19 ഫെബ്രുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 19 ഫെബ്രുവരി 2021)

🔳നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 30 കോടി മൈല്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചുവന്ന ഗ്രഹത്തിലെത്തിയത്.

🔳ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങളും മറ്റും രാജ്യത്ത് നിര്‍മിച്ച് സ്വയംപര്യാപ്തത നേടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പിഎല്‍ഐ സ്‌കീമില്‍ ടെലികോം, നെറ്റ് വര്‍ക്ക് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവര്‍ഷത്തിനുള്ളില്‍ 12,195 കോടി രൂപയാണ് ചെലവഴിക്കുക. ഏപ്രില്‍ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4ലക്ഷംകോടി രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു.


🔳ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

🔳നെയിം ബോര്‍ഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പോലീസുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഫൈബര്‍ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

🔳സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പോലീസുകാര്‍ എന്തു തെറ്റുചെയ്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

🔳മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയടക്കമുള്ള ഏഴുപേരുടെ സേവനം മുന്‍കാല പ്രാബല്യത്തോടെ സ്ഥിരനിയമനമായി അംഗീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.

➖➖➖➖➖➖➖➖

🔳വിവിധ വകുപ്പുകള്‍ക്ക് വാരിക്കോരി തസ്തികകള്‍ അനുവദിച്ചിട്ടും ദുരന്തനിവാരണവകുപ്പിന് ആവശ്യമായ ആറു തസ്തികകള്‍ അനുവദിക്കാത്തതിനെച്ചൊല്ലി റവന്യൂ-ധന വകുപ്പ് മന്ത്രിമാര്‍ ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ ഇടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണത്തിന് മാത്രമായി ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ അടക്കം ആറു ഡെപ്യൂട്ടി കളക്ടര്‍ തസ്തിക വേണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ ആവശ്യം. വിവിധ വകുപ്പുകളിലായി 3500-ലധികം തസ്തികകള്‍ അനുവദിച്ചെങ്കിലും റവന്യൂ വകുപ്പിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ധനമന്ത്രി കര്‍ക്കശനിലപാടെടുക്കുകയായിരുന്നു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ തദ്ദേശവകുപ്പിന് കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു ഐസക്കിന്റെ വാദം.

🔳നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന യുഡിഎഫ് ഇത്തവണ 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് സൂചന. എഐസിസി നിയോഗിച്ച സ്വകാര്യ സര്‍വേ ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് നല്‍കിയത് 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണെന്നാണ് വിവരം. കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികളാണ് കോണ്‍ഗ്രസിന് വേണ്ടി രഹസ്യ സര്‍വേ നടത്തിയിരിക്കുന്നത്..

🔳സത്യസന്ധതയും ധാര്‍മിക മൂല്യവുമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും അതാണ് ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ഇ. ശ്രീധരന്‍. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പിണറായി വിജയനോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും എന്നാല്‍ ബിജെപിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്നും ഇ. ശ്രീധരന്‍. താന്‍ ബിജെപിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

🔳ശബരിമല യുവതിപ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് എടുത്തിട്ടുള്ള നിലപാട് ആത്മാര്‍ത്ഥമാണെന്ന്  മിസോറാം ഗവര്‍ണര്‍ പി. എസ്  ശ്രീധരന്‍പിള്ള. എന്നാല്‍ ശബരിമല വിഷയത്തില്‍ ഉപവാസം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചയാളാണ് രമേശ് ചെന്നിത്തലയെന്നും കൊടിപിടിക്കില്ലെന്ന് പറഞ്ഞ് സമരമുഖത്ത് നിന്ന് പിന്മാറിയ മഹാനാണ് ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതും ശ്രീധരന്‍പിള്ള.

🔳കേരളത്തില്‍ ഇന്നലെ 67,506 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4046 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 279 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,178 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78.

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകള്‍.

🔳കെ. സുധാകരന് ഭ്രാന്താണെന്നും ഉടന്‍ ചികിത്സ വേണമെന്നും കെ.കെ രാഗേഷ് എം.പി. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണെന്നും അതിന് രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുക്കണമെന്നും രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് കെ.കെ രാഗേഷ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

🔳നടപടിക്രമങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് 15.73 കോടി അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി. ഫീസ് നിര്‍ണയ സമിതി തീരുമാനം എടുക്കുന്നത് വരെ 25 കോടി രൂപ സ്ഥിരനിക്ഷേപമായി പ്രത്യേക അക്കൗണ്ടില്‍ മാനേജ്‌മെന്റ് കെട്ടിവെക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ രണ്ട് നിര്‍ദേശങ്ങളും നടപ്പാക്കിയാല്‍ അടുത്ത അധ്യയന വര്‍ഷം കോളജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം സര്‍ക്കാരിനും സര്‍വ്വകലാശാലയ്ക്കും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🔳സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ വെള്ളക്കരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഗാര്‍ഹികം അടക്കം എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ഇതോടെ ആയിരം ലിറ്ററിന് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും.

