02 February 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാത വാർത്തകൾ
2021 ഫെബ്രുവരി 2 | 1196 മകരം 20 | ചൊവ്വ | അത്തം|


🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നു. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂറായിരിക്കും പ്രതിഷേധം. ഈ സമയം സംസ്ഥാന-ദേശീയ പാതകള്‍ തടയും. ഇന്നലെ വൈകുന്നേരം വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്.

🔳ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പ്രതിരോധിക്കാന്‍ റോഡുകളില്‍ തടസ്സം സൃഷ്ടിച്ച് പോലീസ്. നിരനിരയായി ബാരിക്കേഡുകള്‍ നിരത്തിയും എടുത്തുമാറ്റാവുന്ന കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയും റോഡില്‍ കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികള്‍ പാകിയുമാണ് പോലീസ് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത്രയും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

🔳ഇന്ത്യയുടെ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കര്‍ഷകരുമാണ് ഈ വര്‍ഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ നിക്ഷേപം നടത്താനും ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിക്കാനുമാണ് ബജറ്റിലൂടെ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇക്കൊല്ലത്തെ ബജറ്റില്‍ സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനം നല്‍കാനാണ് തീരുമാനിച്ചതെന്നും സാമ്പത്തിക മേഖലയില്‍ പുരോഗമനപരമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും എല്ലാം സുതാര്യമാണെന്നും നിര്‍മല സീതാരാമന്‍.

🔳ധനമന്ത്രി നിര്‍മല സീതാരാമന്‍ ദരിദ്രരെയും കുടിയേറ്റ തൊഴിലാളികളെയും വഞ്ചിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് നിര്‍മല സീതാരാമന്‍ ബജറ്റില്‍ ശ്രദ്ധ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 4.00 രൂപയും ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകര്‍ ഉള്‍പ്പടെ, സാധാരണക്കാരായ പൗരന്മാര്‍ക്കു നേരെയുളള ക്രൂരമായ പ്രഹരമാണെന്നും ഇതിനു മുമ്പില്ലാത്ത വിധം നിരാശാജനകമാണ് ബജറ്റെന്നും ചിദംബരം പറഞ്ഞു.

🔳സ്വകാര്യവത്ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി, പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്ന ബജറ്റാണ് നിര്‍മ്മലാ സീതാരാമന്റേതെന്നും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ആംആദ്മി, സിപിഎം അടക്കമുളള പ്രതിപക്ഷ കക്ഷികള്‍. ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നത് മറന്ന മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആസ്തി മുതലാളിമാരായ സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വരെ സര്‍ക്കാര്‍ വില്‍ക്കുകയാണെന്നും മമതാ ബാനര്‍ജി. രാജ്യത്തിന്റെ വികസനമല്ല, രാജ്യത്തെ വില്‍ക്കുന്ന ബജറ്റാണെന്ന് ആര്‍ജെഡിയും ചില കമ്പനികള്‍ക്ക് മാത്രം ഗുണകരമായ ബജറ്റാണെന്നും സാധാരണക്കാരന്റെ പ്രശ്നങ്ങളെ വര്‍ധിപ്പിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചു.

➖➖➖➖➖➖➖➖


🔳തദ്ദേശീയ ഉല്പന്നങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കും പവര്‍ബാങ്കുകള്‍ക്കും കോട്ടണ്‍, പട്ടുനൂല്‍, പെട്രോള്‍, ഡീസല്‍, എസി, ഫ്രിഡ്ജ് എന്നിവക്ക് വില ഉയരും. അതേസമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലെതര്‍ ഉല്പന്നങ്ങളുടേയും നൈലോണ്‍ വസ്ത്രങ്ങളുടേയും ഇരുമ്പ്, സ്റ്റീല്‍, ചെമ്പ് എന്നിവയുടെ വിലയും കുറയും.

🔳കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭാരത് മാലാ പദ്ധതി പ്രകാരം സംസ്ഥാനത്ത് ദേശീയ പാതാ നിര്‍മാണത്തിന് 65,000 കോടിയും കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി രൂപയും അനുവദിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ഷാ പറഞ്ഞു.

🔳രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിനെ കൈപിടിച്ചുയര്‍ത്തുന്ന ബജറ്റിന് പിണറായി വിജയനും തോമസ് ഐസക്കും കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍.

