പ്രഭാത വാർത്തകൾ
2021 ഫെബ്രുവരി 4 | 1196 മകരം 22 | വ്യാഴം | ചോതി|
➖➖➖➖➖➖➖➖
🔳രാജ്യത്തെ കര്‍ഷക പ്രക്ഷോഭം ആഗോള ശ്രദ്ധയാകര്ഷിച്ചതിനെ പ്രതിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 'ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ' തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാര്‍ ഒന്നടങ്കം ട്വിറ്ററില്‍ രംഗത്തെത്തി. കര്‍ഷക പ്രതിഷേധത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അപലപിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയായിരുന്നു ഇത്.
🔳കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുക്കര്‍. ''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ച്ചക്കാരാകാം, എന്നാല്‍ അതിന്റെ ഭാഗമാകാനാകില്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.'' സച്ചിന് ട്വിറ്ററില്‍ കുറിച്ചിട്ടു. കൂടെ ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന് നല്‍കിയിട്ടുണ്ട്.
🔳കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും. സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെയാണ് വിരാട് കോലിയും നിലപാട് വ്യക്തമാക്കിയത്. 'അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'- വിരാട് കോലി ട്വീറ്റ് ചെയ്തു.
🔳റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയിലുണ്ടായ അക്രമസംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ഹര്‍ജിക്കാരോട് സര്‍ക്കാരിന് മുന്നില്‍ നിവേദനം സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. തെളിവില്ലാതെ കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കരുത് എന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു പൊതുതാല്പര്യ ഹര്‍ജിയും സുപ്രീംകോടതി തളളി.
🔳കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കുറ്റകരമായ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച നടപടിയില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ നോട്ടീസ് നല്കി. നടപടിയെടുത്തില്ലെങ്കില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.
🔳എന്തുകൊണ്ടാണ് ഡല്‍ഹിയെ ഒരു പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നതെന്നും കര്‍ഷകര്‍ ശത്രുക്കളാണോയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ ഇന്ത്യയുടെ കരുത്തും ശക്തിയുമാണെന്നും അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സര്‍ക്കാരിന്റെ ജോലിയല്ലെന്നും രാഹുല്‍.
🔳പ്രധാനമന്ത്രി മോദിക്കെതിരെ പരോക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ലോകത്തെ മിക്ക ഏകാധിപതികളുടേയും പേര് 'M' എന്ന അക്ഷരത്തില്‍ ആരംഭിക്കുന്നത് എന്നായിരുന്നു ട്വിറ്ററിലൂടെ രാഹുലിന്റെ പരിഹാസ ചോദ്യം. മുസ്സോളിനി, മുബാറക്, മുഷറഫ് എന്നിങ്ങനെ ഉദാഹരണങ്ങളും രാഹുല്‍ ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
➖➖➖➖➖➖➖➖
🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്നും അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തുചെയ്യുമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത്. സിമന്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ഉപയോഗിച്ച് പ്രതിബന്ധം തീര്‍ത്തതിനോട് രാകേഷ് ടികായത്ത് പ്രതികരിച്ചത് രാജാവ് ഭയപ്പെടുമ്പോള്‍ കോട്ടകള്‍ സുരക്ഷിതമാക്കുമെന്നായിരുന്നു.
🔳ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 53ലെത്തി. മുന്‍ വര്‍ഷം 51 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളും റാങ്കിംഗില്‍ പിന്നോട്ട് പോകാന്‍ കാരണമായതായി സൂചിക തയാറാക്കിയ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.
🔳എല്‍.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തില്‍ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ അവകാശപ്പെട്ടു. ശബരിമല വിഷയത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഇപ്പോള്‍ ആ വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് കാപട്യത്തിന്റെ ഭാഗമാണെന്നും നഡ്ഡ.
🔳മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സുധാകരന്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എടുത്തെന്നാണ് സുധാകരന് അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതില്‍ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും സുധാകരന് പറഞ്ഞു.
🔳മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ കെ സുധാകരന് എംപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളോടും തനിക്ക് പറയാനുള്ളതെന്നും ഷാനിമോള്‍ അഭിപ്രായപ്പെട്ടു.
🔳ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കുകയായിരുന്നു. ലാവ്ലിന് കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതെന്നും മുല്ലപ്പള്ളി.