🔳ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന 'പശുശാസ്ത്ര' പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ട് യു.ജി.സി. എല്ലാ കോളേജുകളിലും പരീക്ഷയെക്കുറിച്ച് അറിയിക്കണമെന്നും പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്നും സര്‍വകലാശാലാ വൈസ്ചാന്‍സിലറുമാര്‍ക്കയച്ച കത്തില്‍ യു.ജി.സി സെക്രട്ടറി രജനീഷ് ജെയിന്‍ നിര്‍ദേശിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പശുസംരക്ഷണത്തിനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷ നടത്തുന്നത്.

🔳പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്.ഗവര്‍ണറുടെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിറകേയാണ് നടപടി.

🔳2022-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി ചുമതലയുമുള്ള പ്രിയങ്ക ഗാന്ധിയുടെ തുടര്‍ച്ചയായുള്ള സന്ദര്‍ശനം ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രിയങ്കയുടെ സംസ്ഥാന സന്ദര്‍ശനങ്ങളെന്നതാണ് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്.
പ്രിയങ്കയുടെ സാന്നിധ്യത്തെ മറികടക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലാണിപ്പോള്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി.

🔳ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയാണ്  ഭീഷണിയുമായി രംഗത്തെത്തിയത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നിട്ടും ഇരുവരും പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നതാണ് നാന പടോലയെ ചൊടിപ്പിച്ചത്. യുപിഎ ഭരണകാലത്ത് ഇന്ധന വില  ഉയര്‍ന്നപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ്കുമാറും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാന പടോലെയുടെ ഭീഷണി.

🔳പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരസ്പരം വെല്ലുവിളിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ആദ്യം തന്റെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയോട് മത്സരിച്ച് ജയിക്കാന്‍ മമത അമിത് ഷായെ വെല്ലുവിളിച്ചു. എന്നിട്ട് മതി തന്നോട് മുട്ടാനെന്നും അവര്‍ പറഞ്ഞു.

🔳മമതാ ബാനര്‍ജി നയിക്കുന്ന സര്‍ക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ 'സൊണാര്‍ ബംഗ്ലാ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും അമിത് ഷാ.

🔳കടബാധ്യതയെതുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷനെ(ഡിഎച്ച്എഫ്എല്‍)ഏറ്റെടുക്കാന്‍ പിരമല്‍ ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.  നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തില്‍പിടിച്ച പിരമല്‍ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ്  ആര്‍ബിഐയുടെ അനുമതി ലഭിച്ചത്.

🔳ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 12,517 പേര്‍ക്ക്.  മരണം 83. ഇതോടെ ആകെ മരണം 1,56,123 ആയി. ഇതുവരെ 1,09,62,189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.36 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ 5,427 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 130 പേര്‍ക്കും തമിഴ്‌നാട്ടില്‍ 457 പേര്‍ക്കും കര്‍ണാടകയില്‍ 406 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,74,345 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 60,455 പേര്‍ക്കും ബ്രസീലില്‍ 51,350 ഫ്രാന്‍സില്‍ 22,501 പേര്‍ക്കും  രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.07 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.26 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,702 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,247 പേരും ബ്രസീലില്‍ 1,432 പേരും മെക്‌സിക്കോയില്‍ 1,075 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.50 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳തനിക്കെതിരായ വധഭീഷണിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മറുപടി പറയണമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. തീവ്രവാദ സംഘടനയായ തെഹ്രീക്ക് ഇ താലിബാന്റെ മുന്‍ വക്താവ് ഇസാമുള്ള ഇസാന്‍ വധഭീഷണിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് മലാലയുടെ പ്രതികരണം. അടുത്ത തവണ തങ്ങള്‍ക്ക് പിഴയ്ക്കില്ലെന്നായിരുന്നു മലാലയെ ഉന്നംവെച്ചുകൊണ്ടുള്ള ഇസാമുള്ളയുടെ ട്വീറ്റ്.

🔳ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തില്‍ സിറ്റി ബാങ്കിന് കോടതിയില്‍നിന്നു തിരിച്ചടി. അബദ്ധത്തില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ 900 മില്ല്യണ്‍ യു.എസ്. ഡോളറില്‍ ബാക്കിയുള്ള 500 മില്ല്യണ്‍ ഡോളര്‍ സിറ്റി ബാങ്കിന് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് യു.എസിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചു.

🔳റഷ്യയുടെ അസ്ലന്‍ കരറ്റ്സെവിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പിന് തടയിട്ട് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്.  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കരറ്റ്സെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍: 6-3, 6-4, 6-2.

🔳ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ എഫ്.സിക്കെതിരേ സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.  പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ഗോവ, ഹൈദരാബാദ് ടീമുകളെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു.

🔳ഐ.പി.എല്‍ 2021 സീസണിന് മുന്നോടിയായി നടന്ന താരലേലത്തില്‍ റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. ന്യൂസീലന്‍ഡ് താരം കൈല്‍ ജാമിസനെ 15 കോടിക്കും ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 14.25 കോടിക്കും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സ് 9.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന തുക ലഭിച്ച താരം.

🔳റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ മലയാളിത്തിളക്കം. മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഇതോടെ മലയാളിയായ ദേവ്ദത്ത് പടിക്കലിനൊപ്പം രണ്ട് മലയാളികള്‍ കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായി.

