🔳തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് 12 പേര് മരിച്ചു. സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാള്‍ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
🔳കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന മഹാപഞ്ചായത്തുകളില്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത് പങ്കെടുക്കും. സമരത്തെ പിന്തുണച്ചുകൊണ്ട് ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഏഴ് പൊതുസമ്മേളനങ്ങളിലാണ് ടിക്കായത്ത് പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക സമരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരത്തിലാണ്. പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ 11 തവണ ചര്‍ച്ച നടത്തെയെങ്കിലും ഒത്തുതീര്‍പ്പിലെത്തിയില്ല.
🔳കേന്ദ്ര ബജറ്റിനെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തെ കുറ്റപ്പെടുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്. ദരിദ്രര്‍ക്കുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് അവര്‍ രാജ്യസഭയില്‍ പറഞ്ഞു.
🔳ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്സിന് ഡോസുകള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദ രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്സിന് ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലുമാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ ആഭ്യന്തര വാക്സിന് ആവശ്യകതയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
🔳ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഡല്‍ഹിയിലടക്കം ഇന്നലെ രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബിലെ അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഹരിയാണ, യുപിയിലെ നോയ്ഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അമൃത്സറില് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്മോളജി സെന്ററിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
🔳സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ച തീരുമാനത്തിലെത്തിയില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച ഇന്ന് പുലര്‍ച്ചെ 1.15 വരെ നീണ്ടുനിന്നു.
➖➖➖➖➖➖➖➖
🔳സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെ മന്ത്രി എം.എം മണി. സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്നും രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും എം.എം മണി.
🔳ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്നതെന്നും അവരാരും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് മാസം മാത്രം ഇനി ആയുസുള്ള സര്‍ക്കാരിനെ ആര് അട്ടിമറിക്കാനാണെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ അട്ടിമറിച്ചോളുമെന്നും ചെന്നിത്തല പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 74,408 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127.
🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്പോട്ടുകള്‍.
🔳സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ തലവനെ അപായപ്പെടുത്താന്‍ ശ്രമം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. വയനാട് കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറവരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം കൊണ്ടോട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
🔳വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
🔳എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. മുന്നണി വിടാന്‍ എന്‍.സി.പി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. ശരത് പവാറും പ്രഫൂല്‍ പട്ടേലും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചയിലാണ് മുന്നണി മാറ്റം വേണ്ടെന്ന അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരത് പവാര്‍ തന്നെ ടി.പി പീതാംബരനെ അറിയിക്കും. അതേസമയം പാലാ സീറ്റിനെ ചൊല്ലി ഇടത് പാളയത്തിലേക്ക് ഇനിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മാണി സി കാപ്പന് മാത്രം മുന്നണി വിട്ടേക്കും. കാപ്പനും അനുയായികളും ഞായറാഴ്ച യുഡിഎഫില്‍ ചേരുമെന്നാണ് സൂചന.
🔳മലപ്പുറത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യങ് പരിപാടിക്കിടെ യൂത്ത് ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. ഇന്നലെ വൈകീട്ട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി കടന്നുവന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
🔳നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. ഇപ്പോള്‍ തുടര്‍ച്ചയായി വിജയിക്കുന്നവര്‍ക്കും മുന്‍കാലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ വിജയിച്ചവര്‍ക്കും തീരുമാനം ബാധകമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്നും കാനം വ്യക്തമാക്കി.
🔳മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐയില്‍ ധാരണയായതോടെ ആറ് എംഎല്‍എമാര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവില്ല, വി.എസ് സുനില്‍കുമാര്‍(തൃശൂര്‍),കെ. രാജു(പുനലൂര്‍), പി തിലോത്തമന്(ചേര്‍ത്തല), ഇ.എസ് ബിജിമോള്‍(പീരുമേട്), സി ദിവാകരന്(നെടുമങ്ങാട്), മുല്ലക്കര രത്നാകരന്(ചടയമംഗലം) എന്നീ എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കിയില്ലെങ്കില്‍ സീറ്റുണ്ടാവില്ല.
🔳ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തടയാന്‍ ശ്രമം. കോവിഡ് കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്.
🔳പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി രൂപ തിരികെ നല്കാന് കൂടുതല്‍ സമയം വേണമെന്ന് ക്ഷേത്ര ഭരണസമിതി. ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ബാബുവാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതല്‍ സമയം അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
🔳തൃണമൂല്‍ എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് സൂചന.
