31 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 31 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രഭാത വാർത്തകൾ
2021 ജനുവരി 31 | 1196 മകരം 18 | ഞായർ | പൂരം|
➖➖➖➖➖➖➖➖

🔳രണ്ടുമാസം പിന്നിട്ട ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കര്‍ഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി. ഡല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നുവരെ റദ്ദാക്കി. ഹരിയാണയിലെ 17 ജില്ലയിലും ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചെങ്കിലും സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നാണ് അഭ്യൂഹം.

🔳റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


🔳റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറയുന്നു.

🔳കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രോഹത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

➖➖➖➖➖➖➖➖

🔳മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരായ എഫ്‌ഐആറില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ  ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മിപ്പിച്ചു.

🔳റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. കര്‍ഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയ ജനറല്‍ ഡയറിന്റെ നയം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായ മോശം നടപടികള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും അവസരമുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി നേരിട്ട് സംസാരിക്കണമെന്നും ഗഹ്ലോത്ത് ആവശ്യപ്പെട്ടു.

🔳ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്‌ഫോടനം സംബന്ധിച്ച് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി)അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച എന്‍എസ്ജിയുടെ ഒരു സംഘം സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടകവസ്തു ഏതെന്ന് തിരിച്ചറിയുന്നതിനാണ് സംഘം സ്ഥലം സന്ദര്‍ശിച്ചത്.

🔳കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതേക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

🔳കൊവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ.ശൈലജ. മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തിയത് നേട്ടമാണെന്നും മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായികുന്നു ആരോഗ്യമന്ത്രി.

🔳കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതില്‍ ഏറ്റവും പ്രധാനം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 59,759 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3722 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 396 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഉമ്മന്‍ ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.

🔳നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്തുമാത്രം നിലവിലെ മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കാന്‍ സി.പി.എം. അതേസമയം, രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനില്‍ക്കണമെന്ന വ്യവസ്ഥയില്‍ കാര്യമായ ഇളവുകളുണ്ടാവില്ല.

🔳ഈ വര്‍ഷം വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കണമെന്ന ശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളും. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

🔳പന്തീരാങ്കാവ് മാവോവാദി കേസില്‍ അറസ്റ്റിലായ വിജിത്ത് വിജയന് മാവോവാദികളുമായി അടുത്ത ബന്ധമെന്ന് എന്‍ഐഎ. ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്ക് വിജിത്ത് ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നതായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.  കേസില്‍ ഒളിവില്‍ കഴിയുന്ന മാവോവാദി നേതാവ് സി.പി ഉസ്മാനുമായി വിജിത്ത് പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

🔳നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് ഓരോ പരിപാടിയിലും പങ്കെടുക്കുന്നത്.

🔳വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.

🔳നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്നും ലീഗിന് അതിനുള്ള അര്‍ഹതയുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. ഇത്തവണ യു.ഡി.എഫിന് വളരേയേറെ സാധ്യതയുള്ള തിരഞ്ഞെടുപ്പാണ്, യു.ഡി.എഫ്. മികച്ചവിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മണി.

🔳വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കഴിഞ്ഞ 23ന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.

🔳മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയായി ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ. പൊന്നാട് തഹ്ലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ ബ്രിഡ്ജറ്റ് റിച്ചാഡ്സ് എന്ന 84- കാരിക്കാണ് അന്ത്യശുശ്രൂഷ നല്‍കിയത്.

🔳തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. എ.ഐ.എ.ഡി.എം.കെയുമായി ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

🔳തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട അഞ്ച് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി രാജീബ് ബാനര്‍ജി, എംഎല്‍എമാരായ പ്രഭിര്‍ ഘോസാല്‍, വൈശാലി ദാല്‍മിയ, മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി, രുദ്രാനില്‍ ഘോഷ് എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.

