14 February 2021

പ്രഭാത വാർത്തകൾ
(VISION NEWS 14 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

🔳ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.

🔳കോവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ ചൈന വിസമ്മതിച്ചു. മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍ ഇത് സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


🔳വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൃഷി ഭാരത മാതാവിന്റെതാണെന്നും വ്യവസായികളുടേതല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ ധാന്യങ്ങളുടെ വിപണനത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത് ഒരു വ്യവസായിയാണെന്നും അദാനിയുടെ പേര് പരാമര്‍ശിക്കാതെ രാഹുല്‍ പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന രണ്ടാമത്തെ കാര്‍ഷിക നിയമം രാജ്യത്തെ ധാന്യങ്ങളുടെ 80-90 ശതമാനം നിയന്ത്രണം ഈ വ്യവസായിയുടെ കൈകളിലേക്കെത്തിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

🔳റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അക്രമസംഭവങ്ങളിലെ പ്രതി  ദീപ് സിദ്ദുവിനേയും മറ്റൊരു പ്രതിയായ ഇഖ്ബാല്‍ സിങിനേയും ഡല്‍ഹി പോലീസ് ചെങ്കോട്ടയിലെത്തിച്ചു. ചെങ്കോട്ടയില്‍ ഉണ്ടായ സംഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കാനാണ് ഇരുവരേയും സംഭവസ്ഥലത്ത് എത്തിച്ചത്.  ട്രാക്ടര്‍ റാലി ദിവസം ചെങ്കോട്ടയില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നിലെ 'മാസ്റ്റര്‍ ബ്രെയിന്‍' ദീപ് സിദ്ദുവാണെന്നാണ് പോലീസ് പറയുന്നത്.

🔳ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇതാദ്യമായി കുട്ടികളില്‍ പരീക്ഷിക്കും.  ഏഴിനും 17 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

🔳ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. സുരേന്ദ്രന്റെ വിജയയാത്ര 21-ന് തുടങ്ങും മുന്‍പേ ബിജെപിക്ക് ആവേശമാകാന്‍ എത്തുകയാണ് മോദി. കൊച്ചിയിലെ വികസനപദ്ധതികളുടെ ഉദ്ഘാടനശേഷമാണ് ബിജെപിയുടെ നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം. കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള പ്രചാരണതന്ത്രങ്ങളടക്കം മോദി മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

➖➖➖➖➖➖➖➖

🔳കേരളത്തിലെ പിന്‍വാതില്‍ നിയമന വിവാദം ലോക്‌സഭയില്‍ ഉന്നയിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. കേരളത്തിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും നിയമനിര്‍മാണം അനിവാര്യമാണെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

🔳പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത്  നടപ്പാക്കുമെന്ന്  ആഭ്യന്തര മന്ത്രി ഇപ്പോള്‍ പറയുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരു നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ലെന്നും അതിന്റെ കൂടെ നില്‍ക്കുകയില്ലെന്നും നടപ്പാക്കുകയില്ലെന്നും മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു.

🔳ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണെന്നും  എന്‍എസ്എസ് നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലര്‍ രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി
ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

🔳അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നുവെന്നും അത് പ്രത്യാശയായി മാറിയെന്നും എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳മുന്നണി മാറ്റത്തില്‍ മാണി സി.കാപ്പനൊപ്പം ഉറച്ചുനിന്ന ടി.പി. പീതാംബരനും മറുകണ്ടംചാടി.  തനിക്കൊപ്പം ടി.പി.പീതാംബരനും യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി.കാപ്പന്‍ കൊച്ചിയില്‍ നടത്തിയ പ്രതികരണം വെട്ടിലാക്കിയതോടെയാണ് അദ്ദേഹം കാപ്പനെ തള്ളിയത്. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനെതിരാണ് കാപ്പന്റെ നിലപാടെങ്കില്‍ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകില്ലെന്നും പീതാംബരന്‍ അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 85,969 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3970 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133.

🔳സംസ്ഥാനത്ത് ഇന്നലെ 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്ട് സ്‌പോട്ടുകള്‍.

