🔳കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
🔳കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഉള്ളടക്കങ്ങളും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളും പങ്കുവെക്കുന്ന 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനി, ഖലിസ്ഥാനി യൂസര്‍മാരാണ് ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും ഈ ആവശ്യത്തില്‍ ട്വിറ്റര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്കിയ പല പോസ്റ്റുകള്‍ക്കും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തത് ട്വിറ്റര്‍ മേധാവിയുടെ നിഷ്പക്ഷതയ്ക്കുമേല്‍ ചോദ്യങ്ങളുയര്ത്തുന്നുവെന്ന അഭിപ്രായം ഭരണപക്ഷത്ത് നിന്നുയര്ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്മോഹന് സിങ് കര്‍ഷകര്‍ക്ക് സൗജന്യ മാര്‍ക്കറ്റ് നല്‍കുന്നതിനെ കുറിച്ചും ഒറ്റവിപണിയെ കുറിച്ചും സംസാരിച്ചിരുന്നുവെന്നും മന്മോഹന് സിങ് പറഞ്ഞതാണ് മോദി നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
🔳ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
🔳ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ദൃഷ്ടികള്‍ ഇന്ത്യയിലേക്കാണ്. ഇന്ത്യയെ കുറിച്ച് പ്രതീക്ഷകളുണ്ടെന്നും ഈ ലോകത്തെ മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സംഭാവനകള്‍ നല്കാന് സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. ഫെബ്രുവരി 15-ന് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രമാണ് ജയസാധ്യതയുള്ള സീറ്റുള്ളത്. കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.
🔳സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാര്‍ഥികളുടേയും അപ്പീലുകളില്‍ അടുത്ത ബുധനാഴ്ച അന്തിമവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് 2016 മുതല്‍ നിലനില്‍ക്കുന്ന വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
🔳പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി
🔳പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ എം.എസ്.എഫ്. മലപ്പുറത്ത് നടത്തിയ സമരത്തില്‍ സംഘര്‍ഷം. മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ സമരക്കാര്‍ തൊട്ടടുത്ത കര്‍ഷക സമരവേദിയിലേക്ക് കയറിയതോടെ സി.പി.എം.- എം.എസ്.എഫ്. സംഘര്‍ഷമായി.
🔳പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സിപിഎം നേതാക്കളായ അന്‍വര്‍, നിധിന്, ഗൗലത്ത് അടക്കമുള്ള ഏഴ് പേര്‍ക്കെതിരേയാണ് കുറ്റപത്രം. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
🔳വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ ഇന്ന് വയനാട്ടില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍. കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര വ്യവസായ ഏകോപന സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡുകളില്‍ ഉളളത്. കെ.എസ്.ആര്.ടി.സി ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.
🔳കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്.
🔳കര്‍ണാടക അതിര്‍ത്തിമുതല്‍ ആറ് ജില്ലകളില്‍ ഒരുക്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തമിഴ്നാട്ടില്‍ എത്തി. എ.ഐ.എ.ഡി.എം.കെ.യുടെ കൊടിവെച്ച കാറിലാണ് ശശികല എത്തിയത്. ബെംഗളൂരുവില്‍നിന്ന് രാവിലെ ഏഴരയോടെ പുറപ്പെട്ട ശശികലയ്ക്ക് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തില്‍ വന്‍ വരവേല്പ് ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ കൊടി വാഹനത്തില്‍ ഉപയോഗിക്കരുതെന്ന കൃഷ്ണഗിരി പോലീസിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ശശികല തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്.
🔳നടന് സൂര്യയ്ക്ക് കോവിഡ് 19 ബാധിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു.
🔳മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകര്‍ ബി.ജെ.പി. നേതാവിനു മേല്‍ മഷിയൊഴിച്ചു. പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേ വിമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു മേല്‍ മഷിയൊഴിച്ചത്. ശേഷം ഇവര്‍ ഷിരിഷിന്റെ ദേഹത്ത് സാരിചുറ്റിച്ച് തെരുവിലൂടെ നടത്തിച്ചു. സോലാപുറിലാണ് സംഭവം.
🔳വരുമാനം 10 ബില്യണ്‍ ഡോള(73,000 കോടി രൂപ)റിലെത്തിയതോടെ എച്ച്സിഎല്‍ ടെക്നോളജീസ് ജീവനക്കാര്‍ക്ക് മൊത്തം 700 കോടി രൂപയുടെ പ്രത്യേക ബോണസ് പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും.
