പ്രഭാത വാർത്തകൾ
2021 ജനുവരി 18 | 1196 മകരം 5 | തിങ്കൾ | പൂരോരുട്ടാതി|
➖➖➖➖➖➖➖➖
🔳റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ വിസമ്മതിച്ച് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
🔳കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടു പോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തിവരുന്ന പ്രക്ഷോഭം ആശയപരമായ വിപ്ലവമാണെന്നും നാഗ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടിക്കായത്ത് പറഞ്ഞു.
🔳ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങളെ വീണ്ടും പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് കാര്‍ഷിക നിയമങ്ങളും രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.
➖➖➖➖➖➖➖➖
🔳കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിങ് സിര്‍സ ഉള്‍പ്പെടെ നാല്‍പ്പതു പേരെ എന്‍.ഐ.എ. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍. കര്‍ഷക നേതാക്കളെയും കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്നവരെയും ഭയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നെന്ന് ശിരോമണി അകാലി ദള്‍ നേതാവും എം.പിയുമായ സുഖ്ബിര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു.
🔳കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രതിഷേധം. ബെലഗാവിയില്‍ സ്വകര്യ കമ്പനിയുടെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയപ്പോഴായിരുന്നു കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കര്‍ഷകര്‍ അമിത് ഷായ്ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയത്. കര്‍ഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
🔳ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടന്. ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയെ 'ലോകത്തിന്റെ ഫാര്‍മസി' എന്ന് വിശേഷിപ്പിച്ച ബ്രിട്ടന് കോവിഡ് വാക്സിന് നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്.
🔳രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
🔳സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിനേഷന് സ്വീകരിച്ചത്. ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്സിന് കുത്തിവയ്പ്പ് എടുക്കുന്നത്.
🔳യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
🔳കേരളത്തില്‍ ഇന്നലെ 52,310 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,991 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിരങ്ങള്‍ : എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍കോട് 79.
🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്പോട്ടുകള്‍.
🔳പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.
🔳ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനിക്കും പരസ്യ കമ്പനിക്കും അഭിനയിച്ച ചലച്ചിത്ര താരത്തിനുമെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്‍കിയത്. ക്ഷേത്രം അണുവിമുക്തമാക്കാന്‍ നല്കിയ അനുവാദം ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം
🔳കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിനിടെ കസ്റ്റംസ് അഞ്ചുലക്ഷം രൂപ പുറത്തുകടത്തിയതായി സി.ബി.ഐയ്ക്ക് വിവരം ലഭിച്ചു. സി.ബി.ഐ. പരിശോധന ആരംഭിക്കുന്നതിനു മുന്‍പാണ് പണം പുറത്തുകടത്തിയത്. സി.ബി.ഐ. സംഘമെത്തിയതറിഞ്ഞതോടെ കസ്റ്റംസിലെ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പണം കടത്താനുള്ള സംവിധാനമൊരുക്കിയത്.
🔳സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍: X G 358753. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.
🔳നാലാമത് ഒ.എന്‍.വി. സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്കു സമര്‍പ്പിച്ചു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
🔳അടൂര്‍ പോലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് കമാന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. കാന്റീനിലേക്ക് ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ
സാധനങ്ങള്‍ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും അടൂര്‍ കെഎപി കമാന്‍ഡന്റ് ജെ. ജയനാഥ് ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳ഇന്ത്യയില്‍ ഇന്നലെ 13,962 കോവിഡ് രോഗികള്‍. മരണം 145. ഇതോടെ ആകെ മരണം 1,52,456 ആയി. ഇതുവരെ 1,05,72,672 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.05 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3081 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 246 പേര്‍ക്കും പശ്ചിമബംഗാളില്‍ 565 പേര്‍ക്കും കര്‍ണാടകയില്‍ 745 പേര്‍ക്കും ആന്ധ്രയില്‍ 161 പേര്‍ക്കും തമിഴ്നാട്ടില്‍ 589 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 5,00,294 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,53,060 പേര്‍ക്കും ബ്രസീലില്‍ 31,394 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,598 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.54 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.52 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,672 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,686 പേരും ഇംഗ്ലണ്ടില്‍ 671 പേരും മെക്സിക്കോയില്‍ 1,219 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 20.38 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳സയെദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ആന്ധ്രാപ്രദേശാണ് കേരളത്തെ തകര്‍ത്തത്. ആറുവിക്കറ്റിനാണ് ടീമിന്റെ വിജയം. ഈ സീസണില്‍ കേരളം നേരിടുന്ന ആദ്യ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വെറും 112 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 17.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗീലെ രണ്ടാംപാദ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയെ കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീം വിജയം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റിനായി അശുതോഷ് മെഹ്തയും ഡെഷോണ്‍ ബ്രൗണും സ്കോര്‍ ചെയ്തപ്പോള്‍ ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍ നായകന് പീറ്റര്‍ ഹാര്‍ട്ലി നേടി.