🔳മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കോവിഡ് വ്യാപിക്കുന്നു. ഇന്നലെ കോവിഡ് പരിശോധനാഫലം പുറത്തുവന്നതില്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വന്നേരി, മാറഞ്ചേരി സ്‌കൂളുകളില്‍മാത്രം ഒരാഴ്ചയ്ക്കിടെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

🔳കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു.

🔳കൊച്ചി റിഫൈനറിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടികാട്ടി ഹൈബി ഈഡന്‍ എംപി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. ഡയസില്‍ നിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയത് വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും നോട്ടീസില്‍ പറയുന്നു.

🔳രോഗിയായ കുട്ടിയുടെ ചികില്‍സയ്ക്ക് സമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പൊലീസ് ചോദ്യം ചെയ്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്യുടെയും ആരതിയുടെയും പരാതിയിലാണ് നടപടി. പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്റെ വാദം.

🔳പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേദിവാലക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായുള്ള ഇവരുടെ കാലാവധി ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇവരുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടാന്‍ സുപ്രീം കോടതി കൊളീജിയം നേരത്തെ നിര്‍ദേശിച്ചിരുന്നു.

🔳ഹരിയാന റോത്തക്കിലെ ഗുസ്തി പരിശീലനകേന്ദ്രത്തില്‍ നടന്ന വെടിവപ്പുമായി ബന്ധപ്പെട്ട പ്രധാനപ്രതി അറസ്റ്റില്‍. വെടിവെപ്പില്‍ പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിശീലനകേന്ദ്രത്തിലെ ജീവനക്കാരനായ സുഖ്‌വേന്ദ്രറാണ് പിടിയിലായത്. ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

🔳ബംഗാളില്‍ ബി.ജെ.പി പണം നല്‍കി വോട്ട് പിടിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജി. ബി.ജെ.പി നല്‍കുന്ന പണം വാങ്ങിക്കോളു, എന്നാല്‍ വോട്ട് തൃണമൂലിന് ചെയ്യണമെന്നും അഭിഷേക് ബാനര്‍ജി ജനങ്ങളോട് ആവശ്യപ്പെട്ടു.

🔳ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മുകശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുകൊണ്ട് അമിത് ഷാ പറഞ്ഞു.

🔳ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി ഗാല്‍വന്‍ താഴ്‌വരയും കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകവും സന്ദര്‍ശിക്കും. എന്നാല്‍ തന്ത്രപ്രധാന സ്ഥലങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് സൂചന.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 12,188 കോവിഡ് രോഗികള്‍. ഇതില്‍ 5,471 രോഗികളും കേരളത്തില്‍. മരണം 104. ഇതോടെ ആകെ മരണം 1,55,673 ആയി. ഇതുവരെ 1,09,04,738 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.34 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 3,611 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 126 പേര്‍ക്കും തമിഴ്നാട്ടില്‍ 477 പേര്‍ക്കും കര്‍ണാടകയില്‍ 419 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 54 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,58,832 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 78,213 പേര്‍ക്കും ബ്രസീലില്‍ 44,060 പേര്‍ക്കും ഫ്രാന്‍സില്‍ 22,231 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.90 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.54 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,647 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,973 പേരും മെക്സിക്കോയില്‍ 1,323 പേരും ബ്രസീലില്‍ 931 പേരും  ഇംഗ്ലണ്ടില്‍ 621 പേരും റഷ്യയില്‍ 502 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.03 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് ലേബല്‍ ചെയ്യുന്ന രീതി കൂടുതല്‍ രാജ്യങ്ങളിലേക്ക് ട്വിറ്റര്‍ വ്യാപിപ്പിക്കുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ എന്നിവയെ ഇതുവഴി ലേബല്‍ ചെയ്ത് കാണിക്കും. എന്നാല്‍ ഇന്ത്യയെ ലേബലിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

🔳ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജയും. യുണൈറ്റഡ് നേന്‍ഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ആകാംക്ഷ അറോറയെന്ന 34 കാരിയാണ് മത്സരരംഗത്തുണ്ടെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആകാംക്ഷ അറോറ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു.

