15 February 2021

പ്രഭാത വാർത്തകൾ
(VISION NEWS 15 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


🔳രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കുമെന്നും പറഞ്ഞു. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎല്‍ വില്‍പനയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധിയുണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്തീകരിച്ചു കൂടിയാണ് കേരളത്തിലെ വികസനമെന്നും മുഖ്യമന്ത്രി. കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.


🔳 തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറല്‍ എം.എം.നരവണെയ്ക്ക് കൈമാറി. ചെന്നൈയില്‍ വെച്ചാണ് മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറിയത്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായിട്ടാണ് പ്രധാമന്ത്രി ചെന്നൈയിലെത്തിയത്.  

🔳കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ഹരിയാണയില്‍ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ ജനനായക് ജനതാ പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ രാജിക്കത്ത് തന്റെ പോക്കറ്റിലുണ്ടെന്നും പ്രശ്‌നങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിഹാരമാകുമെങ്കില്‍ അത് ഉടന്‍ നല്‍കുമെന്നും പിതാവ് അജയ് ചൗട്ടാല പറഞ്ഞു.

🔳ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗയ്ക്ക് 'ടൂള്‍കിറ്റ്' ഡോക്യുമെന്റ് പങ്കുവെച്ചത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയാണെന്ന് ഡല്‍ഹി പോലീസ്. ദിഷ രവിയെ ഇന്നലെ രാവിലെ പോലീസ് അറസറ്റ് ചെയ്തിരുന്നു.

🔳നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പ്രധാന മന്ത്രിയുടെ പരാമര്‍ശം. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാള്‍ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടില്‍ എത്തിക്കണം. ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാന്‍ കേരളനേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും താന്‍ ഇവിടെ കാണുന്നത് മുമ്പു കണ്ടവരെത്തന്നെയാണെന്നും പുതിയവര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

➖➖➖➖➖➖➖➖
🔳മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി ഈസ്റ്റര്‍, വിഷു, റംസാന്‍ തുടങ്ങിയവയും പരീക്ഷകളും കണക്കിലെടുത്ത് നിശ്ചയിക്കും. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകള്‍ പ്രശ്‌നബാധിതമാണെന്നും ഈ ജില്ലകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി.

🔳തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ശക്തമാകുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കെ സമരം ഊര്‍ജിതമാക്കുകയാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനിടെ സമരനേതാവ് ലയ രാജേഷ് കുഴഞ്ഞുവീണു. കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് സമരംചെയ്യുന്നതെന്ന എ വിജയരാഘവന്റെ പ്രസ്താവനയും വിവാദമായി.

🔳പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് നടയ്ക്കലുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥന്‍ എംഎല്‍എയും നിരാഹാരസമരം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22-ാം തീയതി മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

🔳പാലാ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. സീറ്റുകള്‍ നഷ്ടപ്പെട്ട ഒരുകാലത്തും എന്‍സിപിയില്‍ നിന്ന് ആരും മുന്നണിവിട്ടുപോയിട്ടില്ലെന്നും മാണി സി കാപ്പന്‍ പോയതില്‍ സങ്കടമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

🔳യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

🔳കേരളത്തില്‍ ഇന്നലെ 61,843 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4612 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3985 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 293 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72.

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഐശ്വര്യകേരളയാത്രയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് എം സ്വരാജ് എംഎല്‍എ. തിരഞ്ഞെടുപ്പ് കാലത്തുപോലും വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാവാത്ത യുഡിഎഫിന്റെ ദുര്യോഗം നാട് തിരിച്ചറിയുന്നുണ്ടെന്നും സ്വരാജ്.

🔳ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത  വിശ്വാസികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു. ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണമെന്നും സുകുമാരന്‍ നായര്‍.

🔳സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.

🔳പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വര്‍ധിച്ചു. ഇന്ന് മുതല്‍  പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കണക്കുപ്രകാരം ഡല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 769 രൂപയാകും. പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു.