🔳ഒളിമ്പിക് ബോക്സിങ് മെഡല്‍ ജേതാവ് ലിയോണ്‍ സ്പിങ്ക്സ് (67) അന്തരിച്ചു. ഫെബ്രുവരി 5-ന് വൈകീട്ട് ലാസ് വേഗാസില്‍ വെച്ചായിരുന്നു ലിയോണ്‍ അന്തരിച്ചത്. ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത് ബോക്സിങ് ലോകത്തെ ഞെട്ടിച്ചിരുന്നു.
🔳ചെന്നൈ ടെസ്റ്റ് ആവേശത്തിലേക്ക്. രണ്ടാമിന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. അവസാന വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 135 റണ്‍സ് എടുക്കുന്നതിനിടയില്‍ 6 വിക്കറ്റുകള്‍ നഷ്ടമായി. ഇപ്പോള്‍ ഇംഗ്ലണ്ടിന് 376 റണ്‍സിന്റെ ലീഡുണ്ട്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 337 ന് പുറത്തായ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇംഗ്ലണ്ട് ബാറ്റിംഗിറങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി 138 പന്തില്‍ നിന്ന് രണ്ടു സിക്സും 12 ഫോറുമടക്കം 85 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.
🔳ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ യൂണിഫൈഡ് പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (യുപിഐ) ഇടപാടുകളിലെ മുന്നേറ്റം തുടരുന്നു. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടന്നത് ഫോണ്‍പേ വഴിയാണ്, 968.7 ദശലക്ഷം ഇടപാടുകള്‍ നടന്നു. യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ 2020 ഡിസംബറിനേക്കാള്‍ ഏഴ് ശതമാനം വര്‍ധനയാണ് കമ്പനി നേടിയെടുത്തത്, മൊത്തം മൂല്യം 1.92 ട്രില്യണ്‍ രൂപയാണ് പ്രോസസ്സ് ചെയ്തത്.
🔳യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഐആര്‍സിടിസിയും. ഇനി ബസ് യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ടിക്കറ്റിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി ഇപ്പോള്‍ ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു. ബസുകള്‍ ബുക്ക് ചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് ബസുകളുടെ ചിത്രങ്ങളും പരിശോധിക്കാം. മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ പൊതുജനത്തിന് മൊബൈല്‍ വഴിയും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കും.
🔳അന്തരിച്ച സംവിധായകന് നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. 'സല്‍മ' എന്ന് പേരിട്ട തിരക്കഥയാണ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഷാനവാസിനെ അനുസ്മരിക്കാനായി കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്. ലാഭത്തിന്റെ ഒരു വിഹിതം ഷാനവാസിന്റെ കുടുംബത്തിന് നല്‍കും. സൂഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍.
🔳'കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്' മ്യൂസിക് ആല്‍ബം സരിഗമ യൂട്യൂബ് ചാനല്‍ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാര്‍ന്ന പ്രകൃതിയും കലാരൂപങ്ങളും മുന്‍നിര്‍ത്തി ഒരുക്കിയിട്ടുള്ള ആല്‍ബത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മിഥുന് നാരായണന് ആണ്. ശ്രീരാജ് സഹജന്, അഷിത അജിത് എന്നിവരുടെ ശബ്ദത്തില്‍ പിറന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്. 'കേരളം ദി സിഗ്നേച്ചര്‍ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.
🔳മനുഷ്യനാല്‍ ദുഷിപ്പിക്കപ്പെടാത്ത ഒരേയൊരു പ്രതിഭാസമാണ് മരണം. മറിച്ച്, മറ്റെല്ലാറ്റിനെയും മനുഷ്യന് ദുഷിപ്പിച്ചിട്ടുണ്ട്, എല്ലാറ്റിനെയും മലിനീകരിച്ചിട്ടുണ്ട്. മരണം മാത്രമാണ് ചാരിത്ര്യത്തോടെ, ദുഷിപ്പിക്കപ്പെടാതെ തുടരുന്നത്...മനുഷ്യകരങ്ങളാല് സ്പര്ശിക്കപ്പെടാതെ തുടരുന്നത്....പെട്ടെന്ന് മരണത്തെക്കുറിച്ച് നിങ്ങള്‍ ബോധവാനായിത്തീരുമ്പോള്, നിങ്ങളുടെ മുഴുവന്‍ ജീവിതവും അര്‍ത്ഥശൂന്യമായി തോന്നുന്നു. അത് അര്‍ത്ഥശൂന്യമാണ്. മരണം സത്യത്തെ വെളിപ്പെടുത്തുന്നു....ഈ നിമിഷങ്ങളെ ഉപയോഗിക്കുക. 'നഷ്ടപ്പെടുവാന്‍ ഒന്നുമില്ല നിങ്ങളുടെ തലയല്ലാതെ'. ഓഷോ. സൈലന്‍സ് ബുക്സ്. വില 180 രൂപ.
