🔳കൊറോണ വൈറസ് മഹാമാരിക്ക് സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ ലോകം തയ്യാറാകണമെന്ന പാഠം കോവിഡ് നമ്മെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യ മേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
🔳മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പാര്‍ലമെന്റ് വളയും എന്ന മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. പ്രക്ഷോഭം നടത്തുന്ന നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവുമെന്നും ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തുമെന്നും ടിക്കായത്ത്. രാജ്യത്തെ കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ സ്നേഹിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ലെന്നും ടിക്കായത്ത് വ്യക്തമാക്കി.
➖➖➖➖➖➖➖➖
🔳ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. എന്നാല്‍, ദില്ലി അക്രമണത്തില്‍ ദിഷയ്ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.
🔳ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്മാര് സര്‍ക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണെന്നും ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാന്‍ സാധിക്കില്ലെന്നും കോടതി. ദിഷ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ ഇങ്ങനെ വ്യക്തമാക്കിയത്. അഭിപ്രായ വ്യത്യാസങ്ങളും, വിയോജിപ്പുകളും, നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും കോടതി വ്യക്തമാക്കി.
🔳പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്. എന്നാല്‍ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നും ഇത് മെല്ലെ കുറയുമെന്നും മന്ത്രി.
🔳ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ കേരളത്തില്‍ ജോലി ലഭിക്കുമെന്നും നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണകള്ളക്കടത്തിന് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാന്‍ സാധിക്കുമെന്നും രാഹുല്‍. കൊടിപിടിക്കാത്ത ചെറുപ്പാക്കാരാണെങ്കില്‍ ജോലിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തണമെന്നും നിരാഹാര സത്യാഗ്രഹം കിടക്കുന്നവര്‍ മരിക്കാറായാല്‍ പോലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്നവുമില്ലെന്നും രാഹുല്‍ പറഞ്ഞു.
🔳ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതുപോലെ അഴിമതിയില്‍ മുങ്ങിത്താഴ്ന്നിട്ടുണ്ടാവില്ലെന്നും കേരളം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും ചെന്നിത്തല. നാടിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്ന അഞ്ച് വര്‍ഷമാണ് കടന്നുപോയത്. വന്‍ കടക്കെണിയിലാണ് ഇപ്പോള്‍ സംസ്ഥാനമുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
🔳സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികളോടും എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളോടും രാഹുല്‍ ഗാന്ധി സംസാരിച്ചു. ശശി തരൂര്‍, ഉമ്മന്‍ ചാണ്ടി , കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
🔳നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒന്‍പത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പിജെ ജോസഫിനെ അറിയിച്ചു. ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്നും തിരുവനന്തപുരത്ത് നടക്കും
🔳മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്. മാധ്യമങ്ങള്‍ വിമോചനസമര കാലത്തെ മാനസികാവസ്ഥയിലേക്ക് പോകുകയാണെന്നും സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പത്ത് ശതമാനം പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാറിനെ ഒന്നും ചെയ്യാത്ത സര്‍ക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എ.കെ.ബാലന് പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 69,604 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,034 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71.
🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്പോട്ടുകള്‍.
🔳മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥന് എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖികക്ക് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്കി ആക്ഷേപിച്ചതാണ് വിവാദമായത്.
🔳മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പാലക്കാട്ട് ഉപേക്ഷിച്ച സംഭവത്തില്‍ കസ്റ്റംസിന്റെ അന്വേഷണവും. യുവതിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കസ്റ്റംസ് സംഘവും അന്വേഷണം നടത്തുന്നത്. അതേ സമയം ദുബായില്‍നിന്ന് നല്കിയ പൊതിയില്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്തിനുള്ളില്‍ വെച്ചാണെന്നും ഇതോടെ ഭയന്നുപോയ താന്‍ പൊതി മാലി ദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു പറഞ്ഞു.
🔳കേരളത്തില്‍ നിന്നുള്ളയാത്രക്കാരെയും വാഹനങ്ങളെയുംകര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
🔳യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കളുടെ പരാതി. തുമ്പ പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. തന്റെ മാനസികനില വളരെ സംഘര്‍ഷത്തിലാണെന്നും തല്ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.