🔳കര്‍ഷക സമരം തുടങ്ങിയതിന് ശേഷം പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആയുധ, മയക്കുമരുന്ന് കടത്ത് വര്‍ധിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ അസ്വസ്തതകളുണ്ടാക്കാനാണ് പാകിസ്താന്റെ ശ്രമെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോയില്‍ മാറ്റം വരുത്തി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടര്‍ന്നാണ് മിന്ത്രയുടെ തീരുമാനം.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 13,064 കോവിഡ് രോഗികള്‍. മരണം 128. ഇതോടെ ആകെ മരണം 1,54,312 ആയി. ഇതുവരെ 1,07,47,091 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.66 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 2,630 പേര്‍ക്കും ഡല്‍ഹിയില്‍ 183 പേര്‍ക്കും തമിഴ്നാട്ടില്‍ 505 പേര്‍ക്കും കര്‍ണാടകയില്‍ 464 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 129 ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതും കേരളത്തിലാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,75,960 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,25,695 പേര്‍ക്കും ബ്രസീലില്‍ 57,498 പേര്‍ക്കും ഇംഗ്ലണ്ടില്‍ 23,275 പേര്‍ക്കും ഫ്രാന്‍സില്‍ 24,392 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.30 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.61 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 12,039 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,512 പേരും മെക്‌സിക്കോയില്‍ 1,434 പേരും ഇംഗ്ലണ്ടില്‍ 1,200 പേരും ബ്രസീലില്‍ 1,196 പേരും റഷ്യയില്‍ 512 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 22.27 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳വിദേശികള്‍ക്കായുള്ള യു.എ.ഇയുടെ പൗരത്വ നിയമം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യു എ ഇ അറിയിച്ചത്. വിദേശികളായ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിക്കും.

🔳യുഎസിലെ കാലിഫോര്‍ണിയയിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ശക്തമായി അപലപിച്ച് ഇന്ത്യ. വിദ്വേഷ പ്രവൃത്തിയാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വടക്കന്‍ കാലിഫോര്‍ണിയയിലെ ഡേവിസ് നഗരത്തിലുള്ള സെന്‍ട്രല്‍ പാര്‍ക്കില്‍  സ്ഥാപിച്ചിരുന്ന ആറടി ഉയരുമുള്ള വെങ്കല പ്രതിമക്ക് നേരെ വ്യാഴാഴ്ചയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ഇത് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

🔳അമേരിക്കന്‍ കമ്പനി നോവാവാക്സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ 'കോവോവാക്‌സ്' ജൂണില്‍ വിപണിയിലെത്തിയേക്കും. വാക്‌സിന്‍ ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനാവാല പ്രത്യാശ പ്രകടിപ്പിച്ചു. നോവാവാക്സിന്റെ കോവിഡ് വാക്‌സിന്‍ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു.

🔳പത്ത് വര്‍ഷമായി അമ്മയുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റില്‍ ഒളിപ്പിച്ചുവെച്ച മകള്‍ ജപ്പാനില്‍ പിടിയില്‍. ടോക്കിയോയില്‍ താമസിക്കുന്ന യുമി യോഷിനോയെയാണ് (48) പോലീസ് പിടികൂടിയത്. യോഷിനോയുടെ അമ്മയുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റിലെ ശൗചാലയത്തില്‍ ഫ്രീസറില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെടുത്തു. അമ്മയുടെ മരണം പുറത്തറിഞ്ഞാല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഒഴിയേണ്ടിവരുമെന്ന ഭയത്താലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നാണ് യുമി പോലീസിന് നല്‍കിയ മൊഴി.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ സിറ്റി എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡെഷോണ്‍ ബ്രൗണിന്റെ പ്രകടന മികവിലാണ് ടീം വിജയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ട്രെ സ്‌കോര്‍ ചെയ്തു. ഡെഷോണ്‍ ബ്രൗണ്‍ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി..

🔳നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2020- 21 സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 30.60 കോടി രൂപ അറ്റദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 15.83 കോടി രൂപയായിരുന്നു 2019-20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്നാം പാദത്തില്‍ 104.61 കോടി രൂപയായി വര്‍ധിച്ചു. 34 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 78.31 കോടി രൂപയായിരുന്നു മൊത്തം വരുമാനം.

