20 ഫെബ്രുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 20 ഫെബ്രുവരി 2021)

🔳വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നും വികസനം എല്ലാവര്‍ക്കുമുള്ളതാണെന്നും എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ വിവിധ പവര്‍ പ്രൊജക്ടുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാമെന്നും അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ താന്‍ തേടുകയാണെന്നും കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 772 കോടിയുടെ 27 പദ്ധതികളിലൂടെ ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ക്ക് കേന്ദ്രത്തിന് പ്രത്യേക നന്ദിയും പറഞ്ഞു.

🔳ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുന്‍ബര്‍ഗ്. പ്രതിഷേധിക്കാനുള്ള അവകാശം ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണെന്ന് ഗ്രെറ്റ കുറിച്ച ട്വീറ്റില്‍ പറയുന്നു. സമാധാനപരമായി സംഘം ചേരാനുള്ള അവകാശവും എല്ലാ ജനാധിപത്യസംവിധാനത്തിന്റെയും അവിഭാജ്യഘടകമാണെന്നും ഗ്രെറ്റ.  ഇതിനിടെ  ദിഷ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


🔳മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കുക എന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് ഇ.ശ്രീധരന്‍. കാര്‍ഷിക സമരത്തിന് കാരണം കര്‍ഷകരുടെ തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയും നിലനില്‍ക്കുന്നില്ലെന്നും പറഞ്ഞു. ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേര്‍ന്ന്  സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് രാജ്യത്തോടുള്ള യുദ്ധം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔳ചരക്ക് സേവന നികുതിയില്‍ നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും. 12ശതമാനം, 18ശതമാനം നികുതികള്‍ ഒരൊറ്റ സ്ലാബില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.  അഞ്ചാംധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യംപരിഗണിച്ചാണിത്. മാര്‍ച്ചില്‍ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

🔳സെക്രട്ടേറിയറ്റിനു മുന്നില്‍ ദിവസങ്ങളായി സമരം നടത്തുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്കു വഴിതെളിയുന്നു. സമരത്തിലുള്ളവരുടെ പ്രതിനിധികള്‍ ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനു കത്തെഴുതുകയും ചെയ്തു. വെള്ളിയാഴ്ചകളില്‍ നടക്കാറുള്ള സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിലും സമാന നിര്‍ദേശമുണ്ടായി. ഇതോടെയാണ് ഉദ്യോഗാര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്കു വഴിതെളിഞ്ഞത്.

🔳തുടക്കം മുതല്‍ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമര്‍ത്തുകയും ചെയ്തവരാണ് സിപിഎം എന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാര്‍ഥത ഇല്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

🔳കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക.

🔳എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യതയുണ്ടെന്നും ജനക്ഷേമ പദ്ധതികള്‍ ഗുണം ചെയ്തുവെന്നും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം എസ്.എന്‍.ഡി.പി നിലപാട് വ്യക്തമാക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമൂഹിക നീതി പാലിച്ചോയെന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

🔳പള്ളിത്തര്‍ക്ക കേസുമായി  ബന്ധപ്പെട്ട് സര്‍ക്കാരുമായി ഇടഞ്ഞ് യാക്കോബായ സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി മറികടക്കാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് യാക്കോബായ സഭ ആരോപിച്ചു. നിയമസഭ ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തില്ലെന്നും ഇത് സഭാവിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും സഭ. സൂനഹദോസ് ചേര്‍ന്ന് രാഷ്ട്രീയ നിലപാട് തീരുമാനിക്കുമെന്നും സഭ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രെസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

🔳കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍.  ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു.

🔳കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന ഇ.ശ്രീധരന്റെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്ബി രംഗത്ത്. കിഫ്ബി ആക്ട് അനുസരിച്ച് കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യമെന്തെന്നും എങ്ങനെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കാതെയുള്ള ആരോപണം മാത്രമാണിതെന്ന് കിഫ്ബി. ശ്രീധരന്‍ നേതൃത്വം കൊടുത്ത പദ്ധതികള്‍ കടമെടുക്കാതെയാണോ പൂര്‍ത്തിയാക്കിയതെന്നും കിഫ്ബി ചോദിച്ചു.

🔳കേരളത്തില്‍ ഇന്നലെ 67,574 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 67 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്‌പോട്ടുകള്‍.

🔳ബ്യൂട്ടിപാര്‍ലര്‍  വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഡിസംബറിലാണ് കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാര്‍ലറിന് നേരെ വെടിവെപ്പ് ഉണ്ടായത്.