🔳ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്‌മെന്റ് സംവിധാനം ഫാസ്ടാഗ് ഇന്ന് അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകുമെന്നും ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.  വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

🔳വാഹനവില്‍പ്പനയുടെ ഭാഗമായി ആരും ഇനി ഓഫീസുകളില്‍ എത്തേണ്ടതില്ല. വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. പഴയരേഖകള്‍ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വില്‍ക്കുന്നയാള്‍ പുതിയ ഉടമയ്ക്ക് പഴയ ആര്‍.സി. കൈമാറണം. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

🔳എറണാകുളം, വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനോട് ചേര്‍ന്നുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസ്റ്റര്‍ ജസ്റ്റീന വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമികമായി പോലീസ് നല്‍കുന്ന വിവരം.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,431 കോവിഡ് രോഗികള്‍. ഇതില്‍ 4,612 രോഗികളും കേരളത്തില്‍. മരണം 87. ഇതോടെ ആകെ മരണം 1,55,764 ആയി. ഇതുവരെ 1,09,16,172 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.36 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 4,092 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 150 പേര്‍ക്കും തമിഴ്നാട്ടില്‍ 470 പേര്‍ക്കും കര്‍ണാടകയില്‍ 414 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 55 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 2,79,072 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 63,428 പേര്‍ക്കും ബ്രസീലില്‍ 23,258 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.93 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.53 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,498 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മെക്സിക്കോയില്‍ 1,214 പേരും അമേരിക്കയില്‍ 1,071 പേരും ബ്രസീലില്‍ 647 പേരും  ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.10 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ വെറും 134 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ 195 റണ്‍സിന്റെ ലീഡ് നേടി. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യയ്ക്ക് 249 റണ്‍സിന്റെ ലീഡുണ്ട്.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. ഒഡിഷ എഫ്.സിയെ തകര്‍ത്തു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ഈ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം.  എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

🔳കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള പൗരത്വത്തിനായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 62.6 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്.  പോര്‍ച്ചുഗലാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ തേടുന്നവരുടെ പ്രധാന ചോയ്സ്.  ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ അനുസരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥിരതാമസത്തിന് പോകുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാരുള്ളത്. 2019ല്‍ മാത്രം 7000 പേരാണ് ഇത്തരത്തില്‍ രാജ്യം വിട്ടിട്ടുള്ളത്.

🔳ജെം ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം രത്നങ്ങള്‍, ജ്വല്ലറി കയറ്റുമതി ജനുവരിയില്‍ 7.8 ശതമാനം ഇടിഞ്ഞ് 2.7 ബില്യണ്‍ ഡോളറിലെത്തി.  2021 ഏപ്രില്‍ -ജനുവരി കാലയളവില്‍ കയറ്റുമതി 37 ശതമാനം ഇടിഞ്ഞ് 19.24 ബില്യണ്‍ ഡോളറിലെത്തി. 2019-20 ലെ 10 മാസങ്ങളില്‍ ഇത് 30.52 ബില്യണ്‍ ഡോളറായിരുന്നു. കട്ട് ആന്‍ഡ് പോളിഷ് ഡയമണ്ടുകളുടെ കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെ 23.43 ശതമാനം ഇടിഞ്ഞ് 12.5 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണാഭരണങ്ങളുടെ കയറ്റുമതി 65 ശതമാനം ഇടിഞ്ഞ് 3.55 ബില്യണ്‍ ഡോളറിലെത്തി.

🔳ജൂണ്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി സംവിധായകന്‍ അഹമ്മദ് കബീര്‍ ഒരുക്കുന്ന 'മധുരം' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജോജുവും ശ്രുതി രാമചന്ദ്രനുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. പ്രണയകഥയാണ് മധുരം പറയുക. നൂറോളം മറ്റു താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

🔳യുവം' സിനിമയ്ക്ക് ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'സന്തോഷം' എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. നവാഗതനായ അജിത്ത് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈദി ഫെയിം ബേബി മോണിക്ക ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അര്‍ജുന്‍ സത്യന്‍ ആണ് തിരക്കഥ.

🔳ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ഇപ്പോഴിതാ ഹിമാലയന്‍ പുതിയ പരിഷ്‌കാരങ്ങളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ്. 2021 ഹിമാലയന് 2.01 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ലേക് ബ്ലൂ, ഗ്രേവല്‍ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ ആറ് കളര്‍ ഓപ്ഷനുകളാണ് 2021 ഹിമാലയന്‍ ലഭിക്കുക.

🔳രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, വില്ലുവണ്ടിയും ഉള്‍പ്പെടെ ഈസ്റ്റര്‍ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടു കിട്ടുന്നതിനുള്ള പ്രാര്‍ഥനകള്‍, സന്ദര്‍ശകരുടെ ദിവസം എന്നിങ്ങനെ ഒന്‍പതു കഥകള്‍. 'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും'. കെ. രേഖ.. മാതൃഭൂമി. വില 161 രൂപ.