🔳വാനോളം ആവേശം നിറഞ്ഞ രണ്ടാം മത്സരത്തില്‍ ശക്തരായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് എഫ്.സി.ഗോവ. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. മോഹന്‍ ബഗാനായി എഡു ഗാര്‍സിയയും ഗോവയ്ക്കായി ഇഷാന് പണ്ഡിതയും ഗോള്‍ നേടി. ഈ സമനിലയോടെ മോഹന്ബഗാന് പോയന്റ് പട്ടികയില്‍ രണ്ടാമതും ഗോവ മൂന്നാമതുമായി തുടരുന്നു. ഗോവയുടെ വിങ്ബാക്ക് സേവിയര്‍ ഗാമ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
🔳ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഈ വര്‍ഷം തങ്ങളുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറുമായി (ഐപിഒ) എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് -19-നെ തുടര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ ഐപിഓക്ക് ഒരുങ്ങുന്നത്. നിര്‍ദ്ദിഷ്ട ഐപിഒ വഴി ഏകദേശം 3000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മെയ് മാസത്തില്‍ സെബിയില്‍ ഡിആര്‍എച്ച്പി ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🔳ഡിജിറ്റല്‍ പേയ്മന്റുകളോട് ഇന്ത്യന്‍ വീടുകള്‍ പൊരുത്തപ്പെട്ടെന്ന് പീപ്പിള്‍സ് റീസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 25 സംസ്ഥാനങ്ങളിലായി വിവിധ ഗ്രൂപ്പിലുള്ള 5314 വീടുകളാണ് പഠനത്തില്‍ പ്രതിനിധീകരിച്ചത്. ഇന്ത്യയിലെ 20 ശതമാനം വരുന്ന സമ്പന്നമായ വീടുകളില്‍ രണ്ടിലൊന്ന് ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുമ്പോള്‍ 40 ശതമാനം വരുന്ന പാവങ്ങളില്‍ നാലിലൊന്ന് വീടുകള്‍ ഇത് ഉപയോഗിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
🔳സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ഉടുമ്പി'ന്റെ ടീസര്‍ പുറത്ത്. സെന്തിലിന്റെ മാസ് ഗെറ്റപ്പും പ്രകടനവും തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. എക്സ്ട്രിം ത്രില്ലര്‍ ജോര്‍ണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്മജന്, മനുരാജ്, സാജല്‍ സുദര്ശന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.
🔳തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'തലൈവി'. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും. ചിത്രത്തിലെ പുതിയ സ്റ്റില്ലാണ് ചര്‍ച്ചയാകുന്നത്. എംജിആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ തലൈവിയുടെ ലുക്ക് പുറത്തുവിട്ടത്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്.
🔳ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ് പ്രീമിയം എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.82 കോടി രൂപയാണ് ഡിബിഎക്സിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില. ഈ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ പെര്‍ഫോമന്‍സ് എസ്യുവിയാണ് ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ്. കമ്പനിയുടെ ഏക പ്രീമിയം എസ്യുവിയും ആണിത്.
🔳ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. 'മരക്കിഴവന്‍'. തമ്പി ആന്റണി. ഗ്രീന്‍ ബുക്സ്. വില 157 രൂപ.
🔳സാര്‍സ് കോവ് 2 വൈറസിനെതിരെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആന്റി ബോഡികള്‍ ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. പ്ലാസ്മ തെറാപ്പിയില്‍ ഉപയോഗിക്കുന്ന തരം ആന്റിബോഡികളെക്കാള്‍ വലുപ്പം കുറഞ്ഞ ഇവയെ നാനോ ബോഡികള്‍ എന്നാണ് വിളിക്കുക. വലുപ്പം കുറവായതിനാല്‍ കോശ സംയുക്തങ്ങളിലേക്ക് എളുപ്പം തുളച്ചു കയറാന്‍ ഇവയ്ക്ക് സാധിക്കും. ഈ നാനോ ബോഡികള്‍ വലിയതോതില്‍ ഉല്പാദിപ്പിക്കാനും എളുപ്പം കഴിയും. ഒരേസമയം വിവിധ ഇടങ്ങളില്‍ വൈറസിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ സാധിക്കുന്ന