11 February 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 11 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


🔳വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ അവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

🔳ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. ആസ്ട്രാസെനെക്കയും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിന്‍ അപകട സാധ്യത മറികടക്കാന്‍ സഹായകരമാണെന്നും 65 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പാനല്‍ പറയുന്നത്.


🔳രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതിനെ പരിഹസിച്ച് ശശി തരൂര്‍. കലാപരമായി തയ്യാറാക്കിയ അവതരണമായിരുന്നു പ്രധാനമന്ത്രി നടത്തിയതെന്ന് തരൂര്‍ പറഞ്ഞു. ടികായത്തിന്റെ കണ്ണീരിനോടുള്ള ഭാഗിക പ്രതികരണമായി തനിക്കും കണ്ണീരുണ്ടെന്ന് തീരുമാനിക്കുകയായിരുന്നു പ്രധാനമന്ത്രിയെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

🔳സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങള്‍, റവന്യൂ ജീവനക്കാര്‍, മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയും തിരുവനന്തപുരം ജില്ലാകളക്ടര്‍ നവ്‌ജ്യോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചു.

🔳സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.

🔳സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. കേസില്‍ ഫെബ്രുവരി 25-ന് വിധി പറയും.

🔳മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് കത്വ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളര്‍ത്തച്ഛന്‍. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കിയതായി ഇരയുടെ അച്ഛനും കൂട്ടിച്ചേര്‍ത്തു.

🔳പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിലപാട് എടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹവും മാണി സി കാപ്പനും വ്യക്തമാക്കി.

🔳പാലാ ജോസ് കെ. മാണിക്ക് വത്തിക്കാനാണെങ്കില്‍ അവിടെ പോപ്പ് വേറെയാണെന്ന് എന്‍.സി.പി. നേതാവ്  മാണി സി. കാപ്പന്‍. ഇടതുപക്ഷം പാലാ സീറ്റ് തന്നില്ലെങ്കിലും അവിടെത്തന്നെ മത്സരിക്കുമെന്നും ഇടതുമുന്നണി നീതി കാണിച്ചില്ലെന്നും കാപ്പന്‍. പക്ഷേ, പാലായുടെ വികസനത്തെക്കുറിച്ച് തനിക്ക്  ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെന്നും അതു പൂര്‍ത്തിയാക്കുംവരെ പാലായില്‍ ഉണ്ടാവുമെന്നും മാണി.സി.കാപ്പന്‍ കൂട്ടിച്ചര്‍ത്തു.

🔳തര്‍ക്കത്തിനൊടുവില്‍ കേരളത്തില്‍ എന്‍.സി.പി. പിളര്‍പ്പിലേക്കെന്ന് സൂചന. മാണി സി. കാപ്പനെതിരെ മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ഏകപക്ഷീയമായാണ് മുന്നണി മാറ്റമെന്ന തീരുമാനം കാപ്പന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ല. മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്നും ശശീന്ദ്രന്‍.

🔳എന്‍.സി.പിക്കും മാണി സി കാപ്പനും യു.ഡി.എഫിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും. ഐശ്വര്യ കേരള യാത്രയില്‍ യു.ഡി.എഫിനൊപ്പം ചേരാന്‍ മാണി സി കാപ്പന് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതമെന്നും ചെന്നിത്തല. അതേസമയം മാണി സി. കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാപ്പനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന്‍ യു.ഡി.എഫില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി.

🔳പത്മജ വേണുഗോപാലിനെ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച അന്തിമതീരുമാനമായിയെന്ന് റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തില്‍ ജയസാധ്യതയുള്ളവരുടെ പേരുകളില്‍ ആദ്യ പരിഗണന പത്മജ വേണുഗോപാലിനാണെന്ന് തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഈയാവശ്യവുമായി സി.പി.എം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും എന്നെ  സമീപിച്ചിട്ടില്ല. മത്സരിക്കുന്ന കാര്യം എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍വതിയെ മത്സരിപ്പിക്കാന്‍ ചില ഇടതുപക്ഷ സിനിമാ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

🔳കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ, ശ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. ബാലവേലാ നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം. നിയമാനുസൃത അപേക്ഷയും എത്ര കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്‌ട്രേറ്റിനു സമര്‍പ്പിച്ചിരിക്കണം.  

🔳വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷ് കുറ്റക്കാരനാണെന്ന് കോടതി. വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രതിയുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രസ്താവിക്കും. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളില്‍ കൂടി ഇനി നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി.

🔳നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശിയും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച്..