🔳വിറ്റാമിന്‍ എയുടെ കലവറയാണ് കറിവേപ്പില. പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകള്‍ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പില ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു. അതിനാല്‍ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കറിവേപ്പിലയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്റെ സാന്നിധ്യം കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസായി മാറുന്നത് മന്ദഗതിയിലാക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നു. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ അഭാവമാണ് വിളര്‍ച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകള്‍ക്ക് ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡ് ആ പ്രശ്നവും പരിഹരിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ഇത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ തടയുന്നതിനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

*ശുഭദിനം* 
*കവിത കണ്ണന്‍*
ഒരിക്കല്‍ രാജ്യത്തെ കിരീടാവകാശിയായ രാജകുമാരന്‍ എഡ്വേര്‍ഡ് തെരുവിലൂടെ യാത്രചെയ്യുമ്പോള്‍ തന്റെ അതേ മുഖഛായയുള്ള ഒരു പയ്യനെ പരിചയപ്പെട്ടു.  ടോം എന്നായിരുന്നു അവന്റെ പേര്.  അവരുടെ സാമ്യം രണ്ടുപേരേയും അത്ഭുതപ്പെടുത്തി.  മിക്കവാറും അവര്‍ തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.  താമസിയാതെ അവര്‍ സുഹൃത്തുക്കളായി മാറി.  ഒരിക്കല്‍ രാജകുമാരന്‍ ടോമിനോട് ഒരു കാര്യം പറഞ്ഞു.  കുറച്ച് ദിവസത്തേക്ക് രണ്ടുപേരുടേയും ഐഡന്റിറ്റി പരസ്പരം വെച്ചുമാറുക.  അങ്ങനെ ടോം കൊട്ടാരത്തിലെത്തി.  എഡ്വേര്‍ഡ് തെരുവിലേക്കും.  ടോമിന്റെ വേഷം ധരിച്ച് ഭിക്ഷക്കാര്‍ക്കൊപ്പം നടന്നിരുന്ന എഡ്വേര്‍ഡിനെ പോലീസ് അറസ്റ്റുചെയ്തു.  ടോം സുഖസൗകര്യങ്ങളില്‍ ജീവിക്കാനും ആരംഭിച്ചു.  കുറച്ചുകാലം കഴിഞ്ഞപ്പോള്‍ രാജകുമാരനെ രാജാവായി വാഴിക്കാനുളള ചടങ്ങുകള്‍ ആരംഭിച്ചു.  പരിഭ്രാന്തനായ ടോം എഡ്വേര്‍ഡിനെ തിരഞ്ഞിറങ്ങി.  എഡ്വേര്‍ഡിനെ തിരഞ്ഞ ടോം അവസാനം തടങ്കലില്‍ അവനെ കണ്ടെത്തി. ടോമിന്റെ സഹായത്താല്‍ എഡ്വേര്‍ഡ് കൊട്ടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.  അങ്ങനെ നാട്ടുകാര്‍ക്ക് യഥാര്‍ത്ഥ രാജാവിനെ തന്നെ തിരികെ കിട്ടി.  കുറച്ചു കാലത്തേക്കെങ്കിലും സാധാരണക്കാരനായി കഴിഞ്ഞിരുന്നതുകൊണ്ട് പിന്നീടുള്ളകാലമെല്ലാം എഡ്വേര്‍ഡ് അവര്‍ക്ക് വേണ്ടിയാണ് തന്റെ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.  ഇരിക്കുന്ന സ്ഥാനങ്ങളെ അലങ്കരിക്കുന്നവരും, സ്ഥാനത്തിന്റെ മഹിമകൊണ്ട് അലംകൃതരാകുന്നവരുമുണ്ട്.  ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് അധികവും.  അപൂര്‍വ്വമായി ചിലരെങ്കിലും തങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങളെ അലങ്കരിക്കാന്‍ കഴിവുള്ളവരാണ്.  വ്യക്തികളുടെ ശ്രേഷ്ടതകൊണ്ട ശ്രദ്ധിക്കപ്പെട്ട സ്ഥാനങ്ങള്‍ക്ക് കര്‍മോത്സുകതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും.   സ്ഥാനങ്ങളുടെ തിളക്കം കണ്ട് കയറിയവരാകട്ടെ പറയുന്നതിലധികവും പൊങ്ങച്ചവും കെട്ടുകഥകളുമായിരിക്കും.  നമ്മള്‍ ആരെ നയിക്കുന്നുവോ അവരായിത്തീരാനുള്ള കഴിവ് നമുക്കും വളര്‍ത്തിയെടുക്കാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only