🔳തീവണ്ടികളില്‍ ജൂണ്‍ മുതല്‍ അണ്റിസര്വ്ഡ് യാത്ര അനുവദിക്കാന്‍ സാധ്യത. ഇപ്പോള്‍ ജനറല്‍ കോച്ചുകളില്‍ നല്കി വരുന്ന സെക്കന്‍ഡ് സിറ്റിങ് റിസര്‍വേഷന്‍ മേയ് 31-നു ശേഷം നല്‍കേണ്ടെന്ന തീരുമാനം ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തല്‍.
🔳ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 474 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 51 സീറ്റുകളില്‍ മാത്രമാണ്. 2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.
🔳ഗുജറാത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തേക്കാള്‍ മികച്ചതായിരിക്കും പശ്ചിമബംഗാളിലെ ഫലങ്ങളെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. മോദി ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'വികാസ് യാത്ര' ബി.ജെ.പി തുടരുകയാണെന്നും അമിത് ഷാ.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 13,462 പേര്‍ക്ക്. മരണം 100. ഇതോടെ ആകെ മരണം 1,56,598 ആയി. ഇതുവരെ 1,10,29,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.44 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,218 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 145 പേര്‍ക്കും തമിഴ്നാട്ടില്‍ 442 പേര്‍ക്കും കര്‍ണാടകയില്‍ 383 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 70 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,55,574 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 64,971 പേര്‍ക്കും ബ്രസീലില്‍ 63,090 പേര്‍ക്കും ഫ്രാന്‍സില്‍ 20,064 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.26 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,635 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,037 പേരും ബ്രസീലില്‍ 1370 പേരും ഇംഗ്ലണ്ടില്‍ 548 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.84 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ചൈനീസ് വാക്സിനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്ന് ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്സിനുകള്‍ ഒഴിവാക്കി ആസ്ട്രസെനക വാക്സിന് മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്സിനേഷന് നടത്താനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 1.35 കോടി ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകള്‍ക്ക് ശ്രീലങ്ക ഇതിനകം ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യ സമ്മാനിച്ച അഞ്ച് ലക്ഷം ഡോസുകള്‍ക്ക് പുറമെയാണിത്.
🔳സ്പേസ് എക്സിന്റെ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ ലിങ്കിലൂടെ ഈ വര്‍ഷം ഇരട്ടിവേഗത്തില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്ക്. സ്റ്റാര്‍ ലിങ്ക് ഇന്റര്‍നെറ്റ് വേഗം സെക്കന്റില്‍ 130 എംബി വരെ ലഭിച്ചെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയെന്നോണമാണ് ഈ വര്‍ഷം അവസാനത്തോടെ 300 എംബിപിഎസിലേക്ക് വേഗം വര്‍ധിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്.
🔳ഡിസിഷന്‍ റിവ്യു സിസ്റ്റത്തിലെ വിവാദമായ അമ്പയേഴ്സ് കോള്‍ നിയമം എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന മാര്‍ലിബോണ്‍
ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി എം.സി.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രിക്കറ്റിലെ നിയമനിര്‍മ്മാണം നടത്തുന്ന സംഘടനയാണ് എം.സി.സി.
🔳ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന് ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെഡുത്തത്. 55-ാം മിനിറ്റില്‍ ഈസറ്റ് ബംഗാള്‍ പ്രതിരോധനിരയിലെ സാര്‍ത്ഥക് ഗോലൂയിയുടെ സെല്‍ഫ് ഗോളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡുയര്‍ത്തിയത്.
🔳നാല് വര്‍ഷത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വിറ്റ ബ്രാന്റ് എന്ന നേട്ടം ആപ്പിള്‍ തിരിച്ചുപിടിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2020ലെ നാലാം പാദത്തിലെ മാത്രം കണക്കിലാണ് ആപ്പിളിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചുവരവ്. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്ണര്‍ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. സാംസങ്ങിന്റെ വില്പന 14.6 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിളിന് 14.9 ശതമാനം വളര്‍ച്ചയാണ് ലഭിച്ചത്.
🔳മഹീന്ദ്ര ഇലക്ട്രിക്കുമായി ആമസോണ്‍ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ് പുതിയ സഹകരണം. ഉപയോക്താക്കളുടെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിന് മഹീന്ദ്രയുടെ ട്രിയോ സോര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുകയാണ് ആമസോണ്‍ ഇന്ത്യാ യൂണിറ്റിന്റെ ലക്ഷ്യം. 2025 ഓടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി പതിനായിരം വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. 2030 ഓടെ ആഗോളതലത്തില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേയാണിത്.