🔳പാങ്ഗോഗ് സോയിലെ പിന്മാറ്റ നടപടിയുടെ ഭാഗമായി രാജ്യത്തിന്റെ ഒരു പ്രദേശവും വിട്ടുനല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിര്‍ണായകമായ ഡേപ്സാംഗ് മേഖലയിലെ പിന്മാറ്റത്തേക്കുറിച്ച് അടുത്ത ഘട്ട സൈനിക തല ചര്‍ച്ചയിലാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 12,137 കോവിഡ് രോഗികള്‍. ഇതില്‍ 5,397 രോഗികളും കേരളത്തില്‍. മരണം 104. ഇതോടെ ആകെ മരണം 1,55,588 ആയി. ഇതുവരെ 1,08,92,550 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.33 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 3670 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 141 പേര്‍ക്കും തമിഴ്നാട്ടില്‍ 483 പേര്‍ക്കും കര്‍ണാടകയില്‍ 380 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 68 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,99,529 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 88,643 പേര്‍ക്കും ബ്രസീലില്‍ 49,157 പേര്‍ക്കും ഫ്രാന്‍സില്‍ 20,701 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.86 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.54 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 11,587 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,524 പേരും മെക്സിക്കോയില്‍ 1,474 പേരും ബ്രസീലില്‍ 1,092 പേരും ഇംഗ്ലണ്ടില്‍ 758 പേരും ജര്‍മനിയില്‍ 523 പേരും സ്പെയിനില്‍ 530 പേരും റഷ്യയില്‍ 507 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.91 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ്-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചിരുന്ന ഈസ്റ്റ് ബംഗാള്‍ ഇന്‍ജുറി ടൈമില്‍ ഗോള്‍ വഴങ്ങി. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബക്കാരെയും ഹൈദരാബാദിനായി നായകന് അരിടാനെ സന്റാനയും സ്കോര്‍ ചെയ്തു. ഹൈദരാബാദിന്റെ ആകാശ് മിശ്ര മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
🔳എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്. വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ് എച്ച്ഡിഎഫ്സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
🔳ബിറ്റ്കോയിന് വില സര്‍വകാല റെക്കോര്‍ഡില്‍. വ്യാഴാഴ്ച്ച മാസ്റ്റര്‍കാര്‍ഡും ബാങ്ക് ഓഫ് ന്യൂയോര്‍ക്കും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ ലളിതമാക്കിയ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന് മൂല്യം 7.4 ശതമാനം വര്‍ധിച്ചു. നിലവില്‍ ഒരു ബിറ്റ്കോയിന് 48,364 ഡോളറാണ് ഇന്റര്‍നെറ്റ് ലോകത്ത് വില. അതായത് ഇന്ത്യയിലിരുന്ന് ബിറ്റ്കോയിന് വാങ്ങണമെന്ന് വെച്ചാല്‍ യൂണിറ്റൊന്നിന് 35.19 ലക്ഷം രൂപ മുടക്കണം. തിങ്കളാഴ്ച്ച ചരിത്രത്തില്‍ ആദ്യമായി ബിറ്റ്കോയിന് മൂല്യം 47,000 ഡോളര്‍ പിന്നിട്ടിരുന്നു. ഈ റെക്കോര്‍ഡാണ് മൂന്നു ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും തിരുത്തപ്പെട്ടത്.
🔳ഷൈന്‍ ടോം ചാക്കോ, നൂറിന് ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പം' ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് ആലപിച്ച ''ആ നല്ല നാളിനി തുടരുമോ'' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഡിനു മോഹന്റെ വരികള്‍ക്ക് എറിക് ജോണ്‍സനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
🔳അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്സി വീണ്ടും നായികയാകുന്നു. ഡൊബാരാ എന്ന സിനിമയിലാണ് തപ്സി നായികയാകുന്നത്. അനുരാഗ് കശ്യപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണ ഒരു ടൈം ട്രാവല്‍ സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. വേറിട്ട രീതിയിലാണ് ടീസര്‍ എത്തിച്ചിരിക്കുന്നത്. തപ്സി അവരുടെ വീട്ടിലേക്ക് എത്തുന്നതാണ് ടീസറില്‍ കാണുന്നത്.
🔳റോയല്‍ എന്‍ഫീല്‍ഡിന്റെ, സാഹസിക സഞ്ചാരികള്‍ക്കുള്ള ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയില്‍. ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്. ഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ നിറങ്ങളിലും പുതിയ മോഡല്‍ ലഭിക്കും. മിറാഷ് സില്‍വര്‍/ഗ്രാവല്‍ ഗ്രേ (ഷോറൂം വില 1,97,000 രൂപ), റോക്ക് റെഡ്/ ലേയ്ക് ബ്ലൂ (1,98,999 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക് / പൈന്‍ ഗ്രെ (2,06,001 രൂപ) എന്നിങ്ങനെയാണ് കൊച്ചിയിലെ വില.
