🔳കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ മൂന്നുമണിക്കൂര്‍ ഉപരോധിക്കും. പ്രക്ഷോഭംനടക്കുന്ന ഡല്‍ഹിയില്‍ ഇപ്പോള്‍ത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാല്‍ റോഡ് ഉപരോധമില്ല. കരിമ്പുകര്‍ഷകര്‍ വിളവെടുപ്പു തിരക്കിലായതിനാല്‍ ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
🔳ഗാസിപ്പുര്‍ അതിര്‍ത്തിയിലെ സമരകേന്ദ്രത്തിനുസമീപം അപകടത്തില്‍ മരിച്ച കര്‍ഷകന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. യു.പി.യിലെ പിലിഭിത്തിലാണ് സംഭവം. കര്‍ഷകന്റെ അമ്മ,സഹോദരന് തുടങ്ങിയവരുടെ പേരിലാണ് കേസ്.
🔳മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെയെല്ലാം ദേശവിരുദ്ധരായും രാജ്യദ്രോഹികളായും ബിജെപി സര്‍ക്കാര്‍ മുദ്രകുത്തുകയാണെന്ന് രാജ്യസഭയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്ന കര്‍ഷകരെ ദേശവിരുദ്ധരായും ഖലിസ്ഥാനികളായും മുദ്രകുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ടൂള്‍കിറ്റ് ആരാണ് അപ്ലോഡ് ചെയ്തതെന്ന് അറിയാന്‍ ഗൂഗിളിന്റെ സഹായം തേടി ഡല്‍ഹി പോലീസ്. ടൂള്‍ കിറ്റ് അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ഗൂഗിളിന് കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ആളുകളെ ഉപദേശിച്ചുകൊണ്ടുള്ള ടൂള്‍ കിറ്റ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ളവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
🔳ചെത്തുകാരന്റെ മകനാണ് താനെന്ന കെ.സുധാകരന്റെ പ്രസ്താവന അപമാനമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറിച്ച് ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പരാമര്‍ശത്തില്‍ കെ. സുധാകരനെ പിന്തുണച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സുധാകരന് ജാതീയമായ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഒരു കുലത്തൊഴിലുമായി ബന്ധപ്പെട്ട് ആരെയും അവഹേളിക്കാനോ ആക്ഷേപിക്കാനോ സുധാകരന് തയ്യാറായിട്ടില്ലെന്നും മുല്ലപ്പള്ളി.
➖➖➖➖➖➖➖➖
🔳കെ. സുധാകന് നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താന്‍ സിപിഎമ്മിന് അവകാശമില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാന്‍ വിഎസ് അച്യുതാനന്ദനെയും കെ ആര് ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയതുമുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളതെന്നും ശോഭാ സുരേന്ദ്രന്.
🔳മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്ഐ. ഇന്നേവരെ ബിജെപിക്കെതിരെ കെ. സുധാകരന് ഒരക്ഷരം മിണ്ടിയതായി ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു.
🔳സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെ.സുധാകരന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘന്. പാളയില്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും എന്നെല്ലാം പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ ബോധ്യപ്പെടുകയാണ്. ഇതൊരു മൂല്യത്തകര്‍ച്ചയാണെന്നും വിജയരാഘവന് പറഞ്ഞു.
🔳യൂത്ത്ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല, മരണംവരെ ഉണ്ടാവുകയുമില്ലെന്നും മന്ത്രി കെ.ടി.ജലീല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലകുത്തി മറിഞ്ഞിട്ട് കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്മാരായി നടക്കുന്ന പുതിയ യൂത്ത്ലീഗ് നേതാക്കളെന്നും കെ.ടി.ജലീല്‍.
🔳വഞ്ചനാ കേസില്‍ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോന് നല്കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രീറ്റ് കോടതിയാണ് മാണി സി കാപ്പനെതിരെ കേസെടുത്തത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്കി മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്.
🔳കേരളത്തില്‍ ഇന്നലെ 91,931 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5610 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍കോട് 99.
🔳സംസ്ഥാനത്ത് ഇന്നലെ 34 പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്പോട്ടുകള്‍.
🔳ഇടുക്കി മുലമറ്റം പവര്‍ഹൗസിലെ ജനറേറ്ററില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനററേറ്റിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടര്‍ന്ന് മൂലമറ്റത്തെ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. പരിമിത തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
🔳വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട്
വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.