🔳ഷാരൂഖ് ഖാന്റെ നായികയായി തപ്സി പന്നു എത്തുന്നു. രാജ്കുമാര് ഹിരാനി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം തപ്സി അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തെ കുറിച്ചുള്ള ചിത്രത്തില്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ക്കുന്ന വ്യക്തിയുടെ വേഷത്തിലാണ് ഷാരൂഖ് എത്തുക. എന്നാല്‍ ചിത്രത്തിന്റെ പേരുവിവരങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
🔳സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സംഗീതം നല്കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന് വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്റും ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്, കുഞ്ചാക്കോ ബോബന്, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ എഡിറ്റിങ്ങും സംവിധാനവും അല്‍ഫോണ്‍സ് പുത്രന് തന്നെയാണ്. വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു. പ്രപഞ്ചത്തില്‍ കുഞ്ചാക്കോ ബോബനും വായുവില്‍ വിനീത് ശ്രീനിവാസനും വെളിച്ചത്തില്‍ കൃഷ്ണ ശങ്കര്‍, വെള്ളത്തില്‍ വിനയ് ഫോര്‍ട്ട്, ഭൂമിയില്‍ ഷറഫുദ്ദീനുമാണ് അഭിനയിച്ചിരിക്കുന്നത്.
🔳ബ്രിട്ടീഷ് സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ മക്ലാരന് ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍ടുറ മക്ലാരന് പുറത്തിറക്കി. സ്ഥാപനത്തില്‍ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷന്‍ ഹൈബ്രിഡ് സൂപ്പര്‍കാറാണ് അര്‍ടുറ മക്ലാരന് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനായി യുകെയിലെ 185,500 ഡോളര്‍ (1.87 കോടി രൂപ) മുതല്‍ 3 പ്രധാന സവിശേഷതകള്‍ കൂടി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും. വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳പാണ്ഡിത്യത്തെക്കാള്‍ അനുഭവത്തിന് പ്രാധാന്യം നല്കി, സംസ്കൃതത്തിനു പകരം നാട്ടുഭാഷയില്‍ രചന നടത്തിയ, ഇന്ത്യയുടെ എക്കാലത്തെയും ജനപ്രിയകവി കബീറിന്റെ രചനകളുടെ പരിഭാഷ. പലതായി വര്ഗീകരിക്കപ്പെട്ടുകിടക്കുന്ന കബീര്രചനകളില് നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ കവിതകളിലൂടെ വിശാലമായ കബീര്പ്രപഞ്ചത്തിലേക്കും കബീര്‍ അനുഭവത്തിലേക്കും പ്രവേശിക്കാം. സച്ചിദാനന്ദന് പരിഭാഷപ്പെടുത്തിയ കബീര്‍ കവിതകളുടെ സമാഹാരം. 'ദൈവവുമായുള്ള സംഭാഷണങ്ങള്‍'. മാതൃഭൂമി. വില 136 രൂപ.
🔳എല്ലിന് ബലവും ആരോഗ്യവും ലഭ്യമാകുന്നത് തുടങ്ങി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ വരെ വൃക്കയുടെ പ്രവര്‍ത്തനം സജീവമാണ്. ആവശ്യമായ അളവില്‍ വെള്ളം കുടിക്കാതിരുന്നാല്‍ അത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുന്നത്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ചെറിയ വേദന തോന്നിയാല്പോലും വേദനസംഹാരികള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. അത് നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കാം. ഇവ കഴിക്കുമ്പോള്‍ വൃക്കയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. തടി കൂടുതലായാല്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്. ശരീരഭാരം വര്‍ധിക്കുമ്പോള്‍ ഇത് വൃക്കകളുടെ രൂപഘടന നശിപ്പിക്കുന്നു. ഇത് ക്രോണിക് കിഡ്നി ഡിസീസിലേക്ക് നയിക്കാം. രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചല്ലെങ്കില് ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. പുരുഷന്മാര്ക്ക് ആകെ ശരീരഭാരത്തിന്റെ 15 ശതമാനം വരെയും സ്ത്രീകള്‍ക്ക് 25 ശതമാനം വരെയും കൊഴുപ്പ് ആവാം എന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. പുകവലിയും മദ്യപാനവും ശരീരത്തിലെ വിഷവസ്തുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൃക്കയില്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നു. വൃക്കയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവ രണ്ടും ഒഴിവാക്കുക.
➖➖➖➖➖➖➖➖
Post a comment