സായാഹ്ന വാർത്തകൾ*
2021 ജനുവരി 13 | 1196 | ധനു 29 | ബുധൻ | ഉത്രാടം| 📡
🔳➖🔳➖🔳➖🔳➖🔳➖🔳
🔳കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രശ്നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.
🔳സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. കോവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാവിലെ 10.55 ഓടെയാണ് വാക്സിന് കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കോവിഡ് വാക്സിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന് സ്റ്റോറില്‍ എത്തിക്കും. . വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും.
🔳കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന് എടുത്താലും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള മാസ്കടക്കമുള്ള മുന്‍കരുതലുകള്‍ തുടരേണ്ടി വരുമെന്ന് ഐ.സി.എം.ആര്. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍. സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വാക്സിനേഷനിലൂടെ വലിയൊരു മുന്നേറ്റമാണ് നമ്മള് നടത്തുന്നത്. പക്ഷേ, നിലവിലുള്ള മുന്കരുതലുകളില് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
🔳വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നത തലത്തില്‍ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
🔳വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനും വിജിലന്‍സിനും സി.ബി.ഐ ഇന്ന് കത്ത് നല്‍കും. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ നീക്കം.
🔳യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് മുന്‍പ് നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
🔳സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ്വെയറില് പിഴവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ്വെയറാണ് കേരളത്തിലേതെന്നും തോമസ് ഐസ്ക് നിയമസഭയില്‍ പറഞ്ഞു. ട്രഷറികളില്‍ തട്ടിപ്പ് നടത്തിയതിന് ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് പേരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്നും തോമസ് ഐസക്.
🔳വികസന പ്രവൃത്തികള്‍ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കിഫ്ബിക്കെതിരായ ഗൂഢാലോചന നടത്താന്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമ റിപ്പോര്‍ട്ടില്‍ ചേര്‍ത്തെന്നും ഐസക് ആരോപിച്ചു.
🔳നിയമസഭാ തിരഞ്ഞെടുപ്പിനായി സി.പി.എം. സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കുന്നു. ആദ്യപടിയായി പാര്‍ട്ടി ഘടകങ്ങളെ തിരഞ്ഞെടുപ്പ് ഘടകങ്ങളാക്കി മാറ്റുകയാണിപ്പോള്‍. നിയമസഭാമണ്ഡലം, മേഖല, ബൂത്ത് കമ്മിറ്റികളായാണ് ഇവയെ മാറ്റുന്നത്. ഈ വിധത്തിലേക്ക് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പുതിയ കമ്മിറ്റികള്‍ രൂപവത്കരിക്കും.
🔳രണ്ടും മൂന്നുംതവണ തുടര്‍ച്ചയായി മത്സരിച്ച മുസ്ലിംലീഗിന്റെ ഒന്‍പത് എം.എല്‍.എ.മാര്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കുമെന്ന് സൂചന. സി. മമ്മൂട്ടി, പി.കെ. അബ്ദുറബ്ബ്, കെ.എന്‍.എ. ഖാദര്‍, ടി.എ. അഹമ്മദ് കബീര്‍, എന്‍.എ. നെല്ലിക്കുന്ന്, പി. ഉബൈദുള്ള, എം. ഉമ്മര്‍ എന്നിവരെയാണ് മത്സരരംഗത്ത് മാറ്റിനിര്‍ത്താന്‍ സാധ്യത. പെരിന്തല്‍മണ്ണ എം.എല്‍.എ. മഞ്ഞളാംകുഴി അലി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കിയേക്കുമെന്നും കെ.എം. ഷാജി അഴീക്കോട് തന്നെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
🔳ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്ഷന് ഇനിയും കൂട്ടുമെന്ന് സൂചന. നെല്ലിനും തേങ്ങയ്ക്കുമുള്ള താങ്ങുവിലയും വിലസ്ഥിരതാ പരിപാടിയുടെ ഭാഗമായി റബ്ബറിന് സബ്സിഡിയും കൂട്ടുമെന്നും സൂചന. വെള്ളിയാഴ്ചയാണ് സംസ്ഥാന ബജറ്റ്.
🔳കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. രാവിലെ ഒമ്പതുമണിക്ക് വിജയിന്റെ തമിഴ് ചിത്രമായ 'മാസ്റ്റര്‍' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകള്‍ തുറന്നത്. ആദ്യ പ്രദര്‍ശനത്തിന് തന്നെ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍. സംസ്ഥാനത്തെ 670 സ്ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. അടുത്തയാഴ്ച മലയാളചിത്രമായ 'വെള്ളം' ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും.
🔳പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആള് പിടിയില്‍. തിരുനെല്ലായി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.
🔳സി.പി.എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെ (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയാണെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞു.
