ഡ്രൈവർ ട്രെയിനിങ് സെന്ററുകൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 1989-ലെ കേന്ദ്ര മോട്ടോർ വാഹനച്ചട്ടം ഭേദഗതി ചെയ്യാനാണിത്. ജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും നൽകാൻ ഒരുമാസം സമയമുണ്ട്.
*കേന്ദ്രങ്ങൾ സ്വകാര്യമേഖലയിൽ*
12-ാം ക്ലാസ് ജയിച്ച, അഞ്ചുവർഷം ഡ്രൈവിങ് പരിചയമുള്ളവർക്ക് ട്രെയിനിങ് സെന്റർ തുടങ്ങാൻ അനുമതി കിട്ടും. തുടങ്ങുന്ന ആളിനോ ജീവനക്കാരനോ മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച സർട്ടിഫിക്കറ്റ് വേണം. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മുൻഗണനയുണ്ട്.
സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിർബന്ധം. രണ്ട് ക്ലാസ് മുറി വേണം. കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ് എന്നിവ വേണം. കയറ്റിറക്കം അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. വർക് ഷോപ്പ് നിർബന്ധം. സെന്ററിന്റെ അനുമതി അഞ്ചുകൊല്ലം കൂടുമ്പോൾ പുതുക്കണം.
*വിപുലമായ സിലബസ്*
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ പൊതുവായുള്ളത്.
ഹെവി വാഹനങ്ങളുടെ കാര്യത്തിൽ തിയറിയിൽ എയ്ഡ്സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗര, ഗ്രാമ റോഡുകളിൽ പ്രാക്ടിക്കൽ പരിശീലനത്തിന് കൂടുതൽ സമയം കൊടുക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Post a comment