🔳ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇന്ത്യ  ആറുവിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ്. 161 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 67 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മാന്യമായ ടോട്ടല്‍ ആദ്യ ദിനം കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

🔳ഐ-ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം.  ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന എഫ്.സി ഗോവ - ചെന്നൈയിന്‍ എഫ്.സി പോരാട്ടം സമനിലയില്‍. ഇന്‍ജുറി ടൈമില്‍ ഇഷാന്‍ പണ്ഡിത നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു

🔳രാജ്യത്തെ പച്ചക്കറി വില കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ചില്ലറ പണപ്പെരുപ്പം ജനുവരിയില്‍ 4.06 ശതമാനമായി കുറഞ്ഞുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറില്‍ 4.59 ശതമാനമായിരുന്നു. മാംസത്തിന്റെയും മത്സ്യത്തിന്റെയും പണപ്പെരുപ്പം ജനുവരിയില്‍ 12.54 ശതമാനം ഉയര്‍ന്നപ്പോള്‍, പച്ചക്കറികളുടെ വിഭാഗത്തില്‍ ഇത് 15.84 ശതമാനമായി കുറഞ്ഞു. പഴ വര്‍ഗങ്ങളില്‍ 4.96 ശതമാനം നിരക്ക് വര്‍ധനയുണ്ടായി. ഇവ കൂടാതെ മുട്ടയുടെ പണപ്പെരുപ്പം 12.85 ശതമാനവും പാല്‍ ഉല്‍പന്നങ്ങള്‍ക്ക് 2.73 ശതമാനവും വര്‍ദ്ധിച്ചു. ഭക്ഷ്യ എണ്ണയുടെ പണപ്പെരുപ്പം 19.71 ശതമാനം ഉയര്‍ന്നു. ഭക്ഷ്യ വിഭാഗത്തിലെ മൊത്ത ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് ജനുവരിയില്‍ 1.89 ശതമാനമായിരുന്നു, ഡിസംബറിലെ 3.41 ശതമാനത്തില്‍ നിന്നാണ് ഈ കുറവുണ്ടായത്.

🔳രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്‌സണ്‍സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു.  ഇന്ത്യയില്‍ സര്‍വേയുടെ ഭാഗമായ കമ്പനികളില്‍ 37 ശതമാനത്തിന് മാത്രമാണ് ബിസിനസ് വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. 2020 ലെ മൂന്നാം പാദവാര്‍ഷികത്തില്‍ വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്പനികളുടെ എണ്ണം വെറും 18 ശതമാനമായിരുന്നു. ഇന്ത്യയിലെ വിവിധ കമ്പനികളിലെ ആകെ ജീവനക്കാരില്‍ 10.3 ശതമാനം പേര്‍ക്ക് 20.6 ശതമാനം വരെ വേതനം വര്‍ധിക്കും.

🔳പാര്‍വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സിന്ദഗി എന്ന ഗാനം വിശാല്‍ ജോണ്‍സണ്‍ രചിച്ച് ഹേഷം അബ്ദുള്‍ വഹാബ് ആണ് ഈണമിട്ട് ആലപിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മനോജ് കെ. ജയനും. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

🔳രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ.  ആറുവര്‍ഷത്തിനിടെ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങള്‍. 2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയില്‍ എത്തിച്ച വാഹനം.  മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.

🔳രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കുള്ള പങ്ക് മുന്നില്‍ക്കണ്ട്, അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കള്‍ എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്കുകയും, ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്കുകയും ചെയ്യുന്ന ഒരു പുസ്തകം. ഋഷിരാജ് സിങ് ഐ.പി.എസ് എഴുതിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു. 'വൈകും മുന്‍പേ'. മാതൃഭൂമി. വില 190 രൂപ.

