🔳വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ലോകനേതൃത്വത്തിലേയ്ക്ക് ഉയരുന്നതിന് രാജ്യത്തെ ഐ.ടി. മേഖല അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാങ്കേതിക വിദഗ്ധരുടെ സേവനം കോവിഡ് 19 മഹാമാരിയുടെ കാലത്ത് വലിയ പ്രചോദനമായെന്നും മോദി പറഞ്ഞു.
🔳വ്യക്തികളുടെ ചിന്തകളുടെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ സല്പേരിനെ നശിപ്പിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത് നടപടിയെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു പറയുന്നതിന്റെ പേരില്‍ ഞാന്‍ ചിലപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
🔳പ്രകൃതിവാതകം രാജ്യത്തൊട്ടാകെ കുറഞ്ഞവിലയ്ക്കു ലഭ്യമാക്കുന്നതിന് ജിഎസ്ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഊജ്ജമേഖലയില് നിക്ഷേപം നടത്തണമെന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳2021 അവസാനത്തോടെ വിപണിയില്‍ കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ.ആര്. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രാഥമികമായി വാക്സിന് നല്‍കേണ്ടവര്‍ക്കെല്ലാം വാക്സിന് നല്‍കുന്നത് പൂര്‍ത്തിയായാല്‍ വാക്സിന് മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്നും ഡോ.ഗുലേറിയ പറഞ്ഞു.
🔳ഒരു അഞ്ച് നിമിഷമെങ്കിലും ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് സി.പി.ഒ. റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍. ദിവസങ്ങളായി റോഡില്‍ കിടക്കുന്ന ഞങ്ങള്‍ ഊണും ഉറക്കവുമില്ലാതെ നീതിക്കായി യാചിക്കുകയാണെന്നും അനിശ്ചിതകാല സമരം 11 ദിവസം പിന്നിടുമ്പോഴും ഭരണപക്ഷത്തുനിന്ന് ഒരു നേതാവുപോലും തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍. മുഖ്യമന്ത്രി പറഞ്ഞത് തെറ്റായ കണക്കുകളാണെന്ന് രേഖകള്‍ നിരത്തി പറഞ്ഞ ഇവര്‍ ഹൈക്കോടതി ഈ വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
🔳ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. ഇതില്‍ 3000 തസ്തികകളും ആരോഗ്യ വകുപ്പിലാണ്. ഇതോടെ തൊഴില്‍ രഹിതരായ 3151 പേര്‍ക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 10,272 തസ്തികകള്‍ സൃഷ്ടിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
🔳താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳ഇടതു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും അനര്‍ഹമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപന്തലില്‍ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳നിയമന വിവാദങ്ങള്‍ക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാര്‍. ലൈഫ് മിഷന് വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.
🔳സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സി.പി എമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും പി.കെ ഫിറോസ്.
🔳കേരളത്തില്‍ ഇന്നലെ 69,953 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73.
🔳മരട് ഫ്ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ചിത്രമായ മരട് 357ന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
🔳2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി. ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും മൂന്നാംസ്ഥാനം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുമാണ്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിനുളള പുരസ്കാരം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്. കൊല്ലവും കണ്ണൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
🔳ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെപേരില്‍ നടപടിയുണ്ടാകുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
🔳രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. ഇന്നലെ ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ എന്നീ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 82 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ശിരോമണി അകാലിദള്‍ ആറിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല.
🔳പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് പുറത്തുവെച്ച് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
🔳ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്കിയ ക്രിമിനല്‍ മാനനഷ്ട കേസ് കോടതി തള്ളി. കേസില്‍ പ്രിയാ രമണിയെ കോടതി കുറ്റവിമുക്തയാക്കി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്കാന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
🔳രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ ധാരാളമായി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്തതിനെ തുടര്‍ന്ന് ഇവ സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറില്‍ സ്ഥലം തികയാതെ വന്നതോടെയാണ് ഇത്തരമൊരു അഭ്യര്‍ഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത്. 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ഭക്തരില്‍ നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്.
🔳അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംഭാവന നല്‍കുന്നവരുടേയും നല്‍കാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിറകേയാണ് ഭീഷണിയുളളതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
🔳മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാഹുല്‍ ഗാന്ധിക്ക് തെറ്റായി വിവര്‍ത്തനം ചെയ്തുകൊടുത്ത പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നടപടി വിവാദത്തില്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് സംഭവം. സംവാദത്തിനിടയില്‍ ഒരു സ്ത്രീ സര്‍ക്കാരിനെതിരേ ഉന്നയിച്ച പരാതി, പ്രശംസിക്കുകയാണെന്ന രീതിയിലാണ് മുഖ്യമന്ത്രി വിവര്‍ത്തനം ചെയ്തു നല്‍കിയത്.
🔳സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് മഥുരയിലെ ജയിലില്‍ തുടക്കംകുറിച്ചത്. അതേസമയം, പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2008 ഏപ്രിലിലാണ് ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസം നില്‍ക്കുമെന്ന് കരുതിയായിരുന്നു ദാരുണമായ കൂട്ടക്കൊല.