🔳കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്. പാണക്കാട് സന്ദര്‍ശനത്തെ പോലും സി.പി.എം ലീഗിന്റെ വര്‍ഗ്ഗീയത ഉയര്‍ത്തിക്കാട്ടി വിമര്‍ശിക്കുന്നതും യു.ഡി.എഫ്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നതും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഹിന്ദു രാഷ്ട്രീയം കാരണമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. ഇതോടെ കേരളത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തി നേടുകയാണെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
🔳ഇസ്ലാമോഫോബിയ എന്ന ട്രെന്‍ഡിന് വിജയരാഘവന് കുട പിടിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലീം സമുദായത്തിന്റെ നിസ്സഹായതയെ മുതലെടുക്കാനാണ് വിജയരാഘവന്റെ നീക്കമെന്നും ഇത് ആര്.എസ്.എസിന് വളംവെച്ച് കൊടുക്കുമെന്നും ഹമീദ് വാണിയമ്പലം.
🔳സംസ്ഥാനത്ത് ഇന്നലെ 59,635 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93.
🔳സംസ്ഥാനത്ത് ഇന്നലെ 30 പുതിയ ഹോട്ട് സ്പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്പോട്ടുകള്‍.
🔳മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
🔳മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി.
🔳നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാര്‍ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ ക്രൈസ്തവ നാടാരും ഒബിസിയില്‍ വരും. തെക്കന്‍ കേരളത്തില്‍ ഈ തീരുമാനം തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.
🔳കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍മോചിതനായി. ജയില്‍മോചിതനായ അദ്ദേഹം അടുത്തബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ജയിലിനു പുറത്ത് കാത്തു നിന്ന മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
🔳വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സിപിഎം അനുഭാവികളായ ആയിരക്കണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നും പിന്‍വാതില്‍ വഴി സിപിഎം നടത്തിയ അനര്‍ഹമായ എല്ലാ നിയമനങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പുനഃപരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും വകുപ്പ് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായിട്ടാണ് നിയമനങ്ങള്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
🔳പഞ്ചായത്ത് സമിതികളില്‍ പ്രതിപക്ഷാംഗങ്ങളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് മഴുവന്നൂരില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ 20-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെ തടഞ്ഞുവെച്ചതായും ആക്ഷേപമുണ്ട്.
🔳ദീര്‍ഘ അവധിയില്‍പ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആര്.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആര്.ടി.സി. നല്കിയ അപ്പീല്‍ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
🔳വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, തടിമില്ലുകള്‍, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.
🔳തൃത്താല ആലൂരില്‍ അമ്മയെയും രണ്ട് മക്കളെയും വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടയില്പ്പടി കുട്ടി അയ്യപ്പന്റെ മകളായ ശ്രീജ, മക്കളായ അഭിഷേക്, അഭിനവ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീജ മക്കളുമായി കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
🔳അക്രമാസക്തമായ പ്രതിഷേധത്തിന്റെ ഭാഗമാകുന്നവരെയും റോഡ് തടയുന്നവരെയും സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ് നല്കി ബിഹാര്‍ പോലീസിന്റെ വിവാദ സര്‍ക്കുലര്‍. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ ധര്‍ണ നടത്തുകയോ റോഡ് തടയുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളോ സര്‍ക്കാര്‍ കരാറുകളോ ലഭിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
🔳നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളില്‍ ബിജെപി നടത്തുന്ന രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിന് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാവശ്യപ്പെട്ട് മമത സര്‍ക്കാര്‍. 294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകളാണ് സംഘടിപ്പിക്കുന്നത്. 20 മുതല്‍ 25 ദിവസം വരെ ഓരോ യാത്രയും നീണ്ടു നില്ക്കും. രഥയാത്ര കടന്ന് പോകുന്ന എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും അനുമതി വാങ്ങേണ്ടി വരുമെന്നത് വലിയ തലവേദനയാണ് ബിജെപിക്ക് സൃഷ്ടിക്കുക.
