*പ്രഭാത വാർത്തകൾ*
2021 ജനുവരി 16 | 1196 മകരം 3 | ശനി | ചതയം|
➖➖➖➖➖➖➖➖
🔳കൊറോണ വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പ്രവര്‍ത്തകരുമായി മൂന്ന് കോടി പേര്‍ക്കാണ് രാജ്യത്ത് ആദ്യം വാക്സിന് വിതരണം ചെയ്യുന്നത്. കോവിഷീല്‍ഡ്, കോവാക്സിന് എന്നീ രണ്ട് വാക്സിനുകളാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയില്‍ വിതരണ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന് കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
🔳സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്.
🔳കോവിഡ് പ്രതിരോധത്തിനായി ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
➖➖➖➖➖➖➖➖
🔳കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്‍ച്ച അന്തിമമായിരുന്നില്ലെന്നും അടുത്തവട്ട ചര്‍ച്ച ജനുവരി 19ന് നടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
🔳റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് ടിക്കായത്ത്. സുപ്രീംകോടതി ഉത്തരവിട്ടാല്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ലെന്നും റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്നും ടിക്കായത്ത് പറഞ്ഞു.
🔳പ്രതിസന്ധിയുടെ കാലത്തും കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അസാധാരണമാംവിധം ഊന്നല്‍ നല്‍കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ആറാം ബജറ്റെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവന്. ഭാവികേരളത്തിന്റെ വികസന രൂപരേഖയാണിത്. ഒട്ടേറെ വെല്ലുവിളികളെ നേരിടുമ്പോഴും ജനകീയ പ്രതിബദ്ധതയോടെ എപ്രകാരം പ്രവര്‍ത്തിക്കാമെന്നതിന് മാതൃകയാണ് ഈ സര്‍ക്കാരെന്നും വിജയരാഘവന്.
🔳യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന് പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കാമെന്നു ബജറ്റില്പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മന്‍ചാണ്ടി.
🔳പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ, പോകുന്ന പോക്കില്‍ ഐസക് അസ്സല് തള്ള് നടത്തുകയാണ് ഉണ്ടായിട്ടുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി. ഐസകിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന് തോന്നും എന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
🔳തോമസ് ഐസക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഈ ബജറ്റില്‍ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എല്‍.ഇ.ഡി ബള്‍ബും അംഗണവാടി ടീച്ചേഴ്സിനും അശാവര്‍ക്കര്‍മാര്‍ക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും കേന്ദ്രസര്‍ക്കാരിന്റേതാണെന്നും സുരേന്ദ്രന് പറഞ്ഞു.
🔳സംസ്ഥാനത്ത് ഇന്നലെ 62,934 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3415 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97.
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്നലെ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകള്‍.
🔳സിസ്റ്റര്‍ അഭയാക്കേസ് വിധിയില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. കോടതി വിധിയെ അംഗീകരിക്കുന്നുവെങ്കിലും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് പൊതുനിലപാടെന്ന് സഭാ സിനഡ് വ്യക്തമാക്കി. വിധിയിലെ ഉളളടക്കം സംബന്ധിച്ച് നിയമഞ്ജര്‍ അടക്കം ഉന്നയിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ മേല്‍ക്കോടതിയില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സഭ വ്യക്തമാക്കി.
🔳വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം.
🔳ആന്ധ്രപ്രദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട ഒമ്പതോളം കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയെന്ന് ആന്ധപ്രദേശ് ഡിജിപി ഗൗതം സാവന്‍. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്ക് ആരോപിച്ച ഡിജിപി സംഭവങ്ങളെ വിശേഷിപ്പിച്ചത്, സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഗൂഢാലോചനയാണെന്നാണ്.
🔳ഒരു എംപികൂടി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്ന സാഹചര്യം നീണ്ട മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂലില്‍ തന്നെ തുടരുമെന്നും തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും നടിയും എംപിയുമായ ശതാബ്ദി റോയ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
🔳ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍.ഡി. ടി.വിയില്‍നിന്നു രാജിവെച്ച ടെലിവിഷന്‍ ജേണലിസ്റ്റും വാര്‍ത്താ അവതാരകയുമായ നിധി റസ്ദാന് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്ത്. താന്‍ സങ്കീര്‍ണമായ 'ഫിഷിങ്' ആക്രമണത്തിന് ഇരയായി എന്നാണ് നിധി റസ്ദാന്റെ വെളിപ്പെടുത്തല്‍. രണ്ട് ദശാബ്ദക്കാലത്തോളം ടെലിവിഷന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു വന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നിധി ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് 2020 ജൂണില്‍ ചാനലില്‍നിന്നു ജോലി രാജിവെച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.
