16 January 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 16 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


*സായാഹ്‌ന വാർത്തകൾ*
2021 ജനുവരി 16 | 1196 മകരം 3 | ശനി | ചതയം|

🔳രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔳സ്വന്തം നിലയ്ക്ക് വാക്‌സിന്‍ വികസിപ്പിച്ചതോടെ ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ വാക്‌സിനും നമ്മുടെ നിര്‍മാണശേഷിയും മനുഷ്യനന്മയ്ക്കു വേണ്ടിയാവണം ഉപയോഗപ്പെടുത്തേണ്ടത്. അതാണ് നമ്മുടെ പ്രതിജ്ഞാബദ്ധതയെന്നും മോദി പറഞ്ഞു.

🔳രാജ്യത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിദ്ധ്യത്തിലാണ് മനീഷ് കുമാര്‍ ഡല്‍ഹി എയിംസില്‍ നടന്ന ചടങ്ങില്‍ വെച്ച് വാകിസിന്‍ ഡോസ് സ്വീകരിച്ചത്. ഡല്‍ഹി എയിംസ് ഡയക്ടര്‍ ഡോ.  രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു.

🔳ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണം. 'ക്ലിനിക്കല്‍ ട്രയല്‍ മോഡി'ല്‍ ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് ഇതെന്ന് സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.

🔳കോവിഡ് പ്രതിരോധ വാക്‌സിനുകളെ 'സഞ്ജീവനി' എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍. കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ വാക്‌സിനുകള്‍ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

🔳കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ എം.ഡി. ബിജു പ്രഭാകര്‍. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

🔳സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹക്കിന് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി റെബിന്‍സണെയും കസ്റ്റംസ് ചോദ്യം ചെയ്യും.

🔳നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ജനവിധി തേടാന്‍ ഒരുങ്ങി മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്‍.എസ്. അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.

🔳വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തു. പാര്‍ട്ടിയിലേക്ക് ലഹരിമരുന്ന് നല്‍കിയത് ബെംഗളൂരുവിലുള്ള നൈജീരിയന്‍ സ്വദേശികളാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ കൂടി പ്രതിചേര്‍ത്തത്. ഇതോടെ കേസില്‍ ആകെ 11 പ്രതികളായി.

🔳51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് കലാ അക്കാദമയിലാണ് ഉദ്ഘാടനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും.

🔳കര്‍ഷക സംഘടനാ നേതാവിന് സമന്‍സ് അയച്ച് ദേശീയ അന്വേഷണ ഏജന്‍സി. ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി (എല്‍.ബി.ഐ.ഡബ്ല്യൂ.എസ്.) അധ്യക്ഷന്‍ ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍.ഐ.എ. സമന്‍സ് അയച്ചിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാക്കളില്‍ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് സാക്ഷിയായാണ് ബല്‍ദേവിന് സമന്‍സ് അയച്ചിരിക്കുന്നത്.

🔳2020-ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. 2020-ല്‍ 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു.

🔳കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും അടയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവല്‍ കോറിഡോര്‍.

🔳റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന തുര്‍ക്കിക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

🔳അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. 'ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം' എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

🔳വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരില്ല. പകരം മെയ് 15-ലേക്ക് നീട്ടിവെച്ചു. ഫെയ്‌സ്ബുക്കിന് ഡാറ്റ കൈമാറുന്നത് നിര്‍ബന്ധിതമാക്കുന്ന പോളിസിയ്‌ക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നായിരുന്നു വാട്‌സാപ്പിന്റെ അറിയിപ്പ്.

🔳ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വില്ലനായി മഴ. മത്സരത്തിന്റെ അവസാന രണ്ട് സെഷനുകള്‍ മഴമൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 62 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. നേരത്തെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 369 ന് അവസാനിച്ചു. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഓസീസിനെ വേഗത്തില്‍ മടക്കിയത്.

🔳ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് യെസ് ബാങ്ക്. ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് 'യെസ് ബാങ്ക് വെല്‍നസസ്, 'യെസ് ബാങ്ക് വെല്‍നസ് പ്ലസ്' എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിച്ചു.  ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്‍പ്പ്ലൈന്‍, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

🔳രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ കടപ്പത്രം വഴി 5,000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച്  29-ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. ആയിരം രൂപ മുഖവിലയുള്ള  ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ് ലഭിക്കും. ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം.