🔳രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 4,940 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് 4,146 കോടി രൂപയായിരുന്നു  അറ്റാദായം. ഇത്തവണ വര്‍ധനവ് 19 ശതമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 23,638 കോടി രൂപയില്‍ നിന്നും 24,416 കോടി രൂപയായി ബാങ്കിന്റെ വരുമാനം കൂടി. ഡിസംബര്‍ പാദത്തില്‍ 22 ശതമാനം വര്‍ധനവാണ് നിക്ഷേപങ്ങള്‍ കണ്ടത്. കഴിഞ്ഞ ത്രൈമാസപാദം 8.74 ലക്ഷം കോടി രൂപ നിക്ഷേപങ്ങളായി ബാങ്കിലെത്തി.

🔳കോവിഡ് പ്രതിസന്ധികള്‍ക്കിടെ തിയേറ്ററുകള്‍ അടഞ്ഞു കിടഞ്ഞ പശ്ചാത്തലത്തിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞത്. തിയേറ്ററുകള്‍ തുറന്നെങ്കിലും സൂപ്പര്‍ താരങ്ങളുടേത് അടക്കം സിനിമകള്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമകള്‍ക്ക് മാത്രമായി വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടിയെത്തുകയാണ്. സിനിമയും, സംസ്‌കാരവും, പ്രകൃതിയും ഒന്നിച്ചു ചേര്‍ന്ന മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'റൂട്ട്‌സ്' ഫെബ്രുവരി ഒന്നിന് എം.ടി വാസുദേവന്‍ നായര്‍ ലോഞ്ച് ചെയ്യും. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഉച്ചയ്ക്ക് 12ന് ആണ് ലോഞ്ചിംഗ് ചടങ്ങുകള്‍ നടക്കുക.

🔳രാജമൗലി സംവിധാനം ചെയ്യുന്ന  'ആര്‍ആര്‍ആര്‍'  ചിത്രത്തില്‍ ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ മോറിസും എത്തുമെന്ന് വിവരം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ നായികയായിട്ടാണ് ഒലിവിയ എത്തുന്നത്.ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്.  ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

🔳അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഗോള വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണിനെ അട്ടിമറിച്ചാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടൊയോട്ടയുടെ വില്‍പ്പനയില്‍ 11 ശതമാനം ഇടിവോടെയാണ് 2020-ല്‍ 95.28 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട വിറ്റഴിച്ചത്. ഫോക്‌സ്വാഗണിന്റെ മൊത്ത വില്‍പ്പനയില്‍ 15.2 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 93.05 ലക്ഷം യൂണിറ്റാണ് 2020-ലെ ഫോക്‌സ്വാഗണിന്റെ ആകെ വില്‍പ്പന.

🔳റഷ്യന്‍ മഹാകവി അലക്സാണ്ടര്‍ പുഷ്‌കിന്റെ ഏറെ പ്രശസ്തമായ നോവലിന്റെ പരിഭാഷ. സാമ്രാജ്യത്വ റഷ്യയെ പിടിച്ചുകുലുക്കിയ കര്‍ഷക കലാപത്തിന്റെ പശ്ചാത്തലത്തില്‍, ഒരേ സമയം ചരിത്രനോവലിന്റെ ഗംഭീര്യവും പ്രണയത്തിന്റെ സൗന്ദര്യവും അനുഭവിപ്പിക്കുന്ന കൃതി. ലോകസാഹിത്യത്തിലെ തിളക്കമുള്ള നായികമാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന മേരിയുടെ പ്രണയജീവിതം. 'മേരി'.  പരിഭാഷ: ശരത് മണ്ണൂര്‍. മാതൃഭൂമി. വില 136 രൂപ.