🔳രമേഷ് പിഷാരടി പാറപ്പുറത്ത് ധ്യാനിക്കുന്നതുപോലെ ഇരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന് വിമര്‍ശനവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. നമ്മുടെ മഹാ സംസ്കാരത്തെ ഈ ചിത്രത്തിലൂടെ കൊഞ്ഞനം കാട്ടുകയാണെന്നാണ് അബ്ദുള്ള കുട്ടിയുടെ കമന്റ്. കൂടാതെ മെഡിറ്റേഷനെ 'മടിറ്റേഷന്‍' എന്ന് പറയുന്നത് തെറ്റാണെന്നും അബ്ദുള്ളക്കുട്ടി.
🔳അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍നിന്ന് കോഴ്സ് പൂര്‍ത്തിയായവര്‍ക്കുമാത്രം ലൈസന്‍സ് നല്കുന്ന സംവിധാനത്തിന് ആദ്യ നടപടിയായി. നിലവിലുള്ള സംവിധാനം ഉടന്‍ പിന്‍വലിക്കാത്തതിനാല്‍ ഡ്രൈവിങ് സ്കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസന്‍സ് ലഭിക്കാന്‍ ആര്.ടി. ഓഫീസില്‍ നല്‍കേണ്ട രേഖകളില്‍ ഡ്രൈവിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വിധത്തിലുള്ള ഭേദഗതിയായിരിക്കും വരിക. ലേണേഴ്സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിര്‍ത്തും.
🔳പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് അവരുടെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റവും പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസ് തീരുമാനം. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റവും പരിശോധിക്കുക.
🔳നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ പുതിയ വിവാദം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന പരിവര്‍ത്തന്‍ രഥയാത്രക്കും തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്കും ഒരേ ദിവസം ഒരേ സ്ഥലത്ത് അനുമതി നല്‍കിയതാണ് വിവാദമായത്. ആയിരക്കണക്കിന് ബൈക്കുകള്‍ അണിനിരക്കുന്ന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ റാലിക്ക് ഇന്നാണ് തുടക്കമാകുന്നത്. നാഡിയ ജില്ലയിലാണ് ബിജെപിയുടെ റാലിക്ക് തുടക്കമാകുന്നത്. ഇതേ ജില്ലയിലാണ് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും യാത്ര.
🔳ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു.ഒന്നര വര്‍ഷത്തിന് മുമ്പ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്.
🔳മധ്യപ്രദേശില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മുറൈന ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ നാല്‍പ്പതുകാരനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ആറുമാസം തടവ് അനുഭവിച്ചതിനു ശേഷം രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.
🔳കൊല്‍ക്കത്തയിലെ ജോറബഗാനില്‍ എട്ട് വയസ്സുകാരിയെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുടി വലിച്ചുപറിച്ച നിലയിലും പല്ലുകള്അടിച്ചുകൊഴിച്ച നിലയിലുമാണുണ്ടായിരുന്നത്. കൊലപാതകത്തിന് മുന്‍പ് ബലാംത്സംഗം നടന്നതായി സംശയിക്കുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,687 കോവിഡ് രോഗികള്‍. ഇതില്‍ 5610 കോവിഡ് രോഗികളും കേരളത്തില്‍. മരണം 94. ഇതോടെ ആകെ മരണം 1,54,956 ആയി. ഇതുവരെ 1,08,15,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.45 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ 2,628 പേര്‍ക്കും ഡല്‍ഹിയില്‍ 154 പേര്‍ക്കും തമിഴ്നാട്ടില്‍ 489 പേര്‍ക്കും കര്‍ണാടകയില്‍ 430 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 97 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 4,58,405 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,08,715 പേര്‍ക്കും ബ്രസീലില്‍ 49,396 പേര്‍ക്കും സ്പെയിനില്‍ 28,565 പേര്‍ക്കും ഫ്രാന്‍സില്‍ 22,139 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.58 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.59 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 13,622 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,111 പേരും മെക്സിക്കോയില്‍ 1,682 പേരും ബ്രസീലില്‍ 1,151 പേരും ഇംഗ്ലണ്ടില്‍ 1,014 പേരും ജര്‍മനിയില്‍ 776 പേരും സ്പെയിനില്‍ 584 റഷ്യയില്‍ 527 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 22.92 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍263 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ നായകന് ജോ റൂട്ടിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡോം സിബ്ലിയുടെയും തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോര്‍ ആദ്യദിനത്തില്‍ കെട്ടിപ്പൊക്കിയത്.