🔳ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ബംഗാളികള്‍ തന്നെ ഭരിക്കുമെന്നും മമത.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 12,916 കോവിഡ് രോഗികള്‍. ഇതില്‍ 6,356 രോഗികളും കേരളത്തില്‍. മരണം 107. ഇതോടെ ആകെ മരണം 1,54,742 ആയി. ഇതുവരെ 1,07,91,123 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.52 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 2,992 പേര്‍ക്കും ഡല്‍ഹിയില്‍ 150 പേര്‍ക്കും തമിഴ്നാട്ടില്‍ 514 പേര്‍ക്കും കര്‍ണാടകയില്‍ 426 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 95 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,57,394 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,00,891 പേര്‍ക്കും ബ്രസീലില്‍ 53,164 പേര്‍ക്കും സ്പെയിനില്‍ 31,596 പേര്‍ക്കും ഫ്രാന്‍സില്‍ 26,362 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.48 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.58 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 13,270 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,428 പേരും ഇംഗ്ലണ്ടില്‍ 1,322 പേരും ബ്രസീലില്‍ 1,180 പേരും ജര്‍മനിയില്‍ 826 പേരും സ്പെയിനില്‍ 565 പേരും റഷ്യയില്‍ 526 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 22.61 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳എല്ലാ ദിശകളിലും സമാധാനത്തിന്റെ കരങ്ങള്‍ നീട്ടേണ്ട സമയമാണിതെന്ന് പാകിസ്താന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. പരസ്പര ബഹുമാനവും സമാധാനപരമായ സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിന് പാകിസ്താന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഏറെ വഷളായ പശ്ചാത്തലത്തിലാണ് പാകിസ്താന് സൈനിക മേധാവിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
🔳ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം ഒഴിയുന്നു. 30 വര്‍ഷക്കാലം കയ്യാളിയിരുന്ന ചുമതലയാണ് ബെസോസ് ഒഴിയുന്നത്. ഇനിമുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരിക്കും അദ്ദേഹം. തന്റെ മറ്റ് സംരംഭങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബെസോസ് പറഞ്ഞു. ആമസോണ്‍ ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസിന് നേതൃത്വം നല്കുന്ന ആന്‍ഡി ജാസി പകരം സി.ഇ.ഒ. സ്ഥാനം വഹിക്കും.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.
🔳ഓസ്ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് വിജയത്തെ പുകഴ്ത്തി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്. പരിക്ക് കാരണം പ്രധാന താരങ്ങളെ നഷ്ടമായിട്ടും ഓസ്ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരേ ഇന്ത്യ നേടിയത് ഗംഭീര വിജയമാണെന്ന് വില്യംസണ് പറഞ്ഞു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വില്യംസണ് കൂട്ടിച്ചേര്‍ത്തു.
🔳ആഗോള ഇ-കൊമേഷ്യല്‍ രംഗത്തെ വമ്പന്മാരായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഈ വര്‍ഷാവസാനത്തോടെ സ്ഥാനമൊഴിയും. തുടര്‍ന്ന് അദ്ദേഹം എക്സിക്യുട്ടീവ് ചെയര്‍മാനായി തുടരുമെന്ന് കമ്പനി വ്യക്തമാക്കി. 57 കാരനായ ബെസോസിന് പകരമായി വെബ് സര്‍വീസ് മേധാവി ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെയായിരിക്കും ബെസോസ് എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനമേറ്റെടുക്കുക.
🔳ആഗോളതലത്തില്‍ ലാപ്ടോപ്പ് നിര്‍മാണത്തിലെ വമ്പന്മാരായ ലെനോവോയ്ക്ക് മൂന്നാം പാദത്തില്‍ ഉയര്‍ന്ന വളര്‍ച്ച. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ 53 ശതമാനം വളര്‍ച്ചയാണ് ചൈനീസ് കമ്പനിയായ ലെനോവോ നേടിയത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാളേറെയാണിത്. കോവിഡ് മഹാമാരി കാരണം ആളുകള്‍ വീടുകളില്‍നിന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതാണ് ലാപ്ടോപ്പ് വില്‍പ്പന ഉയരാനിടയാക്കിയത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ അറ്റാദായം 395 മില്യണ്‍ ഡോളറായി ഉയര്‍ന്നു. 293.7 മില്യണ്‍ ഡോളര്‍ അറ്റദായം നേടുമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. അതേസമയം വരുമാനം 22 ശതമാനം ഉയര്‍ന്ന് 17.25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
🔳നവാഗതനായ പി.സി.സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം റിലീസിന് ഒരുങ്ങി. ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം'. അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ.
