2021 ഫെബ്രുവരി 1 | 1196 മകരം 19 | തിങ്കൾ | ഉത്രം|
🌹🦚🦜➖➖➖➖➖➖➖➖
🔳ഇന്ത്യയെന്നാല്‍ രാജ്യമോ ഭൂപ്രദേശമോ എന്നതിനെക്കാള്‍ വളരെ വിശാലമായ ഒന്നാണെന്നും ഭാരതത്തെക്കുറിച്ച് അറിയുന്നവര്‍ക്ക് അത് മനസിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനനന്ദന്‍ തുടങ്ങിയ 'പ്രബുദ്ധ ഭാരത' എന്ന പ്രസിദ്ധീകരണത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി മുതലക്കണ്ണീര് ഒഴുക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയട്രാക്ടര് പരേഡിനെ മന് കി ബാത്തിലൂടെ പ്രധാനമന്ത്രി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായപ്രകടനം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പതിറ്റാണ്ടുകളോളം ദേശീയപതാക ഉയര്‍ത്താന്‍ വിസമ്മതിച്ച ആര്‍എസ്എസ്സുമായി ചേര്‍ന്നുപോകുന്നതില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഞെട്ടാത്തതെന്നും മറ്റുളളവരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കണമെന്നും ദിഗ്വിജയ് സിങ്.
🔳റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്ത കര്‍ഷകരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് കര്‍ഷക നേതാവ് നരേഷ് ടികായത്. അപ്രകാരം ചര്‍ച്ചയ്ക്കുള്ള ഒരു സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിന്റെ പേരില്‍ മാത്രം ഞങ്ങള്‍ ഒന്നിനും സമ്മതം മൂളില്ല. മാന്യമായ ഒരു പ്രശ്നപരിഹാരത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കിയവര്‍ എത്തിയ ട്രാക്ടറുകളുടെ ഉടമകളെത്തേടി ഡല്‍ഹി പോലീസ്. ട്രാക്ടര്‍ ഉടമകളുടെയെല്ലാം മേല്‍വിലാസം കണ്ടെത്തി അവര്‍ക്കെല്ലാം നോട്ടീസ് അയയ്ക്കുമെന്ന് ഡല്‍ഹി എസിപി ബി.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
🔳കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഉടന്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ എക്സിം ഡയറക്ടര്‍ പി.സി നമ്പ്യാര്‍. 2021 ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്കാനാവുന്ന കോവിഡ് വാക്സിന് ലഭ്യമാവുമെന്നും ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കുട്ടികള്‍ക്ക് നല്‍കാനാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
🔳ഇന്ന് കേന്ദ്ര ബജറ്റ്. കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 'മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. പൊതു ബജറ്റില്‍ കാര്യമായ നികുതി ഇളവിന് സാധ്യതയില്ല. വളര്‍ച്ച ഉറപ്പാക്കാനും കര്‍ഷകരെ കൂടെ നിര്‍ത്താനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍
🔳പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അക്കമിട്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിലുണ്ടെന്നും അവരുടെ അംഗീകാരം നേടി ഒരു വിജയിയായിട്ടാണ് ചെന്നിത്തല കാസര്‍കോട് നിന്ന് ജാഥ ആരംഭിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
➖
🔳കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുളളതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര് ഇവരെ കണ്ടാല്‍ നമിക്കുമെന്നും ചെന്നിത്തല.
🔳രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്രയ്ക്കെതിരെ സിപിഎം നേതാവ് പി ജയരാജന്. വര്‍ഗീയതയുടെ ഐശ്വര്യകേരളമാണ് യാത്രയുടെ ലക്ഷ്യമെന്ന് ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു. മതനിരപേക്ഷ വോട്ടുകള്‍ ഇനി യു.ഡി.എഫിന് കിട്ടില്ലെന്നതുകൊണ്ട് പിടിച്ചു നില്ക്കാന് തീവ്ര മതവര്‍ഗീയ വഴികള്‍ തേടുകയാണ് യുഡിഎഫ് എന്നും ജയരാജന്.