🔳5000 കോടി രൂപയുടെ അടിയന്തര വാങ്ങലടക്കം പുതിയ ആയുധങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 18000 കോടി രൂപ പോയവര്‍ഷം മുതല്‍മുടക്കി ഇന്ത്യന്‍ സൈന്യം. ചൈനയുമായുള്ള സംഘര്‍ഷത്തിന്റെയും നിയന്ത്രണ രേഖയില്‍ പാകിസ്താനുമായുള്ള പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിലാണ് 18000 കോടി രൂപ ഇന്ത്യന്‍ സൈന്യം ചിലവഴിച്ചത്.
🔳ഇന്ത്യയില്‍ ഇന്നലെ 15,151 കോവിഡ് രോഗികള്‍. മരണം 176. ഇതോടെ ആകെ മരണം 1,52,130 ആയി. ഇതുവരെ 1,05,,43,659 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.08 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,145 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 295 പേര്‍ക്കും പശ്ചിമബംഗാളില്‍ 623 പേര്‍ക്കും കര്‍ണാടകയില്‍ 708 പേര്‍ക്കും ആന്ധ്രയില്‍ 94 പേര്‍ക്കും തമിഴ്നാട്ടില്‍ 621 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 7,12,497 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,14,672 പേര്‍ക്കും ബ്രസീലില്‍ 68,138 പേര്‍ക്കും ഇംഗ്ലണ്ടില്‍ 55,761 പേര്‍ക്കും സ്പെയിനില്‍ 40,197 പേര്‍ക്കും റഷ്യയില്‍ 24,715 പേര്‍ക്കും ഫ്രാന്‍സില്‍ 21,221 പേര്‍ക്കും കൊളംബിയയില്‍ 21,078 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.42 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.49 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 14,095 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,298 പേരും ഇംഗ്ലണ്ടില്‍ 1,280 പേരും ബ്രസീലില്‍ 1,131 പേരും ജര്‍മനിയില്‍ 1,045 പേരും ദക്ഷിണാഫ്രക്കയില്‍ 615 പേരും മെക്സിക്കോയില്‍ 999 പേരും ദക്ഷിണാഫ്രിക്കയില്‍ 615 പേരും റഷ്യയില്‍ 555 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 20.15 മരണം സ്ഥിരീകരിച്ചു.
🔳ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ അംഗീകാരം നല്കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കോവീഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്‍ജുറി ടൈമിന്റെ അവസാനം, കളി തീരാന്‍ 30 സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഒരു ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് സമനിലക്കുരുക്കില്‍ വീണത്. ഇരുടീമുകളും ഓരോ ഗോള്‍ വീതമിടിച്ച് പിരിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
🔳ഇന്ത്യയിലെ പല മുന്‍നിര കമ്പനികളും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന് തയ്യാറെടുക്കുന്നവെന്നു റിപ്പോര്‍ട്ടുകള്‍. ടാറ്റാസ്, ബിര്‍ലാസ്, റിലയന്‍സ്, ഐടിസി തുടങ്ങിയ കമ്പനികള്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഡിസംബര്‍ പാദത്തില്‍ 15,721 പേരെ ആണ് പുതുതായി ജോലിക്കെടുത്തു റെക്കോര്‍ഡ് ഇട്ടത്. മറ്റൊരു പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഈ വര്‍ഷം 24,000 ഫ്രെഷര്‍മാരെ ജോലിക്കെടുക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പ് അവരുടെ വിവിധ കമ്പനികളിലേക്കായി പുതിയ ആളുകളെ ജോലിക്കെടുക്കും. റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ എന്നി കമ്പനികളിലും കൂടുതല്‍ റിക്രൂട്ട്മെന്റ് ഉടനെ നടക്കും.