🔳കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിര്‍ദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  

🔳കേന്ദ്ര ബജറ്റിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ഈ ബി.ജെ.പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നത്, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്താവിനോടു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ്- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

🔳എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഇന്ന് റോഡില്‍ ഓടുന്നതുതന്നെ മോദി എന്ന ഡ്രൈവറുടെ മിടുക്കുകൊണ്ടാണെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. ബ്രേക്കില്ലെങ്കിലും ഹോണ്‍ ശബ്ദത്തിലാക്കി എന്ന് പരിഹസിക്കുന്ന തരൂര്‍ ഒരിക്കല്‍പ്പോലും എന്‍ജിന്‍ തകരാറായതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഹോണ്‍ അടിക്കാനാണ് തരൂര്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍  എന്‍ജിന്‍ ശരിയാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍

🔳കേരളത്തില്‍ ഇന്നലെ 33,579 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,207 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചവരുടെ വിവരങ്ങള്‍ : മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകള്‍

🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും മന്ത്രിമാര്‍ പങ്കെടുക്കുന്ന ആലപ്പുഴയിലെ 'സാന്ത്വന സ്പര്‍ശം' പരാതി പരിഹാര
അദാലത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹികാകലം പാലിക്കാതെ നൂറുക്കണക്കിന് ആളുകളാണ് സഹായം സ്വീകരിക്കാനും മറ്റുമായി തടിച്ചു കൂടിയത്. തിങ്കളാഴ്ച രാവിലെ ലജനത്തുല്‍ മുഹമ്മദീയ സ്‌കൂളില്‍ നടന്ന അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലാണ് മന്ത്രിമാരുടെ സാന്നിധ്യത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.

🔳കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി കെ.എം.ആര്‍.എല്‍. ആവശ്യപ്പെട്ട തുക പൂര്‍ണമായും കേന്ദ്ര ബജറ്റില്‍ അനുവദിക്കപ്പെട്ടെന്ന് മെട്രോ എം.ഡി. അല്‍കേഷ് കുമാര്‍ ശര്‍മ ഐ.എ.എസ്. രാജ്യത്തെ ഏറ്റവും നിലവാരമുള്ള മെട്രോയുടെ കുതിപ്പിന് ഇത് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തെ പൂര്‍ണ്ണമായും വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ബി ജെ പിയും സി പി എമ്മും നടത്തുന്നതെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇവര്‍ ഒരേ തൂവല്‍ പക്ഷികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ് രണ്ട് പേരുടേയും ലക്ഷ്യം. ലക്ഷ്യം ഒന്നായതുകൊണ്ടു തന്നെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയും വളരെ ശക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

🔳ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യു.ഡി.എഫ്. ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുമുന്നണി എന്ത് നിലപപാടായിരിക്കും സ്വീകരിക്കുകയെന്ന് യു.ഡി.എഫ്. ഉറ്റുനോക്കുന്നത്.

🔳'ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്നും പ്രമുഖ എഴുത്തുകാരന്‍ ടി.പത്മനാഭന്‍.  1940-ല്‍ ഗാന്ധിജി ആഹ്വാനംചെയ്ത വ്യക്തിസത്യാഗ്രഹത്തില്‍ പത്താമത്തെ വയസ്സില്‍ പങ്കെടുത്തയാളാണ് താനെന്നും തന്നെ സന്ദര്‍ശിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി സംസാരിക്കുന്നതിനിടയില്‍ പത്മനാഭന്‍ പറഞ്ഞു.

🔳വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. മുസ്ലീംലീഗിനെ വര്‍ഗീയ പാര്‍ട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

🔳ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിനാണിത്.

🔳ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977-ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു.

🔳തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ എസ്.ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. എസ്.ഐ.യായ ബാലുവാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനിലെ ഹോട്ടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് സംഭവം.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 8,579 കോവിഡ് രോഗികള്‍. ഇതില്‍ 3,459 രോഗികളും കേരളത്തില്‍.  മരണം 94. ഇതോടെ ആകെ മരണം 1,54,522 ആയി. ഇതുവരെ 1,07,67,206 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.60 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 1,948 പേര്‍ക്കും ഡല്‍ഹിയില്‍ 121 പേര്‍ക്കും തമിഴ്നാട്ടില്‍ 502 പേര്‍ക്കും കര്‍ണാടകയില്‍ 388 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 64 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,63,596 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,07,424 പേര്‍ക്കും ബ്രസീലില്‍ 24,591 പേര്‍ക്കും സ്പെയിനില്‍ 25,867 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.38 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.60 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,600 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,610 പേരും ജര്‍മനിയില്‍ 619 പേരും ബ്രസീലില്‍ 565 പേരും  ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 22.46 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി . ഇസ്രായേലി പ്രതിനിധികള്‍ക്ക് സുരക്ഷ ഉറപ്പുവരുന്നതിനായി ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് അദ്ദേഹം നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു.