🔳അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ സജീവപങ്കാളിയായി രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

🔳ഫെബുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പശ്ചിമബംഗാളിലെ എംപി/എംഎല്‍എ കോടതിയുടെ നോട്ടീസ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി ഫയല്‍ ചെയ്ത അപകീര്‍ത്തികേസിനെ തുടര്‍ന്നാണ് നടപടി. അഭിഷേക് ബാനര്‍ജിക്കെതിരേ അമിത് ഷാ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പേരിലാണ് കോടതി നോട്ടീസ്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 13,519 പേര്‍ക്ക്.  മരണം 90. ഇതോടെ ആകെ മരണം 1,56,240 ആയി. ഇതുവരെ 1,09,76,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.40 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലെ 6,112 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് സിവിക് അധികൃതര്‍ പ്രതിരോധ നടപടികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ഉള്‍പ്പടെ നിരവധി മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 158 പേര്‍ക്കും തമിഴ്‌നാട്ടില്‍ 448 പേര്‍ക്കും കര്‍ണാടകയില്‍ 386 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 79 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,87,577 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 73,662 പേര്‍ക്കും ബ്രസീലില്‍ 51,067 പേര്‍ക്കും ഫ്രാന്‍സില്‍ 24,116 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.12 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,470 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,172 പേരും ബ്രസീലില്‍ 1,345 പേരും മെക്‌സിക്കോയില്‍ 1,047 പേരും ജര്‍മനിയില്‍ 571 പേരും ഇംഗ്ലണ്ടില്‍ 533 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.62 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നുളള പിന്‍മാറ്റം പൂര്‍ണമായതായി ഇന്ത്യന്‍ സൈന്യം ഇന്നലെ സ്ഥിരീകരിച്ചു. ഇന്ത്യ-ചൈന ബന്ധത്തില്‍ സ്വാഭാവികത പുനഃസ്ഥാപിക്കുന്നതിനായി മറ്റുസംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ വേഗത്തിലുളള സൈനിക പിന്‍മാറ്റം വേണമെന്ന കാര്യത്തില്‍ ഇന്ത്യ നിര്‍ബന്ധം പിടിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

🔳ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാനില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്. ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരെന്ന് വരുത്തുന്ന വിഡിയോ ആണ് ചൈന പുറത്തുവിട്ടത്. ഇന്ന് കമാന്‍ഡര്‍തല ചര്‍ച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.

🔳ഉള്ളടക്കം പങ്കിടുന്നതിന് ഗൂഗിളും ഫെയ്സ്ബുക്കുമടക്കമുള്ള കമ്പനികള്‍ രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഫെയ്സ്ബുക്കിനെ അറിയിച്ചു. ഭീഷണിപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് എത്രയും വേഗം പിന്മാറണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രതിഫലം സംബന്ധിച്ച നിയമം ലോകനേതാക്കള്‍ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായും സ്‌കോട്ട് പറഞ്ഞു.

🔳ഐ.പി.എല്‍ 2021 സീസണില്‍ കളിക്കുന്നതിനായി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ഏപ്രിലിലാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര. താരത്തിന്റെ ആവശ്യമനുസരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് അവധി അനുവദിച്ചതായി ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു.

🔳ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റഷ്യയുടെ ഡാനില്‍ മെദ്വെദെവ്. ഇന്നലെ നടന്ന സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്വെദെവിന്റെ വിജയം. സ്‌കോര്‍: 6-4, 6-2, 7-5. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലില്‍ മെദ്വെദെവിന്റെ എതിരാളി.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എ.ടി.കെ മോഹന്‍ ബഗാന്‍. സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ മികവില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം.

🔳കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക ഐടി കമ്പനികളും നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ തന്നെ തീരുമാനം. കേരളത്തിലും പുറത്തുമുള്ള ഭൂരിപക്ഷം കമ്പനികളും ടെക്കികളെ ഉടന്‍ തന്നെ ഓഫീസിലേക്ക് വിളിക്കേണ്ടെന്ന നിലപാടിലാണ്. വാക്സിനേഷന്‍ ആരംഭിച്ച് പകുതി പേര്‍ക്കെങ്കിലും എത്തിയതിന് ശേഷം ഓഫീസ് തുറന്നാല്‍ മതിയെന്നാണ് മിക്ക കമ്പനികളുടെയും നിലപാട്. വര്‍ക്ക് ഫ്രം നടപ്പാക്കിയത് മുതല്‍ യാതൊരു കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രോജക്ടുകള്‍ക്കോ തടസങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. മാത്രമല്ല, ഉത്പാദന ക്ഷമത വര്‍ദ്ധിച്ചെന്നും ചെലവ് വലിയ തോതില്‍ കുറഞ്ഞെന്ന വിലയിരുത്തലും കമ്പനികള്‍ക്ക് ഉണ്ട്.