🔳കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ 'ഐശ്വര്യ കേരളയാത്ര'യുടെ പരസ്യത്തില്‍ വന്ന അബദ്ധം ഗൗരവതരമായ വീഴ്ചയാണെന്ന് പത്രത്തിന്റെ എം.ഡി.യുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജെയ്സണ്‍ ജോസഫ്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണം പത്രത്തില്‍ ഐശ്വര്യ കേരളയാത്രക്ക് ആശംസകളര്‍പ്പിച്ച് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ആശംസകളോടെ എന്നതിനു പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരുന്നത്.
🔳ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ അദാലത്തുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെബ്രുവരി 1 മുതല്‍ 18 വരെയാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.
🔳ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അനാരോഗ്യം കാരണം വിശ്രമത്തിലുള്ള കെ.ആര് ഗൗരിയമ്മയെ ഒഴിവാക്കി. എ.എന്‍ രാജന്‍ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കെ ആര് ഗൗരിയമ്മയെ പാര്‍ട്ടി പ്രസിഡന്റാക്കി. സഞ്ജീവ് സോമരാജനാണ് ആക്ടിംഗ് പ്രസിഡന്റ്.
🔳കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകപ്രക്ഷോഭമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന് ഊന്നല്‍ നല്കാന് സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. തൊഴിലാളി-കര്‍ഷക ഐക്യത്തിനുപുറമേ ബഹുജനവിഭാഗങ്ങളെ അണിനിരത്തിയുള്ള പ്രചാരണപരിപാടികള്‍ നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
🔳കേരളത്തില്‍ ഇന്നലെ 48,118 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3743 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 407 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5730 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70
🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്പോട്ട് മാത്രം. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 375 ഹോട്ട് സ്പോട്ടുകള്‍
🔳ഇന്നുമുതല്‍ സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗരേഖയിലാണ് 100 ശതമാനം സീറ്റുകള്‍ക്കും അനുമതി നല്‍കിയത്. കേന്ദ്ര തീരുമാനത്തെ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ തുടങ്ങിയവ സ്വാഗതം ചെയ്തു.
🔳രാജ്യത്ത് കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കിത്തുടങ്ങിയ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുകാലുകളും തളര്‍ന്ന എന്‍.എസ്. രാജപ്പനെ അഭിനന്ദിച്ചു. കുമരകം മഞ്ചാടിക്കരി സ്വദേശി എന്‍.എസ്. രാജപ്പന്റെ പ്രതിഫലമില്ലാത്ത കായല്‍ ശുചീകരണത്തെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. തളര്‍ന്ന ഇരുകാലുകളും പരാധീനതയായി കാണാതെ രാജപ്പന് നടത്തുന്ന ശുചീകരണം ആര്‍ക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳സംസ്ഥാനത്ത് മദ്യവില വര്‍ധിച്ചു. ഇന്ന് ഡ്രൈഡേ ആയതിനാല്‍ നാളെ മുതലാകും പ്രാബല്യത്തില്‍ വരിക. വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ധനയുണ്ട്. ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
🔳അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്കാന് വാഹന ഇന്‍ഷുറന്‍സില്‍നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമുണ്ട്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്കാന് തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തും.
🔳പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്മാന് സി.വി ജേക്കബ് (87) അന്തരിച്ചു. സിയാല്‍ ഡയറക്ടറാണ്. സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
🔳ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. അംബാല സ്വദേശി ബല്‍ജീത് കൗര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
🔳രാജസ്ഥാന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് മുന്നേറ്റം. 3034 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1197 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 1140 സീറ്റുകളില്‍ വിജയിച്ചു.