🔳കോവിഡ് വാക്സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച് ഡബ്യൂഎച്ച്ഒ നിര്‍ദേശമൊന്നും പുറത്തുവിട്ടിട്ടില്ല. വാക്സിന്‍ ഡോസുകള്‍ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് മാത്രമേ ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ എന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ സുമന്‍ സിങ് പ്രതികരിച്ചു. വാക്സിനേഷന് ശേഷം എട്ട് ആഴ്ചത്തേക്കെങ്കിലും ഗര്‍ഭധാരണം ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍പറയുന്നത്. വാക്സിനില്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നും ചിലപ്പോള്‍ കാഴ്ചക്കുറവ്, കേള്‍വി പ്രശ്നങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
കോടതിമുറി ആകെ നിശബ്ദമായിരുന്നു.  ഇടയ്ക്കിടെ ആ വയോധികയുടെ തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ട്.  അവസാനം ന്യായാധിപന്‍ വിധി പറഞ്ഞു:  അത് കേട്ട് ആ വയോധിക പറഞ്ഞു:  ഞാന്‍ റൊട്ടി മോഷ്ടിച്ചു എന്ന് പറയുന്നത് ശരിയാണ്.  പക്ഷേ, വിശന്നുവലഞ്ഞ എന്റെ കുഞ്ഞുമക്കള്‍ക്കുവേണ്ടിയാണ് ഞാന്‍ അത് ചെയ്തത്.  ഇതൊക്കെ കേട്ടിട്ടും ബേക്കറി ഉടമ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല.  അതുകൊണ്ട് അവര്‍ക്ക് ശിക്ഷവിധിക്കാതെ കോടതിയ്ക്ക് നിവൃത്തിയുണ്ടായിരുന്നില്ല.  10 ഡോളര്‍ പിഴയടയ്ക്കാന്‍ കോടതി വിധിച്ചു.  കരഞ്ഞുകൊണ്ട് ആ വയോധിക പറഞ്ഞു:  എന്റെ കയ്യില്‍ 1 ഡോളര്‍ പോലുമില്ല.  പിന്നെ ഞാന്‍ എങ്ങിനെ ഈ പിഴയടയ്ക്കും.  ഇതു കേട്ട ജഡ്ജി തന്റെ പോക്കറ്റില്‍ നിന്നും 10 ഡോളര്‍ എടുത്ത് ആ വൃദ്ധയ്ക്ക് പിഴ അടയ്ക്കുവാന്‍ നല്‍കി.  എന്നിട്ട് കോടതിയില്‍ കൂടി നില്‍ക്കുന്ന മറ്റുള്ളവരോട് പറഞ്ഞു:  ഒരാള്‍ വിശപ്പകറ്റാന്‍ മോഷ്ടിക്കേണ്ടി വരുന്നതില്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.  അതിനാല്‍ എല്ലാവരും ഓരോ ഡോളര്‍ ഇവര്‍ക്ക് പിഴ നല്‍കണം   വിധി നടപ്പാക്കുന്നവര്‍ക്ക് നീതി നടപ്പാക്കാനും അറിയാമെങ്കില്‍ അവിടെ നിയമത്തോടൊപ്പം മനുഷ്യത്വവും നിലനില്‍ക്കും.  കുറ്റം ചെയ്യുന്ന എല്ലാവരും കുറ്റവാളികള്‍ ആകണമെന്നില്ല.  ചിലരെങ്കിലും ചില നിസ്സഹായതകളെ മറികടക്കാന്‍ വേണ്ടി ചെയ്യുന്ന തെറ്റുകളാകാം.  വിശന്നുമരിക്കാതിരിക്കാനുള്ള കളവും, മോഷണവൈകൃതമുള്ളവന്റെ കളവും ഒരേ ത്രാസില്‍ എങ്ങിനെ അളക്കാനാകും.  ഓരോ വിധിയെഴുത്തും ശിക്ഷയുടെ ഇരുമ്പഴികള്‍ മാത്രമാകരുത്, രക്ഷയുടെ വാതിലുകള്‍ കൂടിയാകണം.  ശിക്ഷിക്കപ്പെടേണ്ട രീതികള്‍ എഴുതുന്നവര്‍ രക്ഷപ്പെടാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എത്ര ജീവിതങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണശേഷിയുണ്ടായേനെ.. എല്ലാ മനുഷ്യരിലും ഒരു കുറ്റവാളിയും ഒരു വിശുദ്ധനുമുണ്ട്.  നമ്മുടെ സമൂഹവും സാഹചര്യവുമാണ് അവയിലൊന്നിനെ വളര്‍ത്തിയെടുക്കുന്നത്.  നമുക്ക് നിയമത്തോടൊപ്പം മനുഷ്യത്വത്തേയും കൂടെ കൂട്ടാം.  ശിക്ഷകള്‍ വിധിക്കുന്നതിനോടൊപ്പം രക്ഷയുടെ വാതിലുകള്‍ കൂടി തുറന്നുകൊടുക്കാം - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only