🔳കൊവിഡ് പ്രതിസന്ധിക്കാലത്ത് വിവിധതരത്തിലുള്ള ബോധവത്കരണങ്ങള്‍ അധികാരികള്‍ നടത്തിയിരുന്നു. ഇതിലൊന്നാണ് ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒരോ കോളിന് മുന്‍പും കേട്ട കോവിഡ്19 മുന്നറിയിപ്പ് സന്ദേശം. 30 സെക്കന്റ് നീണമുള്ള ഈ സന്ദേശം ഇതുവരെ കേട്ടവരുടെ സമയം എടുത്താല്‍ അത് ഒരു ദിവസം 1.3 കോടിമണിക്കൂറുകള്‍ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. പ്രീ-കോള്‍ കോവിഡ് മെസേജ് പ്രതിദിനം 1.3 കോടി മനുഷ്യ മണിക്കൂറുകള്‍ പാഴാക്കുന്നതായി കണക്കാക്കപ്പെടുന്നു. അതേസമയം, അടിയന്തര ഘട്ടങ്ങളില്‍ കോളുകള്‍ വിളിക്കുമ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പരാതിയുണ്ട്.
🔳പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന 'വെള്ളം' സിനിമയുടെ ട്രെയ്ലര് പുറത്ത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച വെള്ളം ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
🔳സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയ ഷോര്‍ട്ട് ഫിലിമാണ് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്'. അനുപമ പരമേശ്വരന്, ഹക്കിം ഷാജഹാന് എന്നിവരെ കഥാപാത്രങ്ങളാക്കി ആര്‍ജെ ഷാന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന് പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിച്ചിരുന്നു. അഞ്ച് മില്യണിലേറെ വ്യൂസ് ലഭിച്ചതോടെ ആര്‍ജെ ഷാനിനെ അഭിനന്ദിച്ചിരിക്കുകയാണ് യൂട്യൂബ്. ആര്‍ജെ ഷാനിനെ ടാഗ് ചെയ്ത്, ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ആണെന്നും സ്നേഹം അറിയിക്കുന്നെന്നും യൂട്യൂബ് ഇന്ത്യ കമന്റായി കുറിച്ചു. ഷാന്‍ തന്നെയാണ് കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. അവതരിപ്പിച്ച് വെറും ഒരു മാസത്തിനുള്ളില്‍ 32,800 ബുക്കിംഗുകള്‍ സ്വന്തമാക്കി വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് വാഹനം. കോംപാക്ട് എസ്യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് നിസാന്‍ മാഗ്നൈറ്റ്. നിലവില്‍ 5.49 ലക്ഷം രൂപ മുതല്‍ 9.97 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
🔳വികസിത രാഷ്ട്രങ്ങളിലെ ഐശ്വര്യ സമ്പന്നരായ ജനങ്ങള്‍ തങ്ങള്‍ സന്തുഷ്ടരാണെന്നു അവകാശപ്പെടുന്നതില്‍ അഭിമാനിക്കുന്നു. കാരണം,അവരുടെ കഠിനാധ്വാനത്തിന് ശാസ്ത്രവും ടെക്നോളജിയും ഫലം കൊടുക്കുന്നുണ്ട്. 'ദിവ്യന്മാര്ക്കെതിരെ വെല്ലുവിളി'. ഡോ. എ.ടി കോവൂര്‍. മൈത്രി ബുക്സ്. വില 114 രൂപ.