🔳കൊറോണ വൈറസ് ബാധയ്ക്ക് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാല്‍ ചിലരില്‍ ഒരു ലക്ഷണവും പ്രകടമാവണമെന്നില്ല. മറ്റു ചിലരിലാകട്ടെ ലക്ഷണങ്ങള്‍ ഗുരുതരവുമാകാം. ആഗോള ആരോഗ്യ ഏജന്‍സികള്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും കൂടുതല്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ പുതിയ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളില്‍ പെടുന്നു. ഇംഗ്ലണ്ടിലെ പത്തുലക്ഷത്തിലധികം പേരില്‍ റിയാക്ട് പ്രോഗ്രാം നടത്തിയ പഠനം ഈ കണ്ടെത്തല്‍ ശരി വയ്ക്കുന്നു. ജൂണ്‍ 2020 നും ജനുവരി 2021 നും ഇടയിലാണ് വിവരശേഖരണം നടത്തിയത്. ചോദ്യാവലികളും സ്വാബ് ടെസ്റ്റുമാണ് രോഗം ബാധിച്ചവരുടെ വിവരങ്ങളറിയാന്‍ ഉപയോഗിച്ചത്.  പഠനത്തില്‍ 60 ശതമാനത്തിലധികം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പോലും കോവിഡ് പോസിറ്റീവായവരില്‍ പ്രകടമായിരുന്നില്ല. കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതില്‍ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കോവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു. അതേ സമയം 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിശപ്പില്ലായ്മയും ഉണ്ടായി. പേശിവേദന മുതിര്‍ന്നവരില്‍ കോവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളില്‍ ചുമ, പനി, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ജനിച്ചപ്പോഴേ എച്ച്.ഐ.വി ബാധിതനായിരുന്നു ആ കുഞ്ഞ്. എച്ച്.ഐ.വി ബാധിതയായ അവന്റെ അമ്മയ്ക്ക് അവനെ നോക്കാനുള്ള ആരോഗ്യമില്ലാതായപ്പോള്‍ ഗെയില്‍ ജോണ്‍സന്‍ എന്നൊരാള്‍ അവനെ ദത്തെടുത്തു. പ്രൈമറി സ്‌കൂള്‍ കാലഘട്ടം വരെ സാധാരണ കുട്ടികളെപ്പോലെ തന്നെയാണ് അവനും വളര്‍ന്നത്.  സ്‌കൂളില്‍ ചേര്‍ക്കാനുള്ള സമയമായപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.  എച്ച്.ഐ.വി പോസറ്റീവായ ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.  സ്‌കൂളില്‍ ചേരാനുള്ള അവന്റെ പോരാട്ടമാണ് ലോകശ്രദ്ധയെ അവനിലേക്കെത്തിച്ചത്.  ദക്ഷിണാഫ്രിക്കയിലാകെ ഈ സംഭവം കോളിളക്കമുണ്ടാക്കി.  അവസാനം സ്‌കൂള്‍ അധികൃതര്‍ക്ക് തങ്ങളുടെ തീരുമാനം തിരുത്തേണ്ടിവന്നു.  അങ്ങനെ എന്‍കോസി ജോണ്‍സന്‍ തന്റെ സ്‌കൂള്‍ കാലഘട്ടം ആരംഭിച്ചു.  വൈകാതെ എഡ്സിന് എതിരായ പോരാട്ടങ്ങളുടെ മുന്‍നിരയിലേക്ക് എന്‍കോസി കടന്നുവന്നു.  രോഗവിവരങ്ങള്‍ മറച്ചുവെച്ച് ജീവിക്കുന്നതിനെ അവന്‍ എതിര്‍ത്തു.  13മത് രാജ്യാന്തര എയ്ഡ്സ് കോണ്‍ഫറന്‍സിലെ മുഖ്യപ്രഭാഷകന്‍ എന്‍കോസി ജോണ്‍സന്‍ ആയിരുന്നു.  രോഗത്തോട് തുറന്ന സമീപനം സ്വീകരിക്കാനും തുല്യപരിഗണന തേടാനും അവന്‍ ആളുകളെ പ്രചോദിപ്പിച്ചു.  തന്റെ ഉജ്ജ്വലമായ പ്രസംഗം എന്‍കോസി അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. '  നമുക്ക് നടക്കാനാകും, നമുക്ക് സംസാരിക്കാനാകും, മറ്റെല്ലാവരേയും പോലെ നമുക്കും ആവശ്യങ്ങളുണ്ട്, നമ്മെത്തന്നെ നാം പേടിക്കാതിരിക്കുക നമ്മളെല്ലാം ഒന്നാണ്'  2001 ല്‍ തന്റെ 12-ാംമത്തെ വയസ്സില്‍ എന്‍കോസി ലോകത്തോട് പിരിഞ്ഞെങ്കിലും ആ വാക്കുകള്‍ നമുക്കും ചേര്‍ത്തുപിടിക്കാം.. അതെ, നമ്മെതന്നെ നാം പേടിക്കാതിരിക്കുക, നാമെല്ലാം ഒന്നാണ്... - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only