🔳ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിമാരായ അമിത് ഷായും സ്മൃതി ഇറാനിയും. കഴിഞ്ഞ 10 വര്‍ഷക്കാലമായി മമത സംസ്ഥാനത്തോട് കാണിച്ച അനീതിക്ക് ബംഗാള്‍ ജനത മാപ്പ് നല്‍കില്ലെന്ന് അമിത് ഷാ പറഞ്ഞു. ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്ത്താനാനാവില്ലെന്നും രാമരാജ്യം ബംഗാളിന്റെ വാതില്‍ക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
🔳രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്. മോദി സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡിപിസിസി അധ്യക്ഷന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ രാഹുല്‍ പാര്‍ട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.
🔳1.3 ലക്ഷം കോടിരൂപ ചെലവഴിച്ച് 144 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇതുസംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെയാവും 144 യുദ്ധവിമാനങ്ങളും നിര്‍മിക്കുക. വിദേശ കമ്പനികള്‍ യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യന്‍ പങ്കാളികള്‍ക്ക് കൈമാറേണ്ടിയും വരും.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,519 കോവിഡ് രോഗികള്‍. ഇതില്‍ 5266 രോഗികളും കേരളത്തില്‍. മരണം 116. ഇതോടെ ആകെ മരണം 1,54,428 ആയി. ഇതുവരെ 1,07,58,619 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.65 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 2,585 പേര്‍ക്കും ഡല്‍ഹിയില്‍ 140 പേര്‍ക്കും തമിഴ്നാട്ടില്‍ 508 പേര്‍ക്കും കര്‍ണാടകയില്‍ 522 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 116 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,82,730 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,02,662 പേര്‍ക്കും ബ്രസീലില്‍ 27,756 പേര്‍ക്കും ഇംഗ്ലണ്ടില്‍ 21,088 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.35 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.61 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,992 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,802 പേരും മെക്സിക്കോയില്‍ 1,495 പേരും ഇംഗ്ലണ്ടില്‍ 587 പേരും ബ്രസീലില്‍ 563 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 22.27 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയെ തകര്‍ത്ത് കിരീടം സ്വന്തമാക്കി തമിഴ്നാട്. ഏഴു വിക്കറ്റിനായിരുന്നു തമിഴ്നാടിന്റെ ജയം. ബറോഡ ഉയര്‍ത്തിയ 121 രണ്സ് വിജയലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്നാട് മറികടന്നു.
🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇതോടെ തുടര്‍ച്ചയായ നാലു സമനിലകള്‍ക്ക് ശേഷം ഒരു ജയം സ്വന്തമാക്കാന്‍ ഹൈദരാബാദിനായി.
🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി എ.ടി.കെ. മോഹന്‍ ബഗാന്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് എ.ടി.കെ തകര്‍ത്തത്. എ.ടി.കെയുടെ റോയ് കൃഷ്ണ ഇരട്ട ഗോളുകളുമായി തിളങ്ങി.
🔳സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം പാദം 1,468 കോടി രൂപ ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍ അറ്റാദായം കണ്ടെത്തി. കൃത്യം ഒരു വര്‍ഷം മുന്‍പ് 343.57 കോടി രൂപ നഷ്ടത്തിലായിരുന്നു സെയില്‍ ഡിസംബര്‍ പാദം പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ സെയിലിന്റെ മൊത്തം വരുമാനം 19,997.31 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 16,714.87 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
🔳പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദം 35.44 കോടി രൂപ അറ്റാദായം പിടിക്കാന്‍ യൂക്കോ ബാങ്കിന് സാധിച്ചു. 2019 സാമ്പത്തികവര്‍ഷം 960.17 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് ഡിസംബര്‍ പാദം പിന്നിട്ടിരുന്നത്. കഴിഞ്ഞപാദം മൊത്തം പലിശവരുമാനം 13.8 ശതമാനം വര്‍ധനവോടെ 1,407.15 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 1,236.59 കോടി രൂപയായിരുന്നു.
