14 February 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 14 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ധീരരക്തസാക്ഷികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പിച്ചു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദി ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് രാജ്യത്തിന് ഇന്ന് സമര്‍പ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബി.ജെ.പി.കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും.
🔳ട്രക്കും ബസും കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശില്‍ ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു. ഇന്ന് രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുര്‍നൂല്‍ പോലീസ് മേധാവി വ്യക്തമാക്കി. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു അപകടത്തില്‍പെട്ടത്.

🔳ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ബെംഗളൂരുവില്‍ നിന്നുളള പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പെയ്‌നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവി (21) എന്ന യുവപരിസ്ഥിതി പ്രവര്‍ത്തകയെ ആണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് ദിഷ രവിക്കെതിരേയുള്ള കേസ്.

🔳ഇടതുബന്ധം മുറിച്ച മാണി സി കാപ്പന്‍ ഇനി യുഡിഎഫിന്റെ ഭാഗം. പാലായില്‍ ഐശ്വര്യ കേരള യാത്ര എത്തിയപ്പോള്‍ ശക്തിപ്രകടനവുമായി കാപ്പനും അനുയായികളും അതിനൊപ്പം ചേര്‍ന്നു. രമേശ് ചെന്നിത്തലയോടൊപ്പം കാപ്പനെ സ്വീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയ നേതാക്കളെത്തി. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഫലത്തില്‍ ഇന്നത്തെ യോഗം കാപ്പന്റെ പാലായിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടിയായി.

🔳ഐശ്വര്യ കേരള യാത്രയുടെ വേദിയിലും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മാണി സി കാപ്പന്‍. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്ന് പറഞ്ഞാണ് യുഡിഎഫിലെത്തിയ ശേഷം കാപ്പന്‍ പ്രസംഗം തുടങ്ങിയത്.

🔳മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നും കാപ്പന്റെ ആവശ്യം ന്യായമാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. മാണി സി.കാപ്പന്‍ യുഡിഎഫിനൊപ്പം പോകുന്ന വാര്‍ത്തയോട് പ്രതികരിച്ചതായിരുന്നു പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന് രമേശ് ചെന്നിത്തല. രണ്ട് കക്ഷികളുടെയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും അതിനെതിരെ കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു.

🔳കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ ഇതുവഴി കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.

🔳ക്ഷേത്രങ്ങളിലെ ഉത്സവച്ചെലവ്, വഴിപാട് ചെലവ്, തന്ത്രിദക്ഷിണ എന്നിവ ദുര്‍വ്യയമാണെന്ന് ദേവസ്വം വകുപ്പ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച്, പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് വിവാദപരാമര്‍ശം. മലബാര്‍ ദേവസ്വം ബോര്‍ഡിലെ കാര്യമാണെങ്കിലും ദേവസ്വം വകുപ്പിന്റെ നിര്‍ദേശമായതിനാല്‍ ഭാവിയില്‍ മറ്റു ദേവസ്വം ബോര്‍ഡുകളിലും ബാധകമാകുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

🔳സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 34 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. ഈ മാസം എട്ടാമത്തെ തവണയാണ് വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.61 രൂപയും ഡീസലിന് 85 രൂപയുമായി ഉയര്‍ന്നു.

🔳പാലക്കാട് കുനിശ്ശേരിയില്‍ മൂന്നു സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.

🔳ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല  ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.  ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. തപോവന്‍ വിഷ്ണുഖട്ട് പവര്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള തുരങ്കത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

🔳2019 ഓഗസ്റ്റിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണെന്നും ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടവിലാക്കിയിരിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുളള. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുളള പുറത്തുവിട്ടത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പോലീസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

🔳ഒരു സംഘം കുരങ്ങുകള്‍ എടുത്ത് കൊണ്ടു പോയ രണ്ട് നവജാതശിശുക്കളില്‍ ഒരാള്‍ മരിച്ചു. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കുരങ്ങുകള്‍
എടുത്തു കൊണ്ട് പോയത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. കുരങ്ങുകള്‍ കുട്ടികളെ എടുത്ത് കൊണ്ടുപോകുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഒരു കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലില്‍ രണ്ടാമത്തെ കുഞ്ഞിനെ പരിസരത്തുള്ള ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കി മാഞ്ചെസ്റ്റര്‍ സിറ്റി. കരുത്തരായ ടോട്ടനത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി വിജയമാഘോഷിച്ചത്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് വീണ്ടും അടിതെറ്റി. ലെസ്റ്റര്‍ സിറ്റിയാണ് ചെമ്പടയെ കീഴടക്കിയത്. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ കീഴടക്കിയത്.

