വി. 

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും ഗോള്‍ നേടി. നോര്‍ത്ത് ഈസ്റ്റിന്റെ 19 വയസ്സുകാരനായ ലാലങ്മാവിയ അപ്പൂയിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

🔳രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയില്‍ ഓഹരി തിരിച്ചുവാങ്ങുന്നകാര്യം പരിഗണിക്കുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം നല്‍കുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജനുവരി 15ന് കമ്പനിയുടെ ബോര്‍ഡ് യോഗം ചേരും. കമ്പനിയുടെ കൈവശമുള്ള അധികപണം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായാണ് ഓഹരി ബൈ ബായ്ക്ക്.  പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എംഡിസി തുടങ്ങിയ കമ്പനികള്‍ വൈകാതെ ഈ വഴിക്ക് നീങ്ങിയേക്കും.

🔳അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണി വന്‍ കുതിപ്പിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുള്ള വരുമാനം 4.5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വീഡിയോ വിപണിയെ ശരിക്കും ഉത്തേജിപ്പിച്ചത്. വിനോദങ്ങള്‍ക്കായി പുറത്തിറങ്ങാനായതോടെ കൂടുതല്‍ പേരും ഇത്തരം സാധ്യതകളിലേക്ക് ഒതുങ്ങുകയായിരുന്നു. 2020 ല്‍ ഓണ്‍ലൈന്‍ വീഡിയോ മേഖല മൊത്തത്തില്‍ ഉണ്ടാക്കിയ വരുമാനം 1.4 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ഏതാണ്ട് പതിനായിരം കോടിയില്‍ അധികം രൂപ.

🔳കണ്ണന്‍ താമരക്കുളം ഒരുക്കുന്ന 'മരട് 357' സിനിമയുടെ റിലീസ് തിയതി പുറത്ത്. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19ന് ആണ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് പൊളിക്കലിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍.

🔳കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ച കേരളത്തിലെ തിയേറ്ററുകള്‍ നാളെ ജനുവരി 13ന് തുറക്കുകയാണ്. ആദ്യ സിനിമയായി വിജയ്യുടെ 'മാസ്റ്റര്‍' എത്തുമ്പോള്‍ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററില്‍ 2020ലെ ഹൈടെക് റിയല്‍ ലേസര്‍ ഇല്ല്യുമിനേഷന്‍ ടെക്‌നോളജിയിലൂടെ ആരാധകര്‍ക്ക് സിനിമ കാണാം. കേരളത്തില്‍ മികച്ച വിഷ്വല്‍ ക്വാളിറ്റിയോടെ 35അടി വീതിയില്‍ 15 അടി നീളത്തില്‍ സിനിമയുടെ എല്ലാവിധ ദൃശ്യഭംഗിയോടെയും കാണാന്‍ കഴിയുന്ന ആദ്യ തിയേറ്ററായി വനിത വിനീത മാറുകയാണ്.  80 ലക്ഷത്തോളം രൂപയാണ് പ്രൊജക്ടറിന്റെ വില ഈ വിലയിലുള്ള 2 പ്രൊജക്ടറുകള്‍ ആണ് തിയേറ്ററില്‍ സെറ്റ് ചെയ്തിരിക്കുന്നത്. നാളെ മുതല്‍ വനിതാ വിനീതയില്‍ ഇതുവരെ കാണാത്ത ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില ഫെബ്രുവരിയില്‍ ജീപ്പ് പ്രഖ്യാപിക്കുമെന്നും ഒപ്പം ബുക്കിങ്ങും ആരംഭിക്കും. പുതിയ ഫ്രണ്ട് ബമ്പര്‍, സ്ലിമ്മര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്യുവി എത്തുന്നത്. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എസ്യുവിക്ക് ലഭിച്ചേക്കും. നിലവില്‍ 16.49 ലക്ഷം മുതല്‍ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ വില. പരിഷ്‌കരിച്ചെത്തുന്ന മോഡലിന് വില വര്‍ദ്ധിക്കും.

🔳ഡോ. സി വി ആനന്ദബോസ് രചിച്ച പാര്‍പ്പിടം എന്ന ഈ സവിശേഷ ഗ്രന്ഥം പാര്‍പ്പിടത്തിന്റെ ചരിത്രം പാര്‍പ്പിട നിര്‍മ്മാണ ശൈലികള്‍ പാര്‍പ്പിട നിര്‍മ്മാണ വസ്തുതകള്‍, വാസ്തുവിദ്യ, പാര്‍പ്പിട സംസ്‌കാരം പാര്‍പ്പിടവും സംസ്‌കാരവും പാര്‍പ്പിടവും പരിസ്ഥിതിയും പ്രശസ്ഥരായ വാസ്തു ശില്പികളും അവരുടെ സൃഷ്ടികളും തുടങ്ങി പലതലത്തില്‍ പാര്‍പ്പിടത്തെക്കുറിച്ച് വിശകലനം ചെയ്യുന്നു. 'പാര്‍പ്പിടം'. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 1,140 രൂപ.