🔳ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില.
🔳മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ടാണെന്നും മനസ്സാക്ഷിയില്ലാത്തതും അധാര്‍മ്മികവുമായ നടപടികളാണ് അദ്ദേഹത്തിന്റേതെന്നും കര്‍ണാടക ഹൈക്കോടതി. അതിനാല്‍ അദ്ദേഹത്തിന് എതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ലോകായുക്ത പോലീസും വിചാരണ ചെയ്യേണ്ട പ്രത്യേക കോടതിയും ജാഗ്രത പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കാനുള്ള യെദ്യൂരപ്പയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
🔳ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേര്‍പ്പെടുത്തി. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കും.
🔳മഹാത്മ ഗാന്ധിയുടെ ഘാതകരുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദു മഹാസഭ സ്വന്തം ഓഫീസില്‍ ആരംഭിച്ച 'ഗോഡ്സെ ലൈബ്രറി' അടച്ചുപൂട്ടി. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് ആരംഭിച്ച് രണ്ടു ദിവസത്തിനു ശേഷം ജില്ലാ അധികൃതര്‍ ലൈബ്രറി അടച്ചുപൂട്ടുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തത്.
🔳ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്റ്റേഷന് പരിധിയിലുളള കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി തങ്ങളെ തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
🔳വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018-ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
🔳ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര് പ്രമേയത്തെ എതിര്‍ത്തു.
🔳അക്രമ പ്രവര്‍ത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ആദ്യമായി ടെക്സാസ് സന്ദര്‍ശനത്തിനെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
🔳ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് താല്കാലിക വിലക്കേര്‍പ്പെടുത്തി കമ്പനി. യു.എസ്. കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിച്ച ട്രംപ്, കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്ന് യൂട്യൂബ് പറയുന്നു.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. താരതമ്യേന ദുര്‍ബലരായ ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് യുണൈറ്റഡ് വിജയമാഘോഷിച്ചത്. ഈ വിജയത്തോടെ യുണൈറ്റഡ് ലിവര്‍പൂളിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഈ സീസണില്‍ ഇതാദ്യമായാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതെത്തിയത്.
🔳ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് ബൈജൂസ്, മത്സര പരീക്ഷ പരിശീലന രംഗത്തെ മുന്‍നിരക്കാരായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിനെ ഒരു ബില്യണ്‍ ഡോളറിന് (7340 കോടി രൂപ) സ്വന്തമാക്കാനുള്ള കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്ടെക് ഏറ്റെടുക്കലുകളിലൊന്നായ ഈ കരാര്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്ലപൂര്ത്തിയാകുമെന്നും ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാംഗ്ലൂര്‍ ആസ്ഥാനമായ ബൈജൂസിന്റെ മൂല്യം 1200 കോടി ഡോളറാണ്.
🔳എലോണ്‍ മസ്കിന്റെ ടെസ്ല ബെംഗളൂരുവില്‍ ഓഫീസ് ആരംഭിച്ചു. എന്നാല്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കും എന്ന് വ്യക്തമല്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ അനുസരിച്ച് ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബെംഗളൂരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) ലാവെല്ലെ റോഡിലുള്ള വിലാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2021 ല്‍ ടെസ്ല കാറുകള്‍ ഇന്ത്യയില്‍ വില്ക്കാന് തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
🔳ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്റര്‍ ഇന്ന് തിയറ്ററിലെത്തി. ഇപ്പോഴിതാ ആദ്യ ഷോ തന്നെ കാണാന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ എത്തിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകന് ലോകേഷ് കനഗരാജ് ഉള്‍പ്പടെയുള്ളവരാണ് ആദ്യ ദിനം തന്നെ എത്തിയത്. കൊവിഡ് കാലമായതിനാല്‍ ഏറെക്കാലം പൂട്ടിയിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രം തന്നെ എത്തിയതിനാല്‍ ആവേശത്തിലായി. ചെന്നൈയിലെ ഒരു പ്രമുഖ തിയറ്ററില്‍ സംവിധായകന് ലോകേഷ് കനകരാജും സംഘവും ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ എത്തി. സംവിധായകന് ലോകേഷ് കനഗരാജിന് ഒപ്പം സംഗീത സംവിധായകന് അനിരുദ്ധ് രവചന്ദെര് നടന്മാരായ ശന്തനു, അര്ജുന് ദാസ് എന്നിവരാണ് സിനിമ കാണാന്‍ എത്തിയത്.
🔳നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും എത്തുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചതുര്‍മുഖം' ആണ് അതിലൊരു ചിത്രം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 25 വര്‍ഷത്തെ കരിയറില്‍ മഞ്ജു ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്.
Dailynews
Post a comment