🔳2021-ലെ ഐ.പി.എല്‍ സീസണിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോച്ച് രവി ശാസ്ത്രി. ടീമിന് രണ്ടാഴ്ചയെങ്കിലും വിശ്രമംഅനുവദിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പര്യടനങ്ങളുടെ ഭാഗമായുള്ള ബയോ ബബിള്‍ നിയന്ത്രണങ്ങളും ക്വാറന്റൈന് കാലഘട്ടവും മാനസിക പിരുമുറുക്കം കൂട്ടുന്നവയാണെന്നും താരങ്ങളും മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ബെംഗളൂരു എഫ്.സി - ചെന്നൈയിന് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍. പന്തടക്കത്തിലും അവസരങ്ങള്‍ ഒരുക്കുന്നതിലും മുന്നിട്ടു നിന്നെങ്കിലും നിര്‍ഭാഗ്യം കൊണ്ടാണ് ചെന്നൈയിന് മത്സരത്തില്‍ വിജയിക്കാനാകാതെ പോയത്. ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനവും ചെന്നൈയിന് വിലങ്ങുതടിയായി.
🔳മുന്‍നിര പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോള്‍ കോര്പ്പറേഷന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലാഭത്തില്‍ വലിയ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ലാഭം മൂന്നിരട്ടിയോളം കൂടിയപ്പോള്‍ മൊത്ത വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സംഭവിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ ലാഭം 2,355 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ലാഭം 747 കോടി രൂപ മാത്രമായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് ലാഭത്തില്‍ മൂന്ന് മടങ്ങിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്. ലാഭം കുത്തനെ ഉയര്‍ന്നെങ്കിലും വരുമാനത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
🔳പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ ഒ.ടി.ടി. സേവനദാതാക്കളായ യപ്പ് ടി.വി. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് സിംഗിള്‍ സബ്സ്ക്രിപ്ഷന് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യപ്പ് ടി.വി. സ്കോപ്പ് അവതരിപ്പിച്ചു. സോണി ലൈവ്, സീ5, വൂട്ട് സെലക്ട്, യപ്പ് ടി.വി. തുടങ്ങിയ എല്ലാ പ്രീമിയം ഒ.ടി.ടി. ആപ്പുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ യപ്പ് ടി.വി. സ്കോപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കും. ഇതോടെ ഒന്നിലധികം ആപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരിക എന്ന ബുദ്ധിമുട്ട് പ്രേക്ഷകര്‍ക്ക് ഒഴിവാക്കാനാകും.
🔳മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ചിത്ര ആലപിച്ച ' കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം'' എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോണി റാഫേല്‍ സംഗീതം ഒരുക്കിയ ഗാനം ചിത്രയ്ക്ക് പുറമേ ശ്രേയ ഘോഷാല്‍, എം.ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍.
🔳മോഹന്‍ലാലിന്റെ 'ദൃശ്യം 2'വിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്കി ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര് എത്തുന്ന തിയതിയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഫെബ്രുവരി 8ന് ട്രെയ്ലര് എത്തും എന്ന വിവരമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുമെന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിവരും പ്രധാന വേഷത്തില്‍ എത്തും.
🔳സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനപ്രിയ മോഡല്‍ ഥാര്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാംഷാഫ്റ്റ് നിര്‍മാണത്തില്‍ പിഴവ് സംശയിച്ച് അടുത്തയിടെ വില്‍പ്പനയ്ക്കെത്തിച്ച ആയിരത്തിലധികം വാഹനങ്ങളെയാണ് തിരികെ വിളിക്കുന്നത്. ഡീസല്‍ എഞ്ചിനുള്ള 1577 വാഹനങ്ങളിലാണ് തകരാര്‍ സംശയിക്കുന്നത്. 2020 സെപ്റ്റംബര്‍ ഏഴിനും ഡിസംബര്‍ 25നുമിടയ്ക്കു നിര്‍മിച്ചതും ഡീസല്‍ എന്ജിന് ഘടിപ്പിച്ചതുമായ ഥാറിനാണു പരിശോധന ആവശ്യമെന്നാണ് രിപ്പോര്‍ട്ടുകള്‍.