🔳ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന 'കര്ണ്ണന്' ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലേക്ക്. റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും ടീസറും സംവിധായകന് പങ്കുവച്ചു. വാള് പിടിച്ച് ഒരു കുന്നിന് മുകളിലേക്ക് ഓടി കയറുന്ന ധനുഷാണ് ടീസറിലുള്ളത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രവും ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രവും കൂടിയാണ് കര്ണ്ണന്. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.
🔳ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമ ഒരുക്കാന്‍ രമേഷ് പിഷാരടി. മോഹന്‍ലാലിനെ നായകനാക്കി പിഷാരടി പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ദ പ്രീസ്റ്റ്, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നിവയാണ് രമേഷ് പിഷാരടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. കോമഡി പരിപാടികളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയ രമേഷ് പിഷാരടി പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.
🔳ഹൈനസ് സി.ബി.350-ക്ക് പിന്നാലെ ഫെബ്രുവരി 16-ന് ഹോണ്ടയുടെ ഒരു പുത്തന്‍ മോഡല്‍ കൂടി നിരത്തുകളിലെത്തുന്നു. ഈ ബൈക്കിന്റെ വരവറിയിച്ചുള്ള ടീസര്‍ ഹോണ്ട പുറത്തുവിട്ടു. ഹൈനസ് സി.ബി.350-യുടെ കഫേ റേസര്‍ പതിപ്പായിരിക്കും വരാനിരിക്കുന്നതെന്നാണ് പ്രവചനങ്ങള്‍. ഹൈനസിന് കരുത്തേകുന്ന എന്‍ജിനായിരിക്കും വരാനിരിക്കുന്ന ബൈക്കിലും നല്‍കുക.
🔳കേവലമനുഷ്യന്റെ ധര്മ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയര്‍ത്തിയ ജീവസ്സുറ്റ കഥകള്‍. പെണ്ണുങ്ങള്‍മാത്രം കാണുന്ന കാലത്തിന്റെ നേര്‍ക്കാഴ്ച ഈ സര്‍ഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയര്ത്തുന്നു. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ 'കഥാപൗര്ണ്ണമി' യില്‍ ഉള്‍പ്പെടുന്ന പുസ്തകം. 'യമ'. ഡിസി ബുക്സ്. വില 180 രൂപ.
🔳ചെവിയിലെ അണുബാധ പല കാരണങ്ങള്‍ മൂലവും ഉണ്ടാകാം. പ്രധാനമായും തണുപ്പുകാലത്ത്, കാലാവസ്ഥ മൂലമാണ് ചെവിയില്‍ അണുബാധയുണ്ടാകുന്നത്. ഇത് മുതിര്‍ന്നവരെക്കാള്‍ അധികമായി കുട്ടികളിലാണ് കണ്ടുവരുന്നത്. തണുപ്പുകാലത്ത് ബാക്ടീരിയല്‍ വളര്‍ച്ച കൂടുതലായിരിക്കും. ഇത് മൂലം വൈറസുകളുടെ വ്യാപനവും ശക്തിപ്പെടുന്നു. ഇതാണ് അണുബാധകള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്. ജലദോഷം, ശ്വാസകോശസംബന്ധമായ അണുബാധകള്‍ എന്നിവയെല്ലാം ചെവിയിലെ അണുബാധയിലേക്ക് നയിക്കുന്നു. ഇത് രണ്ട് തരത്തിലുണ്ടാകാം. ഒന്ന്, കുറഞ്ഞ സമയത്തേക്ക് അസഹ്യമായ വേദനയോട് കൂടിയുണ്ടാകുന്നത്. രണ്ടാമത്തേത്, ദീര്‍ഘസമയത്തേക്ക്, ഒരുപക്ഷേ ദിവസങ്ങളോളമെല്ലാം നീണ്ടുനില്‍ക്കുന്ന അണുബാധ. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ചെവിക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതകളേറെയാണ്. ചെവി വേദന, ശബ്ദം മങ്ങിക്കേള്ക്കുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ചെവിയിലെ അണുബാധയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ചില സമയങ്ങളില്‍ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അണുബാധ ദീര്‍ഘസമയത്തേക്ക് നീണ്ടുനില്‍ക്കാനും അത് ചെവിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതകളേറുന്നു. ചെവിക്കകത്ത് എപ്പോഴും സമ്മര്‍ദ്ദമനുഭവപ്പെടുക, പനി, തലവേദന, തലകറക്കം, കേള്‍വിക്കുറവ്, ചെവിയില്‍ നിന്ന് ദ്രാവകം പുറത്തുവരിക എന്നിവയെല്ലാം വിവിധ തരത്തിലുള്ള അണുബാധകളുടെ ലക്ഷണമാണ്. തണുപ്പുകാലത്തെ ജലദോഷം തുടങ്ങി സൈനസ്, അലര്‍ജി, പുകവലി തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ചെവിയില്‍ അണുബാധയുണ്ടാകാം.