🔳പ്രമേഹമുള്ളവരുടെ കാര്യത്തില്‍ മരുന്നിനെക്കാള്‍ ഡയറ്റ് പ്രധാനമായി വരുന്ന സാഹചര്യമാണ് അധികവും കാണാറ്. ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഷുഗര്‍ എളുപ്പത്തില്‍ വര്‍ധിക്കാം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തിലൊന്നാണ് മല്ലിയില. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ഹൃദയാരോഗ്യം ശക്തിപ്പെടുത്താനും, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകാനുമെല്ലാം സഹായകമായ പല ഘടകങ്ങളും മല്ലിയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഷുഗര്‍ കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. അധികം ആളുകള്‍ക്കും ഇതെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ ഒന്നാണ് മല്ലിയില. ഗ്ലൈസമിക് സൂചിക എന്നാല്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനെ മനസിലാക്കാനുള്ളൊരു സൂചികയാണ്. ഗ്ലൈസമിക് സൂചിക കുറവായ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നത്. 33 ആണ് മല്ലിയിലയുടെ ഗ്ലൈസമിക് സൂചിക. അതായത് പ്രമേഹമുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്നത് എന്ന് സാരം. ഫൈബറിനാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ഇടയ്ക്കിടെ വിശപ്പ് തോന്നുന്നത് ചെറുക്കാനും മല്ലിയിലയ്ക്ക് കഴിയും. എന്തെങ്കിലും സ്നാക്സ് കഴിച്ച്, അനാരോഗ്യകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് തടയാനും അങ്ങനെ മല്ലിയിലയ്ക്കാകുമെന്ന് ചുരുക്കം. ചട്ണിയായോ, സലാഡില്‍ ചേര്‍ത്തോ, ഗ്രീന്‍ റൈസ് ആക്കിയോ എല്ലാം പ്രമേഹമുള്ളവര്‍ക്ക് മല്ലിയില പതിവായി കഴിക്കാവുന്നതാണ്. ധാരാളമായി വേവിച്ച് കഴിക്കാതിരിക്കാന്‍ മാത്രം ശ്രദ്ധിക്കുക.
*ശുഭദിനം*
*കവിത കണ്ണന്*
ഒരിക്കല്‍ ശിഷ്യന് ഗുരുവിനോട് ചോദിച്ചു: എപ്പോഴാണ് തന്റെ തെറ്റിനെക്കുറിച്ച് ഒരാള്‍ അനുതപിക്കേണ്ടത്? അപ്പോള്‍ ഗുരു പറഞ്ഞു: മരിക്കുന്നതിന്റെ തലേന്ന്. അതിന് നമ്മള് എപ്പോള്‍ മരിക്കുമെന്ന് നമുക്കെങ്ങനെ അറിയാം? ശിഷ്യന് വീണ്ടും ചോദിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു: അതറിഞ്ഞില്ലെങ്കില്‍ പിന്നെ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. എപ്പോഴും അനുതപിക്കുക... ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തതിനെക്കുറിച്ച് വീണ്ടുവിചാരവുമില്ലാതെ വീണ്ടും വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുന്നത്. ആദ്യ തെറ്റ് സ്വാഭാവികം. ആവര്‍ത്തിക്കപ്പെടുന്ന തെറ്റ് മനഃപൂര്‍വ്വം. അപരാധമാണെന്നറിഞ്ഞിട്ടും തുടരുന്നതാണ് തിരുത്താനാകാത്ത തെറ്റ്. സ്വന്തം ശരികളും അപരന്റെ തെറ്റുകളും കണ്ടുപിടിക്കുന്നതിനിടയില്‍ സ്വന്തം തെറ്റ് കണ്ടെത്താന്‍ അസാധാരണ ധൈര്യം വേണം. അത് തിരുത്തി തിരിച്ചുവരാന്‍ അതിലധികമായ ഇച്ഛാശക്തിയും വേണം. വാക്കുകളുടേയും പ്രവൃത്തികളുടേയും തത്സമയ അവലോകനം സ്വകാര്യമായെങ്കിലും നടത്താനുള്ള സന്നദ്ധതയിലൂടെയാണ് മാനസിക വിശുദ്ധി രൂപംകൊള്ളുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ല എന്നത് അഹങ്കാരിയുടെ അവകാശവാദമാണ്. ചെയ്ത തെറ്റ് തിരുത്തില്ല എന്നത് ദുരഭിമാനിയുടെ ദുര്‍വാശിയും. പിഴവുകള്‍ മനസ്സിലാക്കാനും അത് തിരുത്തുവാനും തയ്യാറാകുന്നവരേക്കാള് വലിയവരായി ആരുമില്ല. ലോകം ബഹുമാനിക്കാന്‍ ഒരു വാചകം മാത്രം മതി. - 'എനിക്ക് തെറ്റുപറ്റി, ഞാന്‍ തിരുത്താന്‍ തയ്യാറാണ് !' തെറ്റുകള്‍ മനുഷ്യസഹചമാണ്, അത് തിരുത്തി മുന്നേറുന്നത് ദൈവീകവും. തെറ്റുകള്‍ തിരുത്തപ്പെടാനുള്ള മനസ്സ് നമുക്കും നേടാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
Post a comment