🔳ഇതിലെ അവസാന കഥയും വായിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ കഥാകാരന്റെ നാടായ പെരുമ്പിലാവിലും സൗഹൃദവലയങ്ങളിലും തിയ്യാടിപ്പറമ്പിലും ആല്‍ത്തറയിലുമൊക്കെ ഒരിക്കലെങ്കിലും ചെന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചുപോകും. 'ഇന്നലെയല്ലിന്ന്'. സുധീര്‍ പെരുമ്പിലാവ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 119 രൂപ.
🔳വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് 'മോളിക്കുലാര്‍ മെറ്റബോളിസം' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണങ്ങള്‍ കണ്ണിന്റെ കാഴ്ചയ്ക്കും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ ഇങ്ങനെ നിരവധി പോഷകങ്ങളുടെ കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാരറ്റ് ശീലമാക്കാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്കുന്ന ഭക്ഷണമാണ് പലതരം ഇലക്കറികള്‍. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവയും ചീരപോലുള്ള പച്ചിലക്കറികളില്‍ സമൃദ്ധമാണ്. കണ്ണിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ ശീലമാക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിനും ധാരാളമായി മധുരക്കിഴങ്ങളില്‍ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്*
അവര്‍ രണ്ടുപേരും ആ കപ്പലിന്റെ കാബിനില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. അതിലൊരാള്‍ ധനികനായിരുന്നു. അടുത്തിരുന്ന ആളെ ഒറ്റനോട്ടത്തില്‍ തന്നെ അയാള്‍ക്ക് ഇഷ്ടപ്പെട്ടേയില്ല. തന്റെ നിലവാരത്തിനൊത്തുള്ള ഒരാളെല്ലെന്ന് തോന്നിയത് കൊണ്ട് അയാളെ പരിചയപ്പെടാനോ എന്തിന് ഒന്ന് പുഞ്ചിരിക്കാന്‍ പോലും അയാള്‍ മിനക്കെട്ടില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്ത് ലോക്കര്‍ റൂം കാവല്‍ക്കാരന്റെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു. അവിടെ ആ കാബിനില്‍ ഇരിക്കുന്നയാളെ എനിക്കത്ര ബോധിച്ചില്ല. അയാളുടെ മുഖത്തൊരു കള്ളലക്ഷണമുണ്ട്. അതിനാല്‍ എന്റെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം താങ്കള്‍ ഇവിടെ സൂക്ഷിക്കണം. അപ്പോള്‍ ആ ലോക്കര്‍ സൂക്ഷിപ്പുകാരന് പറഞ്ഞു: ഇതേ കാരണം തന്നെ പറഞ്ഞ് കുറച്ച്മുമ്പ് അയാള്‍ തന്റെ വിലപിടിപ്പുള്ള വസ്തുക്കളും ഇവിടെ ഏല്‍പ്പിച്ചിരുന്നു മററുള്ളവരുടെ ആകാരം അളന്നുകൊണ്ടുള്ള അഭിപ്രായങ്ങള്‍ക്ക് ആധികാരികത ഉണ്ടാവുകയില്ല. മാത്രമല്ല, അത് പലപ്പോഴും അബദ്ധങ്ങളുടെ ഒരു ഘോഷയാത്രയായിരിക്കുകയും ചെയ്യും. അപരിചിതരെക്കുറിച്ചും ആദ്യമായി കാണുന്നവരെക്കുറിച്ചും നാം മനസ്സില്‍ രൂപപ്പെടുത്തുന്ന പല അഭിപ്രായങ്ങളും യാതൊരുഅടിസ്ഥാനവുമില്ലാത്തതായിരിക്കും. വര്‍ഷങ്ങളായി കൂടെയുള്ളവരെ പോലും ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത നമ്മള് എത്രപെട്ടെന്നാണ് അന്യര്‍ക്കും വഴിപോക്കര്‍ക്കും അളന്ന് കുറിച്ച് മാര്‍ക്കിടുന്നത്. ആദ്യകാഴ്ചയിലെ വിലയിരുത്തലിന്റെ അപക്വത മൂലമാണ് പല നല്ലബന്ധങ്ങളും തുടക്കത്തിലേ അവസാനിക്കുന്നത്. അപരന് മാര്‍ക്കിടുമ്പോള്‍ നമുക്ക് ഒന്നുകൂടി ശ്രദ്ധിക്കാനുള്ള മനസ്സ് കൈമുതലാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
Post a comment