26 ഫെബ്രുവരി 2021

4 ലക്ഷം ഡോസ് വാക്‌സിൻ ഇന്ന്‌ എത്തും ; 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം
(VISION NEWS 26 ഫെബ്രുവരി 2021)


തിരുവനന്തപുരം
സംസ്ഥാനത്ത് 4,06,500 ഡോസ് കോവിഡ്‌ വാക്‌സിൻകൂടി വെള്ളിയാഴ്‌ച എത്തും. ഇതുസംബന്ധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്‌ സംസ്ഥാനത്തിന്‌‌ ലഭിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുമാണ് എത്തുക.

കേന്ദ്രമാർഗനിർദേശം വരുന്നതനുസരിച്ച് 60 വയസ്സിന് മുകളിലുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 60ന്‌ മുകളിലുള്ള 40 ലക്ഷം പേരുണ്ടെന്നാണ്‌ പ്രാഥമിക കണക്ക്‌. ഇവർക്ക്‌ തൊട്ടടുത്ത പ്രദേശത്ത് വാക്‌സിൻ എടുക്കുന്നതിനുള്ള കേന്ദ്രം ഒരുക്കും. 300 സ്വകാര്യ ആശുപത്രിയിലും സൗകര്യം ഒരുക്കുന്നുണ്ട്‌.

വാക്‌സിനേഷൻ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നു. കോവിഡ് മുന്നണി പോരാളികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വാക്‌സിനേഷൻ വേഗത്തിലാക്കാൻ മന്ത്രി നിർദേശിച്ചു. ഇവരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. കേന്ദ്രത്തിന്റെ മാർഗനിർദേശം ലഭിച്ചാൽ ഉടൻ വയോജനങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും.

രജിസ്റ്റർ ചെയ്തിട്ട് വാക്‌സിൻ എടുക്കാനാകാത്ത ആരോഗ്യ പ്രവർത്തകർ 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാർച്ച് ഒന്നിന് മുമ്പായും എടുക്കണം. സംസ്ഥാനത്ത് ഇതുവരെ 3,38,534 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. അതിൽ 71,047 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 79,115 കോവിഡ് മുന്നണി പോരാളികളും 13,113 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 611 വാക്‌സിനേഷൻ കേന്ദ്രമാണ് സംസ്ഥാനത്ത്‌ സജ്ജമാക്കിയത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only