🔳ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ പ്രീമിയം സ്കൂട്ടറായ അപ്രീലിയ എസ്എക്സ്ആര്‍ 160നെ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ വാഹനം കേരള വിപണിയിലും എത്തി. 1.29 ലക്ഷം രൂപയാണ് ഈ പ്രീമിയം സ്കൂട്ടറിന്റെ എക്സ്ഷോറും വില. വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 5000 രൂപയാണ് ബുക്കിംഗ് തുക. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ മാക്സി സ്കൂട്ടര്‍ എന്ന ഖ്യാതിയോടെയാണ് അപ്രീലിയ എസ്.എക്സ്.ആര്.160 ഇന്ത്യയില്‍ അവതരിപ്പിച്ചത്.
🔳വയറ് മാത്രം കൂടിവരുന്നതിന് മാനസിക സമ്മര്‍ദ്ദം വലിയൊരളവ് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പുതിയ കാലത്തെ തിരക്ക് പിടിച്ച ജീവിതരീതികളില്‍ മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ 'സ്ട്രെസ്' എന്നത് മാറ്റിവയ്ക്കാനാകാത്ത ഘടകമായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി 'സ്ട്രെസ്' അനുഭവിക്കുന്നവരില്‍ വയറ് മാത്രം കൂടിവരാന്‍ അത് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'സ്ട്രെസ് ബെല്ലി' എന്ന വിശേഷണം പോലുമുണ്ട് ഇത്തരത്തില്‍ വയറ് മാത്രം വര്‍ധിക്കുന്ന അവസ്ഥയ്ക്ക്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നു. 'സ്ട്രെസി'നെ അഭിമുഖീകരിക്കാന്‍ നമുക്ക് ഊര്‍ജ്ജം പകരുന്നത് 'കോര്‍ട്ടിസോള്‍' ആണ്. എന്നാല്‍ ഇത് വയറ്റില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്നു. ഇത് വയറ് മാത്രമായി കൂടാനും അരവണ്ണം ശരീരത്തിന് അസന്തുലിതമായി വര്‍ധിക്കാനും ഇടയാക്കുന്നു. എപ്പോഴും സമ്മര്‍ദ്ദമനുഭവിക്കുന്നവരുടെ ശരീരഭാരവും വര്‍ധിക്കാനുള്ള സാധ്യതകളേറെയാണ്. ഇതിന് പുറമെ ബിപി, ഷുഗര്‍ തുടങ്ങിയ അവസ്ഥകള്‍, ഹൃദ്രോഗസാധ്യത എന്നിവയിലേക്കെല്ലാം 'സ്ട്രെസ്' നമ്മെ നയിച്ചേക്കാം. 'സ്ട്രെസ് ബെല്ലി' കുറയ്ക്കാന്‍ 'ബാലന്‍സ്ഡ്' ആയ ഡയറ്റ് സഹായിക്കും. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കുക. ബി- വൈറ്റമിനടങ്ങിയ ഭക്ഷണവും പതിവാക്കുക. ഇത് 'സ്ട്രെസ്' അകറ്റാന്‍ സഹായിക്കും. ഒരുപാട് കലോറിയടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങള്‍ നിയന്ത്രിക്കാം. അതുപോലെ മദ്യപാനവും പുകവലിയും ഒഴിവാക്കുക. ആവശ്യത്തിന് വ്യായാമം ചെയ്യുക. സുഖകരമായ ഉറക്കവും മാനസികോല്ലാസവും ഉറപ്പുവരുത്തുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 72.90, പൗണ്ട് - 99.95, യൂറോ - 87.71, സ്വിസ് ഫ്രാങ്ക് - 80.97, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.88, ബഹറിന്‍ ദിനാര്‍ - 193.49, കുവൈത്ത് ദിനാര്‍ -240.81, ഒമാനി റിയാല്‍ - 189.45, സൗദി റിയാല്‍ - 19.43, യു.എ.ഇ ദിര്‍ഹം - 19.85, ഖത്തര്‍ റിയാല്‍ - 20.02, കനേഡിയന്‍ ഡോളര്‍ - 57.07.
➖➖➖➖➖➖➖➖
Post a comment