കോഴിക്കോട്: മുസ്ലീംലീഗിലേക്ക് തന്നെ മടക്കിക്കൊണ്ടു പോകാൻ ലീഗ് സംസ്ഥാന നേതാക്കൾ ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്. കോൺഗ്രസ് നേതാക്കളാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറിന് കോഴിക്കോട് വച്ചായിരുന്നു ചര്‍ച്ച. സംസ്ഥാന നേത്യത്വവുമായി ചര്‍ച്ച നടത്തുമ്പോഴും പാർട്ടി ജില്ലാ- പ്രാദേശിക നേത്യത്വങ്ങള്‍ എതിരായതിനാല്‍ ലീഗിലേക്ക് ഇനിയൊരു മടങ്ങിപോക്കുണ്ടാകില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.
തന്നെ ലീഗ് നേതാക്കള്‍ക്ക് തന്നെ കാണണമെന്ന ആവശ്യം മുന്നോട്ട് വച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. ലീഗ് സംസ്ഥാന നേതാക്കളുമായി ഇപ്പോഴും നല്ലബന്ധമാണ്. ഇതു പ്രകാരമായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ചര്‍ച്ച നടന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടു പോകുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ചയെന്നു മനസിലായതെന്നും റസാഖ് പറയുന്നു.
ചർച്ച സംബന്ധിച്ച് എല്‍.ഡി.എഫ് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രിയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് വിജയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിലും ഇടത് മുന്നണിയുടെ സഹകരണമുണ്ട്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് വിട്ട് പോകേണ്ട സാഹചര്യമില്ലെന്നും കാരാട്ട് പറഞ്ഞു.
Post a comment