*ശുഭദിനം*
*കവിത കണ്ണന്*
ആ വഴി തീരെ ഇടുങ്ങിയതായിരുന്നു. പിന്നെ പരിചയമില്ലാത്ത വഴിയും. പെട്ടെന്നാണ് അയാളുടെ കാര്‍ ഓഫായിപ്പോയത്. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. അയാള്‍ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് തൊട്ടുപിന്നി്ല് കിടന്നിരുന്ന കാര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങിയത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കേടായ കാറിന്റെ ഡ്രൈവര്‍ ഇറങ്ങി, പിന്നിലെ കാറിന്റെ ഡ്രൈവറുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: ഞാന്‍ നോക്കിയിട്ട് എന്റെ കാര്‍ അനങ്ങുന്നില്ല. ഇനി നിങ്ങള്‍ ഒന്ന് ശ്രമിക്കാമോ.. ഞാന്‍ നിങ്ങളുടെ കാറിലിരുന്ന് ഹോണടിക്കാം.... എല്ലാം അറിയുന്ന ആരുമുണ്ടാകില്ല. ചില സമയത്ത്, ചിരപരിചിതമുള്ളവയുടെ മുന്നില്‍ പോലും നാം നിസ്സഹായരായിപ്പോകും. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നവര്‍ക്ക് വേണ്ടത് തുണയാണ്. സമ്മര്‍ദ്ദമല്ല, വാഴുന്നവരുടെ കൂടെ എപ്പോഴും ആള്ക്കാര് ഉണ്ടാകും. എന്നാല്‍ വീണുകിടക്കുന്നവനെ ശ്രദ്ധിക്കാന്‍ പോലും ആരും കാണില്ല. വഴിയില്‍ എപ്പോഴെങ്കിലും ഒന്ന് വീണുപോകേുമ്പോഴറിയാം വഴിയാത്രക്കാരുടെ സ്വഭാവം. അതിവേഗം ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്ക് ഒന്ന് വഴുതി വീഴുന്നത് ചിലപ്പോഴൊക്കെ നല്ലതാണ്. കണ്ടിട്ടും കാണാതെ പോകുന്നവരേയും, മറ്റുമാര്‍ഗ്ഗമില്ലാത്തതുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നവരേയും നമുക്കവിടെ കണ്ടുമുട്ടാം. നിസ്സഹായതയേക്കാള്‍ ഭീകരം നിസ്സഹായതയില്‍ നേരിടുന്ന അവഹേളനമാണ്. മാനക്കേടില്‍ തുടരാനോ, വഴിയില്‍ വീണുകിടക്കാനോ താല്പര്യം? എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള അതിതീവ്രശ്രമം ഓരോ ശ്വാസത്തിലുമുണ്ടാകും. അങ്ങനെയുള്ളവരെ കാണാതെ പോകാതെ, ഒന്നു കൈകൊടുക്കാനുളള മനസ്സ് കാണിച്ചാല്‍ അവരും തങ്ങളുടെ യാത്ര തുടരുക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖
Post a comment