🔳ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ വൈകിപ്പിച്ചതോടെയാണ് പദ്ധതിയുടെ അനിശ്ചിതാവസ്ഥ ചര്‍ച്ചയാവുന്നത്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ.എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. മുബഷിര്‍ റഹ്മാനാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ജംഷേദ്പുരിന്റെ ലെന്‍ ദുംഗല്‍ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

🔳ചൈനീസ് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടെല്‍ എ47 എന്നാണ് പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണിന് പേര്. ഫെബ്രുവരി അഞ്ച് മുതല്‍ ആമസോണ്‍ വഴി 5499 രൂപയ്ക്ക്  ഫോണ്‍ വില്‍പനയ്‌ക്കെത്തും. കോസ്മിക് പര്‍പ്പിള്‍, ഐസ് ലേക്ക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.

🔳പോകോയുടെ അടുത്ത ബജറ്റ് നിരക്കിലുള്ള ഫോണ്‍ പോകോ എം3 ഫെബ്രുവരി രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന പോകോ എ3 യുടെ സവിശേഷതകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 6.53 ഇഞ്ച് സ്‌ക്കീനില്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം ഫോണിനുണ്ട്. പോകോ എം3യുടെ ആഗോള പതിപ്പില്‍ 48എംപി പ്രധാന ലെന്‍സ് ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത് സെല്‍ഫിയ്ക്കായി എട്ട് എംപി ലെന്‍സ് നല്‍കിയിരിക്കുന്നു.

🔳അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ 'ദ പ്രീസ്റ്റ്' ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആയാണ് എത്തുന്നത്.

🔳ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക്. രവി തേജയെ നായകനാക്കി രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന 'കിലാഡി' എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. ഡിംപിള്‍ ഹയതി, മീനാക്ഷി ചൗധരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അര്‍ജുന്‍ സര്‍ജയും കേശവ് ദീപക്കും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ മിഡ്-സൈസ് എസ്.യു.വി കുഷാഖ് എത്താനൊരുങ്ങുകയാണ്. വാഹനത്തിന്റെ ആഗോള അവതരണം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണിത്. 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്  വാഹനത്തിന് കരുത്തേകുക.  വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക.

🔳പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആര്‍. ഇന്ദുഗോപന്‍ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. 'പ്രേത വേട്ടക്കാരന്‍'. മാതൃഭൂമി. വില 285 രൂപ.

