03 ജനുവരി 2021

അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിടും; ശമ്പളമില്ലാത്ത അവധി അഞ്ചുവർഷംമാത്രം
(VISION NEWS 03 ജനുവരി 2021)


തിരുവനന്തപുരം:അനധികൃതമായി അവധിയിൽ തുടരുന്ന ജീവനക്കാരെ ഉടൻ പിരിച്ചുവിടാൻ വകുപ്പുമേധാവികൾക്ക് ധനവകുപ്പ് നിർദേശം നൽകി.

ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20-ൽനിന്ന് അഞ്ചുവർഷമാക്കി ചുരുക്കിയ സാഹചര്യത്തിലാണ് നിർദേശം. ഇതു നടപ്പാക്കാൻ ധനവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. 2020 നവംബർ അഞ്ചുമുതലാണ് അവധി വെട്ടിച്ചുരുക്കലിന് പ്രാബല്യം. അതിനുശേഷം അവധിക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷത്തിൽ കൂടുതൽ അവധി അനുവദിക്കില്ല. അഞ്ചുവർഷത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്തവരെ പിരിച്ചുവിടും.

നിലവിൽ ഒരു ഘട്ടത്തിൽ അഞ്ചുവർഷം എന്ന നിലയ്ക്ക് 20 വർഷംവരെയാണ് അവധി അനുവദിച്ചിരുന്നത്. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴിൽ ചെയ്യാനും പങ്കാളിയോടൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി അനുവദിച്ചിരുന്നത്. ഓരോ ഘട്ടം കഴിഞ്ഞും അവധി നീട്ടാൻ അപേക്ഷിക്കണമായിരുന്നു. ഇത്തരത്തിൽ അഞ്ചുവർഷത്തിലധികം അവധി നീട്ടാൻ 2020 നവംബർ അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും. ഇവരും അവധി അവസാനിക്കുന്ന മുറയ്ക്ക് ജോലിയിൽ തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടും.

പുതിയ നിയമം പ്രാബല്യത്തിൽവരുന്ന തീയതിക്കുമുമ്പ് അവധി നീട്ടാൻ അപേക്ഷിച്ചവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ മാത്രം അനുവദിച്ചാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. ഇവർ ഏതെങ്കിലും തൊഴിലുടമയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്. അവധി അനുവദിക്കാൻ വകുപ്പുമേധാവിയുടെ ശുപാർശയും ധനവകുപ്പിന്റെ അംഗീകാരവും വേണം.

കേരളത്തിന്റെ ഭരണച്ചെലവ് ചുരുക്കാൻ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയുടെ നിർദേശങ്ങളിലൊന്നായിരുന്നു ശമ്പളമില്ലാത്ത അവധി വെട്ടിച്ചുരുക്കൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only