🔳ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വനത്തിനുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും കൈയും കാലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച കന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു പെണ്‍കുട്ടികള്‍. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് ഉന്നാവോ പോലീസ് പറഞ്ഞു.
🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 12,418 പേര്‍ക്ക്. മരണം 89. ഇതോടെ ആകെ മരണം 1,56,038 ആയി. ഇതുവരെ 1,09,49,546 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.34 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 4,787 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 134 പേര്‍ക്കും തമിഴ്നാട്ടില്‍ 454 പേര്‍ക്കും കര്‍ണാടകയില്‍ 378 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 51 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 3,76,186 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 66,200 പേര്‍ക്കും ബ്രസീലില്‍ 57,295 ഫ്രാന്‍സില്‍ 25,018 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.04 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.26 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,565 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,057 പേരും മെക്സിക്കോയില്‍ 1329 പേരും ബ്രസീലില്‍ 1,195 പേരും ഇംഗ്ലണ്ടില്‍ 738 പേരും ജര്‍മനിയില്‍ 538 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.39 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഓസ്ട്രേലിയന്‍ ഓപ്പണില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ആന്ദ്രേ റുബ്ലെവിനെ കീഴടക്കി സെമിയിലേക്ക് മുന്നേറി റഷ്യയുടെ ലോക നാലാം നമ്പര്‍ താരം ഡാനില്‍ മെദ്വെദെവ്. തുടര്‍ച്ചയായ 19-ാം മത്സരത്തിലാണ് മെദ്വെദെവ് പരാജയമറിയാതെ കുതിക്കുന്നത്. കരിയറില്‍ ഇതാദ്യമായാണ് മെദ്വെദെവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലേക്ക് മുന്നേറുന്നത്.
🔳നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്പെയ്നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തകര്‍ത്ത് ഗ്രീസിന്റെ ലോക ആറാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്സിപാസ് മറികടന്നത്. സെമിയില്‍ റഷ്യയുടെ ഡാനില്‍ മെദ്വെദെവാണ് സിറ്റ്സിപാസിന്റെ എതിരാളി.
🔳ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി. ഈ മാസം 24ന് അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റ്. പകല്‍-രാത്രി ടെസ്റ്റാണിത്. മാര്‍ച്ച് നാലു മുതലാണ് നാലാം ടെസ്റ്റ്.
🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഈ ജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി ഗോവ നാലാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ ആറു സമനിലക്ക് ശേഷമാണ് ഗോവ ഒരു മത്സരം ജയിക്കുന്നത്.
🔳ഫ്രാങ്ക്ളിന് ടെംപിള്ടണ് എഎംസി പ്രവര്‍ത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ച് ലഭിച്ചുതുടങ്ങി. അഞ്ച് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ടില്‍ 5,075 കോടി രൂപയും ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 1,625 കോടി രൂപയുമാണ് വിതരണംചെയ്തത്. ഡൈനാമിക് ആക്യുറല്‍ ഫണ്ടിലെ നിക്ഷേപകര്‍ക്ക് 1,025 കോടി രൂപയും ലഭിക്കും. ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടില്‍ 469 കോടിയും ക്രഡിറ്റ് റിസ്ക് ഫണ്ടില്‍ 926 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. ആറുഫണ്ടുകളിലായി 17,000 കോടി രൂപയോളം ഇനിയും വിതരണം ചെയ്യേണ്ടതുണ്ട്.
🔳 അനുദിനം മാറുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ മിന്ത്ര. ഇതിലേറ്റവും പുതുതായി വന്നിരിക്കുന്നത് കമ്പനിയുടെ അവധി നയമാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെ കമ്പനിയിലെ മുഴുവന്‍ ആളുകള്‍ക്കും ബാധകമായ വിവാഹ അവധിയാണ് മിന്ത്രയുടെ ഏറ്റവും പുതിയ നയം. അഞ്ച് ദിവസമാണ് വിവാഹ അവധി. ഇതോടെ ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അവധി നല്കുന്ന ആദ്യത്തെ കമ്പനികളിലൊന്നായി ഇതോടെ മിന്ത്ര മാറിയിരിക്കുകയാണ്.
🔳മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന 'വണ്‍' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയോടൊപ്പം നിമിഷ സജയന് ചേര്‍ന്നു നില്ക്കുന്ന ചിത്രമാണ് എത്തിയിരിക്കുന്നത്. ലതിക എന്ന പ്രധാന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ ഇതുവരെ കാണാത്ത മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്റെ കഥ പറയുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ നിമിഷ സജയന് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ആണ് വണ്ണിന്റെ തിരക്കഥയൊരുക്കുന്നത്. ഒരു മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയായിരിക്കും വണ്‍ എന്നാണ് പുതിയ പോസ്റ്റര്‍ നല്കുന്ന പ്രതീക്ഷ.
🔳മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി സംവിധായകന് കണ്ണന് താമരക്കുളം ഒരുക്കുന്ന 'മരട് 357' ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. ചിത്രത്തിന്റെ ട്രെയ്ലറോ ഭാഗങ്ങളോ പുറത്തു വിടരുതെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ഫെബ്രുവരി 19ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്.
🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.45 ലക്ഷം മുതല്‍ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്സ്-ഷോറൂം വില. ഇതോടെ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള സബ് കോംപാക്ട് എസ്യുവിയായി തീര്‍ന്നിരിക്കുകയാണ് കിഗര്‍. കിഗെറിന്റെ ബുക്കിങ്ങും റെനോ ആരംഭിച്ചു. പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളില്‍ റെനോ കിഗെര്‍ വാങ്ങാം.
🔳വേറിട്ടൊരു വായനാനുഭവം നല്കുന്ന സഞ്ചാരസാഹിത്യമാണ് കടലാമകളുടെ നാട്ടില്‍ എന്ന പുസ്തകം. ആരാധനാലയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുല്‍മേടുകള്‍, കൗതുകവസ്തുക്കള്‍ എന്നിവ തേടിയുള്ള ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഗ്രന്ഥകാരന് ദൃശ്യവിരുന്നൊരുക്കുകയാണ് ഈ പുസ്തകത്തിലൂടെ. 'കടലാമകളുടെ നാട്ടില്‍' ഡോ. രാജന് ചുങ്കത്ത്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 80 രൂപ.
🔳ഇലക്കറികള്‍ ധാരാളം കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ഹൃദയാഘാതം, കാഴ്ചക്കുറവ്, പൊണ്ണത്തടി ഇവയ്ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തില്‍ ഇലക്കറി ഉള്‍പ്പെടുത്തുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, മൈസൂര്‍ച്ചീര, മണിത്തക്കാളിയില, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവയെല്ലാം ആരോഗ്യഗുണങ്ങളില്‍ മുന്നിലാണ്. ഇലക്കറികളില്‍ മിക്കവയിലും ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ചീര കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്*
നിസ്സഹായന്റെ ശബ്ദത്തിനും നിശ്ശബ്ദതയ്ക്കും ഒരേ വിലയാണ്. അധികാരവും കയ്യൂക്കുമുള്ളവന്റെ മുന്നില്‍ അതാരും തിരിച്ചറിയുന്നില്ല. ഒരാളെ നിശ്ബ്ദനാക്കുക എന്നതിനേക്കാള്‍ മികച്ച തന്ത്രമാണ് അയാളെ തനിക്ക് അനുകൂലമാക്കിമാത്രം സംസാരിപ്പിക്കുക എന്നത്. നിശബ്ദനായാല്‍ അയാളെ നിര്ദയന് എന്നും അനുകൂലമായി സംസാരിപ്പിച്ചാല്‍ അയാളെ നയതന്ത്രജ്ഞന് എന്നും ലോകം വിളിക്കും. എതിര്‍ത്താല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ ഓര്‍ത്ത് സ്വയം പിന്വലിയുന്നവരുടെ ആനുകൂല്യത്തില്‍ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ഏറെയുണ്ട്. മറ്റുള്ളവരുടെ ബലഹീനതകള്‍ക്ക് വിലയിട്ട് അവ ചൂഷണം ചെയ്ത് ജീവിക്കുന്നവരുമുണ്ട്. അല്ലായിരുന്നെങ്കില്‍ എല്ലാവര്ക്കും സ്വാഭാവികനീതി ലഭിച്ചേനെ. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിപ്പിച്ചുകളയാന് കഴിവുള്ളരുടെ മുന്നില്‍ ആരാണ് അപ്രിയസത്യങ്ങള്‍ ഉറക്കെ പറയുക. എന്ത് നഷ്ടം സഹിച്ചും സ്വന്തം നിലനില്പ് മാത്രമായിരിക്കും അവരുടെ ലക്ഷ്യം. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അതുകൊണ്ട് തന്നെ തെറ്റ് വരുത്തുന്നതിലല്ല, ചെയ്ത തെറ്റിനെ ധാര്‍ഷ്ട്യവും സ്വാധീനവുമുപയോഗിച്ച് ന്യായീകരിക്കുന്നതാണ് വലിയ തെറ്റ്. ദുര്‍ബലരുടെ തെറ്റുകള്‍ ശിക്ഷിക്കപ്പെടും. പ്രബലരുടെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. കാരണം ദുര്‍ബലര്‍ക്കു മുകളില്‍ നിയമവും പ്രബലര്‍ക്ക് ചുറ്റും സ്വാധീനശക്തിയുമുണ്ട്. ചെയ്യുന്ന ആളുകളുടെ സ്വാധീനശേഷിക്കനുസരിച്ച് തെറ്റുകളെ വിശുദ്ധപാപങ്ങളായും അവിശുദ്ധപാപങ്ങളായും തരം തിരിക്കുന്നത് അവസാനിപ്പിക്കാതെ തെറ്റുകള്‍ക്കും അവസാനമുണ്ടാകില്ല. എത്ര തന്നെ വിശുദ്ധീകരിച്ചാലും തെറ്റ് , തെറ്റുതന്നെയാണെന്ന് നമുക്ക് തിരിച്ചറിയാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
Post a comment