🔳കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,331 കോടി രൂപയുടെ വായ്പ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി വിതരണം ചെയ്തതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു. 2020 ഫെബ്രുവരി 14 ന് ആരംഭിച്ചതിനുശേഷം 14,155 ഉപഭോക്തൃ ഭവന വായ്പ അപേക്ഷകള്‍ക്ക് 'ഹോമി' ആപ്ലിക്കേഷന്‍ സൗകര്യമൊരുക്കി. ഈ ഉപഭോക്താക്കളില്‍ 7,300 ല്‍ അധികം പേര്‍ക്ക് ഭവനവായ്പ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 6,884 ഉപഭോക്താക്കള്‍ക്കാണ് ഇതുവരെ 1,331 കോടി രൂപയാണ് വായ്പ വിതരണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിബില്‍ സ്‌കോറിനെ ആശ്രയിച്ച് 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 6.90 ശതമാനം മുതലുള്ള പലിശയാണ് ഈടാക്കുന്നത്.

🔳കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ തിയേറ്റര്‍ ജീവനക്കാര്‍ക്ക് ധനസഹായവുമായി 'ഓപ്പറേഷന്‍ ജാവ' സിനിമാ ടീം. ഫെബ്രുവരി 22, 23, 24 ദിവസങ്ങളിലെ ചിത്രത്തിന്റെ മോര്‍ണിംഗ് ഷോയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. ഫെബ്രുവരി 12ന് ആണ് ഓപ്പറേഷന്‍ ജാവ റിലീസ് ചെയ്തത്. ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം എത്തിയത്.

🔳മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ സര്‍വൈവല്‍ ത്രില്ലര്‍ 'ഹെലന്‍' ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. 'അന്‍പിര്‍ക്കിനിയാള്‍' എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു.

🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ മിഡ്-സൈസ് എസ്.യു.വി കുഷാഖ് വാഹനത്തിന്റെ ആഗോള അവതരണം മാര്‍ച്ച് 18ന് ഇന്ത്യയില്‍ നടക്കും. 2020 ഫെബ്രുവരിയില്‍ നടന്ന ഫോക്സ്വാഗണ്‍ ഗ്രൂപ്പ് നൈറ്റില്‍ സ്‌കോഡ അവതരിപ്പിച്ച വിഷന്‍ ഇന്‍  കണ്‍സെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്യുവിയാണ് കുഷാഖ്. 2021 ജനുവരിയിലാണ് സ്‌കോഡ പുതിയ എസ്യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്.  വാഹനത്തിന്റെ വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക.

🔳അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. സങ്കീര്‍ത്തനതുല്യമായ മഹത്ത്വം കാത്തുസൂക്ഷിച്ച സാനുമാഷെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ് ഈ പുസ്തകം. 'മഹത്വത്തിന്റെ സങ്കീര്‍ത്തനം'. ഡോ എ. അരവിന്ദാക്ഷന്‍. ഗ്രീന്‍ ബുക്സ്. വില 475 രൂപ.

🔳ഏത് ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത് എന്നതും, നന്നായി ഉറങ്ങുന്നുണ്ടോ എന്നതും ശരീരഭാരം കൂടാന്‍ കാരണമാകാവുന്ന ചില വസ്തുതകളാണ്. ഇവയോടൊപ്പം തന്നെ പ്രധാനമായ ഒരു വസ്തുത കൂടി ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. നമ്മുടെ രക്തഗ്രൂപ്പ്. പലതരം രക്തഗ്രൂപ്പുകള്‍ രോഗത്തെ പ്രതിരോധിക്കുന്നതിനോ എളുപ്പം ബാധിക്കുന്നതിനോ കാരണമാകാം. ഇത് ശരീരഭാരം കുറയ്ക്കാനുളള ശ്രമങ്ങളെ ബാധിക്കാം.  ചില ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് വണ്ണം കുറയ്ക്കാന്‍ നല്ലതെന്നു പറയുന്ന ആഹാരം മറ്റ് ചില ഗ്രൂപ്പുകാര്‍ക്ക് വണ്ണം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്ന് അമേരിക്കന്‍ പ്രസിദ്ധീകരണമായ ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എ ഗ്രൂപ്പ് രക്തമുള്ള ആളുകള്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കമെന്നാണ് പഠനത്തില്‍ പറയുന്നത്. ശുദ്ധവും ജൈവവുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.ടൈപ്പ് ബി രക്തമുള്ള ആളുകള്‍ ഇലക്കറികള്‍, പഴം, പാല്‍, മുട്ട എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ധാന്യം, ഗോതമ്പ്, പയറ്, തക്കാളി, നിലക്കടല, എള്ള്, ചിക്കന്‍ എന്നിവ ഈ രക്തഗ്രൂപ്പിലെ ആളുകള്‍ ഒഴിവാക്കണം. ഒ ഗ്രൂപ്പ് രക്തമുള്ള ആളുകള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുന്നു. മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക. പനീര്‍, പാല്‍ വിഭവങ്ങള്‍, ഇലക്കറികള്‍, കടല്‍ വിഭവങ്ങള്‍ എന്നിവ കഴിക്കാം. എന്നാല്‍ കഫീന്‍, മദ്യം, ഗ്രില്‍ഡ് ചിക്കന്‍ എന്നിവ പരമാവധി ഒഴിവാക്കുക.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only