🔳മൊയ്തു പടിയത്ത് മൊയ്തു പടിയത്തിന്റെ ഏറെചര്‍ച്ച ചെയ്യപ്പെട്ട നോവല്‍. മുസ്ലിം സമുദായത്തിലെഅന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും പ്രമേയമാക്കിയ രചനകളായിരുന്നു പടിയത്തിന്റേത്. ബഹുഭാര്യത്വം പ്രമേയമായ ഉമ്മ പുറത്തിറങ്ങിയപ്പോള്‍ യാഥാസ്ഥിതികരായ പ്രമാണിമാരുടെയും മതപുരോഹിതരുടെയും എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. നോവലിന് ഭ്രഷ്ട് കല്പിച്ചു. 1960ല്‍ ഉമ്മ ചലച്ചിത്രമായി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 160 രൂപ.
🔳വണ്ണം കുറയ്ക്കണമെങ്കില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉറപ്പായും ഒഴിവാക്കണം. കാരണം പഞ്ചസാരയില്‍ കലോറി വളരെ കൂടുതലാണ്. അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം. വെള്ളം ധാരാളം കുടിക്കാം. നിര്‍ജ്ജലീകരണം പലപ്പോഴും മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. നാരങ്ങാ വെള്ളം, സംഭാരം എന്നിവ കുടിക്കാം. മധുരം കഴിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. മഗ്നീഷ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം മധുരം കഴിക്കാനുള്ള തോന്നലിനെ തടയും. അതുപോലെ തന്നെ നട്സ് കഴിക്കുന്നതും നല്ലതാണ്. ഒരിക്കലും ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. മാത്രവുമല്ല ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. മറിച്ച് അവ വിശപ്പ് കൂട്ടാനും അതുവഴി ശരീരഭാരം കൂടാനും കാരണമാകും. ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തിയില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നും. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തില്‍ മതിയായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയാല്‍ മധുരക്കൊതി കുറയ്ക്കാം. അവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്. ഒപ്പം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ശുഭദിനം*
*കവിത കണ്ണന്*
നന്മകള് നാലുപേരെകാണിച്ചും തിന്മകള് ആരും കാണുന്നില്ലെന്നു ഉറപ്പുവരുത്തിയും ജീവിക്കുന്ന ജീവിയാണ് മനുഷ്യന്. ഒരു ശരീരത്തിനുള്ളില്‍ നൂറ് സ്വഭാവമെങ്കിലും ഉണ്ടാകും. അതില്‍ സാഹചര്യങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന നേട്ടങ്ങള്‍ക്കുമനുസരിച്ച് അവര്‍ സ്വയം മോടി പിടിപ്പിക്കും. സ്വയം സുഗന്ധം പരത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാകും ഓരോ ചുവട് വെയ്പും. അകത്തും പുറത്തും ഒരാളാവുക അത്ര എളുപ്പമല്ല. എല്ലാവരും കാണുമ്പോഴും ഒരാളും കാണാതെയിരിക്കുമ്പോഴും ഒരേ ധാര്‍മ്മികത പുലര്‍ത്തുന്നുണ്ടെങ്കില്‍ അസാധാരണമായ സ്വയം നിയന്ത്രണ ശേഷി ഉണ്ടാകേണ്ടതാണ്. എപ്പോഴും ഒരേ സ്വഭാവും പെരുമാറ്റവും ഉള്ളവര്‍ക്ക് പറഞ്ഞതും പ്രവര്‍ത്തിച്ചതൊന്നും ഓര്‍ത്തിരിക്കേണ്ട ആവശ്യം ഇല്ല. പല രീതിയില്‍ പെരുമാറുന്നവര്‍ക്ക് പലതും ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഒരിക്കല്‍ പറഞ്ഞ നുണ എക്കാലവും ഓര്‍ത്തിരിക്കേണ്ടതും, ഒരിക്കല്‍ പ്രകടിപ്പിച്ച വിശുദ്ധി എക്കാലവും നിലനിര്‍ത്തേണ്ടതും അവരുടെ മാത്രം ഉത്തരവാദിത്വമാണ്. ഒന്ന് ഓര്‍ത്തുനോക്കൂ, തെറ്റ് പറ്റിയാല്‍ പോലും മനസ്സ് തുറന്ന് പെരുമാറാന്‍ കഴിയുന്നതല്ലേ, നമുക്ക് മനഃസുഖം നല്കുന്ന കാര്യം. മനുഷ്യരല്ലേ, തെറ്റുപറ്റുക സ്വാഭാവികമാണ്. അത് തിരുത്തി അകത്തും പുറത്തും ഒരാളായി ജീവിക്കാന്‍ കഴിയാന്‍ നമുക്കാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
Post a comment