🔳കമ്പനികളുടെ 'ബ്രാന്‍ഡ് മാനായി' രണ്‍വീര്‍ സിംഗ്. ഒന്‍പത് പുതിയ കമ്പനികളുമായാണ് ഇദ്ദേഹം ഒപ്പുവച്ചത്. താരം ആസ്ട്രല്‍ പൈപ്പ്സ്, എഡ്യോറ, ട്രൂ ഫാന്‍, ജിയോ നെറ്റ്വര്‍ക്ക് തുടങ്ങിയ കമ്പനികളുമായും ഒപ്പുവച്ചിട്ടുണ്ട്. ഒരുകമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 7-12 കോടി രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ അഞ്ച് കോടി രൂപയ്ക്ക് താഴെയുള്ള ചില ഹ്രസ്വകാല പ്രോജക്ടുകളിലും താരം ഒപ്പുവച്ചിരുന്നു. പുതിയതും നിലവിലുള്ളവയുമടക്കം കോട്ടക് മഹീന്ദ്ര ബാങ്ക്, നെറോലാക് പെയിന്റ്സ്, ചിംഗ്സ്, ഐടിസിയുടെ ബിങ്കോ സ്നാക്കസ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, മാന്യവര്‍, നിവ്യ മെന്‍, കോള്‍ഗേറ്റ്, ജെബിഎല്‍ ഉള്‍പ്പെടെ 34 ബ്രാന്‍ഡുകളുമായാണ് ഇദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
🔳ഇന്ത്യയിലെ ഏറ്റവും സുരക്ഷിത കോംപാക്ട് എസ്.യു.വികളില്‍ ഒരുവനായ മഹീന്ദ്രയുടെ എക്സ്.യു.വി.300-ന്റെ പെട്രോള്‍ എ.എം.ടി. പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡബ്ളിയു 6, ഡബ്ളിയു 8, ഡബ്ളിയു 8(ഒ) എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 9.95 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്സ്ഷോറും വില. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചറിന്റെ അകമ്പടിയോടെ എത്തുന്ന ണ6 പെട്രോള്‍ എന്ജിന് മാനുവല്‍ മോഡലിന് 9.40 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
🔳കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയുടെയും ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക സാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്. ഗ്രീന്‍ ബുക്സ്. വില 285 രൂപ.
🔳ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിനുകള്‍ എത്തിയിരിക്കുന്നു. എന്നാല്‍ വാക്സിനുകള്‍ക്ക് രോഗവ്യാപനത്തെ ചെറുക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും പല ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഏതായാലും ഓക്സ്ഫര്‍ഡ് വാക്സിന് ഇതിന് കഴിയുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ തന്നെയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഓക്സ്ഫര്ഡും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി നിര്‍മ്മിച്ച വാക്സിന് വലിയ തോതില്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠനറിപ്പോര്‍ട്ട്. വാക്സിന് ഒരു ഡോസ് മാത്രമെടുത്തവരിലാണെങ്കില് പോലും രോഗം മറ്റൊരാളിലേക്ക് പകരുന്നതിന്റെ സാധ്യത വെട്ടിക്കുറയ്ക്കുമെന്നും പഠനം അവകാശപ്പെടുന്നു. വാക്സിന് നിര്‍മ്മിക്കുമ്പോള്‍ തന്നെ ഇതിന്റെ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ലക്ഷ്യമിട്ടിരുന്നുവെന്നും ഇപ്പോഴത് ക്ലിനിക്കലി തെളിഞ്ഞിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമ്പത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവരില്‍ ഓക്സ്ഫര്‍ഡ് വാക്സിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ഓക്സ്ഫര്‍ഡ് വാക്സിന് വിതരണം നിജപ്പെടുത്തിയിരുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