ഫലപ്രദമായ തന്മാത്രകള് ആയി ഈ നാനോ ബോഡികളെ സംയോജിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. അണുബാധയ്ക്ക് എതിരെയുള്ള പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ആയുധങ്ങളാണ് ആന്റി ബോഡികള്‍. ബാക്ടീരിയകളുടെയും വൈറസുകളെയും പ്രതലത്തില്‍ ഒട്ടിപ്പിടിക്കുന്ന ആന്റി ബോഡികള്‍ അവയുടെ പകര്‍പ്പ് ഉണ്ടാക്കുന്ന പ്രക്രിയ തടയുന്നു. ഇതിലൂടെ വൈറസ് ശരീരത്തില്‍ പെരുകുന്നത് തടയാനും ഇവയ്ക്കാകും. എന്നാല്‍ ആന്റിബോഡികളുടെ നിര്‍മാണം ബുദ്ധിമുട്ടേറിയതും ധാരാളം സമയം ആവശ്യമുള്ളതും ആണ്. ഇതിനാലാണ് അവ വ്യാപകമായി ഉപയോഗിക്കാന്‍ പറ്റാത്തത്. ഈ സാഹചര്യത്തില്‍ നാനോ ബോഡികളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഗവേഷകര്‍. ലളിതമായി വലിയ ചെലവില്ലാതെ ഉത്പാദിപ്പിക്കാനാകും എന്നതാണ് നാനോ ബോഡികളുടെ സവിശേഷത. ഒട്ടക കുടുംബത്തില്‍പ്പെടുന്ന അല്പാക്ക,ഇലാമ മൃഗങ്ങളില്‍ കൊറോണവൈറസ് പ്രതല പ്രോട്ടീന്‍ കുത്തിവച്ചാണ് പഠനം നടത്തിയത്. ഇവയുടെ പ്രതിരോധസംവിധാനം ആന്റി ബോഡികള്‍ക്കൊപ്പം ലളിതമായ ഒരു ആന്റിബോഡി വകഭേദവും പുറപ്പെടുവിച്ചു. ഈ വകഭേദങ്ങളാണ് നാനോ ബോഡികളുടെ അടിസ്ഥാനമായി പ്രവര്‍ത്തിച്ചതെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
രാത്രി ഏറെ വൈകിയെങ്കിലും ആ വീട്ടിലെ ആരും അന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അമ്മയെ കാത്ത് ഇരിക്കുകയാണ്. അമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുവാവയുണ്ട്. ആ വാവയെ പ്രതീക്ഷിച്ചാണ് അവര്‍ കാത്തിരിക്കുന്നത്. പക്ഷേ, ആ അമ്മയുടെ മനസ്സില്‍ ആ കുഞ്ഞ് ജനിക്കരുത് എന്നായിരുന്നു. കാരണം, ഇനിയൊരു കുഞ്ഞിനെക്കൂടി വളര്‍ത്താനുള്ള അവസ്ഥ ആ വീടിനുണ്ടായിരുന്നില്ല. എങ്കിലും ആ വീടിനെയൊക്കെ സന്തോഷപ്പെടുത്തി 1985 ല്‍ പോര്‍ച്ചുഗലിലെ മഡെയ്റ എന്ന ഗ്രാമത്തില്‍ ആ കുഞ്ഞ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ ഫുട്ബോളിനോട് അവന് വലിയ കമ്പമായിരുന്നു. ചെറിയ റോഡുകളില്‍ അവന് കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങും. പൂന്തോട്ടങ്ങള്‍ ഒരുക്കുന്ന ജോലിയാണ് അവന്റെ അച്ഛന് . വലിയ വരുമാനമൊന്നുമില്ല. എങ്കിലും തന്റെ മകനെ വലിയൊരു ഫട്്ബോളറാക്കാന് അദ്ദേഹം ആഗ്രഹിച്ചു. തന്റെ വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ച് ഫുട്ബോളും ജേഴ്സിയും അച്ഛന് അവന് വാങ്ങിക്കൊടുത്തു. എല്ലാ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അവര്‍ പോകും. ഫുട്ബോള്‍ കമ്പം മൂത്ത് അവന് പഠിത്തം ഉപേക്ഷിച്ചു. ഫുട്ബോളിലെ അവന്റെ മിന്നുന്ന പ്രകടനം കണ്ട് പല ക്ലബ്ബുകളും അവനെ ക്ഷണിച്ചു. സ്പോര്‍ട്ടിങ്ങ് ക്ലബ് ദെ പോര്‍ച്ചുഗല്‍ എന്ന ഫുട്ബോള്‍ ക്ലബ്ബിലേക്ക് അവന് തിരഞ്ഞെടുക്കപ്പെട്ടു. കഠിനമായ പരിശീലനത്തിന്റെ നാളുകള്‍. പരിശീലനത്തിടയ്ക്കാണ് അവന് റേസില്‍ ഹോര്‍ട്ട് ഡിസീസ് എന്ന അസുഖം പിടിപെട്ടത്. പിന്നെ ചികിത്സയുടെ നാളുകള്‍. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ കളിക്കളത്തിലേക്ക്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് അവനെ സ്വന്തമാക്കി. 2006 ലെ ലോകകപ്പ് ഫുഡ്ബോള്‍ മത്സരത്തില്‍ നടത്തിയ മിന്നുന്ന പ്രകടനം നടത്തിയ അവനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. 2007 - 2008 ലെ മികച്ച ഫുട്ബോളറായി ഫിഫ അവനെ തിരഞ്ഞെടുത്തു. ഫുട്ബോള്‍ പ്രേമികള്‍ അവന്റെ പേര് തങ്ങളുടെ മനസ്സില്‍ എഴുതിച്ചേര്‍ത്തു - ക്രിസ്റ്റ്യാനോ റോണാള്‍ഡോ ദോസ് സാന്രോസ് അവേരിയോ ! സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും നമ്മെ സമര്‍പ്പിക്കുകയാണെങ്കില്‍ വിജയം തേടിയെത്തുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖
Post a comment