🔳കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എങ്ങനെ കൊടുത്താലും അവര്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാറില്ല. മിക്ക കുട്ടികള്‍ക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലായ്മയോ തോന്നാറുണ്ട്. വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്‌സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങള്‍ കഴിച്ച് വയറ് നിറയ്ക്കുകയാണെങ്കില്‍, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു. ഇത് മാത്രമല്ല, ശരിയായ രീതിയില്‍ ദഹനം നടക്കാത്തത് മലബന്ധം, ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവ ഉണ്ടാക്കുകയും അതുവഴി വിശപ്പില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും. ആരോഗ്യകരമായ പ്രാതല്‍ കുട്ടിയുടെ വിശപ്പ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം കൃത്യസമയത്ത് തന്നെ നല്‍കുക. കുട്ടികള്‍ക്ക് ഇടേവളയില്‍ കഴിക്കാന്‍ മിക്സ്ചര്‍, ബിസ്‌കറ്റ് തുടങ്ങിയ ബേക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറുള്ളത്. അവ ഒഴിവാക്കി, പകരം പഴവര്‍ഗങ്ങള്‍ നല്‍കുക. 

*ശുഭദിനം*
*കവിത കണ്ണന്‍*
പഞ്ചാബില്‍ നിന്നുളള ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു രഘുനന്ദന്‍ ശരണ്‍.  ഒരിക്കല്‍ രഘുനന്ദനെ നെഹ്റുവിളിപ്പിച്ച് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.  ഇന്ത്യയില്‍ ഒരു വാഹനനിര്‍മ്മാണകമ്പനി തുടങ്ങണം.  രാജ്യത്തിന്റെ പുരോഗതിക്ക് വാഹനനിര്‍മ്മാണം അത്യാവശ്യമാണെന്ന് നെഹ്റുവിന് അറിയാമായിരുന്നു.  രഘുനന്ദന്‍ ഒന്നുമാലോചിക്കാതെ തലയാട്ടി.  'മദ്രാസിലേക്ക് പോയ്ക്കോളൂ അവിടെയാണ് വ്യവസായം തുടങ്ങാന്‍ പറ്റിയസ്ഥലം' നെഹ്രു കൂട്ടിച്ചേര്‍ത്തു.  കാറുകളുടെ ഡീലര്‍ഷിപ്പ് ബിസിനസ്സ് മുന്‍പ് ചെയ്തിരുന്നതുകൊണ്ട് വാഹനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ടായിരുന്നു.  അങ്ങനെ ചെന്നൈ കേന്ദ്രമാക്കി അദ്ദേഹം ഒരു വാഹന നിര്‍മ്മാണകമ്പനി ആരംഭിച്ചു.  മകന്റെ പേരാണ് അദ്ദേഹം കമ്പനിക്ക് ഇട്ടത്.  അശോക്...  അക്കാലത്തെ ഇംഗ്ലണ്ടിലെ വിലയ വാഹനനിര്‍മ്മാണക്കമ്പനിയായിരുന്ന ഓസ്റ്റിന്‍ മോട്ടോഴേസിന്റെ കാറുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലിയായിരുന്നു ആദ്യകാലത്ത് അശാക് മോട്ടോഴ്സില്‍ നടന്നിരുന്നത്.  അധികം കാര്‍നിര്‍മ്മാണകമ്പനികളൊന്നും അക്കാലത്ത് ഇല്ലാതിരുന്നത് കൊണ്ട് ആ കാറുകള്‍ നന്നായി വിറ്റുപോയി.  ബ്രിട്ടനിലെ വലിയൊരു വാഹനനിര്‍മ്മാണകമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഒരു വിമാനാപകടത്തില്‍ രഘുനന്ദന്‍ കൊല്ലപ്പെടുന്നത്.  അതോടെ മകന്‍ ഈ ബിസിനസ്സ് ഏറ്റെടുത്തു.  യാത്രാ വാഹനങ്ങളേക്കാളും ചരക്കുവാഹനങ്ങള്‍ക്ക് ഡിമാന്റ് കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞ അശോക് ചരക്ക് ലോറികളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.  ലെയ്ലന്റില്‍ നിര്‍മ്മിക്കുന്ന ട്രക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യയില്‍ അശോക് മോട്ടേഴ്സ് ട്രക്കുകള്‍ വിറ്റു.  അശോക് ലെയ്ലന്റ് എന്ന പേരില്‍ വിപണിയിലെത്തിയ ട്രക്കുകള്‍ വളരെ വേഗം ജനങ്ങളുടെ മനസ്സി്ല്‍ ഇടംനേടി.  ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ഇവര്‍ വരുത്തിയിരുന്നില്ല.  അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ഓര്‍ഡറുകള്‍ ഇവരെ തേടിയെത്തി.  ഇതെല്ലാം കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.  നിരവധി പ്രതിസന്ധികള്‍ കടന്നുവന്നെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ അവയെയെല്ലാം അശോക് ലെയ്ലന്റ് അതിജീവിച്ചു.  1967 ല്‍ രണ്ടുനിലയുള്ള ബസ്സ്,  മുന്നിലും പിന്നിലും വാതിലുകളുള്ള ബസ്സ്, രണ്ട് ബസ്സുകള്‍ കൂട്ടിച്ചേര്‍ത്ത് വെസ്റ്റിബ്യൂണ്‍ ബസ്സ് തുടങ്ങി നിരവധി വാഹനങ്ങള്‍ അശോക് ലെയ്ലന്റില്‍ നി്ന്നും പുറത്തിറങ്ങി.  എത്രപ്രതിസന്ധികള്‍ കടന്നുവന്നാലും മനക്കരുത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും വിജയപാഥയില്‍ യാത്രചെയ്യാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only