🔳കോവിഡ് വാക്‌സീനോടുള്ള ശരീരത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി പലരിലും പൊതുവായി കാണപ്പെട്ട ഒരു പാര്‍ശ്വഫലമാണ് കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന. സാധാരണ സഹിക്കാന്‍ പറ്റാത്ത വേദന വരുമ്പോള്‍ പലരും വേദനസംഹാരി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോവിഡിന്റെ വാക്‌സീന്‍ എടുത്ത ശേഷം ഉടനെ വേദന സംഹാരി കഴിക്കുന്നത് വാക്‌സീന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്‍ജെസിക്‌സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്‌സീന്റെ ശരീരത്തിലെ പ്രതിപ്രവര്‍ത്തനത്തിന് നന്നാകില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സാധാരണ ഗതിയില്‍ കുത്തിവയ്‌പ്പെടുത്ത് 2-3 ദിവസത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറിയ പനി, പേശീ വേദന, തലകറക്കം, തലവേദന, കുളിര്, ശരീര വേദന തുടങ്ങിയവയാണ് കുത്തിവയ്‌പ്പെടുത്ത സ്ഥലത്തെ വേദന കൂടാതെ വാക്‌സീന്‍ എടുത്തവര്‍ക്ക് വരാവുന്ന പാര്‍ശ്വഫലങ്ങള്‍. മൂന്നാമത്തെയോ നാലാമത്തെയോ ദിവസത്തോടെ ഈ പ്രശ്‌നങ്ങള്‍ കുറയാന്‍ തുടങ്ങും. ഒന്നുകില്‍ ഇത്ര ദിവസം കാത്തിരിക്കുകയോ അല്ലെങ്കില്‍ വേദന കുറയ്ക്കാന്‍ മരുന്നല്ലാത്ത മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കുകയോ ആണ് കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മുന്നിലുള്ള പരിഹാരം.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്നും പതിവുപോലെ അവര്‍ ആ ദേവാലയത്തിലെത്തി.  അവിടത്തെ പ്രതിഷ്ഠയ്ക്ക് മുമ്പില്‍ എന്തൊക്കെയോ എഴുതിയിടുന്നത് ആ പുരോഹിതന്‍ കണ്ടു.  അന്ന് അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ ആ തുണ്ട് കടലാസ്സെടുത്ത് വായിച്ചു.  തീര്‍ത്തും വ്യക്തിപരമായ കുറെ സങ്കടങ്ങള്‍ ആ തുണ്ടു കടലാസ്സില്‍ എഴുതിയിരിക്കുന്നു.  ദിവസങ്ങള്‍ കടന്നുപോയി.  അവര്‍ തങ്ങളുടെ സങ്കടക്കടലുകളെ ആ തുണ്ടുകടലാസ്സില്‍ എഴുതിചേര്‍ത്തു.  ഒരു ദിവസം പുരോഹിതന്‍ അവരോട് ചോദിച്ചു:  എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ?   അപ്പോള്‍ അവര്‍ പറഞ്ഞു:  നിങ്ങളുടെ പ്രശ്നങ്ങളെ ദേവാലയത്തിലേക്ക് കൊണ്ടുവരിക എന്ന് ഒരു ആത്മീയപ്രഭാഷണത്തില്‍ ഞാന്‍ കേട്ടിരുന്നു.  അന്ന് തുടങ്ങിയതാണ് ഈ ശീലം.  ഭ്രാന്താണെന്ന് അങ്ങേയ്ക്ക് ഒരുപക്ഷേ തോന്നിയേക്കാം.  പക്ഷേ, എനിക്ക് ഇതെന്തോ വലിയ ആശ്വാസം നല്‍കുന്നു. അവര്‍ ഇരുട്ടിലേക്ക് പതിയെ നടന്നുപോകുന്നത് ആ പുരോഹിതന്‍ നോക്കി നിന്നു... ആരെല്ലാം ഉണ്ടായിരിക്കുന്നതിനേക്കാളും പ്രധാനമാണ് പ്രശ്നങ്ങള്‍ പറയാന്‍ ഒരാളുണ്ടായിരിക്കുക എന്നത്.  നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, സ്വന്തം പ്രശ്നങ്ങളെ അതേ ഭാവത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുക എന്നതാണ്.  ചിലരത് സഹപാഠികളിലോ, സുഹൃത്തുക്കളിലോ, ബന്ധുക്കളിലോ ഒക്കെ കണ്ടെത്തും, ചിലരത് ഈശ്വരനിലായിരിക്കും കണ്ടെത്തുക.  അങ്ങനെയൊരാള്‍ ഇല്ലാതായതുകൊണ്ട് ജീവിതയാത്രയ്ക്ക് അര്‍ദ്ധവിരാമിട്ട ഒരുപാട് പേരെ നമുക്ക് സമൂഹത്തില്‍ കണ്ടെത്താനാകും.  സത്യത്തില്‍ പ്രശ്നപരിഹാരമല്ല അവര്‍ക്കാവശ്യം, സംവേദനക്ഷമതയാണ് പ്രധാനം.  അങ്ങനെ ചെയ്യുമ്പോള്‍ തങ്ങുടെ മനസ്സിന്റെ ഭാരം പകുതി കുറയുന്നതായി അവര്‍ക്ക് തോന്നും.  ഒരാളെങ്കിലും തന്റെ പ്രതിസന്ധികളില്‍ ആത്മബലം തരാനുണ്ടെന്ന പ്രതീക്ഷ ചെറുതൊന്നുമല്ല ഒരാളെ മുന്നോട്ട് നയിക്കുക.  പലര്‍ക്കും അതിജീവനമാര്‍ഗ്ഗങ്ങള്‍ പലതാണ്.  അവര്‍ക്ക് മാത്രം മനസ്സിലാകുന്ന, സ്വയം കണ്ടെത്തുന്ന, മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നിയേക്കാവുന്ന മാര്‍ഗ്ഗങ്ങള്‍.  നമുക്ക് അവയെ പഴിചാരുകയോ, പരിഹസിക്കുകയോ ചെയ്യേണ്ടതില്ല.  കഴിയുമെങ്കില്‍ വേദനകള്‍ പങ്കിടാന്‍ കുറച്ച് ഇടം നമ്മുടെ മനസ്സില്‍ അവര്‍ക്ക് കരുതിവയ്ക്കാം - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only