🔳നിവേദനവുമായെത്തിയ പ്രതിഷേധക്കാരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

🔳തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കര്‍ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബിനാമി ആക്ട് പ്രകാരമാണ് നടപടി. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. കോടനാട് സിരുവത്തൂര്‍ ആസ്തികളും കണ്ടുകെട്ടാന്‍ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🔳ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയില്‍ അറിയിച്ചു. ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചിലവിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

🔳മിസ് ഇന്ത്യാ വിജയം കരസ്ഥമാക്കി തെലങ്കാന സ്വദേശിയായ മാനസ വാരണാസി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമന്‍ രതന്‍ സിങ് മാനസയെ കിരീടമണിയിച്ചു.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1837 ഡോളര്‍ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി.

🔳2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അരി,ഗോതമ്പ്,മറ്റ് നാടന്‍ ധാന്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,591 കോടി രൂപയായിരുന്നു. 2020-21 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബസ്മതി ഇതര അരി കയറ്റുമതി 22,856 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,268 കോടി രൂപയായിരുന്നു.

🔳ലോകേഷ് കനകരാജും വിജയ്യും വീണ്ടും ഒന്നിക്കുന്നു. വിജയ് ചിത്രം ഇതുവരെയായി 250 കോടി രൂപയോളമാണ് ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ വിജയ്യുടെ വസതിയില്‍ ചെന്ന് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. കഥയില്‍ താല്‍പര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്ക്കായി ഒന്നിക്കാന്‍ സമ്മതം അറിയിച്ചുവെന്നുമാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

🔳ഇരുപത്തൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. മണിരത്‌നത്തിന്റെയും നടന്‍ മാധവന്റെയും പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ശാലിനി അഭിനയിക്കുന്നത്.

🔳ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സെയ്ക് മോട്ടോഴ്സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്.  ഇപ്പോഴിതാ  ചില പരിഷ്‌കാരങ്ങളുമായി 2021 എംജി ഇസെഡ് എസ് ഇവി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.  എക്‌സൈറ്റ് പതിപ്പിന് 11,000 രൂപ കൂടി 20.99 ലക്ഷവും, എക്‌സ്‌ക്‌ളൂസീവ് പതിപ്പിന് 60,000 രൂപ കൂടി 24.18 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില.

🔳മലയാളത്തിലെ പതിവു രചനാ മാതൃകകളില്‍ നിന്ന് വ്യതസ്തമായ പാതയിലൂടെ ചുവടുവെച്ച് പോയി ഇനി മാറേണ്ടതില്ല എന്ന് ഉറപ്പായ രൂപത്തില്‍ ചെന്നുതൊട്ട ആഖ്യായിക. 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി'. രണ്ടാം പതിപ്പ്. എന്‍ പ്രഭാകരന്‍. മാതൃഭൂമി. വില 110 രൂപ.

🔳കൊവിഡാന്തര പ്രശ്നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് നെഗറ്റീവായശേഷം ഗുരുതരവാസ്ഥയിലാകുന്നവരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം , തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ , ഉറക്കമില്ലായ്മ , മാനസിക പിരിമുറുക്കം ഇങ്ങനെ കൊവിഡാനന്തര പ്രശ്നങ്ങള്‍ നിരവധിയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാരിന്റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93680 പേരാണ് ചികില്‍സ തേടിയത്. 51508 പേര്‍ ഫോണ്‍ വഴി ചികില്‍സ തേടി. ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് - 7409 പേര്‍. പേശി അസ്ഥി സംബന്ധവുമായ അസുഖങ്ങളുമായി ചികില്‍സ തേടിയത് 3341 പേര്‍ ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400പേരും ചികില്‍സ തേടി. ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി ചികില്‍സ തേടിയത് 812 പേര്‍. കൊവിഡിന് ഒപ്പം തന്നെ കൊവിഡാനന്തര പ്രശ്നങ്ങള്‍ രൂക്ഷമായി തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും ഉള്ളവരുടെ എണ്ണവും കൂടി. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ബാധിച്ചുള്ളവരുടെ മരണവും കൂടി.എന്നാലിതു സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.76, പൗണ്ട് - 100.57, യൂറോ - 88.22, സ്വിസ് ഫ്രാങ്ക് - 81.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.33, ബഹറിന്‍ ദിനാര്‍ - 192.99, കുവൈത്ത് ദിനാര്‍ -240.65, ഒമാനി റിയാല്‍ - 189.24, സൗദി റിയാല്‍ - 19.40, യു.എ.ഇ ദിര്‍ഹം - 19.81, ഖത്തര്‍ റിയാല്‍ - 19.99, കനേഡിയന്‍ ഡോളര്‍ - 57.36.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only