🔳കൊവിഡ് അടച്ചുപൂട്ടലിനുശേഷം ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു 'മാസ്റ്റര്‍'. തമിഴ്നാട്ടിലെ ആദ്യദിന കളക്ഷന്‍ മാത്രം 25 കോടി വരുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്ക്. ആന്ധ്ര/തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു തെന്നിന്ത്യയില്‍ 'മാസ്റ്ററി'ന്റെ ആദ്യദിന കളക്ഷന്‍. വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു (ഓസ്ട്രേലിയയില്‍ നിന്നു മാത്രം 1.61 കോടി).  ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിനത്തില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍- 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ- 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക- 2.4 ലക്ഷം ഡോളര്‍, യുഎസ്എ- 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 86.50 കോടി എന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

🔳പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മുട്ടിയുടെ 'ദ പ്രീസ്റ്റ്'. പുതുക്കി പണിയുന്നതിനു വേണ്ടി നാല് വര്‍ഷം മുമ്പ് സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ച ഷേണായീസ് ഫെബ്രുവരി 4ന് തുറക്കുമ്പോള്‍ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാണികള്‍ കാണാന്‍ പോകുന്നത് മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന ദ പ്രീസ്റ്റ് ആണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ടീസറിന് 16 ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

🔳ഡൊമിനാര്‍ ശ്രേണിയുടെ വില വര്‍ധിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. ഡൊമിനാര്‍ 400, ബജാജ് ഡൊമിനാര്‍ 250 എന്നിവയുടെ വിലയിലാണ് കമ്പനി വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഡൊമിനാര്‍ 400-യുടെ വിലയില്‍ 1,997 രൂപ വര്‍ധിച്ചു. ഡൊമിനാര്‍ 250-യുടെ വിലയില്‍ 2,003 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും മോഡലുകള്‍ക്ക് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ജീവിത തുടിപ്പുകള്‍ നന്നായി അറിയാവുന്ന ഒരു സാംസ്‌കാരികമുഖം ഈ കഥാകൃത്തിനുണ്ട് സമൂഹത്തിന്റെ ഗതിവിഗതികളെ തിരിച്ചറിയാവുന്ന ഒരു തൂലിക മികവ് കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്. 'പെന്‍ഡിംഗ്'. അഭിഷേക് പുരവൂര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 80 രൂപ.

🔳കോവിഡ് 19 നു കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന് ചെറിയ ജലദോഷത്തിനു കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുണ്ടെന്നും ഇത് ഒരു പ്രാദേശികമായ ഒന്നായി മാറിയാല്‍ കുട്ടിക്കാലത്തുതന്നെ മിക്ക ആളുകളെയും ബാധിക്കാമെന്നും പഠനം. നാലു സാധാരണ ജലദോഷ കൊറോണ വൈറസുകളെയും സാര്‍സ് കോവ് 2 നെയും അടിസ്ഥാനമാക്കി നടത്തിയ പഠനം സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. സാധാരണ ജലദോഷത്തിനു കാരണമാകുന്ന നാലു കൊറോണ വൈറസുകള്‍ ദീര്‍ഘകാലമായി മനുഷ്യരില്‍ ഉണ്ടെന്നും ഒരു വിധം എല്ലാവരെയും ചെറിയ പ്രായത്തില്‍തന്നെ ഈ  വൈറസ് ബാധിക്കുന്നതായും ഗവേഷകര്‍ പറയുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന സ്വാഭാവിക ഇന്‍ഫെക്ഷനുകള്‍  പ്രതിരോധശക്തി നല്‍കുകയും പിന്നീടുള്ള ജീവിതത്തില്‍ നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. കോവിഡ് -19 നെതിരെയുള്ള സുരക്ഷിതവും ഫലപ്രദവുമായ ഒരു  വാക്‌സീന്‍, വാക്‌സീനെത്തി ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കും. എന്നാല്‍ സാര്‍സ് കോവ് 2 എന്‍ഡെമിക് ആയാല്‍ കൂട്ടമായുള്ള വാക്‌സിനേഷന്‍ അത്ര ആവശ്യമായി വരില്ല. കുട്ടികളിലെ പ്രാഥമിക ഇന്‍ഫെക്ഷനുകള്‍ തീവ്രതയില്ലാത്തതാണെങ്കില്‍, വൈറസ് പ്രാദേശികമായ ഒന്നായി കഴിഞ്ഞാല്‍ വാക്‌സിനേഷന്‍തന്നെ ആവശ്യമായി വരില്ല.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.16, പൗണ്ട് - 99.42, യൂറോ - 88.38, സ്വിസ് ഫ്രാങ്ക് - 82.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.26, ബഹറിന്‍ ദിനാര്‍ - 194.07, കുവൈത്ത് ദിനാര്‍ -241.57, ഒമാനി റിയാല്‍ - 190.02, സൗദി റിയാല്‍ - 19.50, യു.എ.ഇ ദിര്‍ഹം - 19.92, ഖത്തര്‍ റിയാല്‍ - 20.09, കനേഡിയന്‍ ഡോളര്‍ - 57.60.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only