1888 ല്‍ അമേരിക്കയിലെ ഒക്കലഹോമയിലാണ് ജെയിംസ് ഫ്രാന്‍സിസ് തോര്‍പ്പ് ജനിച്ചത്. ജിം എന്നായിരുന്നു അവന്റെ ഓമനപ്പേര്, ജിമ്മിന് ഒരു സഹോദരനുണ്ടായിരുന്നു ചാര്‍ളി. സ്കൂളില്‍ പോകാന്‍ ജിമ്മിന് മടിയായിരുന്നു. എന്നാല്‍ ചാര്ലിക്കാകട്ടെ പഠിക്കാന്‍ നല്ല ഇഷ്ടമായിരുന്നു. ജിമ്മിനെ പഠിക്കാന്‍ സഹായിക്കുന്നത് ചാര്‍ലിയായിരുന്നു. അസുഖം ബാധിച്ച് ചാര്‍ലി മരിച്ചു. ജിം ഒറ്റയ്ക്കായി. അതോടെ സ്കൂളെന്ന് വെച്ചാല്‍ അവന് അലര്‍ജിയായി മാറി. അച്ഛന് അവനെ സ്കൂളില്‍ കൊണ്ടുവിടും. പക്ഷേ, കുറച്ച് കഴിഞ്ഞാല്‍ അവന് എങ്ങനെയെങ്കിലും സ്കൂളില്‍ നിന്നുചാടി വീട്ടിലെത്തും. സഹികെട്ട് അച്ഛന് അവനെ ബോര്‍ഡിങ്ങിലാക്കി. അപ്പോഴാണ് അവന്റെ അമ്മ മരിക്കുന്നത്. അവന് സങ്കടക്കടലില്‍ മുങ്ങിപ്പോയി. ആ സമയത്താണ് അവന്റെ കായികമായ കഴിവുകളെ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നത്. അവര്‍ അവനെ പ്രഗത്ഭനായ ഒരു കോച്ചിനു കീഴില്‍ പരിശീലനം കൊടുക്കാന്‍ ആരംഭിച്ചു. ഇതിനിടയില്‍ അച്ഛനും ജിമ്മിനെ വി്ട്ടുപോയി. ഈ ലോകത്ത് അവന് തനിച്ചായിപ്പോയി. കായികമത്സരങ്ങളായിരുന്നു അവന്റെ ലോകം. ഓരോ മത്സരങ്ങളിലും അവന് മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. താമസിയാതെ ലോകത്തെ കായികപ്രേമികളുടെ മനസ്സിലേക്ക് ജിം തോര്‍പ്പ് എന്ന ആ യുവാവ് ഇടംപിടിച്ചു. ഒളിംപിക്സ് എന്ന സ്വപ്നത്തിലേക്ക് ജിം പതിയെ നടന്നടുത്തു. കഠിനമായ പരിശീലനനാളുകള് കടന്ന് ആ ദിനം വന്നെത്തി. മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. ഒളിപിംക്സ് ദിവസം. ഷൂസ് വെച്ച സ്ഥാനത്ത് നോക്കിയപ്പോള്‍ ജിം ഞെട്ടിപ്പോയി. ആ ഷൂസ് ആരോ മോഷ്ടിച്ചിരിക്കുന്നു. അതുവരെ ഓടി പരിശീലിപ്പിച്ച് ഇണക്കമുള്ള ഷൂസായിരുന്നു. ഇനി പുതിയ ഷൂസ് വാങ്ങാന്‍ വേണ്ടത്ര സമയവും ഇല്ല. ജിം നിരാശനായില്ല. ചപ്പുചവറുകള്‍ക്കിടയില്‍ തപ്പിയപ്പോള്‍ രണ്ട് ഷൂസുകള്‍ കിട്ടി. ഒന്ന് അല്പം വലുത്. മറ്റേത് കഷ്ടിച്ച് കാലിലിടാം. വലുപ്പമേറിയ ഷൂസ് ധരിച്ചിരുന്ന കാലില്‍ കൂടുതല്‍ സോക്സുകള്‍ ഇട്ട് ഉറപ്പിച്ചു നിര്‍ത്തി. മത്സരത്തിനെത്തിയ ജിം നെ കണ്ട് ചിലര്‍ അമ്പരന്നു, ചിലര്‍ പരിഹസിച്ചു. പക്ഷേ, ആ ഒളിംപിക്സില്‍ ഡെക്കത്തലോണ്‍ , പെന്റത്തലോണ്‍ വിഭാഗങ്ങളിലായി രണ്ട് സ്വര്‍ണ്ണമെഡലുകള്‍ നേടിക്കൊണ്ടായിരുന്നു ജിം ആ മോഷ്ടാവിനോട് പ്രതികാരം ചെയ്തത്. ചില പ്രതികാരങ്ങള്‍ ഇങ്ങനെയും ചെയ്യാം. അവയ്ക്ക് അല്പം മാധുര്യം കൂടുതലായിരിക്കും. വിജയത്തിന്റെ മധുരപ്രതികാരങ്ങളാല് നിറയട്ടെ ജീവിതം - ശുഭദിനം
➖➖➖➖➖➖➖➖
Post a comment