🔳സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.  അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ തങ്ങളുടെ ഭാഗമാക്കിയത്. താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല.

🔳2020-21 വര്‍ഷത്തില്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി രാജ്യം. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. 297 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് 2020-21 വര്‍ഷത്തില്‍ ഇതുവരെയായി ഉല്‍പ്പാദിപ്പിച്ചത്. കാലയളവ് പൂര്‍ത്തിയാകുന്നതോടെ 301 ദശലക്ഷം ടണ്ണിന്റെ ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 2019-2020 വര്‍ഷത്തില്‍ ഇത് 296 ദശലക്ഷം ടണ്ണായിരുന്നു. റെക്കോര്‍ഡ് ഉല്‍പ്പാദനം കാര്‍ഷിക കയറ്റുമതിയിലും കുതിപ്പുണ്ടാക്കി. മൂന്ന് പാദങ്ങളിലെ കണക്കനുസരിച്ച് കാര്‍ഷിക കയറ്റുമതി 25 ശതമാനം ഉയര്‍ന്ന് 1.02 ലക്ഷം കോടി രൂപയായി. ഗോതമ്പ്, അരി, ചോളം തുടങ്ങിയ ധാന്യങ്ങളുടെ കയറ്റുമതിയില്‍ 52 ശതമാനം വര്‍ധനവാണുണ്ടായത്.

🔳കടബാധ്യതയെതുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുക്കാന്‍ പിരമല്‍ ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെകൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകൂ. പാപ്പരായ കമ്പനിയെ ലേലത്തില്‍പിടിച്ച പിരമല്‍ ഗ്രൂപ്പിന് ഒരുമാസത്തെ കാത്തിരിപ്പിനുശേഷമാണ്  ആര്‍ബിഐയുടെ അനുമതി ലഭിച്ചത്. പിരമല്‍ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലയമായി ഡിഎച്ച്എഫിലിന് പണം നല്‍കിയവരില്‍ 94ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തിരുന്നു.

🔳ബാബുരാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് കോഫി' നാളെ തിയേറ്ററുകളിലേക്ക്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 'സാള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ താരങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കളത്തിപ്പറമ്പില്‍ കാളിദാസനായി ലാലും മായാ കൃഷ്ണനായി ശ്വേത മേനോനും കുക്ക് ബാബുവുമായി ബാബുരാജും വീണ്ടും വേഷമിടുകയാണ്. 'ഒരു പ്രേമം ഉണ്ടാക്കിയ കഥ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബ്ലാക്ക് കോഫിയില്‍ ആഷിഖ് അബു അതിഥി വേഷത്തില്‍ എത്തും. രചന നാരായണന്‍ കുട്ടി, ലെന, സണ്ണി വെയ്ന്‍, സിനില്‍ സൈനുദ്ദീന്‍, സുധീര്‍ കരമന, ഇടവേള ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

🔳വാലന്റൈന്‍സ് ദിനത്തിലായിരുന്നു പ്രഭാസിന്റെ റൊമാന്റിക് ചിത്രം 'രാധേ ശ്യാ'മിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കാണിച്ച പശ്ചാത്തലം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. പഴയകാല രീതിയിലുള്ള റെയില്‍വേ സ്റ്റേഷന്‍ ആണ് ടീസറില്‍ കാണിച്ചത്. കലാ സംവിധായകന്‍ രവീന്ദര്‍ റെഡ്ഡിയാണ് ഈ സെറ്റ് ഒരുക്കിയത്.  1.6 കോടിയാണ് ട്രെയ്‌നും റെയില്‍വേ സ്റ്റേഷനും ഒരുക്കാനായി മാത്രം ചെലവിട്ടത്. രവീന്ദര്‍ റെഡ്ഡിക്കൊപ്പം 250 ഓളം കലാകാരന്മാര്‍ 30 ദിവസം പരിശ്രമിച്ചാണ് സെറ്റ് ഒരുക്കിയത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക.

🔳ഹാച്ച്ബാക്ക് മോഡലുകളായ പോളോയുടെയും സെഡാനായ വെന്റോയുടെയും ടര്‍ബോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍. പോളോ ടര്‍ബോ എഡിഷന് 6.99 ലക്ഷം രൂപ മുതലും വെന്റോയ്ക്ക് 8.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ് ഷോറും വില 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇരു മോഡലുകളുടെയും ഹൃദയം.

🔳സ്ത്രീ പങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിര്‍മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങള്‍. രംഗാവിഷ്‌കാരത്തില്‍ സ്ത്രീ നാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു. 'അരങ്ങിലെ മത്സ്യഗന്ധികള്‍'. സജിത മഠത്തില്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

🔳മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തു കുടിക്കുന്നത് ക്ഷീണം മാറുകയും ഉന്‍മേഷം ലഭിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടും. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും. ദിവസത്തില്‍ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിച്ചാല്‍ നിര്‍ജ്ജലീകരണം തടയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഉത്തമമാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാന്‍സറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും. വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു.  നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം ചാടിയ വയറിനെയും അമിതവണ്ണത്തെയും ഇല്ലാതാക്കാവുന്നതാണ്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only