🔳ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സിന് പുറത്ത്. ഫോളോഓണ്‍ ഒഴിവാക്കിയ ഇംഗ്ലണ്ട് 195 റണ്‍സ് പിറകിലാണിപ്പോള്‍. ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും ഇശാന്ത് ശര്‍മയും രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 329ന് പുറത്തായിരുന്നു. ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായി. റിഷഭ് പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു.

🔳പരമാവധി പേരെ ബാങ്കിങ് മേഖലയിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സ് സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യുടെ റുപേ ജന്‍ധന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്ന് ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി. നിലവില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് ഉണ്ട്.

🔳കോവിഡ് കാരണം യുകെയുടെ സമ്പദ് രംഗം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. 2020ല്‍ ദേശീയ ഉല്‍പാദനത്തില്‍ 9.9% ഇടിവ് ഉണ്ടായതായി ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും സഞ്ചാര വ്യവസായ മേഖലയുടെ തളര്‍ച്ചയും മാന്ദ്യത്തിന് ആക്കം കൂട്ടി. അതേസമയം സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലുമാണ്. വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഒരു ശതമാനം വളര്‍ച്ചയുണ്ടായി. നേരിയതെങ്കിലും തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ നേട്ടമുണ്ടായി.

🔳നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളാുകുന്ന പുതിയ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീവണ്ടി സിനിമയുടെ സംവിധായകന്‍ പി. ഫെല്ലിനി ഒരുക്കുന്ന ചിത്രത്തിന്റെ പേര് 'ഒറ്റ്' എന്നാണ്. നര്‍മ്മവും ബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം ചേര്‍ന്ന ത്രില്ലര്‍ ചിത്രമാകും ഒറ്റ്. എസ്. സജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

🔳ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ സമ്മാനമായി  പ്രഭാസിന്റെ റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസര്‍ റിലീസ് ചെയ്തു. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് വേഷമിടുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

🔳ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരം ഹയാസും ഇന്ത്യയിലെത്തുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ എണ്ണം മാത്രമായിരിക്കും ആദ്യം വില്‍പ്പനയ്ക്ക് എത്തുകയെന്നും ഹയാസ് ജി.എല്‍. എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന ഈ 14 സീറ്റര്‍ എംപിവിക്ക് 55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

🔳അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുങ്ങിക്കുരുങ്ങിപ്പോകുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയും നിഗൂഢതയും ഒരു റിട്ടയേഡ് അധ്യാപകനിലൂടെ അവതരിപ്പിക്കുന്ന വാര്‍ധകം... തുടങ്ങി, ഈശ്വരന്റെ ലീലകള്‍, അവസാനിക്കാത്ത ഒരു കഥ, ആദരാഞ്ജലികള്‍, വിംലേഷിന്റെ വരവ്, നമ്മുടെ കുട്ടികള്‍, സഹയാത്രികകള്‍, അയാളുടെ കഥ, അച്ഛന്റെ മരണക്കിടക്ക, നായ്ക്കന്‍കൂടാരത്തിലെ രാത്രി, അയലത്തെ വിശേഷങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍. അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. 'യേശുദാസും ജയചന്ദ്രനും'. മാതൃഭൂമി. വില 133 രൂപ.

🔳ലോകത്ത് ലക്ഷക്കണക്കിന് പേരെ ബാധിച്ചിരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഈ ഘട്ടത്തില്‍ കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം ഹൃദയധമനികള്‍ക്ക് നാശം സംഭവിച്ച് ഹൃദ്രോഗമുണ്ടാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം അസാധാരണ ഹൃദയമിടിപ്പിനും കാരണമാകുമെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനവും ചൂണ്ടിക്കാട്ടുന്നു. അട്രിയല്‍ ഫൈബ്രിലേഷന്‍ എന്നറിയപ്പെടുന്ന ഈ അസാധാരണ ഹൃദയമിടിപ്പ് പ്രശ്‌നം ലോകത്ത് 40 ദശലക്ഷത്തോളം പേരെ ബാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഈയവസ്ഥ നേരിടുന്ന ജനങ്ങള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. ജനങ്ങളുടെ രക്ത സമ്മര്‍ദ നിരക്ക് മെച്ചപ്പെടുത്താനുള്ള പൊതുജനാരോഗ്യ പരിപാടികള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിങ്ങ്‌സ് കോളജിലെ ഡോ. ജോര്‍ജിയസ് ജോര്‍ജിയോപോളോസ് പറഞ്ഞു. അസാധാരണ ഹൃദയമിടിപ്പ് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയുന്നതാണെന്നും സങ്കീര്‍ണതകള്‍ കുറയ്ക്കാനാകുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 120ല്‍ താഴെയുള്ള സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ അട്രിയല്‍ ഫൈബ്രിലേഷന്‍ സാധ്യത 26 ശതമാനം കുറയ്ക്കുന്നതായി ഹൈപ്പര്‍ടെന്‍ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും അടിവരയിടുന്നു.

Post a comment

Whatsapp Button works on Mobile Device only